Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightപാതിരാവിൽ ഉറങ്ങാത്തവർ

പാതിരാവിൽ ഉറങ്ങാത്തവർ

text_fields
bookmark_border
പാതിരാവിൽ ഉറങ്ങാത്തവർ
cancel

ഏപ്രിൽ മൂന്നിന് പുലരുവോളം നീണ്ട ചർച്ചയും വോട്ടെടുപ്പും കഴിഞ്ഞ് അന്നുതന്നെ രാജ്യസഭയിൽ എത്തിയ വഖഫ് ബില്ലിൽ ഉച്ചക്ക് തുടങ്ങിയ ചർച്ച പാതിരാവിലും മുന്നോട്ടുപോവുകയാണ്. പാർലമെന്റ് ഇടനാഴികളിൽ ഉലാത്തിയും കാന്റീനിൽ പോയിരുന്നും ഉറക്കച്ചടവ് മാറ്റാൻ എം.പിമാർ പാടുപെടുന്നു. വിപ്പുള്ളതിനാൽ വോട്ടെടുപ്പ് തീരാതെ ഭരണ-പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നാർക്കും ഉറങ്ങാൻ പോകാനാവില്ല. അനുകൂലവും പ്രതികൂലവുമായി വീഴുന്ന ഓരോ വോട്ടും പാർട്ടികൾക്കും മുന്നണികൾക്കും രാഷ്ട്രീയമായി നിർണായകമായിരുന്നു.

രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നവർ

പുലർച്ച ഒരു മണിക്ക് സഹപ്രവർത്തകർക്കൊപ്പം കാന്റീനിലേക്കു പോവുകയായിരുന്ന രൺദീപ് സുർജെവാലയോട് വോട്ടെടുപ്പിന് ഇനിയുമെത്ര നേരമെടുക്കുമെന്ന് ചോദിച്ചു. എല്ലാ മനുഷ്യരും കിടന്നുറങ്ങാറുള്ള പാതിരാത്രികളിൽ ഉണർന്നിരിക്കാറുള്ളത് അധോലോക ഗുണ്ടകളല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ എടുത്തടിച്ച മറുപടി. എല്ലാവരും കിടന്നുറങ്ങുന്ന നേരത്താണല്ലോ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഈ സർക്കാറിന്റെ മിക്ക നടപടികളുമെന്ന് അദ്ദേഹത്തെ ശരിവെച്ചായിരുന്നു തുടർന്ന് മാധ്യമ പ്രവർത്തകർക്കിടയിലുണ്ടായ സംസാരവും.

പിറ്റേന്നും നടത്താവുന്ന ഒരു ചർച്ചയും വോട്ടെടുപ്പും ഇങ്ങനെ ഉറക്കമിളച്ചിരുന്ന് നടത്താൻ മാത്രം അടിയന്തര സ്വഭാവമെന്താണ് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ കാര്യത്തിലെന്നുകൂടി ചോദിച്ച് സുർജെവാല കടന്നുപോയി. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ മനുഷ്യരെല്ലാം കിടന്നുറങ്ങുന്ന നേരത്ത് രാജ്യത്തിന്റെ ഉറക്കം കെടുത്തി നരേന്ദ്ര മോദി സർക്കാർ

നടപ്പാക്കിയ തീരുമാനങ്ങളും നടത്തിയ നിയമനങ്ങളും ഇറക്കിയ വിജ്ഞാപനങ്ങളുമെടുത്തുനോക്കൂ. സി.ബി.ഐ ഡയറക്ടറുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും നിയമനം നടത്താൻ പോലും പാതിരാത്രിയാകാൻ കാത്തിരിക്കുന്ന ഒരു സർക്കാറിനെ കാണാം. രാത്രി ഉറക്കമിളച്ചിരുന്ന് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ക്രൂരമായ തമാശ മാത്രമല്ല ഇത്.

നടപ്പാക്കിക്കഴിഞ്ഞ ശേഷം ജനമറിഞ്ഞാൽ മതിയെന്ന് ആലോചിച്ചുറപ്പിച്ചെടുക്കുന്ന ഒരു തീരുമാനമാണ്. അപ്പോഴേക്കും ചാനലുകൾ ചർച്ച നിർത്തി ആങ്കറുമാർ ഉറങ്ങാൻ കിടന്നിട്ടുണ്ടാകും. പത്രങ്ങളുടെ ഭൂരിഭാഗം എഡിഷനുകളും അച്ചടിച്ചുതീർന്നിട്ടുമുണ്ടാകും. കോടതികൾ തുറന്ന് വ്യവഹാരങ്ങളിലേക്ക് കടക്കും മുമ്പെ അത് പ്രാബല്യത്തിലായിക്കഴിഞ്ഞ ഒരു സർക്കാർ തീരുമാനമായി മാറിയിട്ടുണ്ടാകും. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ നടപ്പിലായിക്കഴിഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ സ്റ്റേ ചെയ്യുകയെന്നത് കടന്ന കൈയായിട്ടേ സുപ്രീം കോടതി കാണുന്നുള്ളൂ. ജനമാകട്ടെ, ഉറക്കമെഴുന്നേറ്റ് തങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് കടക്കുന്നതുതന്നെ അതിനകം നടപ്പിലായ ആ തീരുമാനത്തിലേക്കാവും.

പതിവുതെറ്റിക്കാതെ ഇതേ വഖഫ് ബില്ലിൽ രാഷ്ട്രപതി മേലൊപ്പ് ചാർത്തി വിജ്ഞാപനം ഇറക്കാനും പാതിരാത്രി വരെ സർക്കാർ കാത്തുനിന്നു.

ഉറക്കമിളച്ചിരുന്ന് ചെറുത്തുനിന്നവർ

അധോലോകം പോലെ സർക്കാർ പ്രവർത്തിച്ചു തുടങ്ങിയാൽ അതിനെ ഉറക്കമിളച്ചിരുന്ന് ചെറുത്തുനിൽക്കാനുള്ള വീര്യം തങ്ങൾക്കുണ്ടെന്ന് പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ വഖഫ് ബില്ലിൽ കാണിച്ചുകൊടുത്തു.

ഇൻഡ്യ മുന്നണിയിലെ ഓരോ പാർട്ടിയും തെരഞ്ഞെടുത്ത നേതാക്കൾ ഒന്ന് മറ്റൊന്നിനോട് കിടപിടിക്കുന്ന തരത്തിൽ വഖഫ് വിഷയം പഠിച്ചുവന്നവരായിരുന്നു. ബിൽ അവതരിപ്പിച്ച ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവും അതിന്റെ രക്ഷാകർതൃത്വവുമായി എഴുന്നേറ്റ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞ കള്ളങ്ങളും ഉയർത്തിയ വ്യാജ വാദങ്ങളും തുറന്നുകാട്ടി പാതിരാത്രിയും പ്രതിപക്ഷ എം.പിമാർ നടത്തിയ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. വിവാഹ മോചനം നടത്തുന്ന മുസ്‍ലിംകളെ ക്രിമിനലുകളാക്കി ജയിലുകളിലടക്കാൻ കൊണ്ടുവന്ന മുത്തലാഖ് നിയമത്തിലൂടെ നരേന്ദ്ര മോദി വിവാഹമോചിതരായ മുസ്‍ലിം സ്ത്രീകളുടെ മോചകനായെന്ന നരേറ്റിവ് പോലൊന്ന് വഖഫിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തിൽ സർക്കാർ നടത്തിയ നീക്കം പ്രതിപക്ഷ എം.പിമാർ കൃത്യമായി പൊളിച്ചടുക്കി. വഖഫ് സ്വത്ത് മത വിശ്വാസവുമായി ബന്ധപ്പെട്ടതല്ല എന്നുപറഞ്ഞ റിജിജുവിനെ വഖഫിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത ന്യൂനപക്ഷ മന്ത്രി എന്നുപറഞ്ഞ് പ്രഗത്ഭ നിയമജ്ഞരും തലമുതിർന്ന പാർലമെന്റേറിയന്മാരുമായ കപിൽ സിബലും അഭിഷേക് മനു സിങ്‍വിയും നാണം കെടുത്തി.

പ്രതിപക്ഷ ജാഗ്രതയുടെ ജയം

എന്തുവില കൊടുത്തും വഖഫിൽ കൈവെക്കുമെന്നും അത് എളുപ്പത്തിൽ സാധിക്കുമെന്നും വിശ്വസിച്ചുറപ്പിച്ച സർക്കാറിനെ ആദ്യാവസാനം മുൾമുനയിൽ നിർത്താൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്നതാണ് വഖഫ് ബിൽ ചർച്ചയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

രാജ്യത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു നിയമ നിർമാണത്തെ ഇടയിലൊരു ‘ഗ്രേ’ ഏരിയക്കും സ്കോപ്പുമില്ലാതെ ഇൻഡ്യ സഖ്യം ‘ബ്ലാക്ക് ആൻഡ് വൈറ്റി’ൽ അവതരിപ്പിച്ചതോടെ അപ്രതീക്ഷിതമായ ചില വോട്ടുകളും ബില്ലിനെതിരായി വീണു. വഖഫ് മുസ്‍ലിംകളുടെ എം.പിമാരുടെയും പാർട്ടികളുടെയും മാത്രം വിഷയമല്ലെന്നും രാജ്യത്തെ നീതിബോധമുള്ള പൗരജനങ്ങളുടെ പൊതു വിഷയമാണെന്നും പ്രതിപക്ഷം സ്ഥാപിച്ചതോടെ ബി.ജെ.പിയുമായി സഖ്യചർച്ച നടത്തുന്ന തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ എം.പിമാർ പോലും ബില്ലിനെ എതിർത്ത് വോട്ടിട്ടു.

മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ച് ബി.ജെ.പിയെ സഹായിക്കാൻ തുനിഞ്ഞ നേതാവ് സസ്മിത് പത്രയെ തള്ളി ഒഡിഷയിലെ ബി.ജെ.ഡി എം.പിമാരും ബില്ലിനെതിരെ നിന്നു. പ്രതിപക്ഷം കണക്കുകൂട്ടിയതിനുമപ്പുറത്തായി ഇരുസഭകളിലും ബില്ലിനെതിരെ വോട്ടുകൾ. അതിന്റെ പൊട്ടലും ചീറ്റലുമാണ് എൻ.ഡി.എ ഘടകകക്ഷികളായ ജനതാദൾ യുവിലും രാഷ്ട്രീയ ലോക്ദളിലും കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf lawWaqf Amendment Bill
News Summary - Waqf Amendment Bill: Those who don't sleep at midnight
Next Story