വിദ്യാഭ്യാസമേഖലയിലെ സാംസ്കാരിക ദേശീയത
text_fieldsഉൾക്കൊള്ളലും ആധുനികവത്കരണവും ലക്ഷ്യമിട്ടുള്ള ഒരു പരിഷ്കാരമായാണ് ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസനയം (NEP 2020), വ്യാപകമായി മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍, സാംസ്കാരിക ദേശീയതയുടെ ശക്തമായ വാഹകമായി ഇത് പ്രവർത്തിക്കുന്നുവെന്നും, പാഠ്യപദ്ധതി, അധ്യാപനശാസ്ത്രം, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി യോജിപ്പിക്കുന്നുവെന്നും വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യൻ വൈജ്ഞാനിക സംവിധാനങ്ങൾ (Indian Knowledge System) പ്രചരിപ്പിക്കുന്നതും, സ്കൂൾ പാഠപുസ്തക പരിഷ്കരണത്തിലുൾപ്പെടെ വിദ്യാഭാരതി, ശിക്ഷ സംസ്കൃതി ഉത്ഥാന്‍ ന്യാസ്, ജ്ഞാനസഭകൾ തുടങ്ങിയ ആർ.എസ്.എസ് അനുബന്ധ സ്ഥാപനങ്ങൾ വിപുലമായി ഇടപെടുന്നതും തികച്ചും സ്വാഭാവികവത്കരിക്കപ്പെട്ടിരിക്കുകയാണ്. ഓർമയും ചരിത്രവും സ്വത്വവും പുനർനിർമിക്കുന്ന പ്രത്യയശാസ്ത്രപരമായ ഇടപെടലുകളാണ് ഇവയെന്ന വസ്തുത പൂർണമായും തമസ്കരിക്കപ്പെടുന്നു.
2014 മുതൽ, എൻ.സി.ഇ.ആർ.ടിയും വിവിധ സംസ്ഥാനങ്ങളിലെ പാഠപുസ്തക സ്ഥാപനങ്ങളും ഹിന്ദുദേശീയ ചിഹ്നങ്ങള്‍ക്ക് പ്രാമുഖ്യംനല്കുന്ന ആഖ്യാനങ്ങൾ പാഠഭാഗങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും, മുസ് ലിം നാമധാരികളായ രാജാക്കന്മാരെയും, കൊളോണിയൽ ചരിത്രത്തെയും അപ്രസക്തമായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്ന വിമര്‍ശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ മതവിഭാഗീയതയെ, പ്രത്യേകിച്ച് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെ ബന്ധത്തെ, ചിത്രീകരിക്കുന്നതില്‍ വരുത്തിയ മാറ്റങ്ങളുടെ പേരിലും, 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കംചെയ്തതിനും എൻ.സി.ഇ.ആർ.ടി വിമർശിക്കപ്പെട്ടു. ടിപ്പു സുൽത്താൻ, ഹൈദർ അലി, ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കംചെയ്തതും മുഗൾ അതിക്രമങ്ങൾക്ക് ഊന്നൽനൽകിയതും വളച്ചൊടിച്ച ചിത്രീകരണത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദാഹരണങ്ങളാണ്.
ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമവും ആവർത്തനപ്പട്ടികയും ഒഴിവാക്കിയതും; ജാതി, ക്രിക്കറ്റ്, കൊളോണിയൽ ചൂഷണം, ആഗോള സാമൂഹിക ചരിത്രം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ ഒമ്പത്-പത്ത് ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠങ്ങളിൽനിന്ന് നീക്കിയതും ശ്രദ്ധേയമാണ്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ മധ്യകാല ചരിത്ര പാഠപുസ്തകങ്ങളിൽനിന്ന് ‘രാജാക്കന്മാരും ദിനവൃത്താന്തങ്ങളും’, ‘മുഗൾ രാജസഭകള്‍’ എന്നീ അധ്യായങ്ങൾ ഒഴിവാക്കിയതിന്, കരിക്കുലം ‘യുക്തിസഹ’മാക്കുന്നു എന്ന വിശദീകരണമാണ് എൻ.സി.ഇ.ആർ.ടി നല്‍കിയത്.
ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഇന്ത്യൻ വൈജ്ഞാനിക സംവിധാനങ്ങൾ ഉൾപ്പെടുത്താൻ NEP 2020 നിർദേശിക്കുകയും പുരാതന ഇന്ത്യൻ ശാസ്ത്രങ്ങളുമായും കലകളുമായും ബന്ധപ്പെട്ട പാഠ്യപദ്ധതി പഠിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. IKS-ന് അഞ്ച് ശതമാനം ക്രെഡിറ്റുകൾ നല്‍കാനും UGC ആവശ്യപ്പെടുന്നു. കൂടാതെ ഈ വിഷയം പഠിപ്പിക്കുന്നതിന് ദശലക്ഷത്തിലധികം അധ്യാപകരെ പരിശീലിപ്പിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. ഡീകോളനിവത്കരണ സംരംഭമായി അവതരിപ്പിക്കപ്പെടുമ്പോൾതന്നെ, ആധുനിക ശാസ്ത്രത്തെയും വിമർശനാത്മക അധ്യാപനത്തെയും മതപുനരുദ്ധാനവുമായി പൊരുത്തപ്പെടുന്ന പുരാണങ്ങളും, വ്യാജശാസ്ത്രീയ ഉള്ളടക്കവും ഉപയോഗിച്ച് അട്ടിമറിക്കാനുള്ള രാഷ്ട്രീയപ്രേരിത ശ്രമത്തിന്റെ സൂചനയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആർ.എസ്.എസുമായി ബന്ധപ്പെട്ട ശിക്ഷ സംസ്കൃതി ഉത്ഥാന്‍ ന്യാസ് പോലുള്ള സംഘടനകൾ വിദ്യാഭ്യാസ മേഖലയിലെ നയപരമായ ചർച്ചകളിലേക്ക് കൂടുതൽ കൂടുതൽ കടന്നുവരുന്നു. ആർ.എസ്.എസിന്റെ ‘ശതാബ്ദി കാര്യ’വുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കൊച്ചിയില്‍ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഉദ്ഘാടനംചെയ്ത ജ്ഞാനസഭ (ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക്), പരമ്പരാഗത ഇന്ത്യൻ തത്ത്വചിന്തയെ മുഖ്യധാരാ വിദ്യാഭ്യാസനയത്തിൽ സംയോജിപ്പിക്കുന്നതിനും യു.ജി.സി-എ.ഐ.സി.ടി.ഇ തലത്തിലുള്ള വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു. സമാനമായ ഒരു കോണ്‍ക്ലേവ് നവംബറില്‍ കുറേക്കൂടി വിപുലമായി ബംഗളൂരുവില്‍ നടക്കാന്‍ പോകുന്നു. ഉള്ളടക്കത്തിലെ മാറ്റങ്ങൾക്കൊപ്പം, അക്കാദമിക് ഭരണം കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളും പ്രത്യയശാസ്ത്രപരമായ നിയന്ത്രണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. യു.ജി.സി മാർഗനിർദേശങ്ങൾ പലതും അക്കാദമിക് സ്വയംഭരണത്തിന്റെ തകർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്ന രാഷ്ട്രീയ വിമര്‍ശനം ശക്തമായി രൂപപ്പെട്ടുകഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേലുള്ള ഭരണേതര നിയന്ത്രണം വിമർശനാത്മക അന്വേഷണം അവസാനിപ്പിക്കുമെന്നും അക്കാദമിക് നിലവാരം താഴ്ത്തുമെന്നും ബൗദ്ധിക സ്വാതന്ത്ര്യത്തെ കീഴ്പ്പെടുത്തുമെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകിയത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. കേന്ദ്ര മാർഗനിർദേശങ്ങളോ പാഠ്യപദ്ധതി മാർഗനിർദേശങ്ങളോ പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കുള്ള സമഗ്രശിക്ഷാ ഫണ്ടുകൾ തടഞ്ഞുവെക്കുന്നത് RTE നിയമപ്രകാരമുള്ള ഫെഡറൽ വിദ്യാഭ്യാസ ബാധ്യതകളുടെ ലംഘനത്തെക്കുറിച്ച് നിയമപരമായ ആശങ്കകളും ഉയർത്തിയിട്ടുണ്ട്.
സാംസ്കാരിക ദേശീയത എന്നത് ദേശീയതയുടെ സങ്കുചിത രൂപമാണ്. അതിന്റെ രാഷ്ട്രസങ്കൽപം പ്രാദേശിക അതിരുകളോ സിവില്‍ സ്ഥാപനങ്ങളുടെ അസ്തിത്വമോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച് സംസ്കാരം, ഭാഷ, മതം, പാരമ്പര്യങ്ങൾ, വിഭാഗീയ മൂല്യങ്ങൾ, പൈതൃകം എന്നിവയാൽ നിർവചിക്കപ്പെടുന്നതാണ്. പൗരത്വം, രാഷ്ട്രീയ മൂല്യങ്ങൾ, ഭരണഘടനാ ചട്ടക്കൂടുകൾ, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത, മതനിരപേക്ഷത, ബഹുസ്വര ജനാധിപത്യം എന്നിവക്ക് പ്രാധാന്യം നൽകുന്ന സിവിക് ദേശീയതയിൽനിന്ന് വ്യത്യസ്തമായി, സാംസ്കാരിക ദേശീയത അടഞ്ഞതും ഭാവനാത്മകവുമായ സവിശേഷ സാംസ്കാരിക സ്വത്വത്തെയാണ് മുഖ്യമായും സ്വീകരിക്കുന്നത്. ഇത് ഭൂതകാലത്തെ, ചരിത്രത്തിനുപകരം മതാത്മകതയും ദൈവശാസ്ത്രവും അടിസ്ഥാനമാക്കി വ്യാഖ്യാനിക്കുന്നു. അത്തരമൊരു വര്‍ത്തമാനവും ഭാവിയും വിഭാവനംചെയ്യുന്നു.
ആർ.എസ്.എസും അതിന്റെ അനുബന്ധ സ്ഥാപനമായ ബി.ജെ.പിയും, ഹിന്ദുത്വമാണ് സാംസ്കാരിക ദേശീയതയുടെ രൂപമായി അംഗീകരിച്ചിരിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യൻ രാഷ്ട്രത്തെ പ്രധാനമായും ഹിന്ദു സാംസ്കാരിക സ്വത്വത്തിലൂടെ നിർവചിക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാനപരമായ ധാർമികത, ചരിത്രപരമായ തുടർച്ച, കാതലായ സ്വത്വം എന്നിവ ഹൈന്ദവ സാംസ്കാരിക പാരമ്പര്യങ്ങളിൽനിന്നാണ് ഉയർന്നുവരുന്നതെന്ന് അത് ഉറപ്പിക്കുന്നു. പുരാതന ഹിന്ദു പാരമ്പര്യങ്ങൾ, സംസ്കൃതഭാഷ, ഹൈന്ദവ ചിഹ്നങ്ങൾ, ആഖ്യാനങ്ങൾ എന്നിവ ഇന്ത്യൻ സാംസ്കാരിക സ്വത്വത്തിന്റെ കാതലായ ഭാഗമാണെന്ന് ഈ സമീപനം ഊന്നിപ്പറയുന്നു. മുഗള്‍ ഭരണവുമായി യുദ്ധങ്ങളിലേര്‍പ്പെട്ട ശിവജി ദേശഭക്തനും ദേശീയ ഐക്കണും ആവുമ്പോള്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ടിപ്പുസുല്‍ത്താന്‍ അക്രമിയായ മുസ് ലിം ഭരണാധികാരി മാത്രമാവുന്നു എന്നത് ഈ ചട്ടക്കൂടിനുള്ളില്‍ അസ്വാഭാവികമല്ല.
അതേസമയംതന്നെ, ദേശീയ വിദ്യാഭ്യാസനയത്തിന് ആഗോള നിയോലിബറല്‍ മൂലധന താൽപര്യങ്ങളുമായി ഗാഢമായ ബന്ധമാണുള്ളത്. സ്വതന്ത്ര വിപണി മുതലാളിത്തം, സ്വകാര്യവത്കരണം, വ്യക്തിഗത ഉത്തരവാദിത്തത്തിലും വിപണി കാര്യക്ഷമതയിലും ശക്തമായ ഊന്നല്‍ നല്കുന്ന സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് നവലിബറലിസം. നവലിബറൽ തത്ത്വങ്ങളുമായി വ്യക്തമായ പൊരുത്തപ്പെടുത്തൽ NEP പ്രകടമാക്കുന്നുണ്ട്. സ്വകാര്യവത്കരണവും വാണിജ്യവത്കരണവും, വിദ്യാഭ്യാസത്തിലെ സ്വകാര്യ നിക്ഷേപം, അടിസ്ഥാന സൗകര്യ നിർമാണങ്ങളുടെ സ്വകാര്യവത്കരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോർപറേഷനുകളും തമ്മിലെ സഹകരണം എന്നിവയും ഫീസ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകളും സേവനങ്ങളുമുള്ള ഒരു വിപണി നിയന്ത്രിത സംരംഭമായി വിദ്യാഭ്യാസത്തെ മാറ്റുന്നതും ഇതിനുദാഹരണമാണ്. വിമർശനാത്മകമോ സൈദ്ധാന്തികമോ പൊതു-അധിഷ്ഠിതമോ ആയ വിദ്യാഭ്യാസത്തേക്കാൾ വിപണി ആവശ്യങ്ങൾ, തൊഴിൽക്ഷമത, വ്യാവസായിക പ്രയോഗക്ഷമത എന്നിവയിലേക്ക് വ്യക്തമായി ലക്ഷ്യംവെച്ചുള്ള കോഴ്സുകൾക്കും പാഠ്യപദ്ധതികൾക്കും മുൻഗണന നൽകുന്നു എന്നതടക്കം നിരവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സാംസ്കാരിക ദേശീയതയെയും നിയോലിബറല്‍ മൂലധന താൽപര്യങ്ങളെയും സമന്വയിപ്പിക്കുന്ന നവ വിദ്യാഭ്യാസനയത്തെ ഇതേ വഴികളില്‍ കൂടുതല്‍ ആഴത്തില്‍ എങ്ങനെ വ്യാപിപ്പിക്കാന്‍ കഴിയുമെന്ന അന്വേഷണമാണ് ഇപ്പോഴത്തെ ജ്ഞാനസഭകളുടെ അടിസ്ഥാന പ്രമേയങ്ങളും അജണ്ടയും നിര്‍വചിക്കുന്നത്. ഇതാവട്ടെ, ന്യൂനപക്ഷ-ദലിത് സമൂഹങ്ങളെ സാമ്പത്തികവും സാമൂഹികമായി കൂടുതൽ അരികുവത്കരിക്കുന്നതിലേക്ക് നയിക്കുമെന്ന ആശങ്കയും വ്യാപകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.