പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകർ സ്റ്റാഫ്റൂമിൽ ഫോണും കണ്ടിരുന്നു; ബോർഡ് പരീക്ഷയിൽ വിദ്യാർഥികൾക്ക് കൂട്ടത്തോൽവി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടൈ പ്രദേശത്തുള്ള സർക്കാർ സ്കൂളിൽ, അധ്യാപകരുടെ കടുത്ത അനാസ്ഥ കാരണം അടുത്തിടെ നടന്ന ബോർഡ് പരീക്ഷകളിൽ ഭൂരിഭാഗം വിദ്യാർഥികളും പരാജയപ്പെട്ടു. അധ്യാപകരിൽ ഭൂരിഭാഗവും തങ്ങളുടെ ഉത്തരവാദിത്തങ്ങളേക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്കാണ് മുൻഗണന നൽകി എന്നും അതുവഴി നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കി എന്നുമാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. അതിന് കാരണക്കാരായ അധ്യാപകർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികൾ സ്വീകരിച്ചു.
അരന്തങ്ങി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് കൂട്ടത്തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് പകരം സ്റ്റാഫ് റൂമിൽ അധ്യാപകർ ഫോണും നോക്കിയിരിക്കുകയാണ് എന്നാണ് ആരോപണം.
പന്ത്രണ്ടാം ക്ലാസിലെ 264 വിദ്യാർഥികളിൽ 157 പേർ മാത്രമാണ് വിജയിച്ചത്. പത്താം ക്ലാസിലെ 107 വിദ്യാർഥികളിൽ 71 പേർ മാത്രമാണ് വിജയിച്ചത്. പതിനൊന്നാം ക്ലാസിലെ പ്രകടനം ഈ രീതിയിൽ തന്നെയായിരുന്നു; 99 വിദ്യാർഥികളാണ് തോറ്റത്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കണ്ടതോടെ വിദ്യാർഥികൾക്ക് കൃത്രിമമായി ഇന്റേണൽ മാർക്ക് നൽകി ജയിപ്പിക്കാനും ശ്രമം നടന്നു. സംഭവത്തിൽ ഏഴ് അധ്യാപകരെ സ്ഥലംമാറ്റിയിട്ടുണ്ട്. ഒരാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവം ആവർത്തിക്കാതിരിക്കാൻ പ്രത്യേക യോഗവും വിളിച്ചു ചേർക്കുകയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, അധ്യാപകർ, സമൂഹത്തിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒരു വാട്സ്ആപ്പ് മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.