കമീഷനും ഭരണകക്ഷിയും കള്ളനും പൊലീസും കളിച്ചാൽ
text_fieldsരാഹുൽ ഗാന്ധി ബിഹാറിലെ വോട്ടർ അധികാർ യാത്ര വേദിയിൽ ലാലു പ്രസാദ് യാദവിനും മല്ലികാർജുൻ ഖാർഗേക്കുമൊപ്പം
രാജ്യത്തെ ആറു ലോക്സഭാ മണ്ഡലങ്ങളിലെ 'വോട്ടുചോരി' തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ തെളിവുകളോടെ വെളിച്ചത്താക്കി ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ വാർത്താസമ്മേളനം നടത്തിയതിന്റെ തൊട്ടുപിറ്റേന്ന് അക്ബർ റോഡിലെ പഴയ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് വക്താവ് പവൻ ഖേര മാധ്യമങ്ങളെക്കണ്ടു. ബി.ജെ.പി ഉന്നയിച്ച വാദങ്ങളെ ഖണ്ഡിച്ചില്ലെന്ന് മാത്രമല്ല, രാഹുൽ ഗാന്ധിയും പ്രിയങ്കയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിലെ വ്യാജ വോട്ടുകളെ കുറിച്ച് ബി.ജെ.പി ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെടുകയാണ് പവൻ ഖേര ചെയ്തത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദിവസങ്ങൾക്ക് മുന്നേ നടത്തിയ വെളിപ്പെടുത്തലുകളെ ബലപ്പെടുത്തുന്ന വാദങ്ങളുമായി ഒരു ഭരണകക്ഷി നേതാവ് വന്ന സാഹചര്യത്തിലെങ്കിലും വോട്ടർപട്ടികയിലെ വ്യാജ വോട്ടുകളെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികൾ ആരായാലും അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ലോക്സഭാ മണ്ഡലത്തിലെ കേവലമൊരു നിയമസഭാ മണ്ഡലം മാത്രം കേന്ദ്രീകരിച്ച് ആറുമാസം എടുത്ത് സമാഹരിച്ച് തെളിവുകൾക്കൊപ്പം ആറ് ലോക്സഭാ മണ്ഡലങ്ങളിലെ വ്യാജ വോട്ടുകളുടെ തെളിവുകൾ കൂടി ചേർത്ത് പരാതി നൽകി കൂടെ എന്ന് ഖേരയോട് ചോദിച്ചു. അന്വേഷിക്കേണ്ടവർ തന്നെ കുറ്റാരോപിതരാകുമ്പോൾ ആർക്ക് പരാതി നൽകുമെന്നായിരുന്നു മറുചോദ്യം.
ഠാക്കൂറിെൻറ പ്രിവിലേജ്
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ വോട്ട് കൊള്ള കേവലം കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രമല്ല മറിച്ച് രാജ്യത്ത് എല്ലായിടത്തും നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ വിജയിച്ച ആറ് ലോക്സഭാ മണ്ഡലങ്ങൾ അതിനുദാഹരണങ്ങൾ ആണെന്നും സമർഥിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഒന്നുകൂടി തകർക്കുകയാണ് അനുരാഗ് ഠാക്കൂർ ചെയ്തത്. എന്നിട്ടും വാർത്താസമ്മേളനം നടത്തിയ ബി.ജെ.പി നേതാവിനോട് പറഞ്ഞതത്രയും സത്യവാങ്മൂലം ആയി സമർപ്പിക്കാനോ അല്ലെങ്കിൽ മാപ്പ് പറയാനോ ആവശ്യപ്പെട്ട് ഇന്നുവരെ ഒരു നോട്ടീസ് കമീഷൻ അയച്ചിട്ടില്ല. നേരിട്ടുള്ള വാർത്താസമ്മേളനത്തിലൂടെയോ അനൗദ്യോഗിക പ്രതികരണം വഴിയോ ബി.ജെ.പി നേതാവ് പറഞ്ഞതിനെ കമീഷൻ ഖണ്ഡിച്ചില്ല.
രാഹുൽ ഗാന്ധിക്ക് ‘അണുബോംബ് പൊട്ടിക്കാൻ’ ആവശ്യമായ ഡേറ്റ സമാഹരിക്കാൻ ആറുമാസത്തെ അത്യധ്വാനം നിരവധി കോൺഗ്രസ് പ്രവർത്തകർക്കും ഗവേഷകർക്കും വേണ്ടിവന്നുവെങ്കിൽ കേവലം മണിക്കൂറുകൾക്കുള്ളിൽ കിട്ടിയ ഡേറ്റയുമായാണ് അനുരാഗ് ഠാക്കൂർ വാർത്താസമ്മേളനം നടത്തിയത്. ബി.ജെ.പി നേതാവ് വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച തങ്ങളുടെ ഇലക്ട്രോണിക് ഡേറ്റ എവിടെ നിന്ന്, എങ്ങനെ കിട്ടിയെന്ന ഒരു ചോദ്യം പോലും കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
വോട്ട് ചോരി വിഷയം മുഖ്യ ചർച്ചയാക്കാതെ ഭരണകൂട ദാസ്യം പ്രകടിപ്പിക്കാൻ ശ്രമിച്ച വാർത്താചാനലുകളിൽ ചിലത് ജനങ്ങൾ ചോദ്യംചെയ്യാൻ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കാമറയുമായിറങ്ങി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് അനുരാഗ് ഠാക്കൂർ ഹാജരാക്കിയ തെളിവുകൾ വസ്തുതാപരമല്ലെന്ന് സാക്ഷികളെ നേരിൽ പോയി കണ്ട് ജനങ്ങളോട് പറഞ്ഞ മാധ്യമങ്ങളിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ സ്വന്തം ചാനലുമുണ്ട്.
ചോദ്യം കമീഷനോട് ഉത്തരം പറയുന്നത് ബി.ജെ.പി
തെരഞ്ഞെടുപ്പ് കമീഷനോട് രാഹുൽഗാന്ധിയും പ്രതിപക്ഷവും ചോദ്യങ്ങൾ ചോദിക്കുമ്പോഴെല്ലാം ബി.ജെ.പി നേതാക്കളാണ് പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് മറുപടി പറയുന്നത് എന്നതാണ് ഏറെ കൗതുകകരം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിഷ്പക്ഷമായി കാണുന്ന ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനം എന്ന നിലക്ക് ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷന് തന്നെയാണ്. ഗത്യന്തരമില്ലാതെ നടത്തിയ വാർത്താസമ്മേളനത്തിലും ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ പരാതിക്കാരനെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ചെയ്തത്.
രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളും അതിനാധാരമായ തെളിവുകളും കുറ്റാരോപിതർ കണ്ണടച്ച് നിഷേധിച്ചു. രണ്ട് കക്ഷികൾ തമ്മിലെ നിയമവിഹാരത്തിൽ പരാതിക്കാരൻ ഉന്നയിച്ച തെളിവുകൾ കുറ്റവാളി എന്ന് കരുതുന്ന ആൾ തന്നെ നിഷേധിച്ചാൽ ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അതിനെ മുഖവിലക്കെടുക്കാനാവുക?
കൃത്രിമം നടത്താൻ കൽപ്പിച്ചതാര്?
കേരളത്തിൽ കോൺഗ്രസ് 4.34 ലക്ഷം വ്യാജ വോട്ടുകൾ കണ്ടെത്തി അതിന്റെ തെളിവുകൾ ഒന്നടങ്കം ഹൈകോടതിയിൽ ഹാജരാക്കിയിട്ടും എങ്ങിനെ ആ വോട്ടുകൾ പട്ടികയിൽ വന്നുവെന്നന്വേഷിക്കുന്നതിന് പകരം പരാതിക്കിടയാക്കിയ രേഖകൾ ശേഖരിച്ചതന്വേഷിക്കാൻ ക്രിമിനൽ കേസ് എടുപ്പിക്കുകയാണ് കമീഷൻ ചെയ്തത്. അതുകൊണ്ട് കൂടിയാണ് സത്യവാങ്മൂലം നൽകൂ അല്ലെങ്കിൽ മാപ്പ് പറയൂ എന്ന കമീഷന്റെ കെണിയിൽ കുടുങ്ങാൻ കോൺഗ്രസ് കൂട്ടാക്കാത്തത്. അനുരാഗിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെടാതിരിക്കുന്നതിന് കാരണവും ബി.ജെ.പിയോടുള്ള അനുരാഗമാണെന്ന് കോൺഗ്രസ് പറയുന്നതും ഇതുകൊണ്ടാണ്.
ഏഴുവർഷം തടവ് ശിക്ഷയുള്ള കുറ്റകൃത്യമാണ് വോട്ടർ പട്ടികയിലെ കൃത്രിമം എന്നിരിക്കെ ഏതെങ്കിലും ബൂത്ത് തല ഓഫീസർമാർ അതിന് മുതിരുമോ എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മാധ്യമപ്രവർത്തകരോട് ചോദിച്ചത്. ആ ചോദ്യമാണ് വിഷയത്തിന്റെ മർമ്മവും. ബൂത്ത് തല ഓഫീസർമാർ മുകളിൽനിന്നുള്ള നിർദ്ദേശം കിട്ടാതെ ഇത്തരം ഒരു കുറ്റകൃത്യത്തിന് മുതിരില്ല. വ്യാജ വോട്ടുകളിൽ കമീഷൻ അന്വേഷണത്തിന്റെ വഴിയിലേക്ക് കടന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിച്ചാൽ ആരുടെ നിർദേശ പ്രകാരമാണ് വ്യാജ വോട്ടുകൾ ചേർത്തതെന്ന് അന്വേഷണ ഏജൻസികൾക്കും കോടതികൾക്കും മുമ്പാകെ ബൂത്ത് തല ഓഫീസർമാർക്ക് പറയേണ്ടിവരും. അപ്പോൾ പിന്നെ അന്വേഷണം താലൂക്ക് തലത്തിലുള്ള വോട്ട് രജിസ്ട്രേഷൻ ഓഫീസർമാർക്ക് നേരെയാകും നീളുക. തങ്ങൾക്കും മുകളിൽനിന്നാണ് അന്വേഷണം എന്ന് അവരും പറഞ്ഞാൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തന്നെയാണ് അന്വേഷണം നേരിടേണ്ടി വരിക. അതിനും മുകളിലാണ് നിർദേശം എന്ന് വരുമ്പോൾ ഒടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറിലേക്കും അന്വേഷണം നീളും.
രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ നിഷ്പക്ഷവും ഉത്തരവാദിത്തത്തോടെയും സാധ്യമാക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനം ഉത്തരവാദിത്വം നിർവഹിക്കാതെ കുറ്റവാളികൾ എന്ന് കരുതുന്നവരെ സംരക്ഷിക്കാൻ ഏതറ്റവും വരെ പോകുമ്പോൾ ഭരണഘടന അനുവദിക്കുന്ന കുറ്റ വിചാരണ നടത്തി പുറത്താക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഒരു ഭാഗത്ത് വോട്ട് കൊള്ളക്കെതിരെ 'വോട്ടർ അധികാർ യാത്ര'യിലൂടെ ജനങ്ങളിലേക്കിറങ്ങുകയും അതോടൊപ്പം തന്നെ കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്ന് തങ്ങൾ ആരോപിക്കുന്ന കമീഷനെ കുറ്റവിചാരണ നടത്താൻ നോക്കുകയുമാണ് പ്രതിപക്ഷ സഖ്യം. കമീഷനും ഭരണകക്ഷിയും കള്ളനും പൊലീസും കളിക്കുമ്പോൾ ഇതല്ലാതെ മറ്റെന്തു വഴി?.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.