നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന്; ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മെഡിക്കല്‍ പി.ജി പ്രവേശന പരീക്ഷ (നീറ്റ് പി.ജി) ആഗസ്റ്റ് മൂന്നിലേക്ക് മാറ്റിവെക്കാനുള്ള നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻ.ബി.ഇ.എം.എസ്) ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്തണമെന്ന് നേരത്തേ കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന്, അധിക സജ്ജീകരണങ്ങൾ ഒരുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് എൻ.ബി.ഇ.എം.എസ് ആവശ്യപ്പെടുകയായിരുന്നു. നേരത്തേ, ജൂൺ 15ന് രണ്ട് ഷിഫ്റ്റായാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.
2.5 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ നിലവിൽ നിശ്ചയിച്ചതിന്റെ ഇരട്ടിയോളം കേന്ദ്രങ്ങൾ ആവശ്യമാണ്. ഇത്തരത്തിൽ 900 കേന്ദ്രങ്ങൾ നിർണയിക്കുകയും സംവിധാനങ്ങൾ ഒരുക്കുകയും വേണം. വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ വീണ്ടും അവസരമൊരുക്കണം. ഇതിനു കൂടുതൽ സമയം ആവശ്യമാണെന്ന് എൻ.ബി.ഇ.എം.എസ് കോടതിയിൽ ചൂണ്ടിക്കാട്ടി. പിന്നാലെ, ജൂലൈയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ എന്തുകൊണ്ടാണെന്ന് പരീക്ഷ നടത്താനാവാത്തതെന്ന് കോടതി ആരാഞ്ഞു. എന്തിനാണ് രണ്ടു മാസം കൂടി ആവശ്യപ്പെടുന്നതെന്ന് ചോദിച്ച കോടതി പരീക്ഷ വൈകുന്നത് മുഴുവന്‍ പ്രവേശന പ്രക്രിയയും വൈകിപ്പിക്കുമെന്നും നിരീക്ഷിച്ചു.
നിരവധി ഉന്നതതല യോഗങ്ങൾക്കു ശേഷമാണ് ആഗസ്റ്റ് മൂന്ന് എന്ന തീയതിയിൽ എത്തിയതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പറഞ്ഞു. പരീക്ഷയുടെ സമഗ്രതക്കും സുരക്ഷക്കും പ്രഥമ പരിഗണന നൽകണമെന്ന് ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു. മേയ് 30നാണ് പരീക്ഷക്ക് അനുമതി നല്കി മുന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി ഓര്‍മിപ്പിച്ചു. അതിനു പിന്നാലെ എന്താണ് ചെയ്തതെന്നും ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഒരു തരത്തിലും പരീക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർഥികളുടെ താല്പര്യങ്ങള്ക്കുവേണ്ടി മാത്രമാണ് അധിക സമയം ആവശ്യപ്പെടുന്നതെന്നും എൻ.ഇ.ബി കോടതിയിൽ വ്യക്തമാക്കി.
രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുമ്പോൾ വ്യത്യസ്ത ചോദ്യപേപ്പറുകൾ നൽകുന്നത് പരീക്ഷയുടെ ഏകീകൃത നിലവാരത്തെ ബാധിക്കുമെന്ന് വാദിച്ച് ഒരു കൂട്ടം വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.