Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എച്ച്ഡിയും കെട്ടുകണക്കിന് ബിരുദങ്ങളും; എന്നിട്ടും തൊഴിൽ തേടിത്തളർന്ന് 30കാരൻ, 2300 ജോലി അപേക്ഷകളും തള്ളിപ്പോയി

text_fields
bookmark_border
പി.എച്ച്ഡിയും കെട്ടുകണക്കിന് ബിരുദങ്ങളും; എന്നിട്ടും തൊഴിൽ തേടിത്തളർന്ന് 30കാരൻ, 2300 ജോലി അപേക്ഷകളും തള്ളിപ്പോയി
cancel

പ്രിൻസ്റ്റൺ സർവകലാശാലയുടെ ലാബിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ജാക്ക് വെയ്‌സിന്റെ മുന്നിൽ ലോകം കാത്തു നിൽക്കുന്നുണ്ടായിരുന്നു. കെമിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ്, റൈസ് സർവകലാശാലയിലെ സമ്മ കം ലൗഡ് ബിരുദം, ഏറ്റവും ഒടുവിൽ നോബൽ കമ്മിറ്റി എടുത്തു പറഞ്ഞ ഗവേഷണം. ശാസ്ത്ര ലോകത്ത് ഇതിൽ കൂടുതൽ എന്ത് വേണം.

പക്ഷേ ബിരുദം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ, ആ ബയോഡാറ്റക്ക് മുന്നിൽ തൊഴിൽ വിപണി വാതിൽ കൊട്ടിയടക്കുകയായിരുന്നു. സാൾട്ട് ലേക്ക് സിറ്റിക്കാരനായ ഈ മുപ്പതുകാരൻ ഇതിനകം അയച്ചത് 2,300 ലധികം ജോലി അപേക്ഷകളാണ്. ഫലം, ഇപ്പോഴും സ്ഥിരമായ ഒരു ജോലിയില്ല എന്നത് മാത്രം.

ഫാർമ കമ്പനികളിലെ ഗവേഷണ ഒഴിവുകൾ, ദേശീയ ലാബുകളിലെ അഭിമാനകരമായ ഫെല്ലോഷിപ്പുകൾ തുടങ്ങിയ ജാക്കിന്‍റെ തിരച്ചിൽ അതൊന്നും നടക്കാതെ വന്നപ്പോൾ സോഫ്റ്റ്‌വെയർ മേഖലയിലേക്ക് വഴിമാറി. തുടക്കത്തിൽ ആത്മവിശ്വാസത്തിലായിരുന്ന ജാക്ക് ഒടുവിൽ യോഗ്യതകൾ മാറ്റിവെച്ച് ഫ്രോസൺ ക്രാബ് കേക്ക് വിൽക്കുന്ന കമ്പനിയിലെ അടുക്കള ജോലിക്ക് വരെ അപേക്ഷിച്ചു. പ്രിൻസ്റ്റണിലെയും റൈസിലെയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിൽ സഹായം തേടിയെങ്കിലും ആ വഴിയും അടഞ്ഞു.

2024 ൽ ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഹിന്റനും ഭൗതികശാസ്ത്ര നോബൽ ലഭിച്ച വർഷം, അവരുടെ മെഷീൻ ലേണിംഗ് കണ്ടെത്തലുകൾക്ക് ഉദാഹരണമായി നോബൽ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ജാക്കിന്റെ ഗവേഷണമായിരുന്നു. ഐസിന്റെ രൂപീകരണവും തന്മാത്രകളുടെ ചലനവും മെഷീൻ ലേണിംഗ് ഉപയോഗിച്ച് വിശദീകരിച്ച പഠനം. ആ അംഗീകാരം പോലും ജോലി വിപണിയിൽ തുണയായില്ല.

2026 ജനുവരിയിൽ ഒരു ചെറിയ ആശ്വാസം ലഭിച്ചത് ഒരു എഐ സ്റ്റാർട്ടപ്പിൽ മണിക്കൂറിന് 70 ഡോളർ വേതനത്തിൽ എഐ മോഡലുകളെ പരിശീലിപ്പിക്കുന്ന കരാർ ജോലി ലഭിച്ചപ്പോഴാണ്. പക്ഷേ ആഴ്ചയിൽ ചിലപ്പോൾ നാല് മണിക്കൂർ മാത്രം ജോലി, കൂടിയാൽ ഇരുപത് മണിക്കൂർ. മാർച്ച് പകുതിയോടെ ആ കരാറും അവസാനിച്ചു.

ഇപ്പോൾ ജാക്ക് മറ്റൊരു വഴിയിലാണ്. അഭിഭാഷകനാകാൻ വേണ്ടി 2026 നവംബറിലെ ലോ സ്കൂൾ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് അദ്ദേഹം. ഒപ്പം മനസ്സിൽ മറ്റൊരു സ്വപ്നം കൂടിയുണ്ട്, പാടത്തെ കളകളെ കണ്ടെത്തി നീക്കം ചെയ്യുന്ന എഐ ഡ്രോൺ എന്ന സ്വന്തം സംരംഭം. പ്രിൻസ്റ്റണിലെ ലാബിൽ തുടങ്ങിയ യാത്ര ഇപ്പോൾ നിയമ പുസ്തകങ്ങളിലേക്കും ഒരു ഡ്രോൺ സ്വപ്നത്തിലേക്കും വഴിമാറുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Overqualified PhD Struggles Unemployed
Next Story