പ്ലസ് ടു മാർക്ക് കുറയുന്ന സമീകരണ രീതിയിൽ മാറ്റം വരുന്നു
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാനുള്ള സമീകരണ പ്രക്രിയയിൽ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് കുറയുന്ന സ്റ്റാന്റേഡൈസേഷൻ രീതി അവസാനിപ്പിക്കുന്നു. ഇതു സംബന്ധിച്ച് പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച പുതിയ സമീകരണ മാതൃക ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് വരും. പ്രപ്പോസൽ മന്ത്രിസഭ അംഗീകരിച്ചാൽ കീം പ്രോസ്പെക്ടസ് ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കുകയും പുതിയ രീതിയിലുള്ള സമീകരണ പ്രക്രിയയുടെ അടിസ്ഥാനത്തിലുള്ള എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുകയും ചെയ്യും. പ്രവേശന പരീക്ഷ പൂർത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും സമീകരണ പ്രക്രിയയിൽ വ്യക്തതയില്ലാത്തതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നില്ല.
എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ നേടിയ മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ചുള്ള സമീകരണ പ്രക്രിയയിലൂടെയാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്. വിവിധ ബോർഡുകൾക്ക് കീഴിൽ വ്യത്യസ്ത നിലവാരത്തിലുള്ള പരീക്ഷ നേരിട്ട വിദ്യാർഥികളുടെ മാർക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് 2011 മുതൽ സമീകരണ പ്രക്രിയ നടപ്പാക്കിയത്. വിദഗ്ധ സമിതി തയാറാക്കിയ ഫോർമുല പ്രകാരമായിരുന്നു സമീകരണം. എന്നാൽ, കഴിഞ്ഞ നാലു വർഷമായി കേരള സിലബസിലുള്ള കുട്ടികൾക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് കുറയുന്ന രീതിയിലായിരുന്നു സമീകരണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി ലഭിക്കുകയും ഇതു സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി സമർപ്പിച്ച റിപ്പോർട്ടിൽ അഞ്ച് ബദൽ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇതു പരിശോധിച്ച് പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച പ്രപ്പോസലാണ് മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്.
തമിഴ്നാട്ടിൽ വ്യത്യസ്ത പരീക്ഷ ബോർഡുകളുടെ പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് സമീകരിക്കുന്നതിന് സമാനമായ രീതിയിലുള്ള പ്രപ്പോസലാണ് പ്രവേശന പരീക്ഷ കമീഷണർ മുന്നോട്ടുവെച്ചത്. വിവിധ ബോർഡുകൾ വ്യത്യസ്ത പരമാവധി മാർക്കിൽ നൽകിയ പ്ലസ് ടു പരീക്ഷ മാർക്ക് നൂറിലേക്ക് പരിവർത്തനം ചെയ്ത് ലഭിക്കുന്നതാണ് തമിഴ്നാട്ടിൽ എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാനായി പരിഗണിക്കുന്നത്. ഇതുവഴി ഒരു ബോർഡിന് കീഴിലും പ്ലസ് ടു പഠനം നടത്തിയ കുട്ടിക്കും സമീകരണ പ്രക്രിയയിൽ മാർക്ക് കുറയില്ല. ഇതിന് സമാനമായ രീതിയിലുള്ള സമീകരണ പ്രക്രിയ നടപ്പാക്കിയാൽ കേരള സിലബസിൽ പഠിച്ചവർക്ക് പ്ലസ് ടു മാർക്കിൽ കുറവുവരുന്ന രീതി തടയാനാകുമെന്നാണ് വിലയിരുത്തൽ. 2021ൽ 44 മാർക്ക് വരെയും 2024ൽ 27 മാർക്ക് വരെയും കേരള സിലബസിൽ പ്ലസ് ടു പഠിച്ച വിദ്യാർഥികൾക്ക് കുറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.