Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightസമ്പദ് വ്യവസ്ഥയുടെ...

സമ്പദ് വ്യവസ്ഥയുടെ അനാശാസ്യ പരിണാമങ്ങള്‍

text_fields
bookmark_border
സമ്പദ് വ്യവസ്ഥയുടെ അനാശാസ്യ പരിണാമങ്ങള്‍
cancel

ഒരു ദശാബ്ദത്തില്‍ അധികമായി നിലനില്‍ക്കുന്ന പരിവാര്‍ ഭരണം ഇന്ത്യയിലെ സാമ്പത്തികമേഖലയില്‍ അടിസ്ഥാനപരമായ അനാശാസ്യ ദിശാവ്യതിയാനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കോർപ്പറേറ്റ് മേഖലയിലെ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടതാണ് അതിലേറ്റവും പ്രധാനം. കോർപ്പറേറ്റ് കേന്ദ്രീകരണം എന്ന പ്രക്രിയക്ക് രണ്ട് മുഖങ്ങളുണ്ട്. അത് സ്വയമേവ ഒരു കള്ളക്കൂട്ട്‌ മുതലാളിത്തം (crony capitalism) ആകണമെന്നില്ല. ഒരു കമ്പനി അതിന്റെ എതിരാളികളേക്കാൾ കൂടുതൽ ഉൽപ്പാദനക്ഷമതയോ നൂതനത്വമോ കാര്യക്ഷമതയോ ഉള്ളതായതിനാൽ വിപണിയിൽ ആധിപത്യം സ്ഥാപിച്ചേക്കാം. എന്നാൽ കള്ളക്കൂട്ട്‌ മുതലാളിത്തം രാഷ്ട്രീയ അധികാരവുമായുള്ള അടുപ്പം കരാറുകൾ, ധനകാര്യം, നിയന്ത്രണങ്ങൾ, ലൈസൻസുകൾ, ഭൂമി, അടിസ്ഥാനസൗകര്യങ്ങൾ മറ്റ് അവസരങ്ങൾ എന്നിവ ലഭ്യമാകുന്നതിനെ സ്വാധീനിക്കുന്ന സാമ്പത്തികക്രമത്തെയാണ് സൂചിപ്പിക്കുന്നത്. കോർപ്പറേറ്റ് അഴിമതിയുടെ വേരുകള്‍ അവിടെയാണ് പടരുന്നത്‌.

അസാധാരണമായ കേന്ദ്രീകരണങ്ങള്‍

കള്ളക്കൂട്ട്‌ മുതലാളിത്തത്തെ അളക്കുക പ്രയാസകരമാണ്. എന്നാൽ അതിന്‍റെ അടിസ്ഥാനസൂചകമായി കണക്കാവുന്നവ സാമ്പത്തികശക്തിയുടെ അസാധാരണമായ കേന്ദ്രീകരണവും അതിന്റെ സ്വഭാവവുമാണ്. 2026 ആഗസ്റ്റ് 10-ന് ലോക ബാങ്ക് ഇക്കണോമിക് റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനം വളരെ പ്രധാനപ്പെട്ട തെളിവുകൾ നൽകുന്നുണ്ട്. 2000-ത്തിനും 2020-നും ഇടയിലുള്ള ഇന്ത്യൻ വ്യവസായമേഖലയെക്കുറിച്ചുള്ള പഠനങ്ങള്‍, പൊതുമേഖലയുടെ പിന്മാറ്റംമൂലം മൊത്തത്തിലുള്ള കേന്ദ്രീകരണം ഭാഗികമായി കുറഞ്ഞതായി കണ്ടെത്തിയെങ്കിലും സ്വകാര്യമേഖലയില്‍ കോർപ്പറേറ്റ് കേന്ദ്രീകരണം വർധിക്കുകയാണെന്ന് സ്ഥിരീകരിക്കുന്നു.

2020-ൽതന്നെ, പ്രധാനപ്പെട്ട വ്യവസായങ്ങളിൽ 40 ശതമാനത്തിലധികവും ഉയർന്ന കേന്ദ്രീകരണത്തിന് വിധേയമായിക്കഴിഞ്ഞിരുന്നു, പഠനം നടത്തിയ പകുതിയിലധികം വ്യവസായങ്ങളിലും ഏറ്റവും വലിയ അഞ്ച് കമ്പനികൾ വരുമാനത്തിന്റെ 70 ശതമാനത്തിലധികവും കൈയടക്കിയിരിക്കുന്നു എന്നതാണ്. കുടുംബനിയന്ത്രണത്തിലുള്ള ആദ്യ 25 ബിസിനസ് ഗ്രൂപ്പുകളുടെ വരുമാനം ജി.ഡി.പിയുടെ 15 ശതമാനത്തിലധികമായിരുന്നു.

ഏറ്റവും വലിയ കുടുംബ ബിസിനസ് ഗ്രൂപ്പുകളുടെ ലാഭവിഹിതം ഉയരാൻ തുടങ്ങിയത് 2013-ന് ശേഷമാണ്. 2013-നും 2020-നും ഇടയിൽ, അവരുടെ ലാഭവിഹിതം ഏകദേശം 16 ശതമാനം വർധിച്ചു, ഉയർന്ന ലാഭവിഹിതം ഉയർന്ന വ്യാവസായിക കേന്ദ്രീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. മുതലാളിത്തത്തിന്റെ നേര്‍സാക്ഷ്യം മത്സരമാണെന്നാണല്ലോ അതിന്റെ വക്താക്കള്‍ ആണയിടുന്നത്. എന്നാല്‍ കേന്ദ്രീകരണത്തിലൂടെ കുടുംബനിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ബിസിനസ് ഗ്രൂപ്പുകൾ മത്സരത്തെ അട്ടിമറിക്കുകയും കാതലായ സാമ്പത്തികമേഖലകളില്‍ കുത്തകാവകാശം കൈവശപ്പെടുത്തുകയും ചെയ്യുകയാണ്. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ, ഊർജ ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ സംവിധാനങ്ങൾ, വൻകിട വ്യാവസായിക നിക്ഷേപങ്ങൾ എന്നിവയില്‍നിന്നുള്ള സമഗ്രമായ പിന്മാറലിലൂടെ ഈ മേഖലകളില്‍ഭരണകൂടം ചില കൂറ്റൻ കോർപ്പറേറ്റ് ഗ്രൂപ്പുകളെമാത്രം ആശ്രയിക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് സമ്പദ് വ്യവസ്ഥയെ തള്ളിയിട്ടിരിക്കുന്നു. ഇത്തരം കമ്പനികൾക്ക് അമിതനിക്ഷേപത്തിനുള്ള സാധ്യതകള്‍ ലഭിക്കുന്നത് ഭരണകൂടവുമായുള്ള കള്ളക്കൂട്ടിലൂടെയാണ്.

ഭരണകൂടത്തിന്‍റെ വഴിവിട്ട സഹായങ്ങളിലൂടെ കോർപ്പറേറ്റ് കേന്ദ്രീകരണം അനിയന്ത്രിതമാകുന്നു, അതിന്റെ ഫലമായി ഭരണകൂടത്തിന് സമ്പദ് വ്യവസ്ഥ പരിപാലിക്കാന്‍ അവരോടുള്ള ആശ്രിതത്വവും അമിതമായി വർധിക്കുന്നു. ഈ സര്‍ക്കുലര്‍ ബന്ധം സമകാലിക ഇന്ത്യയുടെ കേന്ദ്ര രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളിലൊന്നാണ്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കാണ്.

ടെലികമ്മ്യൂണിക്കേഷൻ മേഖലയായിരിക്കാം ഒരുപക്ഷേ ഇതിന്‍റെ ഏറ്റവും വ്യക്തമായ ഉദാഹരണം. 2026 മാർച്ച് മാസത്തിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇന്ത്യയിലെ വയർലെസ് വരിക്കാരുടെ 39.21 ശതമാനവും ഭാരതി എയർടെൽ 37.74 ശതമാനവും നിയന്ത്രിച്ചു. അതിനാൽ രണ്ട് സ്വകാര്യ കോർപ്പറേഷനുകൾ ചേർന്ന് മൊബൈൽ വിപണിയുടെ ഏകദേശം 77 ശതമാനവും കൈയടക്കി.

വോഡഫോൺ ഐഡിയക്ക് 15.68 ശതമാനവും ബി.എസ്.എൻ.എല്ലിന് 7.34 ശതമാനവും മാത്രമാണ് ഉള്ളത്. ഇതൊരു സമ്പൂർണ കുത്തകയല്ല, എന്നാൽ ഈ മേഖലയുടെ ഏകീകരണത്തിന് മുമ്പ് ഉണ്ടായിരുന്ന ഓപ്പറേറ്റർമാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അങ്ങേയറ്റം കേന്ദ്രീകരിക്കപ്പെട്ട ഒരു ഒലിഗോപോളി (ഏതാനും ചില വലിയ കമ്പനികൾ അഥവാ സ്ഥാപനങ്ങൾ മാത്രം ആധിപത്യം പുലർത്തുന്ന സാമ്പത്തികാവസ്ഥ)യാണ്. സിവിൽ വ്യോമയാനമേഖല ഇതിലും കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടതാണ്. ഇൻഡിഗോ കമ്പനി നിലവിൽ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയുടെ ഏകദേശം 67 ശതമാനവും നിയന്ത്രിക്കുന്നു. യാത്രക്കൂലി കുതിച്ചുയരുമ്പോള്‍ സര്‍ക്കാര്‍ നിസ്സഹായരായി നില്‍ക്കുകയോ തങ്ങളുടെ കള്ളക്കൂട്ടിന്റെ ഫലം ആസ്വദിക്കുകയോ ചെയ്യുന്നു.

ഇൻഡിഗോയുടെ പ്രവർത്തനപരമായ പ്രശ്നങ്ങൾ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചപ്പോൾ ഇതിന്റെ അപകടസാധ്യത വ്യക്തമായി നാം കണ്ടതാണ്: ഒരു കമ്പനി വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുമ്പോൾ, ആ കോർപ്പറേറ്റ് സ്ഥാപനത്തിന്റെ പ്രവർത്തന പരാജയം ദേശീയ അടിസ്ഥാന സൗകര്യപ്രതിസന്ധിയായി മാറുന്നു. അവര്‍ക്കിത് സാധ്യമായത് സര്‍ക്കാര്‍ നല്‍കിയ പരിലാളനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.

ഡിജിറ്റൽ പേയ്‌മെന്റുകൾ ഡ്യുയോപോളി (രണ്ട് കമ്പനികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ മാത്രം ഒരു വിപണിയുടെയോ വ്യവസായത്തിന്റെയോ ഭൂരിഭാഗം നിയന്ത്രിക്കുന്ന വിപണി ഘടന)യുടെ മറ്റൊരു രൂപം പ്രദർശിപ്പിക്കുന്നു. 2026 മേയിൽ, യു.പി.ഐ (UPI) ഇടപാടുകളുടെ 46.3 ശതമാനവും ഫോൺപേയും 32.7 ശതമാനം ഗൂഗിൾ പേയുമായിരുന്നു. രണ്ട് പ്ലാറ്റ്‌ഫോമുകളുംചേർന്ന് യുപിഐ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും പ്രോസസ്സ് ചെയ്യുകയാണ്.

യു.പി.ഐ എന്നത് എൻ.പി.സി.ഐ വഴി പ്രവർത്തിക്കുന്ന ഒരു പൊതു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ്; ഉപഭോക്താക്കൾ നേരിട്ട് ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ലെയറാണ് കൂടുതല്‍ കേന്ദ്രീകൃതമായിരിക്കുന്നത്. അതുപോലെ, കള്ളക്കൂട്ട്‌ മുതലാളിത്തത്തിന്‍റെ കൂടുതല്‍ പ്രത്യക്ഷമായ ഇടപെടല്‍ വെളിപ്പെടുത്തുന്ന മറ്റൊരു മേഖലയാണ് വിമാനത്താവളങ്ങൾ. 2019-ലെ സ്വകാര്യവൽക്കരണ റൗണ്ടിൽ, അഹ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങൾക്കും ഏറ്റവും ഉയർന്ന ലേലത്തുക നൽകിയ ലേലക്കാരായി അദാനി ഗ്രൂപ്പ് ഉയർന്നുവരികയും 50 വർഷത്തെ കരാറുകൾ നേടുകയും ചെയ്തു.

ആറും അദാനി നേടിയതായി നിതി ആയോഗ് രേഖകൾ സ്ഥിരീകരിക്കുന്നു. ഇന്ന് അതിന്റെ എയർപോർട്ട് പോർട്ട്‌ഫോളിയോയിൽ എട്ട് വിമാനത്താവളങ്ങൾ ഉൾപ്പെടുന്നു, ഗ്രൂപ്പ് തന്നെ പറയുന്നതനുസരിച്ച്, ഇന്ത്യൻ പാസഞ്ചർ ഫുട്‌ഫോളുകളുടെ ഏകദേശം 25 ശതമാനവും എയർ കാർഗോ ട്രാഫിക്കിന്റെ 33 ശതമാനവും ഇവര്‍ കൈകാര്യം ചെയ്യുന്നു. ഇത് ഓരോന്നും എങ്ങനെ നേടിയെടുത്തു എന്നത് പരിശോധനാര്‍ഹമായ കാര്യമാണ്. ലേല പ്രക്രിയയിൽനിന്നുള്ള രേഖകൾ കാണിക്കുന്നത്, രണ്ടിൽ കൂടുതൽ വിമാനത്താവളങ്ങൾ ഒരു ലേലക്കാര്‍ക്കും കുത്തകയായി നൽകരുതെന്ന് ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ശിപാർശ ചെയ്തിരുന്നു എന്നാണ്. എന്നാൽ ആ ശിപാർശ സ്വീകരിക്കപ്പെട്ടില്ല.

ചോദ്യംചെയ്യപ്പെടുന്ന ജനാധിപത്യം

സിമന്റ്, തുറമുഖങ്ങൾ, ഊർജം, റീട്ടെയിൽ, ഡിജിറ്റൽ വാണിജ്യം, മറ്റ് പല അടിസ്ഥാന സൗകര്യ വ്യവസായങ്ങൾ എന്നിവയും മൂലധന കേന്ദ്രീകരണത്തിലേക്കുള്ള സമാനമായ പ്രവണതകൾ കാണിക്കുന്നുണ്ട്. അതുകൊണ്ട്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുടനീളം അക്ഷരാർഥത്തിലുള്ള ക്ലാസിക്കല്‍ കുത്തകയുടെ ആവിർഭാവമല്ല സംഭവിക്കുന്നത്‌ എന്ന് വേണമെങ്കില്‍ പറയാം. അത് ശരിയാണുതാനും. എന്നാല്‍ പ്രധാനം, തന്ത്രപ്രധാനമായ മേഖലകളിൽ രണ്ടോമൂന്നോ കോർപ്പറേഷനുകൾ ആധിപത്യം പുലർത്തുന്ന ഒലിഗോപോളിസ്റ്റിക് വിപണിഘടനകളുടെ വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ്, അതിനു കാരണമായ കള്ളക്കൂട്ട്‌ സമീപനമാണ്.

മത്സരനയമെന്നത് വെറുമൊരു സാമ്പത്തിക പ്രശ്നമെന്നതിലുപരി ജനാധിപത്യപരമായ ചോദ്യമാകുന്നത് എന്തുകൊണ്ടാണെന്നും ഇത് വ്യക്തമാക്കുന്നു. ഒരു ഉൽപ്പന്നവിപണിയുടെ 60-70 ശതമാനം നിയന്ത്രിക്കുന്ന ഒരു കോർപ്പറേഷന് ലഭിക്കുന്ന വില നിശ്ചയിക്കാനുള്ള അധികാരം, വിപണിമത്സരത്തിന് വിധേയമല്ലാതാവുമ്പോള്‍ കുഴങ്ങുന്നത് ഉപഭോക്താക്കളാണ്. അതിനപ്പുറം, ടെലികമ്യൂണിക്കേഷൻസ്, മീഡിയ, അടിസ്ഥാന സൗകര്യങ്ങൾ, റീട്ടെയിൽ, ധനകാര്യം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ഒരേസമയം കൈകടത്തുന്ന ഒരു കോർപ്പറേറ്റ് ഗ്രൂപ്പിന് യഥാർഥത്തില്‍ ലഭിക്കുന്നത് സമൂഹത്തിനും ഭരണകൂടത്തിനുംമേലുള്ള ഘടനാപരമായ അധികാരം കൂടിയാണ്.

അതുകൊണ്ടുതന്നെ, കോർപ്പറേറ്റ് കേന്ദ്രീകരണം സുതാര്യമല്ലാത്ത രാഷ്ട്രീയ ധനസഹായം, വൻകിട പൊതുകരാറുകൾ, സ്വകാര്യവൽക്കരണം, ചില പ്രത്യേക മൂലധന ഗ്രൂപ്പുകളെ വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ തന്ത്രം എന്നിവയുമായി കൂടിച്ചേരുമ്പോൾ പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നു. ഇവയെല്ലാം ഒരുമിച്ച് ചേർക്കുമ്പോൾ, വിപണിയിലെ മത്സരത്തിൽനിന്ന് ഉണ്ടാകുന്ന കോർപ്പറേറ്റ് വിജയവും പ്രത്യേക ആനുകൂല്യങ്ങളിലൂടെ ലഭിക്കുന്ന വിജയവും തമ്മിലുള്ള അതിർവരമ്പ് സൂക്ഷ്മമായി പരിശോധിക്കേണ്ട ഒന്നായി മാറുന്നു. ഒരു വശത്ത് ജനങ്ങള്‍ക്കെതിരെ അമിതാധികാരം പ്രയോഗിക്കുന്നു, മറുവശത്ത് ചങ്ങാത്തമൂലധനത്തിന് അമിതാധികാങ്ങള്‍ നല്‍കി ആദരിക്കുന്നു. ഹിന്ദുത്വയുടെ പേരിലുള്ള ഈ ഇരട്ട സ്വേച്ഛാധിപത്യമാണ് ചോദ്യംചെയ്യപ്പെടേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articleindian economyEconomic PolicyCorporatesmonopoly
News Summary - The Adverse Evolution of the Economy
Next Story