Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഡീ​ലി​മി​റ്റേ​ഷ​ന്‍...

ഡീ​ലി​മി​റ്റേ​ഷ​ന്‍ ഉ​യ​ര്‍ത്തു​ന്ന ആ​ശ​ങ്ക​ക​ള്‍

text_fields
bookmark_border
Vikas takur outlook
cancel
camera_alt

  Vikas takur outlook

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ കു​റ​ഞ്ഞ ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്കി​ൽ എ​ത്തി​യ​ത് യാ​ദൃ​ച്ഛി​ക​മാ​യി​ട്ട​ല്ല. അ​വ​ർ പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സ്ത്രീ​ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക​ക്ഷേ​മം എ​ന്നി​വ​യി​ൽ നി​ക്ഷേ​പി​ച്ച് ജ​ന​കീ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യ​തി​ന്റെ ഭാ​ഗ​മാ​യാ​ണ്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ അതിർത്തിനിർണയ നീക്കത്തില്‍ (delimitation) അടങ്ങിയിരിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നത് ഖേദകരമാണ്. ഒരു പതിവ് ഭരണഘടനാ പ്രക്രിയ എന്ന മട്ടിൽ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അതിർത്തിനിർണയം നിലവിലെ സാഹചര്യത്തിൽ, ഭരണപരമായ ആവശ്യകതയായല്ല, മറിച്ച് ഭൂരിപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈകളിലെ തന്ത്രപരമായ ഉപകരണമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇത് അടുത്ത രണ്ട് പതിറ്റാണ്ടുകാലത്തേക്കെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആധിപത്യം ക്രോഡീകരിക്കാനും പ്രതിപക്ഷത്തെ ഘടനാപരമായി അരികുവത്കരിക്കാനും ബോധപൂർവം രൂപകൽപന ചെയ്‌തിരിക്കുന്നതാണ്. ജനസംഖ്യാപരമായ വർധനയും ഹിന്ദുത്വ പ്രത്യയശാസ്ത്ര കടന്നുകയറ്റവും പൊരുത്തപ്പെടുന്ന പ്രദേശങ്ങൾക്ക് അനുകൂലമായി പാർലമെന്ററി പ്രാതിനിധ്യം പുനർവിന്യസിക്കുന്നതിലൂടെ, ഈ വ്യായാമം സംഖ്യാശക്തിയെ സ്ഥിരമായ രാഷ്ട്രീയശക്തിയാക്കി മാറ്റാൻ ശ്രമിക്കുന്നതാണ്. അതിനാൽ, മണ്ഡലാതിർത്തികളുടെ പുനർനിർണയം മാത്രമല്ല, തെരഞ്ഞെടുപ്പ് മത്സരം കേവലം പ്രതീകാത്മകമാക്കുന്ന വിധത്തിൽ ഇന്ത്യയുടെ ജനാധിപത്യ ഭൂപടത്തെ പുനർരൂപകൽപന ചെയ്യുക എന്നതാണ് ഇപ്പോഴത്തെ സമീപനത്തില്‍ അടങ്ങിയിരിക്കുന്ന ആത്യന്തിക ലക്ഷ്യം.

ഡീലിമിറ്റേഷൻ ഈ രീതിയില്‍ നടപ്പാക്കിയാല്‍ ആനുപാതികമായി ജനസംഖ്യയില്‍ വർധനവ്‌ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ കുറയുകയും മറ്റു സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ വർധിക്കുകയും ചെയ്യും. ഭരണഘടനാപരമായി ഡീലിമിറ്റേഷൻ ഇലക്ഷന്‍ കമീഷന്റെ ചുമതലയാണ്. അമൂര്‍ത്തമായ അർഥത്തില്‍ തെരഞ്ഞെടുപ്പ് ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന ഉന്നതമായ ജനാധിപത്യതത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എങ്കിലും, പ്രായോഗികമായി, ഈ തത്ത്വത്തിന്റെ യാന്ത്രികപ്രയോഗം സാമൂഹികമായി അസമത്വവും പ്രാദേശിക വൈവിധ്യവുമുള്ള ഒരു രാജ്യത്ത് ആഴത്തിലുള്ള രാഷ്ട്രീയവികലതകൾക്ക് കാരണമാകുമെന്ന് ഇന്ത്യ വളരെക്കാലമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് 1971ലെ സെൻസസിനുശേഷം സർക്കാറുകൾ തുടർച്ചയായി ഡീലിമിറ്റേഷൻ വ്യായാമങ്ങൾ മരവിപ്പിച്ചു കൊണ്ടിരുന്നത്. ജനസംഖ്യാ നിയന്ത്രണനയങ്ങൾ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് അക്കാരണംകൊണ്ട് അര്‍ഹമായ ജനാധിപത്യ പ്രാതിനിധ്യം നിഷേധിക്കപ്പെടരുത്‌ എന്ന പൊതുതാൽപര്യമാണ് ഈ മരവിപ്പിക്കലിനു പിന്നിലുണ്ടായിരുന്നത്.

എന്നാലിപ്പോള്‍ 2021ല്‍ സ്വാഭാവികമായി നടത്തേണ്ടിയിരുന്ന ഡെക്കേഡല്‍ സെന്‍സസ്-അത് അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് നടത്താന്‍ ഇന്ത്യ ബാധ്യസ്ഥമായിരുന്നതാണ്-നടത്താന്‍ വിസമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ 2026ല്‍ ഈ ഡീലിമിറ്റേഷന്‍ നടപ്പിലാക്കാന്‍വേണ്ടി മാത്രമായി സെന്‍സസ് നടത്തുകയാണ്. അതിന്‍റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമല്ല. മറ്റു ദശാബ്ദങ്ങളുമായി താരതമ്യംചെയ്യാന്‍ പാകത്തില്‍ വിവരശേഖരണം നടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കാനേഷുമാരി അട്ടിമറിച്ചത്.

ഇതിലെ ഹിന്ദുത്വ അജണ്ട ഇപ്പോൾ ചുരുളഴിയുകയാണ്. സമീപകാല സെൻസസ് ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള 2026ന് ശേഷമുള്ള അതിർത്തിനിർണയം, അതിന്റെ ഫെഡറൽ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായ പുനർവിചിന്തനം നടത്താതെ മുന്നോട്ടുപോകുമെന്നാണ് കേന്ദ്രത്തിൽനിന്നുള്ള നിലവിലെ സൂചനകൾ. കർശനമായി ജനസംഖ്യാനുപാതത്തിൽ നടപ്പിലാക്കുകയാണെങ്കിൽ, ഉയർന്ന ജനസംഖ്യാ വളർച്ചാനിരക്കുള്ള സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദിബെല്‍റ്റിന്, നാടകീയമായ രാഷ്ട്രീയപ്രാധാന്യം കൈവരുകയും, പുരോഗമന സ്വഭാവമുള്ള ജനസംഖ്യാ പരിവർത്തനത്തിന് വിധേയമായ തെക്കൻ സംസ്ഥാനങ്ങൾക്കും ചില പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കും ഇപ്പോഴുള്ള പരിമിതമായ തെരഞ്ഞെടുപ്പ് സ്വാധീനം കൂടുതല്‍ ദുർബലമാവുകയുംചെയ്യും.

കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കിൽ എത്തിയത് യാദൃച്ഛികമായിട്ടല്ല. അവർ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം എന്നിവയിൽ നിക്ഷേപിച്ച് ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ ഭാഗമായാണ്. ആഗോളവത്കരണവും നിയോലിബറലിസവും സൃഷ്ടിച്ച ഭീഷണികള്‍ നിലനില്‍ക്കുമ്പോഴാണ് പരിമിതമായെങ്കിലും ഈ വിജയങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. നിലവിൽ വിഭാവനംചെയ്ത രീതിയിലാണെങ്കില്‍, ഡീലിമിറ്റേഷൻ പ്രക്രിയ വികസന വിജയത്തിന്‍റെ പേരില്‍ ഈ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ഉത്തരവാദിത്തത്തോടെയുള്ള സദ്‌ഭരണം ഒരു രാഷ്ട്രീയബാധ്യതയാക്കി മാറ്റുകയാണ്. ഈ ചട്ടക്കൂടിൽ ജനാധിപത്യ പ്രാതിനിധ്യം, ഭരണത്തിന്റെ സാമൂഹികഫലങ്ങൾക്കുപകരം ജനസംഖ്യാ വർധനവിനുള്ള പ്രതിഫലമായി മാറുന്നു.

സമീപകാല ജനസംഖ്യാ പ്രവണതകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, 2026ന് ശേഷമുള്ള അതിർത്തി നിർണയം ജനസംഖ്യാനുപാതത്തില്‍ നടക്കുകയാണെങ്കിൽ, ലോക്‌സഭാ സീറ്റുകളുടെ പുനർവിന്യാസം വിരൽചൂണ്ടുക ഞെട്ടിപ്പിക്കുന്ന ഒരു മാറ്റത്തിലേക്കാണ്. നിലവിൽ ഏകദേശം 129 പാർലമെന്റ് അംഗങ്ങളുള്ള ഒരു മേഖല എന്നനിലയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയോജിത പ്രാതിനിധ്യം 100നും 110നും ഇടയിൽ സീറ്റായി കുറയാൻ സാധ്യതയുണ്ട്, അതായത് ഏകദേശം 19 മുതൽ 29 വരെ എം.പിമാരുടെ നഷ്ടം ദക്ഷിണേന്ത്യയില്‍ ഉണ്ടാവും. ഇപ്പോൾ 39 എം.പിമാരെ പാർലമെന്റിലേക്ക് അയക്കുന്ന തമിഴ്‌നാടിന് അഞ്ചുമുതൽ പത്തുവരെ സീറ്റുകൾ നഷ്ടപ്പെട്ട് മുപ്പതുകളിൽ താഴെയാകാം; കേരളത്തിന്റെ ശക്തി 20ൽനിന്ന് 14-15 ആയി കുറയാം; കർണാടകക്ക് നിലവിലുള്ള 28ൽനിന്ന് മൂന്നുമുതൽ അഞ്ചുവരെ സീറ്റുകൾ നഷ്ടപ്പെടാം; ആന്ധ്രപ്രദേശിന്റെയും തെലങ്കാനയുടെയും സംയോജിത പ്രാതിനിധ്യം നിലവിലെ ആകെ 42ൽനിന്ന് മൂന്നുമുതൽ ആറുവരെ സീറ്റുകൾ കുറയാം. ഇതിനു വിപരീതമായി, ഹിന്ദി-ബെൽറ്റ് സംസ്ഥാനങ്ങളുടെ ജനസംഖ്യാവർധനവ്‌ അവര്‍ക്ക് ഗണ്യമായ നേട്ടമായി മാറും. ഉത്തർപ്രദേശിനുമാത്രം നിലവിലുള്ള 80 എം.പിമാരിൽനിന്ന് 95നും 100നും ഇടയിൽ സീറ്റുകൾ ഉയരാൻ സാധ്യതയുണ്ട്. 15മുതൽ 20വരെ സീറ്റുകൾകൂടി കൂട്ടിച്ചേർക്കുകയും ലോക്‌സഭയുടെ ആകെ അംഗസംഖ്യയുടെ അഞ്ചിലൊന്നുവരെ യു.പിയിൽ നിന്നുള്ള പ്രതിനിധികൾ എത്തുകയുംചെയ്യും.

മധ്യപ്രദേശിന് 29ൽനിന്ന് ഏകദേശം 36-38 ഉം, ബിഹാറിന് 40ൽനിന്ന് ഏകദേശം 50 ഉം, രാജസ്ഥാന് 25ൽ നിന്ന് 30ൽ അധികവുമായി സീറ്റുകൾ വളരും. ഒരുമിച്ചെടുത്താൽ, പ്രധാന വടക്കൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി സാന്നിധ്യം ഏകദേശം 174 സീറ്റുകളിൽനിന്ന് 210ൽ അധികമായി വർധിക്കും എന്നർഥം. അതായത് 35 മുതൽ 45 എം.പിമാരുടെ വർധനവ്. ഒരു പക്ഷേ, ഇതില്‍ കൂടുതലായാലും അത്ഭുതപ്പെടാനില്ല. ഇത് സൃഷ്ടിക്കുന്ന സംഖ്യാപരമായ അസന്തുലിതാവസ്ഥ വ്യക്തമാണ്: തെക്കൻ സംസ്ഥാനങ്ങൾക്ക് സഭയുടെ അഞ്ചിലൊന്നുപോലും നിലനിർത്താൻ പ്രയാസപ്പെടുമ്പോൾ, ഒരുപിടി വടക്കൻ സംസ്ഥാനങ്ങൾക്ക് അതിന്റെ ഘടനയിൽ പൂർണമായ ആധിപത്യം സ്ഥാപിക്കാൻ കഴിയും. ഭാവിയിൽ പാർലമെന്റിലെ അധികാരത്തിന്റെ ഗണിതശാസ്ത്രത്തെ നിർണായകമായി ആ സംസ്ഥാനങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയും.

ഇത് കേവലം പാർലമെന്ററി സീറ്റുകൾ ആർക്ക് ലഭിക്കുന്നു അല്ലെങ്കിൽ നഷ്ടപ്പെടുന്നു എന്നതിന്റെമാത്രം പ്രശ്നമല്ല. അതിർത്തി നിർണയത്തിന്റെ ആഴമേറിയ പരിണതഫലം, തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ വേരൂന്നിയ പ്രതിപക്ഷ പാർട്ടികൾക്ക് അവരുടെ തെരഞ്ഞെടുപ്പ് പ്രകടനമോ ജനവിധിയോ പിന്തുണയോ പരിഗണിക്കാതെ അതിര്‍ത്തി നിർണയം അടിച്ചേൽപിക്കുന്ന ഘടനാപരമായ കാരണങ്ങളാല്‍ ദേശീയപ്രാധാന്യം നഷ്ടപ്പെടുന്നു എന്നതാണ്. തെരഞ്ഞെടുപ്പുമത്സരം ഭൂമിശാസ്ത്രപരമായിത്തന്നെ, ജനസംഖ്യാപരമായി ആധിപത്യമുള്ള ചില സംസ്ഥാനങ്ങളിലേക്ക് നിർണായകമായി ചായുന്നു. പാർലമെന്റ്തന്നെ പ്രാദേശിക കുത്തകവത്കരണത്തിലേക്ക് വഴിമാറാനുള്ള സാധ്യതയാണ് കാണുന്നത്. രാഷ്ട്രീയവൈവിധ്യത്തിനും ഫെഡറൽ ബഹുത്വത്തിനും പകരമായി ജനസംഖ്യാബലം മാനദണ്ഡമായി മാറുന്നു. അത്തരമൊരു സാഹചര്യത്തിൽ, അതിർത്തിനിർണയം ഒരു തെരഞ്ഞെടുപ്പ് പുനഃക്രമീകരണത്തേക്കാൾ കൂടുതലായി ഹിന്ദുത്വക്ക് ഇപ്പോഴുള്ള താൽക്കാലിക ഭൂരിപക്ഷത്തെ എക്കാലത്തേക്കുമുള്ള അധീശാധിപത്യമാക്കിമാറ്റാൻ ഇത് വഴിയൊരുക്കുന്നു.

ഇതിനെതിരെ ബദല്‍ അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സമഗ്രമായ ഇടപെടലുകള്‍ ആവശ്യമാണ്. ഓരോ സംസ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന ലോക്‌സഭാ സീറ്റുകളുടെ മൊത്തത്തിലുള്ള എണ്ണത്തിൽ മാറ്റംവരുത്താതെ, ജനസംഖ്യാപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ളിൽ മണ്ഡല അതിർത്തികൾ പുനർവിന്യസിക്കുകയാണ് യഥാർഥത്തില്‍ ചെയ്യേണ്ടത്. അതുപോലെ, കർശനമായ ജനസംഖ്യാനുപാതികതക്കുപകരം ഒരു വെയ്റ്റഡ് പ്രാതിനിധ്യ ഫോർമുല സ്വീകരിക്കുക എന്നതും പ്രധാനമാണ്.

ഇതില്‍ ജനസംഖ്യക്ക് പകരം, സീറ്റ് വിഹിതത്തിൽ സാക്ഷരതാ നിലവാരം, ആരോഗ്യ സൂചികകള്‍, ജനസംഖ്യാ പരിവര്‍ത്തനത്തിലെ നേട്ടങ്ങള്‍, തുടങ്ങിയ അധിക സൂചകങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല, നിലവിലുള്ള സീറ്റുകൾ പുനർവിതരണം ചെയ്യാതെ ലോക്‌സഭയുടെ ആകെ അംഗസംഖ്യ വർധിപ്പിക്കുകയാണ് വേണ്ടത്. ഒരു സംസ്ഥാനത്തിനും നിലവിലുള്ള പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍, ഏറ്റവും പ്രധാനം അതിര്‍ത്തി നിര്‍ണയത്തിന്‍റെ പേരില്‍ അമിതാധികാര കേന്ദ്രീകരണത്തിന് ശ്രമിക്കുന്ന നിലപാടിനെ തുറന്നെതിര്‍ക്കുക എന്നതാണ്. ഇതിനെ അവഗണിച്ചാല്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ സങ്കുചിതത്വംമൂലം ഇതിനകംതന്നെ പ്രതിസന്ധിയിലായ ഇന്ത്യന്‍ ഫെഡറലിസം, ജനസംഖ്യാ കേന്ദ്രീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദുർബലമാവുകയാണുണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaPolitical propagandaDelimitationOpinions
News Summary - Delimitation Concerns raised
Next Story