ചരിത്രമുറങ്ങുന്ന പര്‍വത നിരകള്‍
text_fieldsചരിത്രമന്വേഷിച്ചുള്ള ഇത്തവണത്തെ യാത്ര കൗതുകത്തിനപ്പുറം ഭയവും നിറഞ്ഞതായിരുന്നു. സൗദി അറേബ്യയുടെ വടക്കേ അറ്റത്തെ മദായിന്‍ സ്വാലിഹ് എന്നറിയപ്പെടുന്ന പര്‍വതങ്ങളുടെ താഴ്വരയിലേക്കായിരുന്നു യാത്ര. റിയാദില്‍നിന്ന് യാത്ര തുടങ്ങിയപ്പോള്‍ ആകാശത്തെ ചുവപ്പുനിറം മാഞ്ഞുകഴിഞ്ഞിരുന്നു. പുറത്ത് റിയാദിനെ സുന്ദരമാക്കി വൈദ്യുതി വിളക്കുകള്‍ പ്രകാശിച്ചുനില്‍ക്കുന്നു. രാത്രിയിലാണ് റിയാദിന്‍െറ ആഢ്യത്തം കൂടുതല്‍ പ്രകടമാകുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. പ്രൗഢഗംഭീര കെട്ടിടങ്ങളുടെ പറുദീസയായ നഗരത്തില്‍നിന്ന് ബസിപ്പോള്‍ മദീന ഹൈവേയിലേക്ക് കടന്നു. യാത്രയുടെ കോഓഡിനേറ്റര്‍ ഡോ. അബ്ദുല്‍ സലാം യാത്രക്കാര്‍ക്ക് പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ചെറുവിവരണം കൊടുക്കുന്നുണ്ട്.
വണ്ടി മുന്നോട്ട് പോകുന്തോറും പുറത്ത് ചെറിയ ചെറിയ പട്ടണങ്ങളുടെ പേരുകള്‍ പിറകോട്ട് പോയ്ക്കൊണ്ടിരുന്നു. ഗൗരവക്കാരനായ ഒരു സിറിയക്കാരനായിരുന്നു ഞങ്ങളുടെ ഡ്രൈവര്‍.
രാവിലെ കണ്ണ് തുറന്നപ്പോഴേക്കും മലകളാല്‍ ചുറ്റപ്പെട്ട ഹിജാസ് മേഖലയുടെ ഒരു ഭാഗത്തത്തെിയിരുന്നു. പുറത്ത് മലകളുടെ ഇടയിലൂടെ മഞ്ഞ് ഒഴുകിനടക്കുന്നുണ്ട്. അടിവാരങ്ങളില്‍ ഈന്തപ്പനത്തോട്ടങ്ങള്‍ ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മദായിന്‍ സ്വാലിഹ് എന്ന ചരിത്രപ്രദേശം അടുക്കാറായി എന്നറിയിച്ച് ചെറിയ കല്ലുഗോപുരങ്ങള്‍ കണ്ടുതുടങ്ങി.
മദായിന്‍ സ്വാലിഹിന്‍െറ പച്ചപ്പ് സൂക്ഷിക്കുന്ന അല്‍ ഉല എന്ന ചെറുപട്ടണം പഴയകാല പട്ടണത്തിന്‍െറ നേര്‍രൂപമാണ്. പൊളിച്ചുനീക്കാതെ പഴയ ശൈലിയില്‍തന്നെ സംരക്ഷിച്ചിരിക്കുകയാണ് കല്ലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ പഴയ കെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും. അവ പഴയ സംസ്കാരങ്ങളെയും നാഗരികതയെയും വിളിച്ചോതുന്നുണ്ടായിരുന്നു.
ഞങ്ങളുടെ വണ്ടി ചെന്നുനിന്നത് അല്‍ ഉല പട്ടണത്തിലെ ഒരു മൂലയിലാണ്. അവിടെയാണ് ഞങ്ങള്‍ക്കുള്ള റൂം സജ്ജീകരിച്ചിരുന്നത്. യാത്ര ചെയ്തതിന്‍െറ ക്ഷീണമുണ്ടെങ്കിലും വിശ്രമിക്കാന്‍ നില്‍ക്കാതെ അരമണിക്കൂര്‍ കൊണ്ട് ഫ്രഷായി പുറത്തിറങ്ങി.
വണ്ടി ഒരു കൃഷിയിടത്തിന്‍െറ മുന്നില്‍ ചെന്നുനിന്നു. അവിടെ അബ്ദുറഹ്മാന്‍ എന്ന സ്വദേശി പൗരന്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹമാണ് ഞങ്ങളെ തോട്ടം കാണിച്ചത്. ഈന്തപ്പനകളുടെ നടുവില്‍ നിരവധി ഓറഞ്ച് മരങ്ങള്‍ പഴുത്തുനിന്നിരുന്നു. അതുമാത്രമല്ല ചെറുനാരങ്ങ, വലിയ നാരങ്ങ, അത്തിപ്പഴം, ബബ്ളോസ്, മുസമ്പി തുടങ്ങി നിരവധിയിനം പഴങ്ങളും കായ്ച്ചുനിന്നിരുന്നു. ഇതിനിടയില്‍ മാവും അറബിയില്‍ തമര്‍ ഹിന്ദ് അതായത് ഇന്ത്യന്‍ ഈന്തപ്പഴം എന്ന് വിളിക്കുന്ന വാളന്‍പുളി മരവും തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു.

അവിടെനിന്ന് മദായിന്‍ സ്വാലിഹിലെ പ്രധാനഭാഗമായ അല്‍ ഹിജ്ര്‍ എന്ന പട്ടണത്തിലേക്കാണ് ആദ്യം പോയത്. മദീനയില്‍നിന്ന് മുന്നൂറ് കിലോ മീറ്ററും അല്‍ ഉല പട്ടണത്തില്‍നിന്ന് ഇരുപത്തിരണ്ട് കിലോമീറ്ററുമാണ് അല്‍ ഹിജ്ര്‍ പട്ടണത്തിലേക്കുള്ള ഏകദേശദൂരം. നാഗരികസംസ്കാരം അവിടെ നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ അവിടെ നേരില്‍കാണാം. ആര്‍ക്കിയോളജിക്കല്‍ വിഭാഗം 2008ലാണ് അല്‍ഹിജ്ര്‍ പട്ടണം ഉള്‍പ്പെടുന്ന ഭാഗം നിരീക്ഷിച്ചതും യുനെസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ചേര്‍ത്തതും; ഇത്തരത്തിലുള്ള സൗദിയിലെ മൂന്ന് സ്ഥലങ്ങളില്‍ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ട ഭാഗവുമാണ് ഹിജ്ര്‍ പട്ടണം ഉള്‍പ്പെടുന്ന മദായിന്‍ സ്വാലിഹിലെ പ്രദേശങ്ങള്‍.
ഹിജ്ര്‍ പട്ടണത്തിലേക്ക് കയറിച്ചെല്ലുമ്പോള്‍തന്നെ കുറച്ച് കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ശേഖരിച്ചുവെച്ചിരിക്കുന്നവയാണത്. കുറച്ചല്‍പം മാറി ഭൂമി തുരന്ന് കല്ലുകള്‍ കൊണ്ട് തീര്‍ത്ത കെട്ടിടങ്ങളുമുണ്ട്. അത് പല മുറികളായി തിരിച്ചിരിക്കുന്നു; നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പഴയകാല മനുഷ്യരുടെ കരവിരുത് എടുത്തുപറയേണ്ട ഒന്നാണ്. വീടുകള്‍ക്ക് സമീപമായി ഒരു വലിയ പാത്രം സ്ഥാപിച്ചിട്ടുണ്ട്. ‘മഹലിബ് നാക്ക’ എന്ന് വിളിക്കുന്ന ഈ പാത്രം ഒട്ടകത്തിന്‍െറ പാല്‍ ശേഖരിച്ച് വെക്കാനായി ഉപയോഗിച്ചതാകാം. ആറായിരം ലിറ്ററോളം വെള്ളം ഉള്‍ക്കൊള്ളുന്ന ഇത് കല്ലുകള്‍കൊണ്ട് മനോഹരമായി നിര്‍മിച്ചതാണ്. കാമറയിലും മനസ്സിലും അല്‍ ഹജര്‍ പട്ടണത്തെ പകര്‍ത്തി ഞങ്ങള്‍ അവിടെനിന്ന് സാവധാനം വിടവാങ്ങി.
വാഹനം ഇപ്പോള്‍ നീങ്ങുന്നത് മദായിന്‍ സ്വാലിഹിലെ ഇത്ത്ലബ് പര്‍വതനിരകളുടെ താഴ്വരയെ ലക്ഷ്യമാക്കിയാണ്. അവിടെയാണ് നബ്ത്തിയന്‍ രാജവംശത്തിന്‍െറ ചരിത്രമുറങ്ങുന്നത്
ഒമ്പതോളം വ്യത്യസ്ത ഗോത്രങ്ങളുടെ നിയന്ത്രണത്തിലുള്ള രാജവംശമായിരുന്നു നബ്ത്തികളുടേത്. ഇവര്‍ സമൂദ് സമുദായമെന്നും ഇത് അറിയപ്പെട്ടിരുന്നു. ക്രിസ്തുവിന് മുന്നേ ജീവിച്ചിരുന്ന ഇവര്‍ വലിയ മലകള്‍ തുരന്നും ഭൂമി തുരന്നും വീടുകളും രാജകൊട്ടാരങ്ങളും പണിതു. അതിനായി വളരെ ചെറിയ ആയുധങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷി ചെയ്യുന്നതിലും അതിനുള്ള വെള്ളം സംഭരിക്കുന്നതിനായി കിണറുകള്‍ താഴ്ത്തുന്നതിലും ഇവര്‍ വിദഗ്ധരായിരുന്നു.
മുസ്ലിംകള്‍ ഇത്ത്ലബ് പര്‍വത താഴ്വരകളെ ശാപഭൂമിയായാണ് കാണുന്നത്. സമൂദ് വിഭാഗത്തിന്‍െറ നന്മ ലക്ഷ്യംവെച്ച് സ്വാലിഹ് പ്രവാചകന്‍ അവതരിക്കുകയും ധിക്കാരികളായ ആ സമൂഹം അദ്ദേഹത്തെ നിരാകരിക്കുകയും അദ്ദേഹത്തിന് ദൈവാനുഗ്രഹത്താല്‍ ലഭിച്ച ഒട്ടകത്തെ വധിക്കുകയും ചെയ്തു. ശേഷം ദൈവകോപത്താല്‍ ആ ജനവിഭാഗം ഇല്ലാതാവുകയായിരുന്നുവെന്നാണ് ഇസ്ലാമിക വിശ്വാസം. ഇത് ഖുര്‍ആനില്‍ വിവരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അറബികളും മറ്റും ഈ ഭാഗത്തേക്കുള്ള യാത്ര അധികം ആഘോഷമാക്കാറില്ല.
വാഹനം പഴയ തുര്‍ക്കി റെയില്‍വേയുടെ മുന്നിലത്തെി. അതിലൂടെയാണ് ചരിത്രങ്ങളുടെ കലവറയിലേക്കുള്ള പ്രവേശനം. കവാടത്തിന് തൊട്ടടുത്തായി പഴയ ട്രെയിനുകള്‍ മോടി പിടിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് അറേബ്യയുടെ ചില ഭാഗങ്ങള്‍ തുര്‍ക്കിയുടെ നിയന്ത്രണത്തിലായിരുന്നു. ആ സമയത്ത് മദീന, മദായിന്‍ സ്വാലിഹ് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് തുര്‍ക്കിയിലേക്ക് ഒരു റെയില്‍പാതക്ക് തുടക്കംകുറിച്ചു. ഒന്നാം ലോക യുദ്ധത്തിനുശേഷം തകര്‍ന്ന റെയില്‍വേ പിന്നീട് പുനര്‍നിര്‍മിക്കാനായി പലകുറി നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഏതാണ്ട് 1302 കി.മീ ദൂരം വ്യത്യാസമുള്ള ബൃഹത്പദ്ധതിയായിരുന്നു അത്. റെയില്‍വേ സ്റ്റേഷന് ചേര്‍ന്ന് ഇവിടെ സ്ഥാപിച്ച മ്യൂസിയം റെയില്‍വേയുടെ തുടക്കകാലത്തെ ചരിത്രം പറയുന്നു. കൂടാതെ ഉസ്മാനിയ രാജവംശത്തിന്‍െറ പിന്തുടര്‍ച്ചയായ ഒട്ടോമന്‍ കാലഘട്ടത്തില്‍ നിലവിലിരുന്ന നാണയശേഖരങ്ങളുമുണ്ടിവിടെ. ആ കാലഘട്ടത്തിന്‍െറ കരുത്തും സാമ്പത്തികഭദ്രതയും ആ നാണയങ്ങളില്‍നിന്ന് വായിച്ചെടുക്കാനാകും.

റെയില്‍വേയുടെ ചുറ്റിക്കാണലുകള്‍ അവസാനിപ്പിച്ച് മദായിന്‍ സ്വാലിഹിലെ ഏറ്റവും സുന്ദരവും അദ്ഭുതപ്പെടുത്തുന്നതുമായ കാഴ്ചകളിലേക്ക് ഞങ്ങളുടെ വണ്ടി നീങ്ങി. മൗണ്ട് ഇത്ത്ലബ് എന്ന് വിളിക്കുന്ന പര്‍വതനിരകള്‍ക്ക് ഇടയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംസ്കാരത്തെ തൊട്ടറിയുകയായിരുന്നു. നാലായിരം വര്‍ഷം പഴക്കമുള്ള നബ്ത്തിയന്‍ സംസ്കാരത്തിന്‍െറ തിരുശേഷിപ്പുകള്‍; ഒമ്പത് വ്യത്യസ്തഗോത്രങ്ങളായി തിരിഞ്ഞ് ഭരിച്ചിരുന്നവര്‍. അതിലെ ആദ്യത്തെ ഗോത്രത്തിന്‍െറ മുന്നില്‍ വണ്ടി ചെന്നുനിന്നു. ഖസ്ര്‍ സന എന്ന് വിളിക്കുന്ന പര്‍വതം തുരന്നുണ്ടാക്കിയ കൊട്ടാരം അദ്ഭുതപ്പെടുത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സമൂഹം വലിയ ആയുധങ്ങളുടെ സഹായമില്ലാതെ തീര്‍ത്ത കൊത്തുപണികളും കരവിരുതും ഗംഭീരമാണ്. അകത്ത് ഷെല്‍ഫുകളോടെയുള്ള വിശാലമായ മുറികളുണ്ട്. അതിനിരുവശവുമായി ഓരോ ഗര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ഗോത്രത്തലവന്മാരായ ആളുകളെ മറവുചെയ്തിരുന്നത് അവിടെയാകാം.
ഖസ്ര്‍ സനയില്‍നിന്ന് അധികം ദൂരമില്ലാതെയാണ് ഖസ്ര്‍ ഫരീദ് എന്ന അടുത്ത ഗോത്രവിഭാഗത്തിന്‍െറ കൊട്ടാരം. ഒമ്പത് വിഭാഗങ്ങളില്‍ ഏറ്റവും പ്രൗഢി വിളിച്ചോതുന്ന ശില്‍പചാതുര്യമാണ് ഖസ്ര്‍ ഫരീദിലേത്. വാതിലിന് പുറത്ത് പരുന്തിന്‍െറ ചിഹ്നം അടയാളപ്പെടുത്തിയിട്ടുണ്ട്. ആ ഗോത്രത്തിന്‍െറ ഒൗദ്യോഗിക ചിഹ്നമായിരിക്കുമത്. ഇതുപോലെ ഓരോ ഗോത്രത്തിനും സമാനമായ ചിഹ്നങ്ങള്‍ ഉണ്ടെങ്കിലും കാലഹരണപ്പെട്ടിരുന്നു. ഖസ്ര്‍ ഫരീദിനകത്തും വിശലമായ മുറിയും ശവകുടീരങ്ങളും ഉണ്ടായിരുന്നു. ഖസ്ര്‍ ബിന്ദ് എന്ന് വിളിക്കുന്ന മറ്റൊരു ഗോത്രത്തിനും നിരവധി ശവക്കല്ലറകളുണ്ട്. ഓരോ പര്‍വതത്തിനും കീഴെ തീര്‍ത്ത ഇത്തരം കൊട്ടാരങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് പുറകിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നു. അതുകൊണ്ടുതന്നെ ആ സംസ്കാരത്തെക്കുറിച്ച് ചെറിയൊരു വിവരണം പുറത്ത് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്മെന്‍റിന്‍േറതായുണ്ട്.
ആകാശം മുട്ടെ പലരൂപത്തി ലും ഭാവത്തിലും നില്‍ക്കുന്ന മൗണ്ട് അ ത്ത്ലബ് എന്ന് വിളിക്കുന്ന പര്‍വതനിരകളുടെ നടുവിലായാണ് നബ്ത്തയിന്‍ രാജവംശത്തിന്‍െറ പാര്‍ലമെന്‍റ് സ്ഥിതി ചെയ്യുന്നത്. വലിയ പാറകള്‍ തുരന്ന് വളരെ വിശാലമായരീതിയിലാണ് പാര്‍ലമെന്‍റ് സജ്ജീകരിച്ചിരിക്കുന്നത്. അതിന്‍െറ മുന്നിലൂടെ, ഇരുപര്‍വതങ്ങളുടെ ഇടയിലൂടെ ഒരു വഴിത്താരയുണ്ട്. ഇത് പഴയകാല അറബികളുടെ ജോര്‍ഡനിലേക്കുള്ള സഞ്ചാരമാര്‍ഗമാണെന്നാണ് പറയപ്പെടുന്നത്.
കുറച്ചല്‍പം മുകളിലേക്ക് പോയാല്‍ ഇടതുവശത്തായി മഴ സംഭരണി കാണാം. താഴെ കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കാനായിട്ടായിരിക്കാം ഈ പദ്ധതിക്ക് തുടക്കമിട്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ജനതയുടെ സംസ്കാരത്തിന്‍െറ എണ്ണിയാല്‍തീരാത്ത കാഴ്ചകള്‍ അവിടെയുണ്ടായിരുന്നു. ശില്‍പചാതുര്യം കൊണ്ടും പഴക്കം കൊണ്ടും സഞ്ചാരികളെ കൗതുകത്തിന്‍െറയും ആകാംക്ഷയുടെയും മുനമ്പില്‍ നിര്‍ ത്തുന്ന നിരവധി കാഴ്ചകളാണ് അവിടെ അവശേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.