പൊന്നിന്‍ വര്‍ഷം
text_fieldsഇതിഹാസങ്ങള്‍ അപൂര്‍വമായ പിറവി മാത്രമാണ്. നൂറ്റാണ്ടില്‍ ഒരിക്കലോ, കോടിമനുഷ്യരില്‍ ഒരാളോ മാത്രം. കലണ്ടറില്‍ ആണ്ടുകള്‍ മാറിമറിഞ്ഞാലും ഇതിഹാസ ജന്മങ്ങള്‍ക്ക് പകരക്കാരുടെ പിറവിക്ക് കാത്തിരിക്കണം.
ഒരുവര്‍ഷം മുമ്പ് കായിക ലോകത്തിന്‍െറ കണക്കെടുക്കുമ്പോള്‍ മുന്നിലോടിയ അതേ മനുഷ്യന്‍ തന്നെയാണ് 2016 മാഞ്ഞുപോവുമ്പോഴും മുന്നിലുള്ളത്. ഉസൈന്‍ ബോള്‍ട്ട് എന്ന അതിമാനുഷന്‍. തെക്കനമേരിക്ക ആദ്യമായി വേദിയായ റിയോ ഒളിമ്പിക്സിന്‍െറ പുലരിയിലേക്കായിരുന്നു ഒരാണ്ടുമുമ്പ് ലോകം പിറന്നത്. പിന്നെ ഒളിമ്പിക്സിനുള്ള കാത്തിരിപ്പായി. ഒടുവില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ചവറ്റുകുട്ടയിലേക്കെറിഞ്ഞ് ബ്രസീല്‍ നഗരി ഒളിമ്പിക്സിനെ പുല്‍കിയപ്പോള്‍ ഒരിക്കല്‍ കൂടി ഉസൈന്‍ ബോള്‍ട്ട് ഇതിഹാസങ്ങളിലെ ഇതിഹാസമായി മാറി. ബോള്‍ട്ട് മാത്രമല്ല, ഒളിമ്പിക്സ് ചരിത്രത്തിലെ സ്വര്‍ണ മത്സ്യമായി മാറിയ മൈക്കല്‍ ഫെല്‍പ്സിന്‍െറയും ജിംനാസ്റ്റിക്സില്‍ അദ്ഭുതം വിരിയിച്ച സിമോണി ബെയ്ല്‍സും മുതല്‍ ഇന്ത്യന്‍ പെണ്‍കൊടികളുടെയും ചിലി -പോര്‍ചുഗല്‍ ഫുട്ബാള്‍ ടീമുകളുടെയും വര്‍ഷമാണിത്. ആഘോഷത്തോടെ പിറന്ന്, ഉത്സവനാളുകളായി മാറി, ഒപ്പം ചില കണ്ണീര്‍ ഓര്‍മകളും സമ്മാനിച്ച കായിക വര്‍ഷത്തിലൂടെ ഒരു ഫ്ളാഷ് ബാക്ക്.
ബോള്‍ട്ട്, ‘ഐ ആം ദ ഗ്രേറ്റസ്റ്റ്’
റിയോ ഡെ ജനീറോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ 4x100 മീറ്റര്‍ റിലേയിലൂടെ കരിയറിലെ ഒമ്പതാം സ്വര്‍ണമണിഞ്ഞ ശേഷം ജമൈക്കന്‍ കൊടുങ്കാറ്റ് ഉസൈന്‍ ബോള്‍ട്ടിന്‍െറ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: ‘മൂന്ന് ഒളിമ്പിക്സ്, ഒമ്പത് സ്വര്‍ണം. അസാധ്യമായതെല്ലാം സ്വന്തമാക്കി. സ്പോര്‍ട്സിനെ ആവേശമാക്കി. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്കും ഫുട്ബാള്‍ രാജാവ് പെലെക്കുമൊപ്പമാണ് ഞാന്‍’ -കനപ്പെട്ട വാക്കുകളെ ലോകം തലകുനിച്ച് സമ്മതിച്ചു. അതെ, മൂന്ന് ഒളിമ്പിക്സുകളിലായി എട്ടുവര്‍ഷം ലോകത്തെ അതിവേഗ മനുഷ്യനെന്ന പട്ടം നിലനിര്‍ത്തിയ അത്ലറ്റിന് അര്‍ഹതപ്പെട്ട അവകാശവാദം. 2008 ബെയ്ജിങ്ങില്‍ തുടങ്ങിയതായിരുന്നു പടയോട്ടം. 100, 200, റിലേ എന്നിവയില്‍ സ്വര്‍ണമണിഞ്ഞ ബോള്‍ട്ട്, അടുത്തവര്‍ഷം ലോകചാമ്പ്യന്‍ഷിപ്പില്‍ ലോകത്തെ ഏറ്റവുംമികച്ച സമയം കുറിച്ചു (9.58 സെക്കന്‍ഡ്). പിന്നെ 2012 ലണ്ടനിലും ആവര്‍ത്തിച്ച നേട്ടം, റിയോയില്‍ കൈവിടുമെന്ന് വിദഗ്ധര്‍ വിലയിരുത്തി. ജമൈക്കന്‍ ട്രയല്‍സില്‍നിന്ന് പോലും പരിക്കിനെ തുടര്‍ന്ന് പിന്തള്ളപ്പെട്ട ബോള്‍ട്ടില്‍നിന്ന് ട്രിപ്പ്ള്‍ സ്വര്‍ണത്തിലെ ഹാട്രിക് ആരും പ്രതീക്ഷിച്ചില്ല. പക്ഷേ, റിയോയില്‍ വെടിമുഴങ്ങുമ്പോഴേക്കും ബോള്‍ട്ട് വേഗട്രാക്കില്‍ തിരിച്ചത്തെിയിരുന്നു. ഒടുവില്‍ ലോകം കണ്ണിമചിമ്മാതെ കാത്തിരുന്ന നിമിഷങ്ങളില്‍ ബോള്‍ട്ട് വീണ്ടും വേഗരാജനായി. കായികലോകത്തെ ഇതിഹാസവും. കാള്‍ ലൂയിസിന്‍െറ റെക്കോഡ് പോലും മറികടന്ന ബോള്‍ട്ട്, പോയവര്‍ഷം തന്‍േറത് മാത്രമാക്കി. ഇനി 2017 കലണ്ടര്‍ പൂര്‍ത്തിയാവുമ്പോള്‍, ലോകം ബോള്‍ട്ടിന്‍െറ വിരമിക്കലില്‍ വാചാലരാവും കണ്ണീര്‍ പൊഴിക്കും. പുതുവര്‍ഷത്തിലെ ലോക ചാമ്പ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറയുകയാണ് ഈ ജമൈക്കന്‍ കൊടുങ്കാറ്റ്.
ഫെല്‍പ്സ്: നീന്തല്‍ കുളത്തിലെ സ്വര്‍ണ മത്സ്യം
റിയോ ഒളിമ്പിക്സിലൂടെ കായികലോകത്തെ അതുല്യതാരമായി മൈക്കല്‍ ഫെല്‍പ്സ് മാറി. റിയോയിലെ നീന്തല്‍ കുളത്തില്‍ അഞ്ചുസ്വര്‍ണവും ഒരു വെള്ളിയും കൂടി നേടി. ഒളിമ്പിക്സ് കരിയറില്‍ ആകെ നേട്ടം 23 സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാക്കിയാണ് അമേരിക്കന്‍ നീന്തല്‍ വിസ്മയം പടിയിറങ്ങിയത്. 2000 സിഡ്നി ഒളിമ്പിക്സില്‍ അരങ്ങേറ്റംകുറിച്ച ഫെല്‍പ്സ് 2004 ആതന്‍സ് (6 സ്വര്‍ണം), 2008 ബെയ്ജിങ് (എട്ട്), 2012 ലണ്ടന്‍ (നാല്) എന്നീ നേട്ടങ്ങളുമായാണ് റിയോയില്‍ മിന്നിത്തിളങ്ങിയത്. പൊന്‍ പ്രതീക്ഷകള്‍ നീന്തല്‍ കുളത്തില്‍ സാഫല്യമായപ്പോള്‍ അഞ്ചാം ഒളിമ്പിക്സോടെ ചരിത്രത്തിലെ വിജയിയായ അത്ലറ്റായി അമേരിക്കന്‍ താരം പടിയിറങ്ങി. ഇക്കഴിഞ്ഞ ആഴ്ചയിലെ ബി.ബി.സി വേള്‍ഡ് സ്പോര്‍ട്സ് പേഴ്സനാലിറ്റി അവാര്‍ഡ് അതിനുള്ള അവസാന അംഗീകാരം കൂടിയായി.
ചിലിയുടെ ചിരി, മെസ്സിയുടെ കണ്ണീര്‍, ക്രിസ്റ്റ്യാനോയുടെ പറങ്കിപ്പടയോട്ടം
തെക്കനമേരിക്കന്‍ ഫുട്ബാളിന്‍െറ വസന്തത്തിലേക്കായിരുന്നു കഴിഞ്ഞവര്‍ഷത്തിന്‍െറ പിറവി. ലോകത്തെ പഴക്കമേറിയ ചാമ്പ്യന്‍ഷിപ്പുകളിലൊന്നായ കോപ അമേരിക്കയുടെ ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന് അമേരിക്കന്‍ മണ്ണ് വേദിയായി. ബ്രസീലിനും അര്‍ജന്‍റീനക്കും പുറമെ അതിഥി രാഷ്ട്രങ്ങളടക്കം 16 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്‍റ്. അഞ്ചുതവണ ലോക ഫുട്ബാളറായ ലയണല്‍ മെസ്സിയിലൂടെ അര്‍ജന്‍റീന കാല്‍നൂറ്റാണ്ട് പഴക്കമുള്ള കാത്തിരിപ്പിന് അന്ത്യംകുറിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ബ്രസീല്‍ ഗ്രൂപ് റൗണ്ടില്‍ പുറത്തായപ്പോള്‍, അര്‍ജന്‍റീന ഫൈനലിലത്തെി. നിലവിലെ ചാമ്പ്യന്മാരായ ചിലിയായിരുന്നു എതിരാളി. പകവീട്ടലിന്‍െറ ഫൈനലെന്ന് വിശേഷിപ്പിച്ച മത്സരം പക്ഷേ, അര്‍ജന്‍റീനയുടെ കണ്ണീരായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെസ്സി കിക്ക് പാഴാക്കുകയും അര്‍ജന്‍റീന 2-4ന് തോല്‍ക്കുകയും ചെയ്തു. ചിലി തുടര്‍ച്ചയായി കോപ ജേതാക്കള്‍.
അടുത്ത രാവില്‍ ലോക ഫുട്ബാള്‍ കേട്ടത്, അര്‍ജന്‍റീന നായകന്‍െറ വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു. വിമര്‍ശനങ്ങള്‍ സഹതാപത്തിന് വഴിമാറിയ നാളുകള്‍. മെസ്സിയുടെ തിരിച്ചുവരവിനായി ലോകമെങ്ങും കാമ്പയിനുകള്‍. ഒടുവില്‍ മൂന്നുമാസത്തെ നിശ്ശബ്ദതക്കൊടുവില്‍ മെസ്സി വിരമിക്കല്‍ തീരുമാനം മാറ്റി ദേശീയ ടീമില്‍ തിരിച്ചത്തെി.
മെസ്സി തരിപ്പണമായ അതേ വര്‍ഷത്തില്‍ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീരപുരുഷനുമായി. യൂറോകപ്പ് ഫുട്ബാളില്‍, ശരാശരിക്കാരുടെ സംഘമായ പോര്‍ചുഗലിനെ ആദ്യമായി വന്‍കരയുടെ ജേതാക്കളാക്കിയാണ് ക്രിസ്റ്റ്യാനോ സൂപ്പര്‍താരമായി മാറിയത്. വീണും മുറിവേറ്റും കളിച്ച ക്രിസ്റ്റ്യാനോ ഫൈനലില്‍ വീണിട്ടും പോര്‍ചുഗല്‍ ജേതാവായി.
റിയോ ഒളിമ്പിക്സില്‍ ബ്രസീലിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഫുട്ബാളിലെ മറ്റൊരു അവിസ്മരണീയത. പെലെക്കും റൊണാള്‍ഡോക്കും സ്വന്തമാക്കാനാവാത്ത നേട്ടം നെയ്മറും സംഘവും ബ്രസീലിന് സമ്മാനിച്ചു.
ക്ളബ് ഫുട്ബാളിലും കണ്ടു അദ്ഭുതപ്പിറവികള്‍. ഇംഗ്ളീഷ് പ്രീമിയര്‍ലീഗില്‍ ആരുമറിയാത്ത ലെസ്റ്റര്‍ സിറ്റി ജേതാക്കളായപ്പോള്‍, സ്പെയിനില്‍ ബാഴ്സലോണയും ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കുമെല്ലാം വമ്പന്മാരായി. യൂറോപ്പില്‍ റയല്‍ മഡ്രിഡിന്‍െറ അശ്വമേധം.
കണ്ണീരാണ്ട്
ബോക്സിങ് റിങ്ങിന്‍െറയും കുമ്മായവരയുടെയും അതിര്‍വരമ്പുകള്‍ മറികടന്ന് കായികപ്രേമികളുടെയും മനുഷ്യസ്നേഹികളുടെയും മനസ്സില്‍ ഇടംപിടിച്ച ഇതിഹാസകാരന്മാരുടെ വേര്‍പാടിന്‍െറ കറുത്തപാടും പോയവര്‍ഷത്തിന്‍െറ ഓര്‍മകളിലുണ്ട്. വെള്ളക്കാരന്‍െറ വര്‍ണവെറിയന്‍ മനസ്സിനെതിരെ യുദ്ധപ്രഖ്യാപനം ചെയ്ത് മനുഷ്യാവകാശപ്പോരാട്ടത്തിന്‍െറ പ്രതീകമായ മുഹമ്മദലി ജൂണ്‍ മൂന്നിന് വിടപറഞ്ഞു. 20ാം നൂറ്റാണ്ടിന്‍െറ ഹീറോ ആയ മുഹമ്മദലി എന്ന കാഷ്യസ് ക്ളേക്ക് വീരോചിത വിടയായിരുന്നു ലോകം നല്‍കിയത്.
ബാഴ്സലോണയുടെ ഹോളണ്ട് താരം യോഹാന്‍ ക്രൈഫിന്‍െറ വിടവാങ്ങലായിരുന്നു മറ്റൊന്ന്. പെലെ, മറഡോണ, പ്ളാറ്റീനി തുടങ്ങിയ ഇതിഹാസതാരങ്ങള്‍ക്കൊപ്പം ഇടംപിടിച്ച ക്രൈഫിന്‍െറ വിയോഗവും ആരാധകലോകത്തെ കണ്ണീരിലാക്കി.
ബ്രസീല്‍ ടീമില്‍ പെലെയുടെ ക്യാപ്റ്റനായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോ (സെപ്റ്റംബര്‍ 26), ഫുട്ബാളിനെ ലോകത്തിന്‍െറ കായിക ഉത്സവമാക്കിമാറ്റിയ മുന്‍ ഫിഫ പ്രസിഡന്‍റ് ജോ ഹാവെലാഞ്ചോ (ആഗസ്റ്റ് 16), മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ക്രോ എന്നിവരും പോയവര്‍ഷത്തെ കണ്ണീരായി.
ബ്രസീല്‍ ടോപ് ഡിവിഷന്‍ ക്ളബ് ചാപ്പെകോയന്‍സ് താരങ്ങള്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുണ്ടായ ദുരന്തമായിരുന്നു ഏറ്റവുംവലിയ വിങ്ങലായത്. കോപ്പ സൗത് അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്നത്്. കോച്ച് ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.
ഇന്ത്യന്‍ ഹോക്കി താരം മുഹമ്മദ് ഷാഹിദിന്‍െറ വിടവാങ്ങലും ഇതേ വര്‍ഷമായിരുന്നു (ജൂലൈ 20).
ഇന്ത്യയുടെ പെണ്ണടയാളം
റിയോ ഒളിമ്പിക്സിന് ജംബോസംഘവുമായി പറന്ന ഇന്ത്യയുടെ മാനംകാത്തത് മൂന്ന് പെണ്ണുങ്ങളായിരുന്നു. പി.വി. സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാകര്‍. മെഡല്‍ പട്ടികയിലൊന്നും ഇടമില്ലാതെ നാണക്കേട് ബാക്കിയാക്കി മടങ്ങാനിരിക്കെയാണ് ഒരു പാതിരാത്രിയില്‍ സാക്ഷി മാലിക് വനിത ഗുസ്തിയില്‍ വെങ്കലമണിയുന്നത്. തൊട്ടുപിന്നാലെ ബാഡ്മിന്‍റണിലെ പുത്തന്‍ താരോദയം പി.വി. സിന്ധു വെള്ളിയണിഞ്ഞ് അഭിമാനമായി. വനിത ജിംനാസ്റ്റിക്സില്‍ മെഡല്‍ പട്ടികയിലത്തെിയില്ളെങ്കിലും മികച്ച പ്രകടനവുമായി നാലാമതത്തെിയ ദീപ കര്‍മാകറും താരമായി. ഷൂട്ടര്‍മാരും അത്ലറ്റിക്സും നിരാശപ്പെടുത്തിയപ്പോഴായിരുന്നു മൂന്നുവനിതകള്‍ അഭിമാനമായത്. തൊട്ടുപിന്നാലെ പരാലിമ്പിക്സില്‍ ദീപ മാലിക് വെള്ളിനേടി. മാരിയപ്പന്‍ തങ്കവേലു, ദേവേന്ദ്ര ജജാരിയ എന്നിവരിലൂടെ രണ്ടു സ്വര്‍ണവും പാരാലിമ്പിക്സില്‍ പിറന്നു.
ക്രിക്കറ്റ് കളം
ക്രിക്കറ്റില്‍ വിരാട് കോഹ്ലി നായക പദവിയിലേക്ക് ഉയരുകയും വീരോചിത ഇന്നിങ്സുകളുമായി കളംനിറയുകയും ചെയ്യുന്നു. ഒരോ ദിവസവും റെക്കോഡ് നാഴികക്കല്ലുകള്‍ പിന്നിടുന്ന കോഹ്ലിയുടെ മുന്നില്‍ ആരുടെയെല്ലാം നേട്ടങ്ങള്‍ തകര്‍ന്നടിയുമെന്ന ചോദ്യമാവും പുതുവര്‍ഷത്തിന്‍െറ സ്പെഷല്‍. ഇന്ത്യ വേദിയായ ട്വന്‍റി20 ലോകകപ്പില്‍ വിന്‍ഡീസ് കിരീടം ചൂടി.
ശ്രീജേഷും കരുണ്‍ നായരും
കേരളക്കര സംഭാവന നല്‍കിയ സൂപ്പര്‍ താരം പി.ആര്‍. ശ്രീജേഷിന്‍െറ വര്‍ഷമായിരുന്നു 2016. ശ്രീജേഷിന്‍െറ ക്യാപ്റ്റന്‍സിക്കു കീഴിലിറങ്ങിയ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടി പുതുചരിത്രമെഴുതി. പിന്നാലെ റിയോ ഒളിമ്പിക്സിലും ഇന്ത്യയെ നയിക്കാന്‍ നിയോഗം. ഇക്കഴിഞ്ഞ ഒക്ടോബറിലെ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ വീഴ്ത്തി കിരീടം വീണ്ടെടുത്തതും തൊട്ടുപിന്നാലെ ജൂനിയര്‍ സംഘത്തിന്‍െറ ലോകചാമ്പ്യന്‍ പട്ടവും ഹോക്കിയുടെ നല്ല സൂചനകള്‍.
വര്‍ഷത്തിന്‍െറ അന്ത്യത്തില്‍ മറ്റൊരു മലയാളിതാരവും നാടിന്‍െറ യശസ്സുയര്‍ത്തി. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടിയ കരുണ്‍ നായറിന്‍െറ ട്രിപ്പ്ള്‍ സെഞ്ച്വറി ഏറ്റവും വൈകിയത്തെിയ മധുരമായി.
നാഗ്ജി ഫുട്ബാളും റൊണാള്‍ഡീന്യോയുടെ വരവുമായി പുതുവര്‍ഷത്തിലേക്ക് കടന്ന കേരളത്തിന് ആണ്ടവസാനിക്കുന്നത് മറ്റൊരു ഫുട്ബാള്‍ വിരുന്നിലൂടെയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളിയുടെ നെഞ്ചിന്‍ തുടിപ്പായ കേരള ബ്ളാസ്റ്റേഴ്സിന്‍െറ സ്വപ്നക്കുതിപ്പിന് വീണ്ടും അവസരമൊരുങ്ങി. ഫൈനല്‍ വരെയത്തെിയ ബ്ളാസ്റ്റേഴ്സിന് കിരീടം നഷ്ടമായെങ്കിലും മലയാളമണ്ണിന്‍െറ ഫുട്ബാള്‍ ഉണര്‍വിന്‍െറ ചിത്രമായി അത്.
*****
പോയ്മറഞ്ഞതിനേക്കാള്‍ തിളക്കമേറിയ നാളുകളാണ് വരാനിരിക്കുന്നത്. ആദ്യമായി ലഭിച്ച അണ്ടര്‍-17 ഫിഫ ലോകകപ്പിന് കളിയിടമൊരുക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഒപ്പം, നമ്മുടെ കൊച്ചിയുമുണ്ട്. അത്ലറ്റിക്സില്‍ ആവേശമാവാന്‍ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലത്തെുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.