Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightനിമിഷപ്രിയക്കായുള്ള...

നിമിഷപ്രിയക്കായുള്ള തർക്ക വിതർക്കങ്ങൾ

text_fields
bookmark_border
നിമിഷപ്രിയക്കായുള്ള തർക്ക വിതർക്കങ്ങൾ
cancel
camera_alt

1. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും സാമുവൽ ജെറോമും സൻആയിൽ ഇന്ത്യൻ എംബസിക്കു വേണ്ടി പ്രവർത്തിച്ചിരുന്ന നാഫിഅ് എന്ന ഉദ്യോഗസ്ഥനൊപ്പം 2. നിമിഷപ്രിയ 3. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

യമൻ തലസ്ഥാനമായ സൻആയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന നിമിഷപ്രിയ 2015ലാണ് അവിടെ ക്ലിനിക് തുടങ്ങാൻ തലാൽ മഹ്ദി എന്ന യമനി പൗരനെ ബിസിനസ് പങ്കാളിയാക്കുന്നത്. നിമിഷപ്രിയയുടെ ഭർത്താവും മകളും സാമ്പത്തിക പ്രയാസത്താൽ 2014ൽ കേരളത്തിലേക്ക് മടങ്ങിയിരുന്നു. തലാൽ മഹ്ദി നിമിഷപ്രിയക്കൊപ്പം കേരളത്തിൽ വരുകയും ഒരുമാസം തങ്ങുകയും ചെയ്തു. നിമിഷപ്രിയയെ താൻ ജീവിത പങ്കാളിയാക്കിയെന്നാണ് കൊല്ലപ്പെടുംമുമ്പ് തലാൽ യമനിൽ കോടതിയെയും പൊലീസിനെയും അറിയിച്ചിരുന്നത്. കുടുംബവും ഇക്കാര്യം ആവർത്തിക്കുന്നു. എന്നാലിത് വ്യാജ അവകാശവാദമാണെന്നും നിമിഷപ്രിയയുടെ വിവാഹ ഫോട്ടോ മോഷ്ടിച്ച് തലാൽ കൃത്രിമ ചിത്രമുണ്ടാക്കിയെന്നുമാണ് അമ്മയും ആക്ഷൻ കൗൺസിലും ഇന്ത്യയിൽ കോടതിയോട് പറഞ്ഞത്.

കൊലയും ശിക്ഷാവിധിയും

ഒരുമിച്ചുള്ള ജീവിതത്തിനിടയിലെ തർക്കങ്ങൾക്കിടയിൽ തലാലും നിമിഷപ്രിയയും പൊലീസിനെ സമീപിക്കുകയും ഒരു കേസിൽ ആറ് ദിവസത്തോളം നിമിഷപ്രിയ ജയിലിലാവുകയും ചെയ്തിരുന്നു. അതിനുശേഷം ഒരു യമനി ജയിൽ വാർഡന്റെ സഹായത്തോടെ 2017ൽ നിമിഷപ്രിയ തലാലിനെ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പിടിച്ചുവെച്ച തന്റെ പാസ്പോർട്ട് തിരിച്ചുകിട്ടാനായി നിമിഷപ്രിയ മയക്കുമരുന്ന് നൽകിയെന്നും ഓവർ ഡോസ് മൂലം തലാൽ മരണപ്പെട്ടുവെന്നുമാണ് ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും നിമിഷപ്രിയക്കായി സമർപ്പിച്ച ഹരജികളിൽ പറഞ്ഞിരിക്കുന്നത്.


എന്നാൽ, മയക്കുമരുന്ന് കയറ്റി കൊലപ്പെടുത്തിയശേഷം തലാലിന്റെ ശരീരം വെട്ടി കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയെന്ന കുറ്റകൃത്യത്തിനാണ് 2020ൽ സൻആ കോടതി നിമിഷപ്രിയക്ക് വധശിക്ഷയും കൊലക്ക് സഹായിച്ച യമനിക്ക് ജീവപര്യന്തവും വിധിച്ചത്.

യമനിലെ രക്ഷാ നീക്കങ്ങൾ

ആഭ്യന്തര യുദ്ധത്തിലമർന്ന് ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങൾ ഇല്ലാതായ യമനിലേക്ക് കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ കാലയളവിലായിരുന്നു ഈ കൊലപാതകവും അറസ്റ്റും വിചാരണയും ശിക്ഷാ വിധിയുമെല്ലാം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൻആയിൽ അവരുമായി നയതന്ത്ര ബന്ധമില്ലാത്ത ഇന്ത്യയുടെ എംബസിപോലും പ്രവർത്തിക്കുന്നില്ല. ഇത്തരമൊരു വേളയിൽ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിന് മധ്യസ്ഥത വഹിച്ച സാമുവൽ ജെറോം എന്ന തമിഴ്നാട് സ്വദേശി 2017ൽ രക്ഷാശ്രമം തുടങ്ങി. സാമ്പത്തികശേഷിയില്ലാത്ത നിമിഷയുടെ അമ്മ പ്രേമകുമാരി കിടപ്പാടം വിറ്റ് ആ പണം കേസ് നടത്തിപ്പിനായി യമനിലേക്കയച്ചു.

സാമുവലിന് കേസ് നടത്താനുള്ള പവർ ഓഫ് അറ്റോണി നൽകുകയും അബ്ദുൽ കരീം എന്ന അഭിഭാഷകനെ അദ്ദേഹം വക്കാലത്ത് ഏൽപിക്കുകയും ചെയ്തു. യമനിൽ സംരംഭകൻ എന്ന നിലക്ക് ഇന്ത്യാ ഗവൺമെന്റ് പ്രത്യേക യാത്രാനുമതി നൽകിയ സാമുവലിനെയല്ലാതെ മറ്റാരെയും ആശ്രയിക്കാൻ കുടുംബത്തിന് അന്ന് കഴിയുമായിരുന്നില്ല. വധശിക്ഷ വിധിച്ചതോടെ സാമുവൽ മുഖേന അപ്പീലുമായി മുന്നോട്ടുപോയി.

ആക്ഷൻ കൗൺസിൽ ശ്രമങ്ങൾ

കേരള സർക്കാറിന്റെ ലോക കേരള സഭയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള അംഗങ്ങൾ മുൻകൈയെടുത്ത് 2020 സെപ്റ്റംബറിൽ സേവ് നിമിഷപ്രിയ ഇൻറർനാഷനൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ഡൽഹിയിലെ അഭിഭാഷകരായ ദീപ ജോസഫും സുഭാഷ് ചന്ദ്രനും ആക്ഷൻ കൗൺസിലിന്റെ നിയമവശങ്ങൾ നോക്കി. തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകി നിമിഷപ്രിയയെ രക്ഷിക്കാനുള്ള സംഭാഷണങ്ങൾക്കായി അമ്മയും ആക്ഷൻ കൗൺസിൽ ഭാരവാഹികളും സൻആയിൽ പോകാൻ അനുമതി തേടിയെങ്കിലും അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ കൈക്കൊണ്ടത്. പകരം നിമിഷപ്രിയക്ക് അപ്പീൽ കൊടുക്കാനായി വക്കീലിനെ വെച്ചുകൊടുക്കാമെന്ന് കേന്ദ്ര വിദേശ മന്ത്രാലയം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ വെച്ച അബ്ദുൽ അമർ യമനി എന്ന അഭിഭാഷനാണ് വധശിക്ഷക്കെതിരെ അപ്പലറ്റ് കോടതിയിലും സുപ്രീം കൗൺസിലിലും നിമിഷക്കായി ഹാജരായത്.

മധ്യസ്ഥ ചർച്ചക്ക് കേന്ദ്രമില്ല

2022ൽ യമനിലെ ഫസ്റ്റ് അപ്പലറ്റ് കോടതി വധശിക്ഷ ശരിവെച്ചു. സുപ്രീം ജുഡീഷ്യൽ കൗൺസിലും നിമിഷയുടെ അപ്പീൽ തള്ളി വധശിക്ഷ ശരിവെച്ചു. 2023ൽ യാത്രാനുമതിക്കായി അമ്മ പ്രേമകുമാരി നേരിട്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഒരാഴ്ചക്കകം തീരുമാനമെടുക്കാൻ പറഞ്ഞ് ഹൈകോടതി കേസ് തീർപ്പാക്കിയെങ്കിലും അമ്മയുടെ യാത്രക്ക് തുടർന്നും കേന്ദ്രം അനുമതി നൽകിയില്ല. മൂന്നാമതും അമ്മ യാത്രാനുമതിക്കായി ഹരജി നൽകി. തലാലിന്റെ കുടുംബവുമായി ദിയാധനം നൽകുന്ന കാര്യം ചർച്ച ചെയ്യാമോ എന്ന് കോടതി ചോദിച്ചപ്പോൾ, ഇത്തരമൊരു ചർച്ചക്ക് കഴിയില്ലെന്നും പ്രേമകുമാരിക്ക് താമസ സൗകര്യമൊരുക്കാൻ ആവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സുരക്ഷിതമായി താമസിക്കാൻ സാമുവൽ ജെറോമിന്റെ വീടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഒടുവിൽ അമ്മക്ക് ഹൈകോടതി യാത്രാനുമതി നൽകുകയായിരുന്നു. ഒരു വർഷത്തിലേറെയായി വിസയുടെ കാലാവധി നീട്ടി യമനിൽ കഴിയുന്ന അമ്മ സാമുവൽ ജെറോമിനൊപ്പം മകളെ ജീവനോടെ തിരിച്ചുകിട്ടാനുള്ള മധ്യസ്ഥ നീക്കങ്ങൾ തുടങ്ങി.

വാഗ്ദാനം ചെയ്ത ദിയാധനം

ആദ്യവട്ട ചർച്ചയോടെ പ്രതീക്ഷയേറിയെങ്കിലും തലാലിന്റെ കുടുംബവുമായുള്ള പ്രാഥമിക സംഭാഷണങ്ങൾക്ക് 40,000 ഡോളറും കോടതിവിധികളുടെ പകർപ്പിന് 4,000 ഡോളറും ചെലവഴിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആക്ഷൻ കമ്മിറ്റി രണ്ട് വഴിക്കായി. 2017 തൊട്ട് കേസ് നടത്തുന്ന സാമുവൽ ജെറോം മുഖേനയുള്ള നീക്കം ഫലം കാണുന്നില്ലെന്നുപറഞ്ഞ് വിമർശനം വന്നതോടെ രണ്ടാം വട്ട ചർച്ചക്ക് നീങ്ങിയ സാമുവൽ ദശലക്ഷം യു.എസ് ഡോളർ ദിയാധനമായി വാഗ്ദാനം ചെയ്തു. വഴങ്ങാതിരുന്ന തലാൽ കുടുംബം വധശിക്ഷ നടപ്പാക്കണമെന്ന ഉറച്ച നിലപാട് തുടർന്നു. തന്റെ നീക്കങ്ങളെല്ലാം സൗദിയിലെ ഇന്ത്യൻ എംബസിയെ അറിയിച്ച് അവരുടെ പിന്തുണയോടെയാണെന്നാണ് സാമുവൽ പറയുന്നത്. തങ്ങൾ അറിയുന്ന ഏക മധ്യസ്ഥ നീക്കവും ചാനലുമിതാണെന്നാണ് കേന്ദ്ര വിദേശ മന്ത്രാലയവും വ്യക്തമാക്കുന്നത്. ജൂലൈ 16ന് വധശിക്ഷ നടപ്പാക്കാനായി ജൂലൈ ആറിനാണ് സൻആ കോടതി ഉത്തരവിറക്കിയത്. അതോടെ വധശിക്ഷ നടപ്പാക്കുന്നത് തടയാനും മോചനകാര്യത്തിൽ വല്ലതും ചെയ്യാനും കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിനുവേണ്ടി അഡ്വ. സുഭാഷ് ചന്ദ്രൻ വീണ്ടും സുപ്രീംകോടതിയിലെത്തി. സാധ്യമായത് ചെയ്തുവെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നുമായിരുന്നു കേന്ദ്ര വിദേശ മന്ത്രാലയം അപ്പോൾ സുപ്രീംകോടതിയെ അറിയിച്ചത്.

കാന്തപുരത്തിന്റെ ഇടപെടൽ

വധശിക്ഷാ ദിവസം അടുത്തുവരുന്നതിനിടയിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സമീപിച്ച് അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെട്ടത്. സാമുവൽ ജെറോമുമായി വഴിപിരിഞ്ഞ ആക്ഷൻ കൗൺസിലും കാന്തപുരത്തെ കണ്ട് സഹായം തേടി. അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരം ഉറ്റ ബന്ധമുള്ള മതപണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് ഊർജിത രക്ഷാശ്രമങ്ങൾ നടത്തി. കാന്തപുരം ഇക്കാര്യത്തിൽ പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്പുതന്നെ വിഷയത്തിൽ അദ്ദേഹം ഇടപെടുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടായിരുന്നു.

വധശിക്ഷ മാറ്റിവെച്ച സൻആ കോടതിയുടെ ആശ്വാസകരമായ ഉത്തരവ് ജൂലൈ 15ന് പുറത്തുവന്നതിന് പിന്നാലെ അവകാശവാദങ്ങളുടെ ഘോഷയാത്രയായി. ഒന്നും ചെയ്യാൻ നിർവാഹമില്ലെന്ന് നേരത്തേ പറഞ്ഞ കേന്ദ്രം തുടക്കം മുതലേ ഇടപെട്ടിരുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. ഇടപെടൽ പരസ്യപ്പെടുത്തി ക്രെഡിറ്റെടുക്കാൻ കൂട്ടാക്കാതിരുന്ന കാന്തപുരം, മാധ്യമങ്ങൾ ബന്ധപ്പെട്ടതോടെയാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരും ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളും

മാനുഷികതയുടെ പേരിലാണ് താൻ ഈ വിഷയത്തിൽ ഇടപെടുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം ആരെയും ഇകഴ്ത്താനോ കുറ്റപ്പെടുത്താനോ മുതിർന്നതുമില്ല. കാന്തപുരത്തിന്റെ ഇടപെടലുകളെ നിഷേധിക്കുന്ന സാമുവൽ ജെറോമും ഒപ്പം നിൽക്കുന്നവരും കേന്ദ്ര വിദേശ മന്ത്രാലയമാണ് വധശിക്ഷ മാറ്റിവെക്കുന്നതിനുള്ള ചർച്ചകൾക്ക് പിന്നിലെന്നാണ് വിശദീകരിക്കുന്നത്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സൻആയിൽ കേന്ദ്ര സർക്കാറിന് നയതന്ത്ര ഇടപെടലിന് കഴിയാത്തിടത്താണ് ഒരു മുസ്‍ലിം മതപണ്ഡിതന് കഴിഞ്ഞതെന്ന രീതിയിലാണ് ചർച്ചകൾ വികസിച്ചത്. കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന ഇത്തരം ചർച്ചകൾ നിമിഷപ്രിയയുടെ മോചനത്തിന് വിഘാതമാകുമെന്നാണ് സാമുവലിന്റെ വാദം.

ഇതിനിടയിൽ മുസ്‍ലിം മതപണ്ഡിതരുടെ ഇടപെടലിലൂടെ ഒരു മോചനം നിമിഷപ്രിയക്ക് വേണ്ട എന്ന നിലപാടെടുക്കുന്ന, ജീവൻ രക്ഷിക്കാനുള്ള ശ്രമിക്കുന്നവർക്ക് മേലും തീവ്രവാദബന്ധം ചാർത്തി അപഹസിക്കുന്ന, നിമിഷപ്രിയക്ക് തൂക്കുകയർ ലഭിക്കണമെന്ന് ശഠിക്കുന്ന, ഇന്ത്യയിൽ നടക്കുന്ന സമൂഹ മാധ്യമ ചർച്ചകൾ പരിഭാഷപ്പെടുത്തി തലാലിന്റെ ബന്ധുക്കൾക്കയച്ച് ഏഷണി പടർത്തുന്ന വിഷജീവികളും മനുഷ്യരൂപമണിഞ്ഞ് നമുക്കിടയിലുണ്ട്. ഇവരെയെല്ലാം മറികടന്ന് നിമിഷപ്രിയയുടെ മോചനം സാധ്യമാകുന്നതിനായി കാത്തിരിക്കുകയാണ്, പ്രാർഥിക്കുകയാണ് രാജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsKanthapuram AP Abubakr musliyarKerala NewsNimishapriya
News Summary - Disputes over nimishapriya case
Next Story