മനസ് പറയുന്നതനുസരിച്ച് തീരുമാനമെടുക്കുക, ആത്മവിമർശനം നല്ലതാണ്; കരിയറിൽ തിളങ്ങാൻ സുന്ദർപിച്ചൈയുടെ എട്ട് നുറുങ്ങുകൾ
text_fieldsസുന്ദർപിച്ചൈ
വിവേകവും ശാന്തസ്വഭാവവും വിനയവും ഒത്തിണങ്ങിയ ഒരു കോർപറേറ്റ് തലവനെ കണ്ടുകിട്ടാൻ തന്നെ പ്രയാസമായിരിക്കും. 2.3 ട്രില്യൺ ഡോളർ വരുമാനമുള്ള ഒരു ആഗോള സംരംഭത്തെ നയിക്കുന്ന സുന്ദർപിച്ചൈയിൽ ഇത് ആവോളമുണ്ട്. 2004 കരിയർ തുടങ്ങിയ സുന്ദർപിച്ചൈ വളരെ പെട്ടെന്നാണ് ഗൂഗ്ൾ സി.ഇ.ഒയുടെ കസേരയിലേക്ക് വളർന്നത്. ഇപ്പോൾ 52 വയസായി പിച്ചൈക്ക്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്സ് പ്രകാരം 1.1 ബില്യൺ ഡോളറാണ് പിച്ചൈയുടെ വ്യക്തിഗത ആസ്തി.
അമേരിക്കൻ കമ്പ്യൂട്ടർ സയന്റിസ്റ്റും പോഡ്‌കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിനിടെ കരിയറിൽ പ്രഫഷനലുകൾ പഠിക്കേണ്ട എട്ട് പാഠങ്ങളെ കുറിച്ച് പറയുകയാണ് പിച്ചൈ.
1. സ്വയം നിങ്ങളുടെ കടുത്ത വിമർശകനായിരിക്കുക
മികച്ച പ്രഫഷനലുകൾക്ക് അവരുടെ തെറ്റുകൾ തിരിച്ചറിയാൻ മറ്റൊരാളുടെ പ്രേരണ ആവശ്യമില്ല. മറ്റുള്ളവരേക്കാൾ നമുക്ക് സ്വയം നമ്മെ അറിയാൻ സാധിക്കും.
2. നിങ്ങൾക്ക് ഭീഷണിയാകുന്ന ആളുകളെ കണ്ടെത്തുക
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ തന്നേക്കാൾ മികച്ച മനുഷ്യരുമായി പ്രവർത്തിച്ചിട്ടുണ്ട് എന്ന കാര്യം പിച്ചൈ സമ്മതിച്ചു. അത്തരം ആളുകൾ കരിയർ വളർച്ചക്ക് സഹായിക്കും.
3. ജോലിസ്ഥലത്തെ അസ്വസ്ഥതകളെ ഇഷ്ടപ്പെടുക
ജോലിസ്ഥലത്തെ അസ്വസ്ഥതകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരം അതിനെ വളർച്ചയുടെ ഉപകരണമാക്കി മാറ്റുക.നമ്മുടെ കഴിവിനെ പ്രചോദിപ്പിക്കുന്ന ചിലകാര്യങ്ങൾ ചുറ്റുപാടുകളിൽ ഉണ്ടായിരിക്കും. അത് കണ്ടെത്തുകയാണ് പ്രധാനം. സേഫ് സോണിനേക്കാൾ നമ്മൾക്ക് ഭീഷണിയാകുന്ന പരിതസ്ഥിതികളാണ് ജോലിയിൽ ശോഭിക്കാൻ ഗുണം ചെയ്യുകയെന്നും പിച്ചൈ പറയുന്നു. ഈ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള മനസാണ് അദ്ദേഹത്തെ ഗൂഗ്ളിന്റെ അമരത്ത് എത്തിച്ചതും.
4. മനസ് പറയുന്നതനുസരിച്ച് തീരുമാനമെടുക്കുക
ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ എന്താണോ നിങ്ങളുടെ ഹൃദയം പറയുന്നത് അത് കേൾക്കുക. പാഷന് അനുസരിച്ച് പോകലാണ് പ്രധാനം.
5. ദൗത്യാധിഷ്ടിത ടീമിനെ ഉണ്ടാക്കുക
ഒരു ആഗോളസംരംഭത്തെ ഒറ്റക്ക് നയിക്കാൻ ഒരു നേതാവിന് ഒരിക്കലും കഴിയില്ല. അതിന് മികച്ച ടീം അനിവാര്യമാണ്. ദൗത്യത്തിൽ ഉറച്ചുനിൽക്കുന്ന കഴിവുള്ള ആളുകളെ കണ്ടെത്തുകയാണ് പ്രധാനം.
6. സ്വയം തിരുത്തലുകളാണ് ഏറ്റവും പ്രധാനം
മറ്റുള്ളവരെ തിരുത്താൻ ശ്രമിക്കുകയല്ല, സ്വയം തിരുത്തുകയാണ് ഏറ്റവും പ്രധാനം.
7. അംഗീകാരങ്ങൾ സ്വാഭാവികമായി വരട്ടെ
കഠിനാധ്വാനം ചെയ്താൽ അതിന് ഫലം കിട്ടുമെന്നാണ് പിച്ചൈയുടെ അനുഭവഫലം. സി.ഇ.ഒ സ്ഥാനത്തേക്കുള്ള പിച്ചൈയുടെ വളർച്ച ഒരിക്കലും ആസൂത്രിതമായ പ്രമോഷന്റെ ഫലമായിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനം കണ്ട് ലാറി പേജും സെർജി ബ്രിന്നും ആകൃഷ്ടരാവുകയായിരുന്നു.
8. സമ്പത്ത് കഥയുടെ ഒരു ഭാഗം മാത്രമാണെന്ന് മനസിലാക്കുക
സി.ഇ.ഒ പദവി ഉണ്ടായിട്ടും ഗൂഗ്ളിലെ സഹസ്ഥാപകരുമായി താരതമ്യം ചെയ്യുമ്പോൾ പിച്ചൈയുടെ ആസ്തി വളരെ കുറവാണ്. എന്നാൽ വ്യക്തിപരമായ സമ്പാദ്യം വിജയത്തിന്റെ ഒരു ഘടകം മാത്രമാണെന്നാണ് പിച്ചൈ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.