എന്‍ജിനീയറിങ്/ മെഡിക്കല്‍ പ്രവേശപരീക്ഷകള്‍ 20 മുതല്‍
text_fieldsതിരുവനന്തപുരം: 2015ലെ കേരള എന്‍ജിനീയറിങ്/ മെഡിക്കല്‍ പ്രവേശപരീക്ഷകള്‍ ഏപ്രില്‍ 20 മുതല്‍ 23 വരെ കേരളത്തിലും ഡല്‍ഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലുമായി 350 കേന്ദ്രങ്ങളില്‍ നടത്തുമെന്ന് പ്രവേശപരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ആകെ 1,60,300 അപേക്ഷകരുള്ളതില്‍ 1,27,500 പേര്‍ എന്‍ജിനീയറിങ് പ്രവേശപരീക്ഷയും 1,15,200 പേര്‍ മെഡിക്കല്‍ പ്രവേശപരീക്ഷയും എഴുതുന്നു. 20,21 തീയതികളില്‍ എന്‍ജിനീയറിങ് പ്രവേശപരീക്ഷയും 22,23 തീയതികളില്‍ മെഡിക്കല്‍ പ്രവേശപരീക്ഷയുമാണ് നടക്കുക. എല്ലാദിവസവും ഇന്ത്യന്‍സമയം രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷാസമയം.
പരീക്ഷാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡുമായി രാവിലെ 9.30ന് മുമ്പ് അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. അഡ്മിറ്റ് കാര്‍ഡ് ഇല്ലാത്തവരെയും വൈകിവരുന്നവരെയും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല. ഹാളിനുള്ളില്‍ നീലയോ കറുപ്പോ മഷിയുള്ള ബോള്‍ പോയന്‍റ് പേന, ക്ളിപ്പ് ബോര്‍ഡ്, അഡ്മിറ്റ് കാര്‍ഡ് എന്നിവയൊഴികെ മറ്റ് വസ്തുക്കള്‍ കൈവശംവെക്കുന്നത് പരീക്ഷാ ക്രമക്കേടായി കണക്കാക്കും. വെര്‍ഷന്‍ കോഡ് ഇല്ലാത്ത ഒ.എം.ആര്‍ ഉത്തരക്കടലാസുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ചോദ്യപുസ്തകത്തിലെ വെര്‍ഷന്‍ കോഡ് പരീക്ഷാര്‍ഥി ഒ.എം.ആര്‍ ഷീറ്റില്‍ പകര്‍ത്തി എഴുതണം. എന്‍ജിനീയറിങ്/ മെഡിക്കല്‍ പ്രവേശപരീക്ഷകളുടെ എല്ലാ പേപ്പറുകള്‍ക്കും പൊതുവായ ഒ.എം.ആര്‍ ഉത്തരക്കടലാസുകളാണ് നല്‍കുക. എന്‍ജിനീയറിങ്/ മെഡിക്കല്‍ പ്രവേശപരീക്ഷകളുടെ ഒന്നാം പേപ്പറില്‍ എ-1, എ-2, എ-3, എ-4 എന്നിങ്ങനെ നാല് വെര്‍ഷനുകളിലും രണ്ടാംപേപ്പറില്‍ ബി-1, ബി-2, ബി-3, ബി-4 എന്നിങ്ങനെ നാല് വെര്‍ഷനുകളിലുമാണ് ചോദ്യപേപ്പറുകള്‍ ലഭ്യമാക്കുക. ഈ വെര്‍ഷന്‍ കോഡുകള്‍ ഒ.എം.ആര്‍ ഷീറ്റില്‍ പകര്‍ത്തുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ പ്രവേശപരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭിക്കും.
പരീക്ഷാസംബന്ധമായ പൊതുനിര്‍ദേശങ്ങള്‍ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍മാര്‍ വിദ്യാര്‍ഥികള്‍ ശരിയായി വെര്‍ഷന്‍ കോഡ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് സാക്ഷ്യപ്പെടുത്തും. ഒ.എം.ആര്‍ ഷീറ്റില്‍ പതിച്ചിട്ടുള്ള ബാര്‍കോഡ് വിദ്യാര്‍ഥികള്‍ വികലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അത് പരീക്ഷാ ക്രമക്കേടായി കണക്കാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.