പട്ടുതെരുവിലെ കണ്ണീര്‍പ്പാടം
text_fieldsവാരാണസിയിലൂടെ അലഞ്ഞു നടന്ന് പട്ടുതെരുവിലത്തെി. ലോക പ്രശസ്തമായ ബനാറസ് പട്ട് സാരികള്‍ നെയ്തെടുക്കുന്ന തെക്കന്‍ വാരാണസിയിലെ ആ തെരുവുകള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍പ്പാടങ്ങളെ അനുസ്മരിപ്പിച്ചു. മനസ്സിലുള്ള ഡിസൈനുകള്‍ അതി വിദഗ്ധമായി പട്ടിലേക്ക് മാറ്റിപ്പകര്‍ത്തുന്ന നെയ്ത്തുകാര്‍. അവരുടെ സ്ത്രീകളും കുട്ടികളും നെയ്തുകഴിഞ്ഞ പട്ടുസാരികളില്‍ മുത്തുകള്‍ പതിക്കുന്ന തിരക്കിലാണ്. ചായംമുക്കുന്ന പണി ചെയ്യുന്നവരുമുണ്ട്.
ചരിത്രത്തില്‍ ബനാറസിലെ നെയ്ത്തുകാര്‍ വിഖ്യാതരാണ്, ലോകപ്രശസ്തരാണ്. വേദകാലം മുതലേ ബനാറസില്‍ പട്ട് നിര്‍മാണമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്തായാലും മുഗള്‍ കാലത്താണ് ബനാറസ് പട്ട് ലോകം കീഴടക്കിയതെന്ന് ചില ചരിത്രപുസ്തകങ്ങളില്‍ കാണാം. അതായത് എത്രയോ നൂറ്റാണ്ടുകളിലൂടെ കടന്നു വന്ന പാരമ്പര്യത്തിന്‍െറ നെയ്ത്തും ചായക്കൂട്ടും ചേര്‍ന്നതാണ് ഈ തെരുവുകളുടെ ചരിത്രം. വൈദിക കാലം മുതല്‍ ബുദ്ധന്‍ ജീവിച്ചിരുന്ന കാലം വരെ ഈ പട്ടിനെക്കുറിച്ച് പരാമര്‍ശമുള്ളതായി പഴയ ചില രേഖകളില്‍ കാണുന്നു. ബുദ്ധന്‍െറ ഭൗതികദേഹം അന്ത്യയാത്രക്കെടുക്കുമ്പോള്‍ പൊതിഞ്ഞത് ബനാറസ് പട്ടിലായിരുന്നുവെന്ന് ചില പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലം പോകെ കൈത്തറികളെ യന്ത്രത്തറികള്‍ പിന്നിലാക്കി. നിര്‍മാണച്ചെലവ് കുറക്കാന്‍ യന്ത്രത്തറികളാണ് നല്ലതെന്ന് വന്നു. എന്നാല്‍, ഓരോ നെയ്ത്തുകാരന്‍െറയും സ്വന്തം ഭാവനയില്‍ വിരിയുന്ന പട്ടുസാരികള്‍ക്ക് അപൂര്‍വമാണെങ്കിലും ആവശ്യക്കാരുണ്ടെങ്കിലും ഇങ്ങനെ ജോലിചെയ്യുന്നവര്‍ക്ക് കിട്ടുന്ന കൂലി തുലോം തുച്ഛമാണ്.
നെയ്ത്തുകാരന്‍ സാദിഖ് അലി ഖാന്‍ ചെറുപ്പക്കാരനാണ്. കുഞ്ഞായിരിക്കുമ്പോഴേ പിതാവിന്‍െറ നെയ്ത്തിലായിരുന്നു ശ്രദ്ധ. സ്കൂളിലും മദ്റസയിലും പേരിനു പോയി. അവിടെയിരിക്കുമ്പോഴെല്ലാം നെയ്ത്തുപുരയിലേക്ക്, അവിടെയുള്ള മഗ്ഗത്തിലേക്ക് ശ്രദ്ധ പിന്തിരിഞ്ഞ് പായും. ഇന്ന് അയാള്‍ എത്രയോ പേരുടെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടിയെടുത്ത പട്ടുസാരി തുന്നല്‍ക്കാരനാണ്. 17,000 രൂപക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന പട്ടുസാരി ഉണ്ടാക്കിയെടുക്കാന്‍ സാദിഖ് അലിക്ക് എട്ടുദിവസം ജോലി ചെയ്യണം. കൂലി 900 രൂപയാണ് കിട്ടുക. എന്നാല്‍, യന്ത്രത്തറിയില്‍ സാരിയുണ്ടാക്കാന്‍ ഇത്രയൊന്നും സമയം വേണ്ട. പക്ഷേ, അങ്ങനെ സാരിയുണ്ടാക്കാന്‍ കഴിയുന്ന നിരവധി പേര്‍ പട്ടുതെരുവിലുണ്ട്. അതിനാല്‍ മത്സരവുമുണ്ട്. അതുകൊണ്ടാണ് സാദിഖ് അലി കൈകൊണ്ട്, തന്‍െറ ഭാവനകൂടി ചേര്‍ത്ത് സാരികള്‍ ഉണ്ടാക്കുന്നത്. പക്ഷേ, അതുകൊണ്ട് തനിക്കും കുടുംബത്തിനും അതിജീവിക്കാന്‍ കഴിയുന്നില്ളെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
യന്ത്രത്തറികള്‍ മിക്ക കുടുംബങ്ങളും വാങ്ങിയിട്ടുള്ളത് ഒന്നര ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ്. ഈ വായ്പയുടെ തിരിച്ചടവ് 20-30 ശതമാനം മാത്രമാണെന്ന് ബാങ്കുകളും സഹകരണസ്ഥാപനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ആ നിലയില്‍ നോക്കുമ്പോള്‍ ഈ തെരുവിലെ ഓരോ മനുഷ്യരും കടക്കെണിയിലാണെന്ന വസ്തുതകൂടി നിലനില്‍ക്കുന്നു. പട്ടുതെരുവിലെ ഓരോ കുടുംബവും ഒരു കോണ്‍ട്രാക്ടറുടെ നിയന്ത്രണത്തിലാണ്. ആ കോണ്‍ട്രാക്ടര്‍ ആവശ്യപ്പെടുന്ന എണ്ണം സാരിയുണ്ടാക്കിക്കൊടുക്കുകയാണ് മിക്ക കുടുംബങ്ങളും ചെയ്യുന്നത്. അത് പലപ്പോഴും തുച്ഛമായ കൂലിക്കായിരിക്കും.
ഈ പ്രതിസന്ധി മറികടക്കാനായി നെയ്ത്തുകാരുടെ നേതൃത്വത്തില്‍ നിരവധി സഹകരണസംഘങ്ങള്‍ ഉണ്ടാക്കി. പലതും പരാജയപ്പെട്ടു. പ്രവര്‍ത്തിക്കുന്നവ അതിജീവിക്കാനുള്ള കഠിനശ്രമത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. നെയ്ത്തുകാര്‍ക്ക് മാന്യമായ വേതനം ലഭിക്കാന്‍ എല്ലാ നെയ്ത്തുകാരെയും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഒരു സഹകരണസ്ഥാപനം സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നെയ്ത്തുകാര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ മാന്യവിലക്ക് വില്‍ക്കാന്‍ കഴിയുന്ന സംവിധാനത്തെക്കുറിച്ചാണ് മോദി വാഗ്ദാനം നല്‍കിയത്. എന്നുമാത്രമല്ല, സമീപകാലത്തെ നോട്ട് അസാധുവാക്കല്‍ പട്ടുതെരുവിനെ അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍പാടമാക്കി. കോണ്‍ട്രാക്ടര്‍മാര്‍ പണി കൊടുക്കുന്നത് കുറച്ചു. അതോടെ കൂലി കുറഞ്ഞു. ഉള്ള കൂലി, നോട്ട് കിട്ടാനില്ളെന്ന് പറഞ്ഞ് കൊടുക്കാതെയുമായി. ഈ മേഖലയെ ബാധിച്ച പ്രതിസന്ധി ഇപ്പോള്‍ പതുക്കെപ്പതുക്കെ മെച്ചപ്പെട്ട് വരുകയാണെന്ന് പട്ടുതെരുവുകാര്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്കിടെയുണ്ടായ തൊഴില്‍നഷ്ടവും പണ നഷ്ടവും തങ്ങളെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞെന്ന് 80നോടടുത്ത് പ്രായമുള്ള ഇസ്താഫ് ഹുസൈന്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വാരാണസിയിലേക്കുള്ള ടൂറിസ്റ്റ് വരവിനെ ഗണ്യമായി ബാധിച്ചു. അത് പട്ടുസാരി വില്‍പന അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുകളയുകയും ചെയ്തു.
ബധിരതയാണ് പട്ടുതെരുവിലെ മറ്റൊരു പ്രശ്നം. രാവും പകലും ഈ തെരുവിലെ യന്ത്രത്തറികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ 50 വയസ്സ് എത്തുമ്പോഴേക്കും മിക്ക നെയ്ത്തുകാരുടെയും കേള്‍വി ശക്തി ഇല്ലാതാകുന്നുണ്ട്. ഇങ്ങനെയുള്ള നിരവധിപേരെ ഇവിടെക്കാണാം. വീടുകള്‍ക്കകത്ത് തന്നെയാണ് തറികള്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടുകുടുംബ വ്യവസ്ഥ ഇപ്പോഴും തുടരുന്നവരാണ് നെയ്ത്തുകാര്‍. ഓരോ വീട്ടിലും മുതിര്‍ന്നവരും കുട്ടികളുമായി ചുരുങ്ങിയത് 30 പേരെങ്കിലും കാണും. ഇവരെയെല്ലാം പോറ്റാന്‍ പലപ്പോഴും നെയ്ത്തുജോലിയില്‍നിന്നും കിട്ടുന്ന കൂലി മതിയാകാതെ വരും. കുടുംബപരമായി എല്ലാവരും ഇതേ തൊഴില്‍ ചെയ്യുന്നതിനാല്‍ കുട്ടികള്‍ സ്കൂള്‍ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കുന്നില്ല. ഇതുമൂലം മറ്റൊരു തൊഴില്‍മേഖലയിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും പറ്റാത്ത പ്രതിസന്ധിയും ഇവരെ നേരിടുന്നു. പുതുതലമുറക്ക് ആധുനികവിദ്യാഭ്യാസം നേടി മറ്റ് തൊഴില്‍മേഖലയിലേക്ക് മാറണമെന്നുണ്ട്, പക്ഷേ സാഹചര്യങ്ങള്‍ അവരെ അനുവദിക്കുന്നില്ല. തലമുറകളായി കൈമാറിക്കിട്ടിയ ബനാറസ് പട്ടുനിര്‍മാണം വിട്ടുപോകാന്‍ പാരമ്പര്യം ഇവരെ അനുവദിക്കുന്നില്ല. എന്നാല്‍, വാരാണസിയിലെ ദരിദ്ര തൊഴില്‍വിഭാഗമായി മാറുന്ന അവസ്ഥയില്‍നിന്ന് മോചനം തേടണമെന്ന ഇവരുടെ ആവശ്യത്തിന് ആരും ചെവികൊടുക്കുന്നുമില്ല. ഇതിനിടയില്‍ കിടന്ന് ക്ളേശിക്കുകയാണ് ഓരോ പട്ടുതുന്നല്‍ കുടുംബവും.
ബനാറസ് പട്ടിന്‍െറ സൗന്ദര്യത്തെക്കുറിച്ച് ലോകംവാഴ്ത്തുമ്പോള്‍ അത് തുന്നിയെടുക്കുന്ന മനുഷ്യരെ, അവരുടെ നരകങ്ങളെ എല്ലാവരും വിസ്മരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.