ഐ.എ.എസ് ഓഫിസറുടെ പരമാവധി ശമ്പളം സി.എക്കാരന്റെ തുടക്കത്തിലെ ശമ്പളത്തിന് തുല്യം ...; വൈറലായി പോസ്റ്റ്
text_fieldsഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ പദവിയാണ് ഐ.എ.എസ് ഓഫിസറുടേത്. പലരും സ്വപ്നം കാണുന്ന ഒന്ന്. അതിനിടയിലാണ് ഒരു ചാർട്ടേഡ് അക്കൗണ്ടിന്റെ കുറിപ്പ് വൈറലാകുന്നത്. എക്സിലായിരുന്നു അദ്ദേഹം ഐ.എ.എസുകാരുടെയും സി.എക്കാരുടെയും ശമ്പളം താരതമ്യം ചെയ്തു കുറിപ്പിട്ടത്. സി.എക്കാരെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറഞ്ഞ ശമ്പളമായിട്ടു പോലും എന്തുകൊണ്ടാണ് ആളുകൾ ഐ.എ.എസുകാരാകാൻ കൊതിക്കുന്നത് എന്നായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ചിരാഗ് ചൗഹാന്റെ ചോദ്യം. ഐ.എ.എസുകാരന് ലഭിക്കുന്ന ശമ്പളത്തെ കുറിച്ചും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഐ.എ.എസ് ഓഫിസറുടെ പരമാവധി ശമ്പളം സി.എക്കാരന്റെ തുടക്കകാലത്തെ ശമ്പളത്തിന് തുല്യമാണെന്നാണ് അദ്ദേഹം കുറിക്കുന്നത്.
രണ്ടുവർഷത്തെ പരിശീലനകാലത്ത് ഐ.എ.എസ് ഓഫിസറുടെ ശമ്പളം 56,100 രൂപയാണ്. അലവൻസും മറ്റ് ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ അത് 56,000നും 1,50,000 ത്തിനുമിടയിൽ ലഭിക്കും. ഐ.എ.എസ് ഓഫിസറുടെ പരമാവധി ശമ്പളം രണ്ടരലക്ഷം രൂപയാണ്. അതും ചീഫ് സെക്രട്ടറിയായി വിരമിക്കുമ്പോൾ. എന്നാണ് ചിരാഗ് ചൗഹാൻ പോസ്റ്റിൽ പറയുന്നത്. വളരെ പെട്ടെന്നാണ് ട്വീറ്റ് വൈറലായത്.
പണമല്ല, ആളുകൾ ഐ.എ.എസ് തെരഞ്ഞെടുക്കാൻ കാരണമെന്ന് ആ പദവിയുടെ അധികാരവും ആദരവുമാണെന്ന് ഒരാൾ കുറിച്ചു. ഏതെങ്കിലും ഐ.എ.എസ് ഓഫിസർ ഒരു സി.എക്കാരന് റിപ്പോർട്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? സി.എക്കാരൻ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനോ മന്ത്രിയോ ആകാത്ത പക്ഷം ഒരിക്കലും അങ്ങനെ സംഭവിക്കില്ല. അധികാരവും ബഹുമാനവും അതാണ് ആളുകൾ ഐ.എ.എസിന് പിന്നാലെ പോകാൻ കാരണം. പണത്തേക്കാൾ മൂല്യമുണ്ട് അതിന്.
ഒരു പ്രഫഷനെയും മറ്റൊന്നുമായി ഒരിക്കലും താരതമ്യം ചെയ്യരുതെന്നാണ് മറ്റൊരാൾ കുറിച്ചത്. ഒരു വർഷം യോഗ്യത നേടുന്ന ആകെ സി.എക്കാരെ അപേക്ഷിച്ച് എത്രയോ കുറവാണ് സിവിൽ സർവീസ് പരീക്ഷയെഴുതി ഐ.എ.എസുകാരായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണമെന്ന് മറ്റൊരാൾ ഓർമിപ്പിച്ചു. ഇന്ത്യയിൽ എല്ലാവർഷവും 180 ഐ.എ.എസ് ഉദ്യോഗസ്ഥർ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഓരോ സംസ്ഥാനത്തിന്റെയും ജനസംഖ്യക്കും വലിപ്പത്തിനും ആനുപാതികമായാണ് ഐ.എ.എസ് കേഡർ നിശ്ചയിക്കുന്നത്. അതുപോലെ മികച്ച കരിയറാണ് സി.എയും. ഓരോരുത്തരും അവരവരുടെ താൽപര്യപ്രകാരമുള്ള കരിയറാണ് തെരഞ്ഞെടുക്കുന്നത്. അവിടെ ശമ്പളമോ മറ്റ് ആനുകൂല്യമോ അല്ല അടിസ്ഥാനം. ഓരോരുത്തരുടെയും താൽപര്യമാണ്, തെരഞ്ഞെടുപ്പാണ്.
ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യവുമായാണ്, അല്ലാതെ പണമല്ല ഒരാൾ ഐ.എ.എസ് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. സി.എ കഴിഞ്ഞ് നിങ്ങൾ ഒരു സ്ഥാപനത്തിൽ ജോലി തുടങ്ങുമ്പോൾ, നിങ്ങളുടെ ഓഫിസർ കാറോ അനുവദിക്കാറുണ്ടോ? അതോ കാറിൽ പെട്രോൾ സൗജന്യമായി അടിച്ചു നൽകാറുണ്ടോ? കാറിന് ഡ്രൈവറെ വെക്കാറുണ്ടോ? ജോലി ചെയ്യുന്ന ഇടങ്ങളിൽ വീടോ ജോലിക്കാരെയോ അനുവദിക്കാറുണ്ടോ? എന്ന് മറ്റൊരാൾ ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.