പാഠ്യപദ്ധതി ചട്ടക്കൂട്; യു.ജി.സി ചിഹ്നത്തിന് പകരം സരസ്വതി ദേവി
text_fieldsയു.ജി.സി പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടുത്തിയ സരസ്വതി ദേവിയുടെ ചിത്രം
തിരുവനന്തപുരം: യു.ജി.സി ചിഹ്നത്തിന് (എംബ്ലം) പകരം സരസ്വതി ദേവിയുടെ ചിത്രം മുൻപേജിൽ നൽകിയും പുരാണ, ഹിന്ദുത്വ ആശയങ്ങൾ കുത്തിനിറച്ചും ശാസ്ത്ര വിഷയങ്ങളിലേത് ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് യു.ജി.സി പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിലാണ് ഒമ്പത് വിഷയങ്ങളിൽ പഠന നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മാതൃക പാഠ്യപദ്ധതി ചട്ടക്കൂട് പ്രതികരണങ്ങൾക്കായി യു.ജി.സി പുറത്തുവിട്ടത്. എട്ട് വിഷയങ്ങളുടെ ചട്ടക്കൂടുകളിലും തുടക്കത്തിൽ യു.ജി.സിയുടെ എംബ്ലം ചേർത്തപ്പോൾ കെമിസ്ട്രിയുടെ കരട് ചട്ടക്കൂടിന്റെ പ്രാരംഭ പേജിലാണ് സരസ്വതി ദേവിയുടെ ചിത്രവും അതിന് താഴെ പ്രാർഥനയും ചേർത്തത്.
‘വരങ്ങളുടെ ദാതാവും ആഗ്രഹങ്ങളുടെ പൂർത്തീകരണക്കാരിയുമായ സരസ്വതി ദേവിക്ക് നമസ്കാരം. ഹേ ദേവീ..., ഞാൻ എന്റെ പഠനം ആരംഭിക്കുമ്പോൾ, ദയവായി എനിക്ക് എല്ലായ്പ്പോഴും ശരിയായ ധാരണയുടെ കഴിവ് നൽകണമേ’ എന്നതാണ് പ്രാർഥന. ഇതിൽ യു.ജി.സിയുടെ എംബ്ലം ഉൾപ്പെടുത്തിയിട്ടുമില്ല.
കെമിസ്ട്രി, മാത്സ് തുടങ്ങിയ വിഷയങ്ങളുടെ പാഠ്യപദ്ധതി ചട്ടക്കൂടിലാണ് പുരാണ സങ്കൽപങ്ങളും ഹിന്ദുത്വ ആശയങ്ങളും കൂടുതലായി ഉൾപ്പെടുത്തിയത്. കെമിസ്ട്രിയിൽ കെമിക്കൽ നോളജ് ഇൻ വേദാസ് എന്ന അധ്യായത്തിൽ ‘കുണ്ഡലിനി’ സങ്കൽപം, കണാദ മഹർഷിയുടെ അറ്റോമിക് തിയറി, വേദങ്ങളിലെ ലോഹശാസ്ത്രം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ഇന്ത്യൻ ജ്ഞാന സമ്പ്രദായം’ (ഇന്ത്യൻ നോളജ് സിസ്റ്റം) പാഠ്യപദ്ധതിയിൽ വ്യാപകമാക്കാനുള്ള തീരുമാനത്തിന്റെ മറവിലാണ് ശാസ്ത്രീയ പിൻബലമില്ലാത്ത സിദ്ധാന്തങ്ങളും ആശയങ്ങളും കുത്തിനിറച്ചത്. കെമിസ്ട്രിയിൽ റഫറൻസിനായി ഉൾപ്പെടുത്തിയ പുസ്തകങ്ങളിൽ ഒന്ന് ‘ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി’ എന്നതാണ്. മാത്തമാറ്റിക്സിൽ ‘വേദിക് മാത്തമാറ്റിക്സിലെ സൂത്ര’, നാരദ പുരാണത്തിലെ മാത്തമാറ്റിക്സ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊളിറ്റിക്കൽ സയൻസിന്റെ ചട്ടക്കൂടിൽ ഹിന്ദുമഹാസഭ നേതാവായിരുന്ന വി.ഡി. സവർക്കർ, ജനസംഘം സ്ഥാപക നേതാവ് ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രവും ഉണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ നിർണായക നേതാക്കളിൽ ഒരാളായിരുന്നു സവർക്കർ എന്നാണ് ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.