കുട്ടികളുടെ ബുദ്ധിയും ശ്രദ്ധയും ഓർമ ശക്തിയും വർധിപ്പിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതിനാൽ ഒരിക്കലും കുട്ടികളെ തമ്മിൽ താരതമ്യപ്പെടുത്തരുത്. ചില കുട്ടികൾ കുട്ടിക്കാലത്ത് തന്നെ അച്ചടക്കമുള്ളവരായിരിക്കും. ചിലരാകട്ടെ അടങ്ങിയിരിക്കാത്തവരും. കുട്ടികളുടെ ബുദ്ധിയും ശ്രദ്ധയും ഓർമശക്തിയും വർധിപ്പിക്കാൻ പല മാർഗങ്ങളുമുണ്ട്. ചെറുതും വലുതുമായ ചില കാര്യങ്ങൾ അവരുടെ ബുദ്ധി ശക്തിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക. ചെറുതും എന്നാൽ സ്ഥിരതയുള്ളതുമായ പ്രവർത്തനങ്ങൾ കുട്ടിയുടെ വൈജ്ഞാനികവും വൈകാരികവുമായ വളർച്ചയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ചൈൽഡ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ സഹായിക്കാൻ മാതാപിതാക്കൾക്ക് ചെയ്യാവുന്ന അഞ്ച് ലളിതമായ കാര്യങ്ങളിതാ...
1. കഥ പറഞ്ഞുകൊടുക്കുക
പണ്ട്കാലത്ത് കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നത് കഥകൾ കേട്ടായിരുന്നു. ഇത് കുട്ടിയുടെ ഭാവനയെയും ഭാഷാവൈദഗ്ധ്യത്തെയും ഉത്തേജിപ്പിക്കാനുള്ള മാർഗമാണ്. മാതാപിതാക്കളും കുട്ടിയും ഒരുമിച്ച് പുസ്തകം വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലും കഥാ സന്ദർഭവും വിശദമായി പറഞ്ഞുകൊടുക്കുക. കഥയിൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന ജിജ്ഞാസ വളർത്തുന്ന രീതിയിലായിരിക്കണം പറയേണ്ടത്. കഥ പറയുന്നതിനിടെ കുട്ടികളോടെ ഇടക്കിടെ അതിനെ കുറിച്ചുള്ള ചോദ്യങ്ങളും ചോദിക്കാം. അവരുടെ വിശദീകരണം ശ്രദ്ധയോടെ കേൾക്കുകയും വേണം. കുട്ടികളുടെ പദാവലി വർധിപ്പിക്കാനും ആശയവിനിമയ ശേഷി വളർത്താനുമൊക്കെ ഇതുകൊണ്ട് സാധിക്കുന്നു.
2. അവർ കളിക്കട്ടെ
നിയമാവലികളൊന്നുമില്ലാതെ അവരെ സ്വതന്ത്രമായി കളിക്കാൻ വിടണം. കുട്ടികൾക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് അവർ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുക. പ്രശ്നങ്ങൾ പരിഹരിക്കാനും സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും അത് മൂലം സാധിക്കും. ബ്ലോക്കുകൾ ഉപയോഗിച്ചുള്ള നിർമാണം, പുതിയ ഗെയിമുകൾ കളിക്കുക എന്നിവ അവരുടെ ഭാവന വികസിക്കാൻ സഹായിക്കുന്നു. മറ്റുള്ളവരുമായി ചേർന്ന് കളിക്കുന്നത് കുട്ടികളുടെ ആത്മവിശ്വാസവും സാമൂഹിക കഴിവുകളും വളർത്തിയെടുക്കുന്നു.
3. ഫിംഗർ വർക്ക്
കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഫിംഗർ വർക്ക് ഉപയോഗിക്കാം. കളിമണ്ണ് കൊണ്ട് രൂപങ്ങളുണ്ടാക്കുക, മണികൾ അടിക്കുക, പെയിന്റിങ് എന്നിവ മോട്ടോർ സ്കില്ലുകൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ്.ഇത്തരത്തിൽ കൈകൊണ്ട് ചെയ്യുന്ന ജോലികൾ ഏകാഗ്രത വർധിപ്പിക്കുന്നു. ചിത്രം വരക്കുന്നതും കളർ ചെയ്യുന്നതും ഇത്തരത്തിൽ ഏകാഗ്രത വർധിപ്പിക്കുന്നതാണ്.
4. വികാരങ്ങൾ മനസിലാക്കുക
വികാരങ്ങൾ തിരിച്ചറിയാനും സംസാരിക്കാനും പഠിക്കുന്ന തലച്ചോറിന്റെ വികാസത്തിന്റെ നിർണായക ഭാഗമാണ്. അവരുടെ മാനസികാവസ്ഥകൾ നിയന്ത്രിക്കാനും സഹാനുഭൂതി വളർത്താനും പ്രേരിപ്പിക്കണം. ദേഷ്യം കുറക്കാൻ പഠിപ്പിക്കണം. കുട്ടികൾ അവരവരുടെ വികാരങ്ങൾ മനസിലാക്കുമ്പോൾ വെല്ലുവിളികൾ തരണം ചെയ്യാനും ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും സജ്ജരാകുമെന്നും ചൈൽഡ് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
5. കുട്ടികളെ ശാന്തതയും ആത്മനിയന്ത്രണവും പഠിപ്പിക്കുക
ചെറിയ കുട്ടികളിൽ ശ്വസന വ്യായാമങ്ങൾ പരിശീലിപ്പിക്കുക. അതിലൂടെ ഏകാഗ്രത വളർത്താം. മനസിനെ ശാന്തമാക്കാം. എന്നാൽ അവർക്ക് അതൊരു ഭാരമായി തോന്നുകയും ചെയ്യരുത്. ഉൽക്കണ്ഠകുറക്കാനും വൈകാരിക നിയന്ത്രണം വർധിപ്പിക്കാനും ശ്രദ്ധ കൂട്ടാനും ഇത് മുലം സാധിക്കും. ദിവസത്തിൽ കുറച്ച് മിനിറ്റുകൾ ശ്വസന വ്യായാമം, അഥവാ മൈൻഡ് ഫുൾനെസിനായി മാറ്റിവെക്കുക. ഭാവിജീവിതത്തിലേക്ക് കൂടിയുള്ള മുതൽക്കൂട്ടായി ഇത് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

