നീറ്റ് പി.ജി ഒറ്റ ഷിഫ്റ്റിൽ മതിയെന്ന് സുപ്രീംകോടതി; ദേശീയ പരീക്ഷ ബോർഡ് തീരുമാനം റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: ദേശീയ പി.ജി മെഡിക്കൽ പ്രവേശന പരീക്ഷ -നീറ്റ് പി.ജി രണ്ട് ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്റെ (എൻ.ബി.ഇ) തീരുമാനം റദ്ദാക്കി സുപ്രീംകോടതി. പരീക്ഷ ഒറ്റ ഷിഫ്റ്റിൽതന്നെ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് നീതിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ നടപടി.
ജൂൺ 15ന് പരീക്ഷ നടക്കാനിരിക്കെയാണ് എൻ.ബി.ഇയുടെ തീരുമാനം റദ്ദാക്കിയത്. രണ്ടു ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോള്‍ അതിന് ഏക സ്വഭാവം ഉണ്ടാവില്ല. രണ്ടു ചോദ്യപ്പേപ്പറുകള്‍ ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്ന് ഒരിക്കലും പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ മതിയായ കേന്ദ്രങ്ങളില്ലെന്നും കോടതിയുടെ ഇടപെടൽ പരീക്ഷ റദ്ദാക്കപ്പെടുന്നതിനും പ്രവേശന പ്രക്രിയ വൈകുന്നതിനും കാരണമാകുമെന്നും എൻ.ബി.ഇ വാദിച്ചു. എന്നാല്‍, സാങ്കേതിക പുരോഗതി കൈവരിച്ച രാജ്യത്ത് പരീക്ഷ നടത്താന്‍ കേന്ദ്രങ്ങളില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു.
പരീക്ഷക്ക് അപേക്ഷിച്ച ആകെ ഉദ്യോഗാർഥികളുടെ എണ്ണം 2,42,678 ആണ്. പരീക്ഷ ഒരു നഗരത്തിലല്ല, രാജ്യമെമ്പാടും നടക്കുന്നുണ്ട്. പരീക്ഷക്ക് രണ്ടാഴ്ചയിലധികം സമയമുണ്ടെന്നും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി നീതിയുക്തമായി നടക്കുമെന്ന് ഉറപ്പാക്കണമെന്നും എൻ.ബി.ഇയോട് കോടതി ആവശ്യപ്പെട്ടു. ആവശ്യമായ പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിക്കാനായില്ലെങ്കിൽ പരീക്ഷ നീട്ടിവെക്കാൻ തങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
ജൂൺ 15 രാവിലെ ഒമ്പതുമുതൽ 12.30 വരെ ആദ്യ ഷിഫ്‌റ്റും വൈകീട്ട് 3.30മുതൽ ഏഴുമണിവരെ രണ്ടാം ഷിഫ്റ്റുമായിരുന്നു എൻ.ബി.ഇ നിശ്ചയിരുന്നത്. കഴിഞ്ഞ വര്‍ഷം നീറ്റ് പി.ജി രണ്ട് ഷിഫ്റ്റുകളിലായാണ് നടന്നത്. പരീക്ഷ സംബന്ധിച്ച് നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.