കോപാഗ്നിയിൽ വെന്തെരിഞ്ഞവർ
text_fields
നമുക്ക് ചുറ്റും നോക്കിയാൽ ധാരാളം കാണാവുന്ന ഒരു വിഭാഗമുണ്ട് - ക്ഷിപ്രകോപികൾ. ഒരു നിമിഷം മതി, ശാന്തമായൊഴുകുന്ന പുഴ പെട്ടെന്നൊരു മലവെള്ളപ്പാച്ചിലായി മാറാൻ. വാക്കുകൾക്ക് കടുപ്പം കൂടുന്നതിനനുസരിച്ച് ശരീരം വരിഞ്ഞുമുറുകും, ശിരസ്സ് മുതൽ കാൽപാദം വരെ ഒരു അഗ്നികുണ്ഠമായി ജ്വലിക്കും. ആ നാടകീയ രംഗം അവസാനിക്കുമ്പോൾ, തീ കെട്ടടങ്ങിയപോലെ, അവർ തളർന്ന് ഒരു കോണിൽ ചെന്നിരിക്കും. കുടിക്കാൻ വെള്ളം ചോദിക്കും! അവർ വിചാരിക്കുന്നുണ്ടാകാം, ദേഷ്യത്തിന്റെ കടുപ്പമാണ്...
നമുക്ക് ചുറ്റും നോക്കിയാൽ ധാരാളം കാണാവുന്ന ഒരു വിഭാഗമുണ്ട് - ക്ഷിപ്രകോപികൾ. ഒരു നിമിഷം മതി, ശാന്തമായൊഴുകുന്ന പുഴ പെട്ടെന്നൊരു മലവെള്ളപ്പാച്ചിലായി മാറാൻ. വാക്കുകൾക്ക് കടുപ്പം കൂടുന്നതിനനുസരിച്ച് ശരീരം വരിഞ്ഞുമുറുകും, ശിരസ്സ് മുതൽ കാൽപാദം വരെ ഒരു അഗ്നികുണ്ഠമായി ജ്വലിക്കും. ആ നാടകീയ രംഗം അവസാനിക്കുമ്പോൾ, തീ കെട്ടടങ്ങിയപോലെ, അവർ തളർന്ന് ഒരു കോണിൽ ചെന്നിരിക്കും. കുടിക്കാൻ വെള്ളം ചോദിക്കും!
അവർ വിചാരിക്കുന്നുണ്ടാകാം, ദേഷ്യത്തിന്റെ കടുപ്പമാണ് കാര്യങ്ങൾ സാധിക്കാനുള്ള എളുപ്പവഴിയെന്ന്. തനിക്കരികിലുള്ളവർ ഭയന്ന് അനുസരിക്കുമെന്നും ശാന്തമായ വാക്കുകൾ കൊണ്ട് അത് സാധിക്കില്ലെന്നും അവർ ധരിക്കുന്നു. എന്നാൽ, ഭയം കൊണ്ട് കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾക്കും അനുസരണക്കും എത്ര ആയുസ്സുണ്ടാകും?
എന്റെ ഓർമയിലുണ്ട് അങ്ങനെയൊരു സുഹൃത്ത്. നല്ല മനസ്സിനുടമ, ശുദ്ധ ചിന്താഗതിക്കാരൻ. ഒരൊറ്റ പ്രശ്നമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കോപം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഏകപക്ഷീയമായ സംസാരത്തിന്റെ 15 മിനിറ്റ് പ്രക്ഷേപണം! മറ്റാരും അങ്ങോട്ട് ഒന്നും മിണ്ടരുത്. മറുപടി പറഞ്ഞാൽ, ആ തീവ്രത വർധിക്കുകയേ ഉള്ളൂ. പത്തും പതിനഞ്ചും മിനിറ്റ് നീളുന്ന ശകാരവർഷത്തിനു ശേഷം അദ്ദേഹവും തളരും. ഒരൽപ്പം ‘കിടക്കണം’ എന്ന് പറഞ്ഞ് രംഗം വിടും.

മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം, സ്നേഹത്തോടെ ആ വിഷയം അവതരിപ്പിച്ചാൽ, കുറ്റബോധത്തോടെ പറയും: ‘‘അത് ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞുപോയതാണ്, ഒന്നും വിചാരിക്കരുത്. ഇതായിരുന്നോ സത്യാവസ്ഥ?, ഞാനറിഞ്ഞില്ല’’ അദ്ദേഹത്തിനു പോലും ഇഷ്ടമല്ലാത്ത സ്വഭാവമായിരുന്നു അത്. ആ കോപശരങ്ങൾ ഏറ്റുവാങ്ങിയ പലരും പതിയെപ്പതിയെ അദ്ദേഹത്തിൽ നിന്ന് അകന്നുതുടങ്ങി.
വർഷങ്ങൾ കടന്നുപോയിട്ടും ആ സ്വഭാവത്തിന് മാറ്റമുണ്ടായില്ല. ഒരു ദിവസം ആ വേദനജനകമായ വാർത്തയെത്തി. കോപാഗ്നിയിൽ ആളിക്കത്തുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീണു, ഹൃദയാഘാതം! ഞാൻ ആശുപത്രിയിൽ അദ്ദേഹത്തെ കണ്ടു. ആ കണ്ണുകളിൽ ആഴമേറിയ കുറ്റബോധം നിഴലിച്ചിരുന്നു. ‘‘ഏറെ വൈകിയല്ലേ,’’ അദ്ദേഹം മന്ത്രിച്ചു, ‘‘എന്റെ ഈ സ്വഭാവം എന്റെ ജീവന് തന്നെ ഭീഷണിയായി.’’ ‘‘വൈകിയിട്ടില്ല, എല്ലാം ശരിയാകും,’’ ഞാൻ ആശ്വസിപ്പിച്ചു. നിർഭാഗ്യവശാൽ, ദിവസങ്ങൾക്കകം അദ്ദേഹം മരണത്തിന് കീഴടങ്ങി.

വർഷങ്ങളോളം അദ്ദേഹത്തിന്റെ കോപശരങ്ങൾ ഏറ്റുവാങ്ങിയ പലരും പറഞ്ഞു: ‘‘പെട്ടെന്ന് ദേഷ്യം വരുമെങ്കിലും, അദ്ദേഹം നല്ല മനുഷ്യനായിരുന്നു. എത്ര ദേഷ്യപ്പെട്ടാലും ഒന്നും അദ്ദേഹം മനസ്സിൽ വെച്ചിരുന്നില്ല, തിരിച്ചും അങ്ങനെ തന്നെ. ഒരൽപം ഭയമുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ അടുത്തില്ല എന്ന് മാത്രം.’’
രൂക്ഷമായ എതിർപ്പ് ഇന്നും സൂക്ഷിക്കുന്നവരുമുണ്ടാവാം. എന്തായാലും അത് തിരിച്ചറിയാനും തിരുത്താനും അദ്ദേഹത്തിന് ഇനി ഒരവസരമില്ല.
യൗവനത്തിലെ രോഷവും ക്ഷോഭവും മനസ്സിലാക്കാം. എന്നാൽ, ജീവിതം പാകപ്പെട്ടപ്പോഴും അനുഭവസമ്പന്നമായപ്പോഴും ആ തീ കെടുത്താൻ തയാറാവാഞ്ഞതാണ് അത്തരക്കാരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം.
നമ്മുടെ പ്രതികരണങ്ങൾ പുറത്തുവരുന്നതിനു മുമ്പ്, ഒരു നിമിഷാർധത്തിന്റെ ഇടവേള നൽകി ഒന്ന് ആലോചിച്ചാൽ മതി. ‘‘ഇത്രയും വേണോ?’’ എന്ന് സ്വയം അളക്കാനും നിയന്ത്രിക്കാനും നമുക്ക് സാധിക്കും. ആ ഒരൊറ്റ ഇടവേള നമ്മെ സൗമ്യതയിലേക്കും ശാന്തതയിലേക്കും നയിക്കും. കോപാകുലനായി പറയുന്നതിനെക്കാൾ ഫലം ശാന്തമായ വാക്കുകൾക്കുണ്ടാകും. മാത്രമല്ല, നമ്മുടെ ശരീരത്തിനോ, മനസ്സിനോ, അതിലുപരി സാമൂഹിക ബന്ധങ്ങൾക്കോ ഒരു പോറൽ പോലുമേൽക്കില്ല.
അമേരിക്കൻ തത്ത്വചിന്തകനും കവിയുമായ റാൽഫ് വാൾഡോ എമേഴ്സൺ പറഞ്ഞത് എത്ര സത്യമാണ്:
നിങ്ങൾ കോപാകുലനായി നിൽക്കുന്ന ഒരു മിനിറ്റ് കൊണ്ട് നഷ്ടപ്പെടുത്തുന്നത്, മനസ്സമാധാനത്തിന്റെ അറുപത് സെക്കൻഡുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
