ലാൻഡിങ്ങിനിടെ എയർഇന്ത്യ വിമാനം തെന്നിനീങ്ങി; ഒഴിവായത് വൻ ദുരന്തം
text_fieldsമുംബൈ: അഹമ്മാദാബാദ് വിമാനദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേ മറ്റൊരു എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. കൊച്ചിയിൽ നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യയുടെ 2744 നമ്പർ എയർബസ് 320 വിമാനമാണ് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ തെന്നിനീങ്ങിയ ശേഷം, പൈലറ്റിന്റെ നിശ്ചയദാർഢ്യത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്കാർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴക്കിടയിൽ തിങ്കളാഴ്ച രാവിലെ 9.27ഓടെയാണ് ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങിയാണ് നിന്നത്. വിമാനത്തിന്റെ ഒരു എഞ്ചിനും, ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ റൺവേക്കും കേടുപാടുകൾ സംഭവിച്ചു. വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ അടിയന്തിര സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായി മുംബൈ വിമാനത്താവള അധികൃതർ അറിയിച്ചു.
കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പ്രധാന റൺവേയുടെ പ്രവർത്തനം നിർത്തിവെച്ചു. രണ്ടാം റൺവേ ഉപയോഗിച്ചാണ് വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചത്. 250പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യോമയാന സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് മുംബൈയിൽ ലാൻഡിങ്ങിനിടെ അപകടമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.