Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ മദ്റസ വിദ്യാഭ്യാസ പദ്ധതി നിർത്തലാക്കി സർക്കാർ; 5000 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
കർണാടകയിൽ മദ്റസ വിദ്യാഭ്യാസ പദ്ധതി നിർത്തലാക്കി സർക്കാർ; 5000 ഓളം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
cancel

മംഗളൂരു: 2024 ൽ കർണാടക സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ആരംഭിച്ച മദ്റസ വിദ്യാഭ്യാസ പദ്ധതി നിർത്തിവച്ചു. ഇതോടെ ഏകദേശം 5000 വിദ്യാർഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. മദ്റസകളിൽ പഠിക്കുന്ന വിദ്യാർഥികളെ മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയാണ് ഈ പദ്ധതി ആരംഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (എൻ.ഐ.ഒ.എസ്) വഴി ഈ വിദ്യാർഥികൾക്ക് ഔദ്യോഗിക വിദ്യാഭ്യാസം ഉറപ്പാക്കുകയും എസ്.എസ്.എൽ.സി തല പരീക്ഷകൾക്ക് അവരെ സജ്ജമാക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ന്യൂനപക്ഷ സമുദായങ്ങൾ സാമൂഹികമായും സാമ്പത്തികമായും മുന്നേറുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ നൽകുക എന്ന ഉദ്ദേശ്യവും പദ്ധതിക്ക് പിന്നിലുണ്ടായിരുന്നു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള തെരഞ്ഞെടുത്ത 100 മദ്റസകളിൽ നിന്നുള്ള 5000 വിദ്യാർഥികൾക്ക് 9, 10 ക്ലാസുകളിലെ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി പരിശീലനം നൽകേണ്ടതായിരുന്നു. ഇതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് 10 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചിരുന്നു. സാങ്കേതിക വിലയിരുത്തലിനുശേഷം പദ്ധതി നടപ്പിലാക്കുന്നതിനായി ബിദാർ ആസ്ഥാനമായുള്ള ഷഹീൻ ഗ്രൂപ്പിന് ചുമതല നൽകുകയും ചെയ്തു.

പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത 5000 വിദ്യാർഥികളിൽ ഏകദേശം 4370 പേർ പരീക്ഷ എഴുതിയെന്നാണ് റിപ്പോർട്ട്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 30 ശതമാനം പേർ മാത്രമേ വിജയിച്ചുള്ളൂവെന്നാണ് സർക്കാർ പറയുന്നത്. ഇതിന് പിന്നാലെയാണ് പദ്ധതി നിർത്തലാക്കിയത്. സംഭവത്തിൽ വൻ വിമർശനമാണ് ഉയരുന്നത്.

വിജയശതമാനം കുറയാനുള്ള കാരണങ്ങൾ, അധ്യാപന സംവിധാനത്തിലെ പോരായ്മകൾ, മദ്റസ ഭരണകൂടങ്ങളുടെ സഹകരണത്തിന്റെ പര്യാപ്തത എന്നിവ സമഗ്രമായ ഒരു അവലോകനത്തിലൂടെ പരിശോധിക്കേണ്ടതായിരുന്നു. എന്നാൽ ഈ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം സർക്കാർ പദ്ധതി നിർത്തലാക്കിയത് വ്യാപക വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madrasa SSLC Scheme Suspended Now
Next Story