‘ഹിറ്റ്ലറു’ടെ രണ്ടാം വരവ്
text_fieldsപുതിയ ലോകക്രമത്തിന്‍െറയും ആഗോളീകരണത്തിന്‍െറയും ജനവിരുദ്ധമായ അന്തര്‍ഗതങ്ങളെ വേള്‍ഡ് സോഷ്യല്‍ ഫോറങ്ങള്‍ വിജയകരമായി തുറന്നുകാട്ടുകയുണ്ടായി. സോഷ്യല്‍ ഫോറങ്ങള്‍ ലോകമെമ്പാടും പടര്‍ത്തിയ ചെറുത്തുനില്‍പുകള്‍ക്ക് ആഴമേകുന്ന സമരപ്രവണതകള്‍ക്കാണ് പിന്നീട് ലോകം സാക്ഷിയായത്. അറബ് വസന്തം, ഒക്കുപൈ വാള്‍സ്ട്രീറ്റ് തുടങ്ങിയ പേരില്‍ പ്രത്യക്ഷമായി ഈ ജനമുന്നേറ്റങ്ങള്‍. തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ ഏകാധിപത്യഭരണകൂടങ്ങളുടെ നിഷ്കാസനങ്ങള്‍ ഇവ സാധ്യമാക്കി. എന്നാല്‍, ഈ സമരോത്സുക ഉണര്‍വുകള്‍ ആഭ്യന്തരവും വൈദേശികവുമായ താല്‍പര്യങ്ങളാല്‍ ശിഥിലീകരിക്കപ്പെട്ടു. സൈനിക സ്വേച്ഛാധിപത്യത്തിന്‍െറയും ആഭ്യന്തരസംഘര്‍ഷങ്ങളുടെയും രക്തം മരവിപ്പിക്കുന്ന ശൈത്യത്തിന് അറബ് വസന്തം വഴിമാറി. ഈ ദുര്‍ദശയിലാണ് ലോകജനതയെ കൂടുതല്‍ ആകുലരാക്കുന്ന പ്രതിലോമ പ്രവണതകളുടെയും പ്രദര്‍ശനശാല ഒരുക്കി 2016 നമ്മോട് വിടപറയുന്നത്.
ഉന്മൂലനം ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കപ്പെട്ടിരുന്ന വ്യാധികള്‍ തിരികെയത്തെിയതുപോലെ തിരോഭവിച്ചു എന്ന് സമാശ്വസിച്ചിരുന്ന തീവ്രദേശീയ വാദം എന്ന സാമൂഹികരോഗത്തിന്‍െറ രണ്ടാം വരവിന് ലോകജനത ഈ വര്‍ഷം സാക്ഷ്യംവഹിച്ചു. ജനാധിപത്യത്തിന്‍െറ ജന്മഗേഹമായി വാഴ്ത്തപ്പെടുന്ന ഗ്രീസ് മുതല്‍ ലിബറല്‍ ജനാധിപത്യത്തിന്‍െറ പറുദീസയായി ഗണിക്കപ്പെടുന്ന അമേരിക്ക വരെ തീവ്രദേശീയവാദത്താല്‍ രോഗഗ്രസ്തമായി.
നവംബര്‍ എട്ടിന് നടന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് പ്രതീക്ഷകളെ കടത്തിവെട്ടി നേടിയ വിജയം അമേരിക്കന്‍ ജനഹൃദയങ്ങളില്‍ വേരാഴ്ത്തിയ വംശീയ മുന്‍വിധികളുടെയും വലതുപക്ഷവത്കരണ ആഭിമുഖ്യങ്ങളുടെയും പ്രതിഫലനംകൂടിയായിരുന്നു. അധികാരലബ്ധിക്കുവേണ്ടി ഹിറ്റ്ലറും മുസോളിനിയും അവലംബിച്ച അന്ധമായ ദേശീയവാദത്തിന്‍െറയും വംശീയ മേന്മാവാദത്തിന്‍െറയും ഉന്മാദം സൃഷ്ടിക്കുന്ന ആഖ്യാന തന്ത്രങ്ങളെ പിന്തുടരുകയുണ്ടായി, ഈ ശതകോടീശ്വരന്‍. ട്രംപ് ഉയര്‍ത്തിയ വാചകക്കസര്‍ത്തുകള്‍ നോക്കുക: വെള്ളക്കാരല്ലാത്ത എല്ലാ കുടിയേറ്റക്കാരും (ലാറ്റിനമേരിക്കക്കാരും ആഫ്രിക്കക്കാരും) ക്രിമിനലുകളും സ്ത്രീപീഡകരുമാകുന്നു. ഈ കുടിയേറ്റക്കാര്‍ തിരിച്ചയക്കപ്പെടണം, കുടിയേറ്റം തടയാന്‍ മെക്സികന്‍ അതിര്‍ത്തിയില്‍ വന്മതില്‍ സ്ഥാപിക്കണം, സര്‍വ മുസ്ലിംകളും ഭീകരവാദികളായതിനാല്‍ അവര്‍ക്ക് യു.എസില്‍ പൂര്‍ണ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തേണ്ടതാണ് തുടങ്ങിയ ആപത്കരമായ നിലപാടുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ടായിരുന്നു ഇറാനിയന്‍ തത്ത്വചിന്തകന്‍ ഹാമിദ് ദബ്ബാശി ട്രംപിന്‍െറ നീക്കങ്ങളില്‍ അപകടം ദര്‍ശിച്ചത്.
അജ്ഞതയിലും വംശവെറിയിലും സ്ത്രീവിരുദ്ധതയിലും അഭിരമിക്കുന്ന ഒരാള്‍ക്ക് കടിഞ്ഞാണില്ലാത്ത അധികാരംകൂടി ലഭ്യമാകുന്നതോടെ എന്തു സംഭവിക്കുമെന്ന ജൊനാഥന്‍ ഫ്രീഡ്ലാന്‍ഡിന്‍െറ ചോദ്യത്തിന് കോണ്‍ഗ്രസിന്‍െറ ഇരുസഭകളിലും ട്രംപിന്‍െറ കക്ഷിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുകയാണ്.
ബ്രെക്സിറ്റും ആഘാതങ്ങളും
യൂറോപ്പിലുടനീളം പ്രബല സ്വാധീനം നേടുന്ന തീവ്രദേശീയവാദത്തിന്‍െറയും വലതുപക്ഷവത്കരണ ചിന്തയുടെയും ഏറ്റവും മൂര്‍ത്തമായ മുദ്രകള്‍ പ്രത്യക്ഷമാക്കിയ സംഭവവികാസവുമായിരുന്നു ജൂണ്‍ 23ന് നടന്ന ബ്രെക്സിറ്റ് ഹിതപരിശോധന. യൂറോപ്യന്‍ യൂനിയനുമായി 43 വര്‍ഷമായി തുടരുന്ന ബന്ധം ബ്രിട്ടന്‍ വിച്ഛേദിക്കേണ്ടതുണ്ടോ എന്നറിയാന്‍ നടത്തിയ ജനഹിതപരിശോധനയില്‍ യൂനിയന്‍ വിടണമെന്ന അഭിപ്രായം ഭൂരിപക്ഷം നേടി.
വംശവിദ്വേഷം ഇളക്കിവിടുന്ന പ്രചാരണങ്ങള്‍ക്ക് പ്രധാനമായും ചുക്കാന്‍പിടിച്ചത് തീവ്രദേശീയ വാദിയായ നൈജല്‍ ഫറാഷും അദ്ദേഹം നേതൃത്വം നല്‍കുന്ന യു.കെ.ഐ.പിയും ആയിരുന്നു. കണ്‍സര്‍വേറ്റിവ് കക്ഷിയിലെ കാമറണ്‍ വിരുദ്ധപക്ഷം, ബ്രിട്ടീഷ് നാഷനലിസ്റ്റ് പാര്‍ട്ടി, ബ്രിട്ടന്‍ ഫസ്റ്റ് തുടങ്ങിയ പ്രസ്ഥാനങ്ങളും വിടുതലിനുവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ വിദ്വേഷം ജ്വലിപ്പിക്കുന്ന പ്രചാരണപരിപാടികള്‍ ജനങ്ങളില്‍ ശക്തമായ സ്വാധീനങ്ങള്‍തന്നെ ഉളവാക്കി. രാജ്യത്തെ തൊഴിലില്ലായ്മക്കും, ഭവനരാഹിത്യത്തിനും ആരോഗ്യ രംഗത്തെ നിലവാരത്തകര്‍ച്ചക്കും പ്രവാസികളും കുടിയേറ്റക്കാരുമാണ് കാരണക്കാര്‍ എന്നതായിരുന്നു പ്രചാരണത്തിന്‍െറ കാതല്‍. യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമുള്ളതുകൊണ്ടാണ് പ്രവാസികള്‍ക്ക് ബ്രിട്ടന്‍ വാതില്‍ തുറന്നുകൊടുക്കേണ്ടിവന്നതെന്ന സമര്‍ഥന രീതി കൂടി ആയതോടെ സാധാരണ ജനങ്ങള്‍ വിടുതലിന്‍െറ വഴി തെരഞ്ഞെടുത്തു.
ബ്രിട്ടന്‍ യൂനിയനില്‍ തുടരാന്‍ വ്യാപക പ്രചാരണങ്ങള്‍ നടത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായതാണ് ബ്രെക്സിറ്റിന്‍െറ ആദ്യപരിണതി. വന്‍ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ലോക ഓഹരി വിപണികള്‍ ബ്രെക്സിറ്റിന്‍െറ ആഘാതം രേഖപ്പെടുത്തിയത്. കാമറണിന്‍െറ പിന്‍ഗാമിയായി തെരേസ മേയ് അധികാരമേറ്റു. മന്ത്രിസഭയില്‍ സമ്പൂര്‍ണ അഴിച്ചുപണികളുമുണ്ടായി.
ബ്രെക്സിറ്റ് ഫലം ആഘോഷമാക്കുകയുണ്ടായി ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ കക്ഷികള്‍. ഫ്രാന്‍സിലെ കുടിയേറ്റ വിരുദ്ധകക്ഷിയായ ‘ഫ്രണ്ട് നാഷനലി’ന്‍െറ അമരക്കാരി മരീന്‍ ലീ പനിന്‍െറ പ്രതികരണം നോക്കുക: ‘ഒടുവില്‍ ബ്രിട്ടീഷ് ജനത ശരിയായ തീരുമാനമെടുത്തിരിക്കുന്നു.’ അടുത്ത ഫ്രഞ്ച് പ്രസിഡന്‍റ് തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം കാത്തിരിക്കുന്ന നേതാവാണ് മരീന്‍. യൂറോപ്പിലെ സമാനമനസ്കരായ കുടിയേറ്റ വിരുദ്ധ തീവ്രദേശീയവാദി സംഘടനകളും ബ്രെക്സിറ്റ് ഫലം ആഘോഷമാക്കി. ബ്രെക്സിറ്റ് മാതൃകയില്‍ തങ്ങളുടെ രാജ്യങ്ങളിലും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നുണ്ട് ഈ സംഘടനകള്‍. ഫ്രാന്‍സിനുപുറമെ, നെതര്‍ലന്‍ഡ്സ്, ഇറ്റലി, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ തീവ്ര വലതുകക്ഷികളാണ് ഈ ആവശ്യമുയര്‍ത്തി രംഗപ്രവേശം ചെയ്തത്. യൂറോപ്പിലാകമാനം കുടിയേറ്റ വിരുദ്ധ മനോഭാവം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഈ തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഏതാനും വര്‍ഷം മുമ്പുവരെ സജീവ മുഖ്യധാരയില്‍ ഇടംപിടിക്കാതിരുന്ന ഈ കക്ഷികള്‍ അടുത്ത കാലത്ത് വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്‍റുകളില്‍ വരെ സീറ്റ് നേടുകയുണ്ടായി. 10 വര്‍ഷം മാത്രം പ്രായമുള്ള ‘പാര്‍ട്ടി ഫോര്‍ ഫ്രീഡം’ നെതര്‍ലന്‍ഡ്സില്‍ ശക്തമായ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത മാര്‍ച്ചിലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വംശവെറിയന്‍ നേതാവ് ഗ്രീറ്റ് വില്‍ഡേഴ്സ് മുന്‍തൂക്കം നേടുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നു.
പശ്ചിമേഷ്യയില്‍നിന്ന് എത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാഷ്ട്രങ്ങള്‍ തയാറാകരുതെന്ന നിലപാട് പരസ്യമായി പ്രകടിപ്പിക്കുന്ന സങ്കുചിതദേശീയതയുടെ വക്താക്കള്‍ രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കുന്നതിന്‍െറ ആശങ്കകള്‍ പങ്കിട്ടുകൊണ്ടുകൂടിയാണ് 2016ന്‍െറ അസ്തമയം.
മനുഷ്യത്വം മരവിച്ച രണഭൂമികള്‍
അധികാരത്തിന്‍െറയും സംഘബലത്തിന്‍െറയും മുഷ്കില്‍ ന്യായീകരിക്കപ്പെടുന്ന ക്രൂരതകളുടെ തനിയാവര്‍ത്തനം അരങ്ങേറുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനായിരുന്നു 2016ലും ലോകജനതയുടെ ദുര്‍വിധി. വേട്ടക്കാരുടെ മുന്നില്‍ നിരപരാധികളായ ഇരകള്‍ ഏറ്റവുമേറെ ഹോമിക്കപ്പെട്ട സിറിയയിലെ മര്‍മപ്രധാന നഗരത്തിന്‍െറ നിയന്ത്രണം ഡിസംബറില്‍ ഒൗദ്യോഗിക സേനയുടെ കരങ്ങളിലമര്‍ന്നു. വിമതസഖ്യത്തിന്‍െറ നിയന്ത്രണത്തില്‍നിന്ന് അലപ്പോ നഗരം തിരിച്ചുപിടിക്കാന്‍ സിറിയ-റഷ്യ സൈനിക കൂട്ടുകെട്ട് നടത്തിയ ആക്രമണത്തില്‍ ആയിരങ്ങള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. സിവിലിയന്മാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുവേണ്ടി പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍പോലും ലംഘിച്ച് ആംബുലന്‍സുകള്‍ക്കുനേരെ വരെ നിറതോക്കുകള്‍ ഗര്‍ജിച്ചു.
ബോസ്നിയയിലെ സ്രെബ്രനീസയില്‍ സെര്‍ബ് ഭീകരവാദികള്‍ നടത്തിയ കൂട്ടക്കശാപ്പിന് സമാനമായ നരമേധമാണ് അലപ്പോയില്‍ അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണവും ഒൗഷധങ്ങളുമില്ലാതെ സിവിലിയന്‍ ജനത പിടഞ്ഞുമരിക്കുന്ന അലപ്പോയിലെ നഗരവീഥികളില്‍ സംഹാരതാണ്ഡവമാടുന്ന സൈനികരുടെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്ന കൗമാരക്കാരിയുടെ കുറിപ്പ് കരളലിയിക്കുന്നതായിരുന്നു.
ആഭ്യന്തരയുദ്ധം അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇതിനകം അഞ്ചുലക്ഷം മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജനസംഖ്യയുടെ പകുതിയും അഭയാര്‍ഥികളായി മാറി. അലപ്പോയിലെ വിജയം പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ധാര്‍ഷ്ട്യം വര്‍ധിപ്പിക്കുമെന്നാണ് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ സൈദ് റഅദ് പ്രകടിപ്പിക്കുന്ന ആശങ്ക. ഇദ്ലിബ്, ദൗര്‍, റഖ തുടങ്ങിയ നഗരങ്ങളാകാം ആക്രമണലക്ഷ്യം. പരസ്പര ഐക്യമില്ലാത്ത വിമത സഖ്യം, ഐ.എസ്, സിറിയ-റഷ്യ-ഇറാന്‍-ഹിസ്ബുല്ല കൂട്ടുകെട്ട് എന്നിവ ചേര്‍ന്ന ഭിന്ന താല്‍പര്യങ്ങളുടെ ബഹുകോണ മത്സരക്കളമായി മാറിയ സിറിയയില്‍ മൃത്യുവും ദുരന്തങ്ങളുമാണ് പ്രബല യാഥാര്‍ഥ്യങ്ങള്‍. വെടിനിര്‍ത്തലുകളും സമാധാന ചര്‍ച്ചകളും സഹായവാഗ്ദാനങ്ങളും വിശ്വാസമര്‍പ്പിക്കാനാകാത്ത മരീചികകള്‍ മാത്രവും.
****
ഒക്ടോബര്‍ അവസാനവാരം വിശുദ്ധ മക്ക നഗരത്തെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമത കലാപകാരികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത് ലോകത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. സൗദി സഖ്യസേന മിസൈല്‍ ആക്രമണം വിഫലമാക്കിയെങ്കിലും യമനിലെ ആഭ്യന്തര സംഘര്‍ഷത്തിന്‍െറ രൂക്ഷത വെളിവാക്കുന്നതായിരുന്നു ആക്രമണം. ഹൂതികളുമായി കൈകോര്‍ത്ത് നിലവിലെ ഭരണം അട്ടിമറിക്കാന്‍ കോപ്പുകൂട്ടുന്ന മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ അനുകൂലികള്‍ക്കും ആക്രമണത്തില്‍ പങ്കുള്ളതായി കരുതപ്പെടുന്നു. ഒക്ടോബര്‍ ഒമ്പതിനും ഹൂതികള്‍ മക്കയെ ലക്ഷ്യമിട്ട് മിസൈല്‍ തൊടുത്തിരുന്നുവത്രെ. ഹൂതി വിഭാഗത്തെ ആയുധമണിയിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇറാനാണെന്ന ആരോപണം ഉയര്‍ന്നതോടെ പശ്ചിമേഷ്യയില്‍ ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കും ആക്കം വര്‍ധിച്ചു.
****
സൈനിക അട്ടിമറിയിലൂടെ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വധിക്കാനും ജനാധിപത്യ ഭരണകൂടത്തെ താഴെയിറക്കാനുമുള്ള ശ്രമങ്ങളെ തുര്‍ക്കി ജനത ഐതിഹാസികമായി പരാജയപ്പെടുത്തിയ ജൂലൈ ജനശക്തിയുടെ അസാമാന്യ വിജയത്തിന്‍െറ ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുകയുണ്ടായി. മുന്‍ വ്യോമസേന കമാന്‍ഡര്‍ ജനറല്‍ അകാന്‍ ഉസ്തര്‍കും ആറ് മുന്‍ കമാന്‍ഡര്‍മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന ഉര്‍ദുഗാന്‍െറയും അക് പാര്‍ട്ടി അണികളുടെയും ധൈര്യത്തിനു മുന്നില്‍ കൂപ്പുകുത്തി. ദേശീയ ടെലിവിഷന്‍ പിടിച്ചെടുത്ത് അട്ടിമറി പ്രഖ്യാപിച്ച സൈനികര്‍ക്കെതിരെ തെരുവുകളിലിറങ്ങാന്‍, അവധിദിനം ചെലവിടുകയായിരുന്ന ഉര്‍ദുഗാന്‍ ഐഫോണ്‍ വഴി നല്‍കിയ സന്ദേശമാണ് വിസ്മയകരമായ വിജയം സാധ്യമാക്കിയത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍വായുധ സജ്ജരായ പടയെ നേരിട്ടരീതി അപൂര്‍വ ചരിത്രാനുഭവമായിരുന്നു. ഉര്‍ദുഗാന്‍െറ രാഷ്ട്രീയ എതിരാളിയും യു.എസില്‍ പ്രവാസജീവിതം നയിക്കുന്ന പണ്ഡിതനുമായ ഫത്ഹുല്ല ഗുലന്‍െറ രഹസ്യനീക്കങ്ങളാണ് അട്ടിമറി ശ്രമത്തിനു പിന്‍ബലമായതെന്ന ആരോപണം ശക്തമാണ്. ഗുലനെ വിചാരണക്കായി വിട്ടുകിട്ടുന്നതിനുള്ള ശ്രമം തുടരുകയാണ് തുര്‍ക്കി അധികൃതര്‍. അതിനാല്‍, ഡിസംബര്‍ 19ന് റഷ്യയുടെ തുര്‍ക്കിയിലെ സ്ഥാനപതി ആന്ദ്രേ കാര്‍ലോവ് അങ്കാറയില്‍ കൊല്ലപ്പെട്ടുവെങ്കിലും ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനിടയാക്കില്ളെന്ന റഷ്യന്‍ സൂചന ആശാവഹമാണ്.
ഉന്നതമൂല്യങ്ങളെ പാര്‍ശ്വവത്കരിച്ച് സങ്കുചിതത്വത്തിന്‍െറ മാളങ്ങള്‍ തിരയുന്ന യൂറോപ്പും യു.എസും നമ്മുടെ പ്രത്യാശകളെയല്ല ബലപ്പെടുത്തുന്നത്. ഒരേ ജൈവസ്രോതസ്സില്‍നിന്ന് ജന്മംകൊണ്ടവരാണ് മാനവകുലമെന്ന സമത്വത്തിന്‍െറയും സഹിഷ്ണുതയുടെയും പൗരസ്ത്യ മൂല്യങ്ങളോടുള്ള കറയില്ലാത്ത പ്രതിബദ്ധതക്കുവേണ്ടിയുള്ള ചരിത്രജാഗ്രതയാണ് വര്‍ത്തമാന സന്ദര്‍ഭം ഓരോ മനുഷ്യനോടും ആവശ്യപ്പെടുന്നത്.
•

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.