ബോണ്ടും വോട്ടുചോരണവും യു.എസ് തീരുവയും
text_fieldsബി.ജെ.പി നയിക്കുന്ന സർക്കാറിന്റെ മൂല്യവ്യവസ്ഥകളോടുള്ള വ്യക്തമായ എതിർപ്പിനുപുറമേ, ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടം പരസ്പരബന്ധമുള്ള രണ്ട് രാഷ്ട്രീയ യാഥാർഥ്യങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. ഒന്ന്, രാഷ്ട്രീയത്തിലെ മറഞ്ഞിരിക്കുന്ന പണമിടപാടായി മാറിയ ഇലക്ടറല്‍ ബോണ്ടിനെതിരെയും രണ്ട്, ജനവിധി മോഷണം എന്ന് അദ്ദേഹം വിളിക്കുന്ന വോട്ടുതട്ടിപ്പിനെതിരെയും.
പൊതുജനങ്ങളുടെ കാഴ്ചയിൽനിന്ന് കോർപറേറ്റ് സ്വാധീനത്തെ സംരക്ഷിക്കുന്ന അതാര്യതയുടെ അപകടകരമായ ഉപകരണമായി ഇലക്ടറൽ ബോണ്ട് പദ്ധതിയെ വിശദീകരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. 2017ൽ അവതരിപ്പിച്ച ഈ പദ്ധതി, വ്യക്തികൾക്കും കമ്പനികൾക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് ബോണ്ടുകൾ വാങ്ങാനും പൊതുജനങ്ങൾക്ക് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്‍കാനും അനുവദിച്ചു.
രാഷ്ട്രീയ ഫണ്ടിങ് ‘ശുദ്ധീകരിക്കുമെന്ന്’ സർക്കാർ അവകാശപ്പെട്ട ഈ സംവിധാനം രഹസ്യ ഇടപാടുകളെ സ്ഥാപനവത്കരിച്ചുവെന്നും, ഭരണകക്ഷികൾക്ക് സൂക്ഷ്മ പരിശോധന കൂടാതെ ശക്തരായ താൽപര്യ സംരക്ഷകരിൽനിന്ന് ആനുപാതികമല്ലാത്ത ഫണ്ട് ശേഖരിക്കാൻ കഴിയുന്ന ഒന്നാണെന്നും രാഹുൽ ഗാന്ധി വാദിച്ചിരുന്നു. ഈ ആശങ്കകളിൽ പലതും ശരിവെച്ച സുപ്രീം കോടതി, 2024 ഫെബ്രുവരിയിൽ, പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഇത് ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള പൗരജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് സുതാര്യതയെ ദുർബലപ്പെടുത്തുന്നുവെന്നും പ്രസ്താവിക്കുകയും ചെയ്തു.
പ്രചാരണങ്ങൾക്ക് ആരാണ് പണംനൽകുന്നത് എന്നതിനെക്കുറിച്ച് വോട്ടർമാരെ ഇരുട്ടിൽവിട്ടാൽ ജനാധിപത്യം പ്രവർത്തിക്കില്ല എന്നതാണ് ശരിയായ നിലപാട്. മറഞ്ഞിരിക്കുന്ന ഫണ്ടിങ് പൊതുതെരഞ്ഞെടുപ്പും രാഷ്ട്രീയ ഉത്തരവാദിത്തവും തമ്മിലെ ബന്ധം വിച്ഛേദിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞതിനോട് പക്ഷേ ശക്തമായ പ്രതികരണം സിവില്‍ സമൂഹത്തില്‍നിന്ന് ഉണ്ടായില്ല എന്നത് ഖേദകരമായിരുന്നു.
വോട്ടുചോരണം എന്ന വഞ്ചന
വോട്ടെടുപ്പിനുമുമ്പ് തെരഞ്ഞെടുപ്പുകളിൽ അഴിമതി നടത്തുക എന്നതായിരുന്നു ഇലക്ടറൽ ബോണ്ട് പദ്ധതിയെങ്കിൽ, രാഹുൽ ഗാന്ധിയുടെ സമീപകാല വോട്ടുചോരണ വെളിപ്പെടുത്തലുകള്‍ വോട്ടെടുപ്പ് പ്രക്രിയയില്‍ എങ്ങനെ അഴിമതിയും കൃത്രിമങ്ങളും ഉണ്ടാവുന്നു എന്നതിനെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കുന്നതിൽ ബി.ജെ.പിയെ കമീഷന് സജീവമായി സഹായിച്ചുവോയെന്ന സംശയത്തിനു തെളിവുനല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ അഥവാ തനിപ്പകർപ്പ് വോട്ടർമാർ വന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലായിരുന്നു അതില്‍ പ്രധാനം. വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിൽ വിശദീകരിക്കാനാകാത്ത വർധന ഉണ്ടായി എന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്രയിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കലിലുള്ള ഗൂഢാലോചനയുടെ സൂചനകളിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടി.
ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാൻ രൂപകൽപനചെയ്ത ‘വലിയ ക്രിമിനൽ വഞ്ചന’യുടെ ഭാഗമാണിതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ആരോപണങ്ങൾ നിരസിക്കുകയും പ്രക്രിയയുടെ സമഗ്രതയിലും സുതാര്യതയിലും ഉറച്ചുനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും, രാഹുൽ ഗാന്ധിയുടെ പ്രസ്താവന പ്രതിപക്ഷം ഒരു വലിയ പരിധിവരെ ഏറ്റെടുത്തു. ജനാധിപത്യത്തിന്റെ സ്ഥാപനപരമായ വിശ്വാസ്യത അപകടത്തിലായോ എന്ന ചോദ്യം രാജ്യത്താകമാനം ശക്തമായി ഉയരുന്നുണ്ട്.
അവ്യക്തമായ ധനസഹായത്തിനും വോട്ടർതട്ടിപ്പിനും എതിരായ രാഹുൽ ഗാന്ധിയുടെ രണ്ട് പ്രചാരണങ്ങളും - ജനാധിപത്യത്തിന് സുതാര്യത, വിശ്വാസ്യത, അവസരതുല്യത എന്നിവ ആവശ്യമാണ് എന്ന ആശയം ശക്തമായി മുന്നോട്ടുവെക്കുന്നവയാണ്. അദ്ദേഹം വാദിക്കുന്നത്, ഇലക്ടറൽ ബോണ്ടുകളുടെ അജ്ഞാത സ്വഭാവം, രാഷ്ട്രീയ അധികാരം വലിയ പോക്കറ്റുള്ളവരുടെ കൈകളിൽ കേന്ദ്രീകരിക്കുകയും, സാധാരണ പൗരരെ അവരുടെ തെരഞ്ഞെടുപ്പുകളെ രൂപപ്പെടുത്തുന്ന ശക്തികൾക്കു മുന്നിൽ നിരായുധരാക്കുകയും ചെയ്യുന്നു എന്നാണ്.
വോട്ടുമോഷണം, തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ അഴിമതിയില്‍ ആഴുന്നതിനെ സൂചിപ്പിക്കുന്നു. അത് ജനങ്ങളുടെ വിധിയെ മുന്‍കൂര്‍ റദ്ദാക്കുന്നു. രണ്ടും ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന കാതലായ തത്ത്വത്തെ ആക്രമിക്കുന്നതാണ്, ഒന്ന് പരോക്ഷമായും മറ്റൊന്ന് പ്രത്യക്ഷമായും. രഹസ്യ ധനസഹായം അല്ലെങ്കിൽ വഞ്ചനാപരമായ സംഭാവനകള്‍ വഴി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് പൗരർ വിശ്വസിക്കുന്നുവെങ്കിൽ, അവർക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസ്യതാനഷ്ടത്തിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.
തെരഞ്ഞെടുപ്പഴിമതി എന്ന തുടര്‍ പ്രക്രിയ
രാഹുൽ ഗാന്ധിയുടെ ചട്ടക്കൂട്, ജനാധിപത്യത്തെ നടപടിക്രമങ്ങളുടെ ഒരു കൂട്ടമായി മാത്രമല്ല, ജനങ്ങളും അവരുടെ ഇച്ഛാശക്തി നടപ്പിലാക്കുന്ന സ്ഥാപനങ്ങളും തമ്മിലുള്ള വിശ്വാസബന്ധമായും മനസ്സിലാക്കുന്നതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പഴിമതികൾ വേറിട്ട, ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് തുടർച്ചയായ പ്രക്രിയയാണെന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ എടുത്തുകാണിക്കുന്നു- വോട്ടെടുപ്പിന് മുമ്പും ശേഷവും വ്യവസ്ഥ മാനിപ്പുലേറ്റ് ചെയ്യപ്പെടുകയാണ് എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്.
ആ അർഥത്തിൽ, രാഹുൽ ഗാന്ധിയുടേത് ഇരട്ട മുന്നറിയിപ്പാണ്: ഇന്ത്യയുടെ ജനാധിപത്യം പണത്തിന്റെ അദൃശ്യമായ സ്വാധീനത്തിലും വോട്ടുകളുടെ അദൃശ്യമായ മോഷണത്തിലുമാണ് ശിഥിലമായിക്കൊണ്ടിരിക്കുന്നത് എന്നതാണത്. അദ്ദേഹത്തിന്റെ ആരോപണങ്ങൾ സ്ഥാപന പരിഷ്കാരങ്ങളിലേക്ക് നയിക്കുമോ അതോ പക്ഷപാതപരമായ ഭിന്നതകൾ വർധിപ്പിക്കുമോ എന്നത് അവ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പാർലമെന്റിലും കോടതികളിലും മാത്രമല്ല, രാഷ്ട്രീയ-സിവില്‍സമൂഹ മണ്ഡലങ്ങളിലും ഇന്ത്യക്ക് എങ്ങനെ ഒരു ജനാധിപത്യരാജ്യമായി തുടരാന്‍ കഴിയുമെന്ന ചോദ്യം ശക്തമായി ഉയര്‍ന്നിരിക്കുകയാണ്.
വെല്ലുവിളി അകത്തും പുറത്തും
രണ്ട് കാര്യങ്ങള്‍കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: ഒന്ന്, കേരളത്തിലെ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട സങ്കീർണതകള്‍ സ്വാഭാവികമായും ഈ ചര്‍ച്ചയെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നതല്ല. അതിനാല്‍ കൃത്യമായ പൊതുനിലപാട് ഉണ്ടാവുക തൽക്കാലം സാധ്യമല്ല. അത് പക്ഷേ, ദേശീയതലത്തിലുള്ള ഐക്യത്തെ ബാധിക്കുമെന്നു തോന്നുന്നില്ല. ദേശീയതലത്തില്‍ ഈ വിഷയം സജീവമായി നിലനിര്‍ത്തുന്നതിന്റെ രാഷ്ട്രീയം സുവ്യക്തമാണല്ലോ.
മാത്രമല്ല, ആത്യന്തികമായി കേരളത്തിന്റെ ജനാധിപത്യ ബോധത്തില്‍ ഈ ഇടപെടലുകളോട് നൈതികമായ ഐക്യപ്പെടല്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ അനുരണനങ്ങള്‍ തീര്‍ച്ചയായും ഇരുമുന്നണികള്‍ക്കും മനസ്സിലാവുന്നതാണ്. രണ്ടാമതായി,ദേശീയ അജണ്ടയിലെ മറ്റ് അടിയന്തര വിഷയങ്ങളുമായി-അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പുതുതായി പ്രഖ്യാപിച്ച താരിഫുകൾക്കെതിരെയുള്ള ഇന്ത്യയുടെ സാമ്പത്തികതന്ത്രം രൂപപ്പെടുത്തുന്നത് പോലുള്ളവയുമായി-ഈ തെരഞ്ഞെടുപ്പ് അട്ടിമറി ചർച്ചയെ കൂട്ടിച്ചേര്‍ക്കുന്നത് ഹിതകരമല്ല.
താരിഫ് പ്രശ്നം വ്യാപാരത്തിന്റെയും വിദേശ നയത്തിന്റെയും വിഷയമാണ്; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നതിനെതിരെയാണ്. ഇന്ത്യന്‍ ഭരണകൂടം എല്ലാകാലത്തും അമേരിക്കന്‍ സാമ്രാജ്യത്വ താൽപര്യങ്ങള് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. നിയോലിബറല്‍ കാലാവസ്ഥയില്‍പോലും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. സോവിയറ്റ് യൂനിയന്റെ പതനശേഷവും ഇന്ത്യ-റഷ്യ ബന്ധങ്ങള്‍ ഊഷ്മളമായി നിലനിന്നിട്ടുണ്ട്.
ബി.ജെ.പി ഇതില്‍നിന്ന് നടത്തിയ ചുവടുമാറ്റങ്ങള്‍ ഒരു വിധത്തിലും അമേരിക്കയുടെ ജിയോപൊളിറ്റിക്കല്‍ അജണ്ടയെ സ്വാധീനിച്ചിട്ടില്ല എന്ന് അവര്‍ക്കുപോലും വ്യക്തമായിരിക്കുന്നു. എന്നാല്‍, ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്നത് ആഭ്യന്തര ജനാധിപത്യ പ്രക്രിയയുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് നമ്മെ വിലക്കേണ്ടതില്ല.
ബാഹ്യ സാമ്പത്തിക വെല്ലുവിളികളോട് പ്രതികരിക്കുന്നതിനൊപ്പം ആഭ്യന്തര സ്ഥാപന സമഗ്രതക്ക് നേരെയുണ്ടാകുന്ന വെല്ലുവിളിയും നേരിടാനുള്ള പാകതയും പക്വതയും ഇവിടത്തെ സിവില്‍സമൂഹവും രാഷ്ട്രീയ സമൂഹവും ആർജിച്ചിട്ടുണ്ട്. അകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളിയാണ് രാഷ്ട്രം നേരിടുന്നത് എന്ന തിരിച്ചറിവാണ് പ്രധാനം, അല്ലാ
തെ അവ തമ്മില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നല്ല. ആഭ്യന്തര-വൈദേശിക നിലപാടുകളില്‍ ഇന്ത്യയിലെ പുതിയ ക്രോണി മുതലാളിത്ത ഭരണകൂടം തലപൂഴ്ത്താന് മണ്ണില്ലാതെ തുറന്നുകാട്ടപ്പെടുന്നു എന്ന യാഥാർഥ്യമാണ് കൂടുതല്‍ വ്യക്തതയോടെ ഇപ്പോള്‍ വെളിവാക്കപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.