എട്ടാം ക്ലാസ് മിനിമം മാർക്ക്: എല്ലാ വിഷയത്തിലും തോറ്റത് 10 ശതമാനം വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: വിഷയ മിനിമം ഏർപ്പെടുത്തിയ ശേഷമുള്ള എട്ടാം ക്ലാസ് വാർഷിക പരീക്ഷ ഫലം പുറത്തുവന്നപ്പോൾ പത്ത് ശതമാനം വിദ്യാർഥികൾ എല്ലാ വിഷയത്തിനും തോറ്റതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ തോറ്റ വിഷയം ഹിന്ദിയാണ്; 42,810 പേർ (12.69 ശതമാനം). വിഷയ മിനിമം നിബന്ധന അടുത്ത വർഷം ഏഴാം ക്ലാസിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ആകെ 3.87 ലക്ഷം വിദ്യാർഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ്; 24,192 പേർ (7.6 ശതമാനം). വിവിധ വിഷയങ്ങളിലായി 2,24,175 ഇ. ഗ്രേഡുകളാണ് ലഭിച്ചത്. ആകെ 3136 സ്കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. 595 സ്കൂളിലെ ഫലം ലഭ്യമാകാനുണ്ട്. ഇതിനു ശേഷമേ, കൃത്യമായ കണക്ക് ലഭ്യമാകൂ.
ഒമ്പതാം ക്ലാസ് പ്രവേശനത്തിന് അധിക പിന്തുണ വേണ്ടവരുടെ കണക്കും അതു കഴിഞ്ഞേ അറിയാനാകൂ. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് ഇ ഗ്രേഡുള്ളത് വയനാട് ജില്ലയിലാണ്; 6.3 ശതമാനം. കുറവ് കൊല്ലത്തും; 4.2 ശതമാനം. ഡി ഗ്രേഡ് വരെ നേടിയവരെയാണ് ക്ലാസ് കയറ്റത്തിന് പരിഗണിക്കുക. മിനിമം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ പ്രധാനാധ്യാപകർ തിങ്കളാഴ്ച രക്ഷിതാക്കളെ അറിയിക്കും. ഇവർക്ക് ഏപ്രിൽ എട്ട് മുതൽ 24 വരെ രാവിലെ 9.30 മുതൽ 12.30 വരെ അധിക പിന്തുണ ക്ലാസ് നടത്തും. 25 മുതൽ 28 വരെ പുനഃപരീക്ഷയും 30ന് ഫലപ്രഖ്യാപനവും നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.