കേരളം 2016ല്‍
text_fieldsഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ ആറുമാസം അതിന്‍െറ വസന്തകാലമായാണ് കണക്കാക്കാറുള്ളത്. മുന്‍ സര്‍ക്കാര്‍ എന്തെങ്കിലും കെടുതികള്‍ വരുത്തിവെച്ചിട്ടുണ്ടെങ്കില്‍ അതിനു പ്രതിവിധി കണ്ടുപിടിക്കുക, പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുക, അവ നടപ്പാക്കുക തുടങ്ങി ആകെയൊരു ആഘോഷമാണ് ആദ്യ ആറുമാസത്തില്‍ നടക്കുക. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാറിന് ഈ വസന്തഋതു കൈമോശം വന്നുപോയി. കടുത്ത സാമ്പത്തിക വൈഷമ്യമാണ് തുടക്കംമുതല്‍ സര്‍ക്കാറിന് അനുഭവിക്കേണ്ടിവന്നത്. പിന്നെ നോട്ടു പിന്‍വലിക്കല്‍ സര്‍ക്കാറിനെ ആകെ വലച്ചു. അതിനുപുറമേ, ഒരു ദുരന്തമായി, ഇ.പി. ജയരാജന്‍െറ രാജി. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടാം മാസത്തില്‍ മന്തിസഭയിലെ രണ്ടാമന്‍ രാജിവെക്കേണ്ടിവന്നത് ഒരു ദുരന്തംതന്നെയാണ്. അഴിമതിക്കെതിരെ മത്സരിച്ചു ജയിച്ച മുന്നണിയുടെ മന്ത്രിയാണ്, സ്വജനപക്ഷപാതത്തിന്‍െറ പശ്ചാത്തലത്തില്‍ രാജിവെക്കേണ്ടിവന്നത് എന്നതാണ് ശ്രദ്ധേയം. ഈ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിയില്‍ വിള്ളല്‍ രൂപംകൊള്ളുമെന്നും അത് പാര്‍ട്ടിയില്‍ ഗുരുതരാവസ്ഥയുണ്ടാക്കുമെന്നും പ്രചാരണമുണ്ടായി. എന്നാല്‍, ഒന്നും അവശേഷിപ്പിക്കാതെ ജയരാജന്‍ പിന്‍വാങ്ങി.
ജയരാജന്‍െറ രാജിയെ തുടര്‍ന്ന് നാടകീയമായാണ് എന്നും വിവാദ പുരുഷനായ എം.എം. മണിയുടെ മന്ത്രിസഭ പ്രവേശം. ഒരുകാലത്ത് വി.എസിന്‍െറ സഹചാരി എന്നറിയപ്പെട്ടിരുന്ന മണി, വി.എസിന്‍െറ ഭരണകാലത്ത് നടന്ന മൂന്നാര്‍ ഒഴിപ്പിക്കലിനെ തുടര്‍ന്നാണ് പിണറായിപക്ഷത്ത് ചേക്കേറിയത്. ഇതിനു പ്രത്യുപകാരമായാണ്, മന്ത്രിപദം ലഭിച്ചതെന്ന് പാര്‍ട്ടിയുടെ ഉപശാലകളില്‍ ചര്‍ച്ചവന്നു. അതെന്തായാലുംഇടുക്കിയിലെ കൊലപാതകങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പേരില്‍ പ്രതിസ്ഥാനത്തത്തെിയ മണി, മന്ത്രിസഭയില്‍ എത്തിയത് പാര്‍ട്ടിയില്‍തന്നെ പലരെയും ഞെട്ടിച്ചു.
പിണറായി വിജയന്‍െറ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നു എന്നതുതന്നെയാണ്, 2016ലെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയസംഭവം. ഒരു ഭരണത്തുടര്‍ച്ച അവകാശപ്പെട്ടാണ് യു.ഡി.എഫ് മത്സരിച്ചത്. കടുത്ത അഴിമതി ആരോപണങ്ങളെ നേരിട്ടാണെങ്കിലും നിരവധി വികസനപ്രവര്‍ത്തനങ്ങളുടെ പട്ടിക നിരത്തിയാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങിയത്. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍വേ, സ്മാര്‍ട്ട് സിറ്റി തുടങ്ങി നിരവധി പദ്ധതികളുടെ പട്ടിക അവര്‍ നിരത്തിയിരുന്നു. പ്രചാരണാര്‍ഥം മെട്രോ റെയില്‍വേയുടെ പരീക്ഷണ സര്‍വിസും കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണമെന്നോണം ഒരു കൊച്ചു വിമാനത്തിന്‍െറ ലാന്‍ഡിങ്ങും നടത്തിയെങ്കിലും അതെല്ലാം അഴിമതിക്കു മുന്നില്‍ നിഷ്പ്രഭമായിപ്പോയി. മേയ് 16നു നടന്ന തെരഞ്ഞെടുപ്പില്‍ 91 സീറ്റോടെയാണ് പിണറായി വിജയന്‍ അധികാരത്തില്‍ വന്നത്. യു.ഡി.എഫ് 47 സീറ്റിലേക്ക് ചുരുങ്ങി. ബി.ജെ.പി ഒ. രാജഗോപാലിലൂടെ അക്കൗണ്ട് തുറന്നു. അതിനെക്കാള്‍ ശ്രദ്ധേയമായത്, പി.സി. ജോര്‍ജിന്‍െറ സ്വതന്ത്രന്‍ എന്ന നിലയിലുള്ള വിജയമായിരുന്നു. ഒരുമുന്നണിയുടെയോ വിമതരുടെയോ പിന്തുണയില്ലാതെ ഒറ്റക്ക് ജോര്‍ജ് മൂന്നു മുന്നണികളെ പരാജയപ്പെടുത്തി ചരിത്രത്തില്‍ സ്ഥാനം നേടി. ഇതിനുമുമ്പ് എന്‍. സുന്ദരന്‍ നാടാര്‍ പാറശ്ശാലയില്‍ സ്വതന്ത്രനായി ജയിച്ചിട്ടുണ്ടെങ്കിലും അതിന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍െറ രഹസ്യ പിന്തുണ ലഭിച്ചിരുന്നു. ആ നിലക്ക് ഒറ്റക്ക് മത്സരിച്ച ജോര്‍ജ് ഐതിഹാസിക വിജയമാണ് നേടിയതെന്നു പറയാം.
അഴിമതിയുടെ കൂത്തരങ്ങ് കണികണ്ടാണ്, കേരളത്തില്‍ 2016 പിറന്നുവീണത്. ബാര്‍കോഴയും സോളാര്‍ അഴിമതിയും സരിത നായരും ഭൂമികുംഭകോണവുമൊക്കെയായി ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അവസാന ആറുമാസം രുദ്രതാളത്തില്‍ അതിന്‍െറ കലാശംചവിട്ടുകയായിരുന്നു. ഓരോ ദിനവും പുതിയ അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ഓരോ അഴിമതിക്കും അനുബന്ധ സംഭവങ്ങള്‍ വേറെയുമുണ്ടായി. അഴിമതി ആരോപിതരെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രിയില്‍നിന്ന് വന്നപ്പോള്‍ അതിനെതിരായി കെ.പി.സി.സി പ്രസിഡന്‍റ് രംഗത്തുവന്നു. ബാര്‍ക്കോഴ കേസില്‍ ഇരുവരും പരസ്പരം നടത്തിയ മത്സരത്തില്‍ ബാറുകള്‍ പലതും പൂട്ടി. പിന്നീട് അവയില്‍ ഏറെയും ബിയര്‍ പാര്‍ലറുകളായി മാറി. ഗ്രൂപ് വൈരത്തിന്‍െറ പേരിലാണെങ്കില്‍പോലും അബ്കാരികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായത് സംസ്ഥാനത്തിന് ഗുണമുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെട്ടത്. വീണത് വിദ്യയാക്കാന്‍ മിടുക്കുള്ള ഉമ്മന്‍ചാണ്ടി പിന്നീട് തെരഞ്ഞെടുപ്പിലേക്കു പോയത് മദ്യത്തിനു കൊണ്ടുവന്ന നിയന്ത്രണം പ്രചാരണായുധമാക്കിയാണ്. മദ്യത്തിനെതിരെ സ്ത്രീകളുടെ വോട്ട് യു.ഡി.എഫ് പ്രതീക്ഷിച്ചു. എന്നാല്‍, കോട്ടകള്‍ ഭദ്രമാണെന്നു കരുതിയ ലീഗിന് ഉള്‍പ്പെടെ നഷ്ടങ്ങളുണ്ടായി. കോണ്‍ഗ്രസ് തകര്‍ന്നു. മറ്റു ഘടകകക്ഷികളുടെ കാര്യം പറയാനില്ല. ഇടതുമുന്നണിയില്‍നിന്ന് ചേക്കേറിയ ആര്‍.എസ്.പി തോറ്റ് തുന്നംപാടി. അതില്‍നിന്ന് വിട്ട് ഇടതുമുന്നണിയില്‍ മത്സരിച്ച കോവൂര്‍ കുഞ്ഞുമോന്‍ ജയിക്കുകയും ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മതേതര വിരുദ്ധമായ പോക്കില്‍ ആശങ്കയുള്ള പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നിന്നതാണ് വിജയകാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പിന്നീട് വിലയിരുത്തി. കോണ്‍ഗ്രസ് പിന്നില്‍നിന്നു കുത്തിയെന്നാരോപിച്ച് കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് ആഗസ്റ്റില്‍ മുന്നണി വിടുകയും ചെയ്തു.
മദ്യലോബിയുടെ പിണക്കമാണ്, ബാര്‍ക്കോഴ കേസിലെ തെളിവുകള്‍ പുറത്തുവരാനിടയാക്കിയത്. ബാര്‍ ലൈസന്‍സിനുവേണ്ടി കോഴകൊടുത്തവര്‍ അതുസംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ മന്ത്രിസഭയിലെ പ്രമുഖരെ പ്രതിക്കൂട്ടിലാക്കി. സര്‍ക്കാറുമായി ഇടഞ്ഞ മദ്യലോബി ധനമന്ത്രി മാണിയുടെയും മറ്റു മന്ത്രിമാരുടെയും ഇടപെടലുകളും കോഴ ഇടപാടുകളും ആരോപണങ്ങളായി പുറത്തുകൊണ്ടുവന്നു. മാണിക്ക് മന്ത്രിസഭയില്‍നിന്ന് അപമാനിതനായി പുറത്തുപോകേണ്ടതായും വന്നു. ഇരുമുന്നണികളിലുമായി നിരവധി തവണ മന്ത്രിയായ മാണി, ആദ്യമായാണ് കടുത്ത അഴിമതി ആരോപണങ്ങള്‍ക്കു വിധേയനായത്. മാണിയുടെ എല്ലാ പ്രതിച്ഛായയും തകര്‍ക്കുന്നതായിരുന്നു, കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളും. നേരത്തേ മന്ത്രിസഭയെ അട്ടിമറിച്ച് ഇടതുമുന്നണിയില്‍ ചേക്കേറാന്‍ മാണി നടത്തിയ നീക്കങ്ങളാണ്, ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും പ്രകോപിപ്പിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. മാണിയുടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ പി.സി. ജോര്‍ജ് അത് തുറന്നുപറയുകയും ചെയ്തിരുന്നു. എന്തായാലും മാണിക്കെതിരായ നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗിന്‍െറ പിന്തുണയുമുണ്ടായിരുന്നു. ലീഗിന്‍െറ മരാമത്തുമന്ത്രിയും അവസാന വര്‍ഷത്തില്‍ ആരോപണവിധേയനായിരുന്നു എങ്കിലും മുഖ്യമന്ത്രിയും കോണ്‍ഗ്രസും ലീഗിന് പൂര്‍ണപിന്തുണയാണ് നല്‍കിയത്. തെരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും നേതൃത്വം ഉമ്മന്‍ചാണ്ടിക്ക് ഒഴിയേണ്ടിവന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി. യു.ഡി.എഫിന് മറ്റൊരു ഘടകകക്ഷിയില്‍നിന്ന് ഉപനേതാവും ഉണ്ടായി. കെട്ടുറപ്പു നഷ്ടമായ യു.ഡി.എഫില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഉപനേതാവാക്കുക വഴി മുന്നണിയെ പിടിച്ചു നിര്‍ത്തുകയായിരുന്നു, കോണ്‍ഗ്രസ്.
കടുത്ത അഴിമതി ആരോപണങ്ങള്‍ക്കു നടുവിലാണ്, മേയില്‍ തെരഞ്ഞെടുപ്പു നടന്നത്. സി.പി.എമ്മിലാകട്ടെ ഇക്കുറി വിഭാഗീയതയോ ഗ്രൂപ്പിസമോ ഉണ്ടായതുമില്ല. വി.എസ്. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനും അദ്ദേഹത്തിന്‍െറ സമ്മതത്തോടെതന്നെ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനും സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കഴിഞ്ഞു. വി.എസിനെ ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനാക്കി സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാകാത്തവിധത്തില്‍ സര്‍ക്കാറിന്‍െറ ഭാഗമാക്കിനിര്‍ത്തുന്നതിലും യെച്ചൂരി വിജയിച്ചു. ഇടതുമുന്നണിയില്‍ ഘടകകക്ഷികള്‍ക്ക് പരാതികള്‍ ഇല്ലാതെ വകുപ്പുവിഭജനവും മറ്റും നടത്തി മന്ത്രിസഭക്ക് നല്ല തുടക്കമുണ്ടായി. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയും മന്ത്രിമാരുടെ ഭരണപരിചയക്കുറവും മന്ത്രിസഭയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. അതിനുപിന്നാലെ ഉണ്ടായ നോട്ടു നിരോധനം സര്‍ക്കാറിന്‍െറ സാമ്പത്തിക അടിത്തറയെതന്നെ ഉലച്ചുനിര്‍ത്തുന്ന സാഹചര്യത്തിലാണ് 2016 അവസാനിക്കുന്നത്.
വര്‍ഷാവസാനത്തില്‍ പൊലീസിനെതിരായ ആരോപണങ്ങള്‍ സര്‍ക്കാറിനെതിരെ നാലുപാടും ഉയരുന്നു. തീവ്ര ഇടതുപക്ഷനീക്കങ്ങളെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ വഴിവിട്ടരീതി സ്വീകരിക്കുന്നതിനെതിരെ സി.പി.ഐയുടെ പ്രതിസ്വരം ശക്തമായി ഉയര്‍ന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതിശക്തമായാണ് ഇതിനെതിരെ പ്രതികരിച്ചത്. യു.എ.പി.എപോലുള്ള കരിനിയമങ്ങള്‍ക്കെതിരെ നിലപാടെടുത്ത് അധികാരത്തില്‍ വന്ന ഇടതുമുന്നണി ആ നിയമത്തെ നിര്‍ദാക്ഷിണ്യം ഉപയോഗിക്കുന്നതായ പരാതി പൊതുസമൂഹത്തില്‍ നിന്ന് വേറെയും ഉയരുന്നുണ്ട്. പൊലീസ് ഭരണം കുത്തഴിയുന്നുവെന്നും മുഖ്യമന്ത്രി ഈ വകുപ്പ് ഒഴിയണമെന്നും രാഷ്ട്രീയമായ അഭിപ്രായങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
സംസ്ഥാനത്തിനു ഭീഷണിയായി വരുന്ന വരള്‍ച്ചയാണ് മറ്റൊന്ന്. ലഭിക്കേണ്ട മഴയുടെ മൂന്നില്‍ രണ്ടുഭാഗത്തില്‍ താഴെമാത്രം ലഭിച്ചവര്‍ഷമാണിത്. ഇതിന്‍െറ പ്രത്യാഘാതം അടുത്തവര്‍ഷമാണുണ്ടാകുക. വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞു. വൈദ്യുതി പ്രതിസന്ധിയും ഉണ്ടാകും. ചാര്‍ജ്ജ് കൂട്ടണമെന്ന് റെഗുലേറ്ററി കമീഷനും ആവശ്യപ്പെട്ടിരിക്കുന്നു. ബസ് ചാര്‍ജ് വര്‍ധിച്ചുകഴിഞ്ഞു. കേന്ദ്രം ഇന്ധനവില നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നു. അതിനും പുറമേ നോട്ടുനിരോധനത്തിന്‍െറ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുണ്ടായ തിരിച്ചടി, കേരളത്തിന്‍െറ കാര്‍ഷികമേഖലയെയും കടുത്ത പ്രതിസന്ധിയില്‍ നിര്‍ത്തിയിരിക്കുന്നു. അങ്ങനെ പ്രശ്നങ്ങളുടെ പടുകുഴിയില്‍നിന്നാണ് കേരളം 2017നെ വരവേല്‍ക്കുന്നത്.
•

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.