എസ്.ഐ.ആർ: വേഷംമാറിയെത്തുന്ന പൗരത്വ പരിശോധന
text_fieldsകേരളമടക്കം രാജ്യമൊട്ടാകെ ദേശീയ പൗരത്വ പട്ടിക (നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വേളയിലാണ് ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നത് റിപ്പോർട്ട് ചെയ്യാൻ രണ്ടു തവണയായി അസമിലേക്ക് പോയത്. രാജ്യത്ത് ആദ്യമായി 1951ൽ പൗരത്വ പട്ടിക തയാറാക്കിയതും അസമിലായിരുന്നു. അസമീസ് ഭാഷ സംസാരിക്കുന്നവരും ബംഗാളി ഭാഷ സംസാരിക്കുന്നവരും തമ്മിലെ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിനിടയിൽ ‘സംശയാസ്പദ പൗരന്മാരെ’ പുറന്തള്ളാനുള്ള പ്രക്രിയയായിരുന്നു അത്. 1951ലെ സെൻസസിൽ അസമിൽ ഉൾപ്പെട്ടവരെയെല്ലാം അന്നത്തെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനുശേഷം ഇന്ത്യയുടെ കാർമികത്വത്തിൽ അരങ്ങേറിയ ബംഗ്ലാദേശ് രൂപവത്കരണത്തെ തുടർന്നുണ്ടായ ബംഗാളി ഭാഷ സംസാരിക്കുന്നവരുടെ കുടിയേറ്റം അംഗീകരിച്ച്, 1971 മാർച്ച് 24 വരെ അസമിൽ പ്രവേശിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണെന്ന നിയമ ഭേദഗതി കൊണ്ടുവന്നു. അത് കട്ട് ഓഫ് തീയതിയായി പ്രഖ്യാപിച്ചായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അസമിലെ എൻ.ആർ.സി.
പൗരത്വ രേഖയായി മാറുന്ന വോട്ടർ പട്ടിക
അസമിലേത് പോലുള്ള സാഹചര്യങ്ങളും സാമൂഹിക സംഘർഷങ്ങളും ഒന്നും ഇല്ലാതിരുന്നിട്ടും എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്നാണ് വർഷങ്ങൾക്കുമുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ‘ക്രോണോളജി മനസ്സിലാക്കൂ’ എന്ന പൗരത്വ ഭേദഗതി നിയമ കാലത്തെ അമിത് ഷായുടെ വിഖ്യാത പ്രസ്താവന ഏറെ വിവാദമായതാണ്. പൗരത്വ ഭേദഗതി നിയമം ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള ചവിട്ടുപടിയാണ് എന്ന നിലയിലായിരുന്നു രാജ്യമൊട്ടുക്കും പടർന്നു പിടിച്ച പൗരത്വ പ്രക്ഷോഭത്തിലേക്ക് വഴിതെളിച്ചതും. അസമിലെ പൗരത്വ പട്ടിക സുപ്രീംകോടതിയിൽ അറ്റമില്ലാത്ത നിയമ യുദ്ധങ്ങൾക്ക് വഴിയൊരുക്കുകയും അതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉയർന്നുവരുകയും ചെയ്തതോടെ രാജ്യമൊട്ടുക്കും എൻ.ആർ.സി എന്ന തങ്ങളുടെ അജണ്ട നടപ്പാക്കാൻ ബി.ജെ.പി സർക്കാർ കണ്ടെത്തിയ ഉപായമാണ് എസ്.ഐ.ആർ. അസമിൽ എൻ.ആർ.സിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ കൊണ്ടുതന്നെ പൗരത്വ പരിശോധന നടത്തി തങ്ങൾക്കിഷ്ടമില്ലാത്തവരുടെ പൗരത്വം നിഷേധിക്കുന്നതിനുള്ള നടപടിയാണിത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിക്കഴിഞ്ഞ രാജ്യത്ത് ഇനി പൗരത്വ പട്ടിക തയാറാക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. അസമിലെ പൗരത്വ പട്ടികയുടെയും അടിസ്ഥാനം വോട്ടർ പട്ടിക ആയിരുന്നു എന്ന് ഓർക്കണം. 1971ലെ വോട്ടർ പട്ടികയിൽ പേരുള്ളവരെല്ലാം അസമിൽ ഇന്ത്യൻ പൗരന്മാരായി ഗണിക്കപ്പെട്ടു. പൗരത്വത്തിനുള്ള അടിസ്ഥാന രേഖയായി ആ വോട്ടർപട്ടിക മാറി. തങ്ങളുടെ മുൻഗാമികളുടെ പേർ 1971ലെ വോട്ടർ പട്ടികയിൽ ഇല്ലാത്തവരെല്ലാം പൗരത്വം തെളിയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടിവന്നു.
കേരളത്തിലും ഇനി സംശയാസ്പദ വോട്ടർ
സംശയാസ്പദ വോട്ടർ (doubtfull voter) എന്ന ഒരു പ്രത്യേക വിഭാഗം വോട്ടർമാർ തന്നെ പൗരത്വ തർക്കത്തെ തുടർന്ന് അസമിൽ ഉടലെടുത്തു. പട്ടികയിൽ പേരുണ്ടെങ്കിലും വോട്ടവകാശം ഇല്ലാത്തവരായി അവർ മാറി. സംശയാസ്പദ വോട്ടർമാർക്കെല്ലാം തങ്ങളുടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത വന്നുചേർന്നു. എന്നാൽ, എസ്.ഐ.ആറിൽ കാര്യങ്ങൾ കുറെ കൂടി ഭീതിദമാണ്. കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കുമ്പോൾ 2002ലെ വോട്ടർ പട്ടികയാണ് അടിസ്ഥാന പൗരത്വ രേഖയായി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നത്തെ പട്ടികയിൽ പേരില്ലാത്തവരെല്ലാം അസമിൽ പൗരത്വ പട്ടിക കാലത്ത് ചെയ്തതുപോലെ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്നതിന് ആവശ്യപ്പെട്ട 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേണ്ടിവരും. സമർപ്പിച്ചില്ലെങ്കിൽ പട്ടികയിൽ നിന്ന് പുറത്താക്കും.
വോട്ടവകാശമല്ല, നേടുന്നത് പൗരത്വം
വോട്ടവകാശമല്ല, എല്ലാവരുടെയും പൗരത്വമാണ് എസ്.ഐ.ആറിലൂടെ സ്ഥാപിക്കപ്പെടുന്നത് എന്ന് വ്യക്തം. അതുകൊണ്ടാണല്ലോ പൗരത്വം തെളിയിക്കാനുള്ള രേഖകൾ ചോദിക്കുന്നത്. അതിന് അസമിൽ നാലുവർഷം സമയമുണ്ടായിരുന്നുവെങ്കിൽ കേരളത്തിൽ കേവലം മൂന്ന് മാസമേയുള്ളൂ. 2002ലെ വോട്ടർ പട്ടിക പരിശോധനക്കായി കമീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നു (https://www.ceo.kerala.gov.in/electoral-roll-sir-2002). ഇത് തുറന്നുനോക്കി കേരളത്തിലെ ഓരോ വോട്ടറും അതിൽ തങ്ങളുടെയോ തങ്ങളുടെ മാതാപിതാക്കളുടെയോ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെ പേരില്ലാത്തവരെല്ലാം സംശയാസ്പദ വോട്ടർമാരായി അവശേഷിക്കും. കമീഷൻ ആവശ്യപ്പെട്ട രേഖകളിൽ ഒന്ന് കാണിച്ചുകൊടുക്കുന്നതുവരെ അവർക്ക് വോട്ടവകാശം ലഭിക്കുകയില്ല. 2002ലെ വോട്ടർപട്ടികയിൽ തങ്ങളുടെയോ മാതാപിതാക്കളുടെയോ പേരുള്ളവരും ഇല്ലാത്തവരും പ്രത്യേക ഫോം പൂരിപ്പിച്ച് വോട്ടർ ആകാനുള്ള അപേക്ഷ ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ)ക്ക് സമർപ്പിക്കണം. ഒരാൾ ഇന്ത്യൻ പൗരൻ ആണോ അല്ലേ എന്ന് നോക്കി വോട്ടർപട്ടികയിൽ ചേർക്കാനും ചേർക്കാതിരിക്കാനുമുള്ള വിവേചനാധികാരം ഓരോ ബൂത്തിലെയും ബിഎൽ.ഒമാരിലും അവർ നൽകിയ അപേക്ഷകൾ പരിഗണിക്കുന്ന ഓരോ നിയമസഭാ മണ്ഡലത്തിലെയും ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ)മാരിലും എ.ഇ.ആർ.ഒ (അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ)മാരിലും വന്നുചേർന്നിരിക്കുന്നു.
പൗരത്വം തീരുമാനിക്കുന്നത് ബി.എൽ.ഒയും ഇ.ആർ.ഒയും
ഫലത്തിൽ ബിഎൽ.ഒമാരും ഇ.ആർ.ഒമാരും എ.ഇ.ആർ.ഒമാരും പൗരത്വം നിർണയിക്കുന്ന സാഹചര്യം എസ്.ഐ.ആർ സംജാതമാക്കിയിരിക്കുന്നു. അവരുടെ തീരുമാനത്തിൽ പരാതിയുള്ളവർ അപ്പീലുമായി ജില്ല കലക്ടറെയും തുടർന്നും പരാതിയുള്ളവർ അപ്പീലുമായി തിരുവനന്തപുരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെയും സമീപിച്ച് വിചാരണക്ക് വിധേയനാകണം. അവരും തള്ളിയാൽ മുന്നിലുള്ള വഴിയടഞ്ഞു. ഓൺലൈൻ ആയോ നേരിട്ടോ നൽകുന്ന അപേക്ഷ പരിശോധിക്കാൻ മൂന്നുതവണയെങ്കിലും ഓരോ ബൂത്തിലെയും 1200 വരെയുള്ള വോട്ടർമാരെ തേടി ഒരു മാസത്തിനുള്ളിൽ മൂന്നുതവണ ബി.എൽ.ഒമാർ വീടുകളിൽ എത്തുമെന്നാണ് കമീഷന്റെ അവകാശവാദം. എന്നാൽ, അങ്ങനെ എത്തിയിട്ടില്ലെന്നും ബി.എൽ.ഒമാർ തങ്ങൾക്കിഷ്ടമുള്ള തരത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് നൽകുകയായിരുന്നുവെന്നുമാണ് 68.66 ലക്ഷം പേരെ വെട്ടിമാറ്റിയ ബിഹാർ നമുക്ക് നൽകുന്ന പാഠം. അതുകൊണ്ടാണ് മരിച്ചവരായി കമീഷൻ രേഖപ്പെടുത്തിയ വോട്ടർമാരെ പ്രമുഖ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് സുപ്രീംകോടതിയിൽ ഹാജരാക്കിയത്.
കമീഷനെ കൊണ്ട് പൗരത്വം പരിശോധിക്കുന്ന വിക്രിയ
പാർലമെന്റിൽ നിയമ നിർമാണം നടത്തി നരേന്ദ്ര മോദി സർക്കാറിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെയുണ്ടാക്കിയത് എന്തിനായിരുന്നുവെന്ന് വ്യക്തമാവുകയാണ്. അന്ന് അസമിൽ പൗരത്വം തെളിയിക്കാൻ എൻ.ആർ.സി ആവശ്യപ്പെട്ട രേഖകളാണ് ഇപ്പോൾ വോട്ടർപട്ടിക പുതുക്കാൻ കമീഷൻ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാത്രം അധികാരമുള്ള പൗരത്വ പരിശോധന നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ല എന്നതാണ് സുപ്രീംകോടതിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറിനെതിരായ കേസിലെ മർമപ്രധാനമായ വശം. ഭരണഘടനയുടെ 324ാം അനുച്ഛേദം നീതിപൂർവകമായി തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരമാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ വോട്ടവകാശം 18 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരനാണ് എന്ന വ്യവസ്ഥ ഉപയോഗിച്ച് പൗരത്വം പരിശോധിക്കാൻ അതിന്റെ രേഖകൾ ചോദിക്കാനും തങ്ങൾക്കും അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുക്കുകയാണ് എസ്.ഐ.ആറിലൂടെ കമീഷൻ ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പണി കമീഷൻ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കേസിലെ സുപ്രധാന വിഷയത്തിൽ സുപ്രീംകോടതി ഇനിയും വാദം കേട്ടു തുടങ്ങിയിട്ടില്ല. അതിനിടയിലാണ് 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി എസ്.ഐ.ആർ പ്രഖ്യാപിച്ചിരിക്കുന്നത്.
കോടതിയെ വെല്ലുന്ന തെരഞ്ഞെടുപ്പ് കമീഷൻ
രാജ്യത്തെ മുഴുവൻ വോട്ടർമാരെയും സംശയാസ്പദ വോട്ടർമാരായി പ്രഖ്യാപിച്ച് നിലവിലുള്ള വോട്ടർപട്ടിക മരവിപ്പിച്ച്, വോട്ടവകാശം നേടിയെടുക്കേണ്ട ബാധ്യത പൗരരുടെ ചുമലിലാക്കുന്ന എസ്.ഐ.ആർ പ്രക്രിയയുടെ ഭരണഘടനാഭേദഗതി സംബന്ധിച്ച ഹരജി സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോഴാണ് കോടതിയുടെ അധികാരപരിധിയും മറികടന്നുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജ്യവ്യാപക എസ്.ഐ.ആർ പ്രഖ്യാപനം. ഈ പ്രക്രിയ തന്നെ ഭരണഘടനാപരമായി സാധുവാണോ എന്ന് മർമപ്രധാനമായ ചോദ്യമാണ് കോടതിക്ക് മുന്നിലുള്ളത്. ഇതുവരെ കോടതി പരിഗണിച്ചു കൊണ്ടിരുന്നതെല്ലാം ബിഹാറിലെ എസ്.ഐ.ആർ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും അതിന്റെ പ്രായോഗികമായ പരിഹാര മാർഗങ്ങളും മാത്രമായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്നത് കേന്ദ്ര സർക്കാറിന്റെ അജണ്ടയായതിനാൽ അതിനപ്പുറം സുപ്രീംകോടതി ഒന്നും വിധിക്കില്ലെന്ന അതിരുകവിഞ്ഞ ആത്മവിശ്വാസമാണ് കോടതിയുടെ പരിഗണനയിൽ കിടക്കുന്ന ഒരു വിഷയത്തിൽ ഏകപക്ഷീയമായ പ്രഖ്യാപനവുമായി മുന്നോട്ടു പോകാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് ധൈര്യം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

