മധുരപലഹാര കടയിൽ നിന്ന് ദുബൈയിലെ എഐ കമ്പനിയിലേക്ക്; തേജേഷ് വൈശിന്റെ യാത്ര
text_fieldsതേജേഷ് വൈശ്
ലഖ്നോ: കന്റോൺമെന്റിലെ സദർ ബസാറിലെ ഗായത്രി മിഷ്ഠാൻ ഭണ്ഡാർ എന്ന ചെറിയ മധുരപലഹാര കടയിൽ നിന്നാണ് തേജേഷ് വൈശ് തന്റെ കരിയർ യാത്ര തുടങ്ങിയത്. അച്ഛൻ അശോക് കുമാർ വൈശിനൊപ്പം സമൂസയും ജിലേബിയും ഉണ്ടാക്കിയിരുന്ന ആ കൗമാരക്കാരൻ ഇന്ന് ദുബൈയിലെ ലൂമിയൻ.എഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയുടെ ലീഡ് എൻജിനീയറാണ്.
എൻജിനീയറിംഗ് പശ്ചാത്തലമില്ലാത്ത വീട്ടിൽ വീട്ടമ്മയായ അമ്മ മമതയും കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ സഹോദരി ആസ്തയും അടങ്ങുന്നതാണ് കുടുംബം.
അഞ്ചാം ക്ലാസിൽ 48 ശതമാനം മാർക്കുള്ള ശരാശരി വിദ്യാർഥിയായിരുന്ന തേജേഷ് പത്താം ക്ലാസിൽ 94 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 95 ശതമാനവും നേടി. അക്കാദമിക് തിരിച്ചുവരവിന് പിന്നിൽ കൃത്യമായ പഠനക്രമവും കുടുംബത്തിന്റെ പിന്തുണയുമായിരുന്നു.
2019ലെ പ്രവേശന പരീക്ഷക്കായി എടുത്ത ഒരു വർഷത്തെ ഇടവേളയാണ് വഴിത്തിരിവായത്. ദിവസേന ആറ് മണിക്കൂർ കോച്ചിംഗും അർധരാത്രി വരെ 12 മണിക്കൂർ പഠനവും അടങ്ങിയതായിരുന്നു തയ്യാറെടുപ്പ്.
മോക്ക് ടെസ്റ്റുകൾ വിജയത്തിന് നിർണായകമായതായി അദ്ദേഹം പറയുന്നു. ഈ കഠിനാധ്വാനത്തിനൊടുവിൽ യു.പി.എസ്.ഇ.ഇയിൽ സംസ്ഥാനത്ത് 9-ാം റാങ്കും ലക്നൗവിൽ ഒന്നാം റാങ്കും ജെഇഇയിൽ 99.9 സ്കോറും നേടി ജെഇഇ അഡ്വാൻസ്ഡ് വഴി ഐഐടി കാൺപൂരിൽ കമ്പ്യൂട്ടർ സയൻസിൽ പ്രവേശനം നേടി.
2019 മുതൽ 2023 വരെ ഐഐടി കാൺപൂരിൽ പഠനം പൂർത്തിയാക്കി. പത്തിൽ 9.14 മാർക്കോടെ അക്കാദമിക് എക്സലൻസ് അവാർഡോടെ ബിരുദം നേടി. പിഡി മൂർത്തി സ്കോളർഷിപ്പ്, ആൽഫാഗ്രെപ്പ് മെറിറ്റ് സ്കോളർ ഗ്രാന്റ്, സി3ഐഹബ് ഫെലോഷിപ്പ് എന്നിവയും ലഭിച്ചു. ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ നിന്ന് പ്രീ-പ്ലെയ്സ്മെന്‍റ് ഓഫറും സ്ക്വയർപോയിന്റ് ക്യാപിറ്റലിൽ നിന്ന് ക്യാമ്പസ് പ്ലേസ്മെന്റ് ഓഫറും ലഭിച്ചിരുന്നു.
അബാക്കസ്.എഐയിൽ മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിച്ച ശേഷമാണ് ലൂമിയൻ.എഐയിൽ എത്തിയത്. നിലവിൽ ആമസോൺ ബ്രാൻഡുകൾക്കായി പ്രൊഡക്ഷൻ എഐ ഏജന്റുമാരെ നിർമ്മിക്കുകയാണ്.
വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഹോമിയോഎഐ എന്ന സംരംഭം തുടങ്ങിയത്. 2024ൽ അമ്മക്ക് കാൻസർ സ്ഥിരീകരിച്ച് ചികിത്സക്ക് ശേഷം പൂർണമായും ഭേദമായെങ്കിലും തുടർന്നുള്ള ആശങ്കയിൽ ഹോമിയോ ഡോക്ടർമാരെ സമീപിച്ചതാണ് ഈ ആശയത്തിലേക്ക് നയിച്ചത്. ഡോക്ടർമാർക്ക് കേസ് നോട്ടുകളും റഫറൻസ് സെർച്ചും ഡോക്യുമെന്റേഷനും എളുപ്പമാക്കുന്ന പ്ലാറ്റ്ഫോമാണ് ഇത്. ഒരു പരീക്ഷാഫലം ജീവിതം നിർണയിക്കില്ലെന്ന് 3000-ലധികം വിദ്യാർഥികൾക്ക് മെന്ററിങ് നൽകിയിട്ടുള്ള തേജേഷ് പറയുന്നു.

