Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightഒരു പരീക്ഷാ സ്കോർ,...

ഒരു പരീക്ഷാ സ്കോർ, ആയിരം കരിയർ വഴികൾ: പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഒരു ഭാരതീയ വിപ്ലവം അനിവാര്യമോ?

text_fields
bookmark_border
ഒരു പരീക്ഷാ സ്കോർ, ആയിരം കരിയർ വഴികൾ: പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഒരു ഭാരതീയ വിപ്ലവം അനിവാര്യമോ?
cancel
camera_alt

പ്രതീകാത്മക ചിത്രം

രു മലയാളി വിദ്യാർഥി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ പൂർത്തിയാക്കി റിസൾട്ട് ആഘോഷിക്കുന്നതിന് തൊട്ടുപിന്നാലെ, ഒട്ടും വിശ്രമമില്ലാതെ അടുത്തൊരു പരീക്ഷാ യുദ്ധത്തിലേക്ക് തള്ളിവിടപ്പെടുകയാണ്. പ്രവേശന ഫോമുകൾ പൂരിപ്പിക്കൽ, എൻട്രൻസ് സിലബസുകൾ തേടിയുള്ള അലച്ചിൽ, കോച്ചിങ് സെന്ററുകളിലെ ഭീമമായ ഫീസ്, മോക്ക് ടെസ്റ്റുകൾ, പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള ദീർഘദൂര യാത്രകൾ...

പന്ത്രണ്ട് വർഷം സ്കൂളിൽ പഠിച്ച് നേടിയ വിജ്ഞാനവും മാർക്കും കാറ്റിൽപ്പറത്തി, ഏതെങ്കിലും ഒരു എൻട്രൻസ് റാങ്കിന്റെ ബലത്തിൽ മാത്രം ഭാവി നിർണ്ണയിക്കപ്പെടുന്ന വിചിത്രമായൊരു സമ്പ്രദായമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. വിദ്യാർഥികളെ മൂല്യനിർണ്ണയം ചെയ്യുന്നതിലല്ല തെറ്റ്, മറിച്ച് ഒരേ സിലബസിന്മേൽ നടത്തുന്ന ഇരട്ടപ്പരീക്ഷകളിലും (Duplication of Evaluation) അതിന് പിന്നിലെ ഭീമമായ സാമ്പത്തിക ചൂഷണത്തിലുമാണ്.

ഡാറ്റകൾ സംസാരിക്കുമ്പോൾ: പരീക്ഷകളും കോച്ചിങ് വ്യവസായവും

ഇന്ത്യയിൽ നിലവിൽ 69 എജൂക്കേഷണൽ ബോർഡുകളുണ്ട്. ഓരോന്നിനും വെവ്വേറെ സിലബസും വ്യത്യസ്ത മൂല്യനിർണ്ണയ രീതികളുമാണ്. ബോർഡ് പരീക്ഷകൾക്ക് പുറമെ രാജ്യത്ത് നടക്കുന്ന എൻട്രൻസ് പരീക്ഷകളുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്:

പരീക്ഷാർഥികളുടെ എണ്ണം: 2025ൽ ജെ.ഇ.ഇ മെയിൻ (പേപ്പർ 1) പരീക്ഷക്ക് മാത്രം 15,39,848 കുട്ടികൾ രജിസ്റ്റർ ചെയ്തപ്പോൾ, സി.യു.ഇ.ടി യു.ജി പരീക്ഷക്ക് 13,54,699 പേർ അപേക്ഷിച്ചു. അതേസമയം നീറ്റ് യു.ജിക്ക് അപേക്ഷിച്ചവരുടെ എണ്ണം 22,79,743 ആയിരുന്നു.

പരീക്ഷാ ഏജൻസിയുടെ വരുമാനം: പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പരീക്ഷാ ഫീസിനത്തിൽ മാത്രം 2023-24 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനം 1,065.38 കോടി രൂപയാണ്.

കോച്ചിങ് സ്ഥാപനങ്ങളുടെ ജി.എസ്.ടി: കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് കേന്ദ്ര സർക്കാർ പിരിച്ചെടുത്ത ജി.എസ്.ടി വരുമാനം 2019-20-ലെ 2,240.73 കോടി രൂപയിൽ നിന്ന് 2023-24 ആയപ്പോഴേക്ക് 5,517.45 കോടി രൂപയായി കുതിച്ചുയർന്നു.

സ്വകാര്യ ട്യൂഷൻ നിരക്ക്: നാഷനൽ സാമ്പിൾ സർവേ (NSS 2017-18) പ്രകാരം ഇന്ത്യയിലെ 20 ശതമാനത്തോളം വിദ്യാർഥികളും സ്വകാര്യ ട്യൂഷനുകളെ ആശ്രയിക്കുന്നവരാണ്. ഇതിൽ ഭൂരിഭാഗവും ഹയർ സെക്കൻഡറി തലത്തിലാണ്.

പന്ത്രണ്ട് കൊല്ലം സ്കൂളിൽ പഠിച്ച കാര്യങ്ങൾ വീണ്ടും തെളിയിക്കാൻ രക്ഷിതാക്കളുടെ വിയർപ്പൊഴുക്കിയ പണവും കുട്ടികളുടെ മാനസികാരോഗ്യവും പണയം വെക്കേണ്ടി വരുന്നു. സ്കൂളുകളിൽ പോകാതെ എൻട്രൻസ് കോച്ചിങ് കേന്ദ്രങ്ങളിൽ മാത്രം പോകുന്ന 'ഡമ്മി സ്കൂളിങ്' (Dummy Schooling) എന്ന അപകടകരമായ സംസ്കാരം കേരളത്തിലുൾപ്പെടെ പടർന്നുപിടിക്കാൻ കാരണം ഈ ഇരട്ടപ്പരീക്ഷാ സമ്പ്രദായമാണ്.

ദേശീയ ഹയർ സെക്കൻഡറി യോഗ്യതാ ചട്ടക്കൂട്

ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി ഇന്ത്യയിൽ 'ഏകീകൃത ദേശീയ ഹയർ സെക്കൻഡറി യോഗ്യതാ ചട്ടക്കൂട്' നടപ്പിലാക്കേണ്ട സമയമായിരിക്കുന്നു. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പുസ്തകമോ ഒരൊറ്റ ഭാഷയോ അടിച്ചേൽപ്പിക്കലല്ല. മറിച്ച് അകാദമിക് നിലവാരത്തിൽ ഒരു പൊതു മാനദണ്ഡം ഉറപ്പാക്കുകയും എന്നാൽ പ്രാദേശികമായ വൈവിധ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം.

പൊതു അകാദമിക് നിലവാരം- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, കൊമേഴ്സ്, ഇക്കണോമിക്സ് മുതലായ വിഷയങ്ങളിൽ ദേശീയതലത്തിൽ നിർവചിക്കപ്പെട്ട കൃത്യമായ ലേണിങ് സ്റ്റാൻഡേർഡുകൾ.

പ്രാദേശിക സ്വയംഭരണം -സംസ്ഥാനങ്ങളുടെ മാതൃഭാഷ, സാഹിത്യം, പ്രാദേശിക ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയ്ക്ക് പൂർണ്ണ സംരക്ഷണം.

വിഷയ തിരഞ്ഞെടുപ്പിലെ വഴക്കം -വിദ്യാർഥിയുടെ അഭിരുചിക്കും കരിയർ പ്ലാനിനും അനുസരിച്ച് 4 മുതൽ 6 വരെ വിഷയങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവസരം.

സുതാര്യമായ മൂല്യനിർണ്ണയം -കേന്ദ്രീകൃത CBT (Computer Based Test) അല്ലെങ്കിൽ OMR അധിഷ്ഠിത പരീക്ഷകൾ. പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാം.

പ്രാക്ടിക്കൽ സർട്ടിഫിക്കേഷൻ -ലാബ്, പ്രോജക്റ്റ്, ഫീൽഡ് വർക്കുകൾക്ക് ക്ലസ്റ്റർ/ജില്ലാ കേന്ദ്രങ്ങൾ വഴി ആധികാരികമായ പ്രാക്ടിക്കൽ സർട്ടിഫിക്കേഷൻ.

ഒന്നിലധികം അവസരങ്ങൾ -വർഷത്തിൽ കുറഞ്ഞത് രണ്ട് പരീക്ഷാ വിൻഡോകൾ. ഇതിൽ ഏറ്റവും ഉയർന്ന സ്കോർ പ്രവേശനത്തിന് ഉപയോഗിക്കാം.

ഏകീകൃത സ്കോർ കാർഡ് -രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളും പ്രൊഫഷണൽ ബോർഡുകളും അംഗീകരിക്കുന്ന ഒരൊറ്റ വെരിഫൈഡ് സ്കോർ.

പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എങ്ങനെ സാധ്യമാകും?

വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസിൽ പഠിച്ച വിഷയങ്ങളുടെയും പ്രാക്ടിക്കൽ യോഗ്യതകളുടെയും അടിസ്ഥാനത്തിലാവണം ഉന്നതവിദ്യാഭ്യാസ പ്രവേശനം നിശ്ചയിക്കേണ്ടത്:

മെഡിക്കൽ / അലൈഡ് ഹെൽത്ത്: ഫിസിക്സ്, കെമിസ്ട്രി, ബയോളജി തിയറി സ്കോറും ക്രിഡബിൾ പ്രാക്ടിക്കൽ സർട്ടിഫിക്കറ്റും.

എൻജിനീയറിങ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ ഉയർന്ന സ്കോർ.

നിയമ പഠനം / ഹ്യുമാനിറ്റീസ്: സ്കൂൾ വിഷയങ്ങളിലെ സ്കോറിനൊപ്പം ക്രിട്ടിക്കൽ റീസണിംഗ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ എന്നിവയുടെ മൂല്യനിർണ്ണയം.

ഡിസൈൻ, ഫൈൻ ആർട്സ്, സ്പോർട്സ്: ഇത്തരം മേഖലകളിൽ പ്രത്യേക അഭിരുചി പരീക്ഷകളോ (Aptitude test) പോർട്ട്‌ഫോളിയോ അസസ്മെന്റോ നിലനിർത്താം.

സർവകലാശാലകൾക്ക് തങ്ങളുടെ കോഴ്സുകളിലേക്ക് ആവശ്യമായ കട്ട് ഓഫ് സ്കോർ തീരുമാനിക്കാം. എന്നാൽ ഒരേ സിലബസിൽ വീണ്ടുമൊരു എഴുത്തുപരീക്ഷ നടത്തി കുട്ടികളെ വലക്കാൻ അനുവദിക്കരുത്.

പ്രാക്ടിക്കൽ പരീക്ഷകളുടെ വിശ്വാസ്യതയും തുല്യതയും

സയൻസ് വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) മാത്രം നോക്കി കുട്ടികളുടെ കഴിവ് വിലയിരുത്താനാകില്ല. ലബോറട്ടറി പരീക്ഷണങ്ങൾ നിർബന്ധമാണ്.

സ്വന്തം സ്കൂളിലെ അധ്യാപകർ മാത്രം മാർക്കിടുന്ന രീതിക്ക് പകരം, ജില്ലാതലത്തിൽ അംഗീകാരമുള്ള ക്ലസ്റ്റർ ലാബുകൾ, എക്സ്റ്റേണൽ എക്സാമിനർമാർ, കൃത്യമായ റൂബ്രിക്സുകൾ, ഡിജിറ്റൽ റെക്കോർഡുകൾ എന്നിവ വഴി പ്രാക്ടിക്കൽ പരീക്ഷകൾ കൂടുതൽ സുതാര്യമാക്കണം. ലാബ് സൗകര്യങ്ങളില്ലാത്ത ഗ്രാമീണ സ്കൂളുകളിലെ കുട്ടികൾക്ക് പൊതു ലാബുകൾ ലഭ്യമാക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്.

നയരൂപീകരണക്കാരും സമൂഹവും മനസ്സിലാക്കേണ്ടത്

ഈ പരിഷ്കാരം മൂന്ന് പ്രധാന മാറ്റങ്ങൾക്ക് വഴിതെളിക്കും:

സ്കൂൾ ക്ലാസ് മുറികളുടെ ഗാംഭീര്യം തിരിച്ചുകിട്ടും: സ്കൂളുകളെ അപ്രസക്തമാക്കി കോച്ചിംഗ് സെന്ററുകളെ പ്രഥമ സ്ഥാപനങ്ങളാക്കുന്ന രീതിക്ക് വിരാമമാകും.

സാമ്പത്തിക ആശ്വാസവും മാനസികാരോഗ്യവും: പലവിധ അപേക്ഷാ ഫീസുകൾ, കോച്ചിംഗ് സെന്ററുകളിലെ ലക്ഷങ്ങളുടെ ചെലവ്, തുടർച്ചയായ പരീക്ഷകൾ സൃഷ്ടിക്കുന്ന അമിത സമ്മർദ്ദം എന്നിവയിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും മോചിതരാകും.

വിദ്യാഭ്യാസ സമത്വം (Educational Equity): വൻകിട കോച്ചിങ് സെന്ററുകളിൽ പോകാൻ സാമ്പത്തിക ശേഷിയുള്ള നഗരവാസികളായ കുട്ടികളും, സാധാരണക്കാരായ ഗ്രാമീണ കുട്ടികളും തമ്മിലുള്ള അകലം കുറയും.

അപായ സൂചന: ഒരൊറ്റ പരീക്ഷ എന്നത് ഭയാനകമായ മറ്റൊരു 'അകാദമിക് പ്രഷർ കുക്കർ' ആയി മാറരുത്. സാങ്കേതിക തകരാറുകൾ, ചോദ്യപേപ്പർ ചോർച്ചകൾ എന്നിവ കാരണം ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തകരാതിരിക്കാൻ വർഷത്തിൽ ഒന്നിലധികം പരീക്ഷാ അവസരങ്ങളും (Multiple attempts), സൌജന്യ പഠന സാമഗ്രികളും, പരാതി പരിഹാര സെല്ലുകളും നിർബന്ധമായും ഉറപ്പാക്കണം.

ഇനി വേണ്ടത് ഘട്ടംഘട്ടമായുള്ള പാത (Roadmap)

PARAKH (NCERT), സംസ്ഥാന സ്കൂൾ ബോർഡുകൾ, സർവകലാശാലകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിച്ച് പരസ്യമായ ചർച്ചകൾക്ക് തുടക്കമിടണം. ആദ്യഘട്ടത്തിൽ ചില വിഷയങ്ങളിലും താല്പര്യമുള്ള സംസ്ഥാനങ്ങളിലും ഇത് പൈലറ്റ് പ്രോജക്റ്റായി നടപ്പിലാക്കാം.

ഇന്ത്യക്ക് വേണ്ടത് ഒരേ രീതിയിലുള്ള ക്ലാസ് മുറികളോ ഒരേ വാർപ്പിൽ തീർത്ത കുട്ടികളെയോ അല്ല. നമ്മുടെ വൈവിധ്യമാണ് ശക്തി. നമുക്ക് വേണ്ടത് വിശ്വസനീയവും സുതാര്യവുമായ ഒരു പന്ത്രണ്ടാം ക്ലാസ് യോഗ്യതാ മാനദണ്ഡമാണ്.

'ഒരു രാജ്യം, ഒരു പുസ്തകം, ഒരൊറ്റ പരീക്ഷ' എന്നതല്ല യഥാർത്ഥ പരിഷ്കാരം. മറിച്ച്: "ഒരു വിശ്വസനീയ യോഗ്യത, പല ഭാഷകൾ, ഒന്നിലധികം അവസരങ്ങൾ, അനന്തമായ കരിയർ സാധ്യതകൾ" എന്നതാണ് ഇന്ത്യൻ വിദ്യാഭ്യാസം ഇന്ന് ആവശ്യപ്പെടുന്ന വിപ്ലവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus twohigher secondary examentrance exams12th Exam
News Summary - പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഒരു ഭാരതീയ വിപ്ലവം അനിവാര്യമോ |
Next Story