സ്നേഹബന്ധങ്ങളും ചിട്ടകളും
text_fieldsകാലപ്രവാഹം ഓരോ വ്യക്തിയിലും ഓരോ തരത്തിലാണ് സ്വാധീനം ചെലുത്തുന്നത്. ചിലർ സെക്കൻഡുകളുടെ കണക്കുപുസ്തകവുമായി ജീവിക്കുമ്പോൾ മറ്റുചിലർ കാലത്തിന്റെ ഒഴുക്കിന് സ്വയംവിട്ടുകൊടുക്കുന്നു. ജീവിതത്തെ ഒരു ക്ലോക്കിന്റെ കൃത്യതയോടെ കാണുന്നവരുണ്ട്. അത്തരം ഒരു സുഹൃത്തിന്‍റെ കഥ ആദ്യം പറയാം.
സൂര്യോദയത്തിനു മുമ്പേ ഉണർന്ന്, പ്രഭാതകൃത്യങ്ങൾ മുതൽ ഔദ്യോഗിക കാര്യങ്ങൾ വരെയുള്ള ഓരോ ചലനവും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നീക്കുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതം എന്നത്, അദ്ദേഹത്തിന് പ്രോഗ്രാം ചെയ്ത സോഫ്റ്റ്‌വെയർ പോലെയാണ്. ഭക്ഷണത്തിനായാലും ഔദ്യോഗിക ചർച്ചകൾക്കായാലും നിശ്ചയിച്ച സമയം അണുവിട തെറ്റില്ല. എന്നാൽ, കൃത്യനിഷ്ഠയോടുള്ള അഭിനിവേശം പലപ്പോഴും അദ്ദേഹത്തെ ഒരു തടവുകാരനെപ്പോലെയാക്കി. അതെങ്ങനെയെന്നല്ലേ? ഉദാഹരണത്തിന്, മുൻകൂട്ടി അറിയിക്കുകയോ നിശ്ചയിക്കുകയോ ചെയ്യാതെ ഒരു സുഹൃത്തോ ബന്ധുവോ അതെത്ര അടുപ്പമുള്ളയാളാണെങ്കിലും ശരി, അപ്രതീക്ഷിതമായി കടന്നുവന്നാൽ, അത് അദ്ദേഹത്തിൽ വലിയ മാനസിക സംഘർഷമുണ്ടാക്കും.
എത്ര പാടുപെട്ട് നിയന്ത്രിക്കാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ പരുഷമായ പെരുമാറ്റത്തിലൂടെ ആ അസ്വസ്ഥതയും അതൃപ്തിയും പ്രകടമാവുകയും ചെയ്യും. ‘‘എന്റെ ഇന്നത്തെ ഷെഡ്യൂളിൽ അവർ ഉണ്ടായിരുന്നില്ല’’ എന്ന് പറയുന്നതിലൂടെ അദ്ദേഹം തന്‍റെ സാമൂഹികബന്ധങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്. കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും, സ്നേഹവും പരിഗണനയും നഷ്ടപ്പെട്ട ആ ജീവിതം യന്ത്രസമാനമായി മാറുന്നു. തന്റെ കണക്കുകൾക്ക് പുറത്തുള്ള ഒരു ലോകത്താണ് മറ്റുള്ളവർ ജീവിക്കുന്നതെന്ന സത്യം ഇക്കൂട്ടർ പലപ്പോഴും വിസ്മരിക്കുന്നു.മറ്റൊരു സുഹൃത്ത് ഇതിന് നേർവിപരീത പ്രകൃതക്കാരനാണ്.
വൈകി ഉണർന്ന്, ഓരോ കാര്യത്തിനും വേണ്ടതിലധികം സമയം ചെലവാക്കി, അലസനെന്ന് മുദ്രകുത്തപ്പെട്ട ആൾ. രാവിലെ ചായകുടിയും പത്രവായനയുമായി മണിക്കൂറുകൾ ചെലവഴിച്ച് അദ്ദേഹം തന്‍റെ ഔദ്യോഗിക കൃത്യങ്ങൾ തുടങ്ങുമ്പോഴേക്കും 11 മണി ആകും. കാണാൻ വരുന്നവരോട് മണിക്കൂറുകളോളം വർത്തമാനം പറഞ്ഞിരിക്കാനും മറ്റുള്ളവർക്കൊപ്പം ലക്ഷ്യമില്ലാതെ അലയാനും യാതൊരു മടിയുമില്ല. ഇന്ന് തന്നെ ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുമ്പോൾ ‘‘ആഹ്, അത് നമുക്ക് മെല്ലെ ചെയ്യാം’’ എന്നാകും മറുപടി.
ഇത്തരക്കാർ ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് തീർക്കാത്തത് മറ്റുള്ളവരുടെ ജീവിതത്തെക്കൂടി പ്രതിസന്ധിയിലാക്കുന്നു. ഇവിടെ വ്യക്തി ബന്ധങ്ങളുടെ സൗരഭ്യം നിലനിൽക്കുന്നുണ്ടെങ്കിലും ജീവിതത്തിന് ഒരു ലക്ഷ്യബോധമില്ലാതെ പോകുന്നു. യഥാർഥത്തിൽ ഈ രണ്ടു രീതികൾക്കും ഇടയിലുള്ള ഒരു സന്തുലിതപാതയാണ് ജീവിതവിജയത്തിന് ആധാരം. എന്നാൽ, ആ ചിട്ട മനുഷ്യബന്ധങ്ങളെ തകർക്കുന്നതാകരുത്. ആവശ്യമുള്ള കാര്യങ്ങൾക്ക് കൃത്യമായ പ്ലാനിങ് വേണം. അതേസമയംതന്നെ ജീവിതത്തിലെ അപ്രതീക്ഷിത നിമിഷങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലതയും മനസ്സിനുണ്ടാകണം.
ജീവിതം എപ്പോഴും ലാഭനഷ്ടങ്ങളുടെ മാത്രം കണക്കല്ല. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുമെന്ന ശുഭാപ്തിവിശ്വാസവും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മനസ്സുമുണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് ആന്തരികമായ തൃപ്തി കണ്ടെത്താൻ കഴിയൂ. അനാവശ്യ ഉത്കണ്ഠകളില്ലാതെ, ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചുകൊണ്ടുതന്നെ, സ്നേഹബന്ധങ്ങൾക്കായി സമയം മാറ്റിവെക്കുന്നവരാണ് യഥാർഥത്തിൽ ജീവിതത്തെ വിജയിപ്പിക്കുന്നത്. ഇത്തരമൊരു സന്തുലിത കാഴ്ചപ്പാടിലൂടെ മാത്രമേ സജീവവും സംതൃപ്തവുമായ ഒരു സാമൂഹികജീവിതം കെട്ടിപ്പടുക്കാൻ സാധിക്കൂ.
ശാസ്ത്രജ്ഞൻ, ചിന്തകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം വിഖ്യാതനായ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പറയുന്നു:
കാര്യങ്ങൾ ആസൂത്രണം ചെയ്യാനായി നാം ചെലവിടുന്ന ഒരു നിമിഷം ജീവിതത്തിൽ നമുക്ക് ഒരു മണിക്കൂർ നേടിത്തരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

