രാഹുലിന്റെ വാക്കും കോൺഗ്രസിന്റെ പ്രവൃത്തിയും
text_fieldsഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സുപ്രിയ സുലെ, സഞ്ജയ് റാവത്ത് എന്നിവർ തെരഞ്ഞെടുപ്പ് കമീഷനെതിരെ വാർത്തസമ്മേളനം നടത്തിയപ്പോൾ
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘ഇൻഡ്യ’ കക്ഷികളായ എൻ.സി.പി (ശരദ് പവാർ വിഭാഗം), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവയുടെ നേതാക്കളായ സുപ്രിയ സുലെ, സഞ്ജയ് റാവത്ത് എന്നിവരെ കൂട്ടി ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ വാർത്തസമ്മേളനം നടത്തിയത്. ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനം വോട്ടർപട്ടികയാണെന്ന ഡോ. ബി.ആർ. അംബേദ്കർ വാക്യം ഉദ്ധരിച്ചും അതിൽ ക്രമക്കേട് നടന്നാൽ ജനാധിപത്യം അപകടത്തിലാകുമെന്ന് ഓർമിപ്പിച്ചുമായിരുന്നു മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുമായി സഖ്യകക്ഷി നേതാക്കളെ കൂട്ടിയുള്ള വാർത്തസമ്മേളനം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെുപ്പിനു ശേഷമുള്ള അഞ്ചു മാസ കാലയളവിൽ അസാധാരണമായ രീതിയിൽ മഹാരാഷ്ട്രയിൽ ചേർത്ത 39 ലക്ഷം വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും നൽകാൻ നാലഞ്ച് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന കമീഷന് മേൽ സമ്മർദം ചെലുത്താനായിരുന്നു ഇത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 9.54 കോടി പ്രായപൂർത്തിയായ പൗരരുള്ള മഹാരാഷ്ട്രയിൽ വോട്ടർപട്ടിക പ്രകാരം പ്രായപൂർത്തി വോട്ടവകാശമുള്ള 9.70 കോടി ആളുകൾ എങ്ങനെ ഉണ്ടായെന്ന് രാഹുൽ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കൂട്ടിച്ചേർത്ത ഈ വോട്ടുകളെല്ലാം ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും ചിഹ്നങ്ങളിൽ മാത്രം വീഴുകയും പ്രതിപക്ഷത്തിന്റെ വോട്ടുനില ലോക്സഭ തെരഞ്ഞെടുപ്പിലേതിന് സമാനമായി തുടരുകയും ചെയ്തത് യുക്തിസഹമല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ചോദിച്ച വിവരം കമീഷൻ ഇനിയും നൽകിയില്ലെങ്കിലെന്തുചെയ്യുമെന്ന ചോദ്യത്തിന് കോടതിയെ സമീപിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി.
സുപ്രിയ സുലെയും സഞ്ജയ് റാവത്തും തന്റെ ഇടത്തും വലത്തുമിരിക്കുന്നത് ചൂണ്ടി ഇൻഡ്യ സഖ്യത്തിലെ മുഴുവൻ ഘടകകക്ഷികൾക്ക് കൂടി വേണ്ടിയാണ് ഈ വാർത്തസമ്മേളനം നടത്തുന്നതെന്ന് രാഹുൽ പറഞ്ഞിരുന്നു. രാഹുലിനേക്കാൾ കടുത്ത ഭാഷയിൽ സംസാരിച്ച റാവത്ത് കേന്ദ്ര സർക്കാറിന്റെ അടിമയായി മാറിയതു കൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ രാഹുലിന്റെ ചോദ്യത്തിന് ഉത്തരം നൽകാത്തതെന്ന് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ കൂടുതലായി ചേർത്ത 39 ലക്ഷം വോട്ടുകളിൽ കുറച്ച് ഡൽഹിയിലും വന്നുവെന്നും ഇനിയത് ബിഹാറിലേക്കും യു.പിയിലേക്കും പോകുമെന്നും ഇങ്ങനെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ ജയിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
രണ്ടര മാസം മുമ്പ് നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിലെ ക്രമക്കേട് ഉന്നയിച്ച രാഹുൽ ഡൽഹിയെക്കുറിച്ച് ഒന്നും മിണ്ടാതിരുന്നപ്പോൾ സമാനമായ ക്രമക്കേട് ഡൽഹിയിലെ വോട്ടർപട്ടികയിലുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും മാധ്യമപ്രവർത്തകരിൽനിന്നുയർന്നു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വിപരീതമാകുന്ന തരത്തിൽ മഹാരാഷ്ട്രയിൽ ക്രമക്കേട് നടന്നെന്ന് പറയുന്ന രാഹുലിന് സ്വാഭാവികമായും അത്തരമൊരു നീക്കം ഡൽഹിയിൽ നടക്കുന്നില്ലെന്ന് പറയാനാവില്ലല്ലോ. അതിനാൽ ഡൽഹി വോട്ടർപട്ടികയിലെ ക്രമക്കേടിനെക്കുറിച്ചും അദ്ദേഹം എന്തെങ്കിലും പറയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അതിനെക്കുറിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് ഒന്നും പ്രതികരിച്ചില്ല. ഡൽഹിക്കാരനായ രാഹുലിന് പകരം അതിന് മറുപടി നൽകിയത് മഹാരാഷ്ട്രക്കാരനായ റാവത്ത് ആയിരുന്നു. ഡൽഹിയിലും വോട്ടുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അതു സംബന്ധിച്ച പരാതി കമീഷന് നൽകിയിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
2020 മുതൽ 2024 ലോക്സഭ തെരഞ്ഞെടുപ്പ് വരെയുള്ള നാലുവർഷംകൊണ്ട് നാലു ലക്ഷത്തിൽ പരം വോട്ടുകൾ വോട്ടർപട്ടികയിൽ പുതുതായി വന്ന ഡൽഹിയിൽ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള കേവലം ഏഴു മാസംകൊണ്ട് നാലു ലക്ഷത്തോളം വോട്ടുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തിൽ പുതുതായി വന്നു ചേർന്ന കണക്കുകൾ ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷിയായ ആം ആദ്മി പാർട്ടി ശേഖരിച്ചിട്ടുമുണ്ട്. അതിലുപരി മഹാരാഷ്ട്രയുടെ കാര്യത്തിൽ രാഹുൽ ഉന്നയിച്ചതുപോലുള്ള വോട്ടർപട്ടികയിൽനിന്നുള്ള വെട്ടിമാറ്റലും ഡൽഹിയിൽ നടന്നിട്ടുണ്ട്. അരവിന്ദ് കെജ്രിവാൾ 2020ൽ 21,517 വോട്ടിന് ജയിച്ച ന്യൂഡൽഹി മണ്ഡലത്തിൽനിന്ന് 39,757 വോട്ടർമാരെ നീക്കം ചെയ്തു. മണ്ഡലത്തിന്റെ ആകെ വോട്ടിന്റെ 27.2 ശതമാനം വരുമിത്. ഇത്രത്തോളം സ്ഥിതിവിവരക്കണക്ക് മുന്നിലുണ്ടായിട്ടും വോട്ടർപട്ടികയിലെ ക്രമക്കേട് മഹാരാഷ്ട്രയിലെന്ന പോലെ ഡൽഹിയിലും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് രാഹുൽ പറയാതിരുന്നത് എന്തുകൊണ്ടാണ്?
രണ്ടര മാസം മുമ്പ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച പ്രതിപക്ഷത്തെ തോൽപിച്ച സാഹചര്യങ്ങൾ വിലയിരുത്തിയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ വളരെ നേരത്തേ വോട്ടർപട്ടിക പരിശോധന നടത്തിയത്. തുടർന്ന് ബി.ജെ.പി വിരുദ്ധ വോട്ടുകൾ വൻതോതിൽ നീക്കം ചെയ്തതതായും പുതിയ ബി.ജെ.പി വോട്ടുകൾ വ്യാപകമായി കൂട്ടിച്ചേർത്തതായും മണ്ഡലംതോറുമുള്ള കണക്ക് വെച്ച് ആപ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ഇതു വലിയ വിവാദമാവുകയും ചെയ്തു. കമീഷൻ അതിൽ ഒരു നടപടിയുമെടുത്തില്ല. ഇതു കൂടാതെ പുതിയ വോട്ടുകൾ ചേർക്കാനുള്ള തങ്ങളുടെ അപേക്ഷകൾ തള്ളുകയും ബി.ജെ.പിയുടേത് മാത്രം സ്വീകരിക്കുകയും ചെയ്തത് ആപ് ചോദ്യം ചെയ്തിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടിയും കമീഷനും തമ്മിലാണെന്ന് തോന്നിക്കുന്ന തരത്തിൽ ഈ ഏറ്റുമുട്ടൽ മാറുകയും ചെയ്തു. എന്നിട്ടും ഡൽഹിയുടെ കാര്യം വന്നപ്പോൾ ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനമായി അംബേദ്കർ പറഞ്ഞതാണ് വോട്ടർപട്ടിക എന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും മറന്നു.
മഹാരാഷ്ട്രയുടെ കാര്യത്തിൽ കാണിച്ചതുപോലൊരു വികാരപ്രകടനം ഡൽഹിയുടെ കാര്യത്തിൽ കാണിച്ചാൽ അതിന്റെ സഹതാപവും ഗുണഫലവും അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും ലഭിക്കുമെന്നതായിരുന്നു അതിന് കാരണം. കെജ്രിവാളിനെ തോൽപിക്കുകയും ആപിനെ ഭരണത്തിൽ നിന്നിറക്കുകയും വേണമെന്ന ഡൽഹിയിലെ തങ്ങളുടെ ഏക അജണ്ടക്ക് വിഘ്നം നിൽക്കുന്ന ഒരു പ്രവർത്തനത്തിനും ഡൽഹിയിൽ കോൺഗ്രസ് തയാറല്ലായിരുന്നു. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിന്റെ ഇരയാണ് കെജ്രിവാൾ എന്ന ഇൻഡ്യ സഖ്യത്തിന്റെ നിലപാടിന് വിരുദ്ധമായി കെജ്രിവാൾ അഴിമതിക്കാരനും ജയിലിൽ പോകേണ്ടവനുമാണെന്നായിരുന്നല്ലോ രാഹുലിന്റെയും കോൺഗ്രസിന്റെയും ഡൽഹിയിലെ പ്രചാരണം. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ഉപയോഗിക്കുകയാണ് എന്ന് പറഞ്ഞ അതേ രാഹുലും കോൺഗ്രസും സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത ഡൽഹി കേസുകളെ ന്യായീകരിച്ചതും ആപിന്റെയും കെജ്രിവാളിന്റെയും തോൽവി ഉറപ്പിക്കാനായിരുന്നു. അതിനവരെ പ്രേരിപ്പിച്ചതാകട്ടെ, അന്തരിച്ച തങ്ങളുടെ നേതാവ് ഷീലാ ദീക്ഷിതിനെതിരെ അഴിമതി ആരോപണമുന്നയിച്ച് അവരെ ഭരണത്തിൽ നിന്നിറക്കിയതിന്റെയും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ കഥ കഴിച്ചതിന്റെയും പ്രതികാര ചിന്തയും.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആപിനെ താഴെയിറക്കി അധികാരത്തിലേറിയ ബി.ജെ.പിയേക്കാൾ ആഹ്ലാദം ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മുമ്പ് ബി.ജെ.പിക്കെതിരായ വോട്ടു ഭിന്നിപ്പിച്ച് പ്രതിപക്ഷത്തെ ദുർബലമാക്കിയതിന് ആം ആദ്മി പാർട്ടിയെ വിളിച്ച ‘ബി.ജെ.പിയുടെ ബി ടീം’ എന്ന പേര് തങ്ങളെ തിരികെ വിളിക്കുന്നതിലും കോൺഗ്രസ് നേതാക്കൾക്ക് വിഷമമില്ല. ഫലമറിഞ്ഞ ശേഷം നേരിട്ടു സംസാരിച്ച ഒരു ഡസനോളം മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെല്ലാം ഒരേ സ്വരവും വികാരവും. ഷീലാജിയോട് ചെയ്തതിന് കെജ്രിവാളിന് തിരിച്ചുകൊടുത്തെന്നാണ് ആദ്യപ്രതികരണം. ഡൽഹിയിൽ തങ്ങൾ മുഖ്യപ്രതിപക്ഷമാകുമെന്നും പഞ്ചാബിൽ അടുത്തതവണ ഭരണം തിരിച്ചുപിടിക്കുമെന്നുമാണ് അടുത്തശ്വാസത്തിൽ പറയുന്നത്. ഡൽഹിയുടെ കാര്യത്തിൽ ആപിനോടും കെജ്രിവാളിനോടുമുള്ള ഈ പ്രതികാരദാഹത്തിൽ കവിഞ്ഞ് ഒന്നും കോൺഗ്രസിന്റെ പരിഗണനാവിഷയമല്ല. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണമോ വോട്ടർപട്ടികയുടെ പരിപാവനതയോ ഒന്നും ഡൽഹിക്ക് ബാധകവുമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.