സ്കൂളിലെ ഒരു വിദ്യാർഥിയെ പഠിപ്പിക്കാൻ അഞ്ച് കിലോമീറ്റർ വനത്തിലൂടെ കാൽനട യാത്ര; 13 വർഷമായി മുടങ്ങാതെ ക്ലാസിലെത്തുന്ന അധ്യാപകൻ
text_fieldsകോലാപുർ: സ്കൂളിലെ ഒരു വിദ്യാർഥിയെ പഠിപ്പിക്കാനായി ദിവസവും അഞ്ച് കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്യുന്ന അധ്യാപകൻ. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലെ ഗഗൻബാവഡ താലൂക്കിലെ കാവൽടെക് ധൻഗർവാഡയിലെ ജില്ലാ പരിഷത്ത് സ്കൂളിലെ അധ്യാപകനായ ജീവൻ മിതാരിയാണ് മാതൃകയാകുന്നത്. കഴിഞ്ഞ 13 വർഷത്തിലേറെയായി മഴയും ദുർഘടമായ വഴികളും വന്യമൃഗങ്ങളുടെ സാന്നിധ്യവും വകവെക്കാതെയാണ് അദ്ദേഹം സ്കൂളിലെത്തുന്നത്. ഒരു വിദ്യാർഥി മാത്രമാണുള്ളതെങ്കിലും ദിവസവും ഈ അധ്യാപകൻ കൃത്യമായി സ്കൂളിലെത്തും.
2013 ജൂലൈ 26നാണ് ജീവൻ മിതാരി കാവൽടെക് ധൻഗർവാഡയിലെ സ്കൂളിൽ അധ്യാപകനായി ചുമതലയേറ്റത്. അധ്യാപക നിയമനം ലഭിച്ചപ്പോൾ അദ്ദേഹം സ്വയം ഈ സ്കൂൾ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ കോലാപൂർ ജില്ലാ പ്രൈമറി ടീച്ചേഴ്സ് കോഓപറേറ്റീവ് ബാങ്കിന്റെ ചെയർമാനായിരുന്നു ജീവൻ മിതാരി.
പതിറ്റാണ്ടുകൾക്ക് മുമ്പ് കാവൽടെക് ധൻഗർവാഡയിലും സമീപത്തെ ആനന്ദൂർ ധൻഗർവാഡയിലും 70 മുതൽ 100 വരെ കുടുംബങ്ങൾ താമസിച്ചിരുന്നു. എന്നാൽ 2000ന് ശേഷം മെച്ചപ്പെട്ട തൊഴിലും ജീവിതസൗകര്യങ്ങളും തേടി നിരവധി കുടുംബങ്ങൾ കോലാപൂർ നഗരത്തിലേക്ക് കുടിയേറി. ഇതോടെ പ്രദേശത്തെ കുട്ടികളുടെ എണ്ണവും കുറഞ്ഞു. നിലവിൽ സ്കൂളിൽ പഠിക്കുന്ന ഒരേയൊരു വിദ്യാർഥിയാണ് മൂന്നാം ക്ലാസുകാരിയായ സ്വര ബോഡകെ. സ്വര ബോഡകെയുടെ ഇളയ സഹോദരി പ്രദേശത്ത് അംഗൻവാടി ഇല്ലാത്തതിനാൽ ചേച്ചിയോടൊപ്പം ക്ലാസുകളിൽ പങ്കെടുക്കും. അടുത്തവർഷം അവൾ ഒന്നാംക്ലാസിൽ ചേരും.
വിദ്യാർഥികളുടെ എണ്ണം കുറഞ്ഞാലും തന്റെ ഉത്തരവാദിത്തം കുറയുന്നില്ലെന്നാണ് ജീവൻ മിതാരിയുടെ അഭിപ്രായം. ഒരു കുട്ടിയാണെങ്കിലും അവൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നും അദ്ദേഹം പറയുന്നു.
ജീവൻ മിതാരിയുടെ സ്കൂളിലേക്കുള്ള അഞ്ച് കിലോമീറ്റർ യാത്ര അത്ര എളുപ്പമല്ല. കനത്ത കാടിനുള്ളിലൂടെയാണ് സഞ്ചാരം. കാട്ടുപോത്തുകൾ, പുലികൾ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. സ്കൂളിലേക്കുള്ള യാത്രക്കിടെ അധ്യാപകന് പലപ്പോഴും വന്യമൃഗങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒറ്റക്കാണോ കൂട്ടമായാണോ മൃഗം വരുന്നത് എന്നതനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്നത് പ്രദേശവാസികൾ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. താൻ കടന്നുപോകുന്നത് വന്യമൃഗങ്ങളുടെ ആവാസമേഖലയിലൂടെയാണെന്ന ബോധ്യത്തോടെയാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരിക്കൽ പ്രദേശത്ത് പുലി ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതർ ക്യാമറ ട്രാപ്പ് സ്ഥാപിക്കുകയും പുലിയുടെ നിരവധി ചിത്രങ്ങൾ ലഭിക്കുകയും ചെയ്തു. യാത്രക്കിടെ വഴിയിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നാണ് അധ്യാപകന് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. ചില സമയങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഭയപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ വർഷങ്ങളായി ഇതേ യാത്ര തുടരുന്നതിനാൽ അത് ഇപ്പോൾ തന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാവൽടെക് ധൻഗർവാഡയിലെ കുട്ടികൾക്ക് സമീപത്തെ മറ്റൊരു സ്കൂളിലേക്ക് പോകണമെങ്കിൽ ഏകദേശം 5.5 കിലോമീറ്റർ സഞ്ചരിക്കണം. അതായത് പോയിവരാൻ ദിവസവും ഏകദേശം 11 കിലോമീറ്റർ യാത്ര ചെയ്യണം. പ്രത്യേകിച്ച് മഴക്കാലത്ത് ചെറിയ കുട്ടികൾക്ക് ഇത്രയും ദൂരത്തേക്കുള്ള യാത്ര പ്രായോഗികമല്ല. പ്രദേശത്തെ കുടുംബങ്ങളിൽ ഭൂരിഭാഗവും കൃഷിയെയും വിറക്, ഞാവൽപഴം തുടങ്ങിയ വനവിഭവങ്ങളുടെ ശേഖരണത്തെയും ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ കുട്ടികളെ ദൂരെ സ്കൂളിലേക്ക് അയക്കാനും സാധിക്കാറില്ല.
2029 മേയിലാണ് ജീവൻ മിതാരി വിരമിക്കുക. വർഷങ്ങളായി ദിവസവും അഞ്ച് കിലോമീറ്റർ വീതം കാട്ടിലൂടെ നടക്കുന്നത് ഇപ്പോൾ വ്യായാമം പോലെയായെന്നും അദ്ദേഹം പറയുന്നു. എന്നാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ചുറ്റുമതിൽ നിർമിക്കണമെന്നാണ് അധ്യാപകന്റെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

