സ്കൂൾ സിലബസിൽ രാമായണവും ഗീതയും ഉൾപ്പെടുത്താൻ ശിപാർശ
text_fieldsഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാൻ സിങ്
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സ്കൂൾ സിലബസിൽ ഭഗവദ്ഗീതയും രാമായണവും ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ടു. 17,000 സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കേണ്ട സിലബസിലാണ് ഇക്കാര്യം ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രി ധാൻ സിങ് ആവശ്യപ്പെട്ടത്.
പുതിയ സിലബസ് വരുന്നതുവരെ, സ്കൂളുകളിലെ ദൈനംദിന പ്രാർഥന യോഗങ്ങളിൽ ഭഗവദ്ഗീതയിൽ നിന്നും രാമായണത്തിൽ നിന്നുമുള്ള ശ്ലോകങ്ങൾ ഉൾപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ഭഗവദ്ഗീതയുടെ തത്ത്വങ്ങൾ വിശദീകരിക്കാനും അധ്യാപകരോട് നിർദേശിച്ചിട്ടുണ്ട്.
‘‘മുഗള്‍ കാലത്ത് കൊല്ലും കൊലയും മാത്രം’’ -പരിഷ്കരിച്ച പാഠപുസ്തകവുമായി എൻ.സി.ഇ.ആർ.ടി
ന്യൂഡല്‍ഹി: ചരിത്രപരമായ ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി എട്ടാം ക്ലാസിൽ പുതിയ സാമൂഹികശാസ്ത്ര പുസ്തകവുമായി എൻ.സി.ഇ.ആർ.ടി. മുഗള്‍ രാജാക്കന്മാരുടേത് കൊല്ലുംകൊലയും അതിക്രമങ്ങളും മാത്രമായ കാലഘട്ടമായിരുന്നെന്നും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ പാഠപുസ്തകത്തിൽ വ്യക്തമാക്കുന്നു.
മറാഠികൾ, രജപുത്രർ, ഛത്രപതി ശിവാജി മഹാരാജ്, താരാഭായി, അഹല്യഭായ് ഹോൾക്കർ തുടങ്ങിയ വ്യക്തികളെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വികസനത്തിന് സംഭാവന നൽകിയ ദർശനാത്മക നേതാക്കളായിട്ടാണ് പറയുന്നത്.
മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറിന് ‘ക്രൂരനും നിർദയനുമായ കീഴടക്കുന്നവൻ’ എന്നാണ് വിശേഷണം. നഗരങ്ങളിലെ മുഴുവൻ ജനങ്ങളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും കൊല്ലപ്പെട്ടവരുടെ തലയോട്ടികൾ കൊണ്ട് ‘തലയോട്ടിമാടങ്ങൾ’ നിർമിക്കുകയും ചെയ്തിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു.
അക്ബറിന്റെ ഭരണകാലത്തെ ‘ക്രൂരതയുടെയും സഹിഷ്ണുതയുടെയും മിശ്രിതം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. രാജപുത്ര കോട്ടയായ ചിത്തോർഗഢിൽ അക്ബർ 30,000 സാധാരണക്കാരെ കൊന്നൊടുക്കിയെന്നും വിശദീകരിക്കുന്നുണ്ട്.
ബനാറസ്, മഥുര, സോമനാഥ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും നശിപ്പിച്ചയാളാണ് ഔറംഗസേബ് എന്നും പുസ്തകത്തിൽ പറയുന്നു.
സുൽത്താനേറ്റ് കാലഘട്ടത്തെ രാഷ്ട്രീയ അസ്ഥിരതയും സൈനിക യുദ്ധങ്ങളും നിറഞ്ഞ കാലമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഈ കാലത്ത് ഗ്രാമങ്ങളും നഗരങ്ങളും കൊള്ളയടിക്കപ്പെടുകയും ക്ഷേത്രങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചെന്നും പഠിപ്പിക്കുന്നു. അതേസമയം, മുഗൾ ഭരണാധികാരികളെ പൈശാചികമായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടില്ലെന്ന് പുതിയ മാറ്റത്തെ ന്യായീകരിച്ച് എൻ.സി.ഇ.ആർ.ടിയുടെ കരിക്കുലർ ഏരിയ ഗ്രൂപ് ഫോർ സോഷ്യൽ സയൻസ് മേധാവി മൈക്കൽ ഡാനിനോ പറഞ്ഞു. അടുത്ത തലമുറ അവരെക്കുറിച്ച് പഠിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ബി.എൽ. വർമയും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.