Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightറിപ്പബ്ലിക്കിന്റെ...

റിപ്പബ്ലിക്കിന്റെ അടിസ്ഥാന പ്രതിസന്ധികള്‍

text_fields
bookmark_border
റിപ്പബ്ലിക്കിന്റെ അടിസ്ഥാന പ്രതിസന്ധികള്‍
cancel

ഭരണവർഗത്തിന്‍റെ മാത്രം ലാഭത്തിനുവേണ്ടിയുള്ള സ്വകാര്യ വാണിജ്യസംരംഭമായി രാജ്യം ഭരിക്കപ്പെടുന്ന, ഭരണകൂടം ആരോടും ഉത്തരംപറയാന്‍ ബാധ്യസ്ഥരല്ലാത്ത, സ്റ്റേറ്റ് -മുതലാളിത്ത സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളെയാണ് ‘ബനാന റിപ്പബ്ലിക്’ എന്ന് വിളിക്കുന്നത്‌. അത്തരത്തില്‍ ഒരു ‘വാഴക്കാ റിപ്പബ്ലിക്’ ആണ് ഇന്ത്യ എന്നുപറയാന്‍ കഴിയില്ല. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ പ്രതിപക്ഷവും കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അസ്ഥിവാരമായ റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുകയാണോ എന്ന ആശങ്കയിലേക്കാണ്.

ഭരണഘടനയുടെ കാര്യം നില്‍ക്കട്ടെ, ഇന്ത്യയുടെ വൈസ് പ്രസിഡന്‍ഡ് ഒരു സായംസന്ധ്യയില്‍ ഒരു പ്രസ്താവനപോലും ചെയ്യാതെ രാജിവെച്ച് ഇറങ്ങിപ്പോയിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവുമില്ല. എന്തിന് രാജിവെച്ചുവെന്നോ പൊതുമണ്ഡലത്തില്‍നിന്നുതന്നെ പൊടുന്നനെ അദ്ദേഹം അപ്രത്യക്ഷനായത് എന്തുകൊണ്ടെന്നോ ഒരു വിശദീകരണവും ഇത് എഴുതുന്നതുവരെയും ഉണ്ടായിട്ടില്ല. ഏതോ സര്‍ക്കാര്‍ ലാവണത്തിലെ അപ്രധാനമായ തസ്തികയില്‍നിന്ന് ആരോ എവിടെയോ വിരമിച്ചുപോകുന്നതുപോലെ ജഗ്ദീപ് ധൻഖർ നിസ്സാരമായി അദൃശ്യനായിരിക്കുന്നു. അദ്ദേഹം എം.എൽ.എ ആയിരുന്നു, എം.പി ആയിരുന്നു, കേന്ദ്രമന്ത്രി ആയിരുന്നു, ഗവര്‍ണര്‍ ആയിരുന്നു. പ്രതിപക്ഷത്തുനിന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചവരെല്ലാം നിരാശപ്പെടുകയാണ് ഉണ്ടായത്. മറ്റാര്‍ക്കെങ്കിലും അദ്ദേഹവുമായി ബന്ധമുണ്ടെങ്കില്‍ അവരത് വെളിപ്പെടുത്തുന്നുമില്ല. രാജിവെച്ച വൈസ് പ്രസിഡന്റ് എവിടെയെന്ന ചോദ്യം ആദ്യകൗതുകത്തിനുശേഷം പത്രവാര്‍ത്തകളില്‍നിന്ന് പിന്‍വാങ്ങുന്നു. ഒരു ജനാധിപത്യ റിപ്പബ്ലിക്കന്‍ രാഷ്ട്രത്തിലെ കീഴ്വഴക്കമാണോ ഇത്?

റിപ്പബ്ലിക്കില്‍ വോട്ടുമോഷണമോ?

ഈ സന്ദര്‍ഭത്തിലാണ്, യാദൃച്ഛികമാണെങ്കിലും തെരഞ്ഞെടുപ്പ് കമീഷനെതിരെ രാഹുൽ ഗാന്ധി തന്‍റെ അന്വേഷണാത്മക വിമര്‍ശനം ഉന്നയിക്കുന്നത്. അതിന്‍റെ ഭാഗമായി ബിഹാറില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘വോട്ടര്‍ അധികാർ യാത്ര’ എന്ന ‘വോട്ട് ചോരി’ (വോട്ട് മോഷണം) വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുകയാണ്. ക്രമരഹിതമായ വോട്ടർ പട്ടിക, അസാധുവായ വോട്ടർ എൻട്രികൾ എന്നിവയിലൂടെ ബി.ജെ.പിയും തെരഞ്ഞെടുപ്പു കമീഷനും വ്യവസ്ഥാപിതമായ തെരഞ്ഞെടുപ്പ് കൃത്രിമം നടത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹം പ്രചാരണം ശക്തിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതും മഹാദേവപുര നിയോജകമണ്ഡലത്തിൽനിന്നുള്ള ഡേറ്റയിൽ ആയിരക്കണക്കിന് ഡ്യൂപ്ലിക്കേറ്റ്, ബൾക്ക് വോട്ടുകൾ കണ്ടെത്തിയതും ജനാധിപത്യപരമായ വോട്ടവകാശലംഘനത്തിന്‍റെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


ഈ പ്രക്ഷോഭയാത്രയിൽ, വലിയ ജനാവലിയാണ് പങ്കെടുക്കുന്നത്. വിശേഷിച്ച് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ, പ്രത്യാശാഭരിതമായ പ്രതികരണമാണ് സമരത്തിന്‌ ലഭിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായ ആശങ്കക്ക് അടിവരയിടുന്ന പങ്കാളിത്തമാണ്.

ഇതിനുള്ള മറുപടിയായി, തെറ്റായ ആരോപണങ്ങൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുനൽകി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് തെരഞ്ഞെടുപ്പു കമീഷൻ ആവശ്യപ്പെട്ടത്. കമീഷൻ ‘വോട്ട് ചോരി’ ആരോപണങ്ങളെ നിരാകരിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ എസ്‌.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഒരു പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യപ്പെട്ടിട്ടുമുണ്ട്. പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭം സുതാര്യത, പൗരസ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് പരിഷ്കരണം എന്നിവക്കായി സമ്മർദം ചെലുത്തുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമായി വളരുകയാണ്.

ഗവര്‍ണര്‍ വാഴ്ച ചോദ്യം ചെയ്യപ്പെടുന്നു

സമാന്തരമായി, കേരള, തമിഴ്‌നാട് സർക്കാറുകൾ സുപ്രീംകോടതിയിൽ ഗവർണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ വരുത്തുന്ന കാലതാമസത്തെ ചോദ്യംചെയ്തിട്ടുണ്ട് -കേന്ദ്രം നിയമിച്ച ഗവർണർമാർ ബില്ലുകള്‍ പിടിച്ചുവെക്കുന്നതിലൂടെയും അംഗീകാരം നിഷേധിക്കുന്നതിലൂടെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് സ്വന്തം നയം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് ഭരണംതന്നെ തടസ്സപ്പെടുത്തുകയാണ് എന്നതാണ് പ്രധാന വിമര്‍ശനം. ഗവർണർക്ക് ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതോ നിഷേധിക്കുന്നതോ അനിശ്ചിതമായി നീട്ടിവെക്കാൻ കഴിയുമോ എന്നതാണ് ഇവിടത്തെ ഭരണഘടനാപരമായ കേന്ദ്രപ്രശ്നം. അങ്ങനെ ചെയ്യാൻ കഴിയുന്ന ഒരു സാധ്യത ഭരണഘടനയിലുണ്ട് എന്നതിനെ അപവാദമായിക്കണ്ട് അവഗണിക്കുന്നതിനുപകരം ഗവര്‍ണര്‍മാര്‍ അതിനെ സ്ഥിരം ഭീഷണിയായി ഉപയോഗിക്കുന്നുവെന്നുവന്നാല്‍ അത് ഭരണഘടയുടെ അടിസ്ഥാന റിപ്പബ്ലിക്കന്‍ വീക്ഷണത്തോടുള്ള വെല്ലുവിളിയാവും.

പഞ്ചാബ് സര്‍ക്കാര്‍ ഗവര്‍ണറുടെ ഓഫിസിനെതിരെ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിനനുകൂലമായി നവംബർ 2023ല്‍ കോടതിവിധി വന്നതാണ്. ആർട്ടിക്കിൾ 200 പ്രകാരം നടപടിയെടുക്കാതെ ഗവർണർക്ക് ഏതെങ്കിലും ബിൽ സ്വേച്ഛാപരമായി നിർത്തിവെക്കാൻ കഴിയില്ലെന്നും വിയോജിപ്പ് നിലനിൽക്കുന്നിടത്ത്, അത് അനിശ്ചിതമായി നീട്ടിവെച്ച് നിയമം നടപ്പാക്കുന്നത് തടയുന്നതിനുപകരം കൃത്യമായ കുറിപ്പോടെ അത് തിരികെ നൽകണമെന്നും കോടതി പറഞ്ഞിട്ടുള്ളതാണ്.


രാഷ്ട്രപതിയുടെ റഫറൻസും അനുബന്ധ സംസ്ഥാന ഹരജികളും വാദം കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഭരണഘടനാ ബെഞ്ച് കേന്ദ്രസർക്കാറിനോട് ഗവര്‍ണര്‍മാരുടെ നിഷ്ക്രിയത്വം യഥാർഥത്തില്‍ ‘പോക്കറ്റ് വീറ്റോ’ അല്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഒപ്പംതന്നെ, ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭയെ പ്രവർത്തനരഹിതമാക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു കോടതി. മാത്രമല്ല, ഗവർണറുടെ ഏതെങ്കിലും പരിധിയില്ലാത്ത അധികാരത്തെ ജനകീയ പരമാധികാരവുമായി എങ്ങനെ പൊരുത്തപ്പെടുത്താന്‍ കഴിയുമെന്ന് കൃത്യമായി ചോദിക്കുകയും ചെയ്തു. പുനഃപരിശോധനക്കായി ബിൽ തിരികെ നൽകാതെ അനുമതി നിഷേധിക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്ന നിലപാടാണ് ബെഞ്ച് മുന്നോട്ടുവെച്ചത്.

ആർട്ടിക്കിൾ 200 യുക്തിസഹമായ ഇടപെടലാണ് വിഭാവനം ചെയ്യുന്നതെന്നും അല്ലാതെ അനന്തമായ കാലതാമസമല്ലെന്നും ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും വ്യവഹാരത്തെ ഫെഡറൽ ജനാധിപത്യത്തിന്‍റെ പ്രതിരോധമായി ഇൻഡ്യാ മുന്നണി ഏറ്റെടുക്കുകയാണ് വേണ്ടത്. ഗവർണർ ഓഫിസുകൾ വഴി കേന്ദ്ര എക്സിക്യൂട്ടിവ് അതിരുകടക്കുന്നതിനെ ചെറുക്കുക, സംസ്ഥാന നിയമസഭകൾ വഴി ഭരണഘടനാ സന്തുലിതാവസ്ഥയും ജനങ്ങളുടെ പരമാധികാരവും പുനഃസ്ഥാപിക്കുക എന്നതും പ്രധാനമാണ്. ഇന്ത്യയിൽ, ‘സംസ്ഥാനം’ എന്ന പദം കേവലം ഒരു ഭൂമിശാസ്ത്രപരമായ യൂനിറ്റിനെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് സ്വന്തം നിയമനിർമാണ അധികാരങ്ങളുള്ള യൂനിയനിലെ ഒരു ഭരണകൂടമാണത്.

സംസ്ഥാനങ്ങളെ ‘ഭരിക്കാൻ’ ഉള്ളതല്ല കേന്ദ്രസര്‍ക്കാര്‍. പകരം, അത് ഇന്ത്യന്‍ യൂനിയനില്‍ സൗകര്യപ്രദമായ തൊഴിൽവിഭജനത്തിന്‍റെ ഭാഗമായി വ്യത്യസ്താധികാരങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ള ഉയര്‍ന്ന ഘടകമാണ്. ഇത് സംസ്ഥാനങ്ങൾക്ക് തടസ്സമില്ലാതെ സ്വയംഭരണം പ്രാപ്തമാക്കാനുള്ള സംവിധാനമാണ്. എന്നാലിന്ന്, ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നാമമാത്രമായ അധികാരങ്ങൾ മാത്രമുണ്ടായിരുന്ന കൊളോണിയൽ കാലഘട്ടത്തെ ഓർമിപ്പിക്കുന്നതരത്തിൽ കേന്ദ്രം സംസ്ഥാനങ്ങളെ വെറും ‘പ്രവിശ്യകളുടെ’ പദവിയിലേക്ക് തരംതാഴ്ത്തുന്നു എന്ന വിമര്‍ശനത്തിനുപോലും സാധ്യതയുണ്ടായിരിക്കുന്നു. വാസ്തവത്തിൽ, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ ഒരിക്കൽ നാട്ടുരാജ്യങ്ങൾ അനുഭവിച്ചിരുന്നതിനെക്കാൾ കുറഞ്ഞ സ്വയംഭരണമാണ് സംസ്ഥാനങ്ങൾക്കുള്ളത് എന്നുവന്നാല്‍ അത് അഭിലഷണീയമല്ല.

പുതിയ നിയമനിര്‍മാണം

ഇതിനിടയിലാണ് ജയിൽശിക്ഷ അനുഭവിക്കുന്ന മന്ത്രിമാരെക്കുറിച്ചുള്ള ഒരു ബിൽ ഭരണപക്ഷം തിരക്കിട്ട് കൊണ്ടുവരുന്നത്. ഒരു മാസത്തിലധികം ജയിലിൽ കഴിയാനിടയാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണർമാര്‍ക്ക് നല്‍കുന്ന നിയമനിർമാണമാണ് വൈരനിര്യാതന ബുദ്ധിയോടെ മാത്രം അവതരിപ്പിക്കുന്നതാണെന്ന പ്രതിപക്ഷ വിമര്‍ശനം നേരിടുന്നത്. ‘ശുദ്ധമായ ഭരണത്തിന്‍റെ’ ഒരു അളവുകോലായി ഇത് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്നതും രാഷ്ട്രീയപ്രേരിതമായ കുറ്റങ്ങൾ ചുമത്തി തടങ്കലിൽ വെക്കപ്പെടുന്നതുമായ നിരവധി പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കാനുള്ള നീക്കമാണിതെന്ന വിമര്‍ശനം ശക്തമായിരിക്കുന്നു.

നിലവിലുള്ള നിയമത്തിനും നീതിക്കും ഉപരിയായി രാഷ്ട്രീയ പ്രതികാരത്തിനുള്ള ഉപാധികള്‍ തേടുന്നത് ജനാധിപത്യപരമായ വിയോജിപ്പിനെത്തന്നെ കുറ്റകരമാക്കുന്നുവെന്നും ഇൻഡ്യാ ബ്ലോക്ക് എടുത്തുപറയുന്നുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം, രാഷ്ട്രീയത്തടവിനെ സ്വേച്ഛാധിപത്യപരമായി ഒഴിവാക്കലിന്‍റെ ഒരു ഉപകരണമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നതാണ് പ്രതിപക്ഷ വിമർശനത്തിന്‍റെ കാതല്‍.

യഥാർഥത്തില്‍ ഈ പ്രശ്നങ്ങള്‍ ഒറ്റപ്പെട്ട കാര്യങ്ങളല്ല. ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന രീതിയില്‍ നേരിടുന്ന ആഴമേറിയ പ്രതിസന്ധിയുടെ പ്രാതിഭാസികമായ അടയാളങ്ങള്‍ മാത്രമാണ്. ‘ഭരണഘടന അപകടത്തിലാണ്’ എന്ന മുദ്രാവാക്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നു. ഭരണഘടന സംരക്ഷിക്കാന്‍ അണിനിരക്കാന്‍ ആഹ്വാനങ്ങള്‍ മുഴങ്ങുന്നു. ഭരണഘടന യഥാർഥത്തില്‍ ജനങ്ങളെ അമിതാധികാരത്തിന്‍റെ ദുഷ്പ്രയോഗങ്ങളില്‍നിന്ന് സംരക്ഷിക്കാനുള്ളതാണ്.

ആ ഭരണഘടനയെ സംരക്ഷിക്കാന്‍ സമരം ചെയ്യേണ്ടിവരുന്നു എന്നത് ഒരു സ്വാതന്ത്ര്യസമരത്തിന് സമാനമായ രാഷ്ട്രീയസന്ദര്‍ഭമാണ് രൂപംകൊള്ളുന്നത്‌ എന്നതിന്‍റെ സൂചനയാണ്. ഭരണകൂടത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും അതുയര്‍ത്തുന്ന കഠിനമായ ആശങ്കകള്‍ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jagdeep DhankharIndiagovernor rajRahul GandhiVote Chori
News Summary - Fundamental crises of the republic
Next Story