Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ സ്വകാര്യ സർവകലാശാലകൾ; 25% സീറ്റും ജോലിയും പ്രദേശവാസികൾക്ക്

text_fields
bookmark_border
ജമ്മു കശ്മീരിൽ സ്വകാര്യ സർവകലാശാലകൾ; 25% സീറ്റും ജോലിയും പ്രദേശവാസികൾക്ക്
cancel

ജമ്മു: ജമ്മു കശ്മീരിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. പ്രവേശനത്തിലും നിയമനത്തിലും നാലിലൊന്ന് അവസരം തദ്ദേശീയർക്കായി മാറ്റിവെക്കണമെന്നാണ് പ്രധാന വ്യവസ്ഥ.

പുതിയ നിയമപ്രകാരം സ്വകാര്യ സർവകലാശാലകളിലെ നാലിലൊന്ന് സീറ്റ് ജമ്മു കശ്മീരുകാർക്ക് കിട്ടും. അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുമ്പോഴും ഇതേ അനുപാതം പാലിക്കണം. പുറത്തുനിന്ന് വലിയ സ്ഥാപനങ്ങൾ വന്നാലും ഇവിടുത്തെ കുട്ടികൾക്കും യുവാക്കൾക്കും അവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെയൊരു നിബന്ധന.

വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ഷമീമ ഫിർദൗസിനെ മുഖ്യമന്ത്രി ഉമർ അബ്ദുല്ല അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജമ്മു കശ്മീർ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങൾ ഇവിടെ എത്തുന്നതോടെ പഠന നിലവാരവും ഗവേഷണവും മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇതുവരെ ഉന്നത പഠനത്തിനായി ഒരുപാട് വിദ്യാർഥികൾ ഡൽഹിയിലേക്കും പഞ്ചാബിലേക്കും ബംഗളൂരുവിലേക്കും പോകേണ്ടി വന്നിരുന്നു. താമസവും യാത്രയും ഉൾപ്പെടെ വലിയ ചെലവായിരുന്നു കുടുംബങ്ങൾക്ക്. പുതിയ സർവകലാശാലകൾ വന്നാൽ ആ ബുദ്ധിമുട്ട് കുറയും. സയൻസ് മുതൽ നിയമം വരെയുള്ള മേഖലകളിൽ പുതിയ കോഴ്സുകൾ നാട്ടിൽ തന്നെ കിട്ടും. പണമില്ലാത്തതിന്റെ പേരിൽ ആർക്കും പഠനം മുടങ്ങരുതെന്നും ചട്ടത്തിൽ പറയുന്നു. ഓരോ സ്ഥാപനവും പത്തിലൊന്ന് വിദ്യാർഥികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് നൽകിയേ തീരൂ.

ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ബില്ലിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇനി സ്വകാര്യ, വിദേശ സ്ഥാപനങ്ങൾക്കും ഇവിടെ പ്രവർത്തിക്കാം. ഇത് നിക്ഷേപവും തൊഴിലും കൊണ്ടുവരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

കർശനമായ മേൽനോട്ടവും ഉണ്ടാകും. എല്ലാ സ്ഥാപനങ്ങളും പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് റെഗുലേറ്ററി അതോറിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും. ഡൊണേഷൻ ഫീസ് പാടില്ല. ഫീസ് നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡമുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ അക്രഡിറ്റേഷൻ എടുക്കണം. സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ സർക്കാർ സർവകലാശാലകൾ പഠന നിലവാരവും സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jammu Private University Quotas
Next Story