നീറ്റ് ഫലം വന്നു; മലയാളിയായ കാർത്തിക ജി. നായർ അടക്കം മൂന്നു പേർക്ക് ഒന്നാം റാങ്ക്
text_fieldsകാർത്തിക ജി. നായർ, ഗൗരിശങ്കർ
ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ കാർത്തിക ജി. നായർ, തെലങ്കാനയിലെ മൃണാൾ കുറ്റേരി, ഡൽഹിയിലെ തൻമയി ഗുപ്ത എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടു.
കാർത്തിക മഹാരാഷ്ട്രയിലാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ സെപ്റ്റംബർ 12ന് നടന്ന നീറ്റിൽ 15.44 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 15 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു. 8,70074 പേർ യോഗ്യത നേടി. കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ആലപ്പുഴ മാവേലിക്കര സ്വദേശി ഗൗരിശങ്കറാണ് ഒന്നാമത്. അഖിലേന്ത്യാ തലത്തിൽ 17 ാം റാങ്കുകാരനാണ് ഗൗരി.
neet.nta.nic.in എന്ന സൈറ്റിൽ ഫലം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാം. ദേശീയ തലത്തിലെ ഉയർന്ന റാങ്കുകാരുടെ വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിടും.
സംസ്ഥാന റാങ്ക് പട്ടിക 20 ദിവസത്തിനകം
തിരുവനന്തപുരം: കേരളത്തിലെ പ്രവേശന നടപടികൾക്കായി നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടിക 15- 20 ദിവസത്തിനകം പ്രസിദ്ധീകരിക്കും. ഇതിനായി നീറ്റ് പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽനിന്ന് കേരളത്തിൽനിന്ന് യോഗ്യത നേടിയ കുട്ടികളുടെ വിവരം പ്രവേശന പരീക്ഷ കമീഷണറേറ്റ് ശേഖരിക്കും.
ഇതിനുശേഷം വിദ്യാർഥികൾക്ക് നീറ്റ് മാർക്ക് വെബ്സൈറ്റ് വഴി സമർപ്പിക്കാനുള്ള അവസരം നൽകും. ഇതുകൂടി പരിഗണിച്ചായിരിക്കും സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുക. സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സംസ്ഥാന റാങ്ക് പട്ടികയിൽ നിന്നായിരിക്കും പ്രവേശനം.
15 ശതമാനം അഖിലേന്ത്യ ക്വോട്ടയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് പ്രവേശന നടപടികൾ നടത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.