കുട്ടികളോട് തോൽക്കുന്ന ഭരണകൂടം
text_fieldsആസാദ് സമാജ് പാർട്ടി നേതാവും എം.പിയുമായ ചന്ദ്രശേഖർ ആസാദ് രാവൺ, സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ നിഷു ആസാദിനൊപ്പം
ഒരു ഭരണകൂടത്തെ പുതിയ തലമുറ കൈവിടാൻ തുടങ്ങുമ്പോൾ, അവർ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെങ്കിൽപോലും ഭാവി നഷ്ടപ്പെടുന്നവരാവുന്നു. യുവതലമുറയിലെ പ്രധാന വിഭാഗങ്ങൾ തങ്ങളിൽനിന്ന് അകന്നശേഷവും സർക്കാരുകൾക്ക് ഭൂരിപക്ഷം നിലനിർത്താനും സ്ഥാപനങ്ങളെ നിയന്ത്രിക്കാനും വലിയ സംഘടനാസംവിധാനങ്ങൾ കൈവശംവെക്കാനും സാധിച്ചേക്കാം. എന്നാൽ ഭാവിയിൽ ജീവിക്കേണ്ടവരിലേക്ക് ഒരു ഭരണകൂടത്തിന്റെ സാധുത സ്വാഭാവികമായി പുനഃസൃഷ്ടിക്കപ്പെടുമ്പോൾ മാത്രമാണ് രാഷ്ട്രീയമായ ആധികാരികത സുസ്ഥിരമാകുന്നത്. ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂടം തങ്ങളുടെ അപ്രമാദിത്വത്തിൽ അഭിരമിക്കുമ്പോൾ, പുതിയ തലമുറ അവരെ അനുസരിക്കുന്നത് അവസാനിപ്പിക്കുകയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ അധികാരത്തെ പിന്നോട്ടടിപ്പിക്കാൻ കഴിയുമെന്ന് പഠിക്കുകയും ചെയ്യുന്നു. അതിലുപരി, ഐക്യദാർഢ്യത്തിലൂടെ ഭയത്തെ മറികടക്കാൻ സാധിക്കുമെന്ന് അവർ കണ്ടെത്തുന്നു. 2026-ൽ ഇന്ത്യയിൽ ഇത്തരമൊരു മാറ്റമാണ് സംഭവിക്കുന്നത്.
പാറ്റകൾ ഒരുമിച്ചാൽ ?
മെയ് 16-ന്, തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകളോട് ഉപമിക്കുന്ന തരത്തിൽ സംസാരിച്ച ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശങ്ങൾക്ക് മറുപടിയായി അഭിജീത് ദിപ്കെ എക്സിൽ ഒരു ചെറിയ വാചകം കുറിച്ചു: “എല്ലാ പാറ്റകളും ഒന്നിച്ചാൽ എന്തുസംഭവിക്കും?” പ്രശ്നക്കാരായി ഭരണകൂടം കണക്കാക്കുന്നവർക്ക് ലേബലുകൾ നൽകിക്കൊണ്ടാണ് അധികാരം പലപ്പോഴും വേട്ടയാടൽ ആരംഭിക്കുന്നത്. പരാന്നഭോജികൾ, രാജ്യവിരുദ്ധർ, അർബൻ നക്സലുകൾ, അരാജകവാദികൾ, പാറ്റകൾ എന്നിങ്ങനെ പേര് എന്തുമാവാം. എന്നാൽ ഉൾക്കാമ്പുള്ള പ്രസ്ഥാനങ്ങൾ ഇതിനു നേർവിപരീതമായ യുക്തി ഉപയോഗിക്കുന്നു.
തങ്ങളെ അപമാനിക്കാൻ ഉപയോഗിച്ച ഭാഷയെത്തന്നെ അവർ ഐക്യദാർഢ്യത്തിന്റെ അടയാളമാക്കി മാറ്റുന്നു. വ്യക്തികളെയും വിമതരെയും അവമതിക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയ വാക്കുകൾ, ആളുകൾ പരസ്പരം തിരിച്ചറിയുന്ന പേരായി മാറുന്നു. ‘പാറ്റകൾ’ എന്നത് ഒറ്റരാത്രികൊണ്ട് രാഷ്ട്രീയരൂപാന്തരം സംഭവിച്ച വിസ്മയമായിരുന്നു. ‘നഗരനക്സൽ’ ലേബലും ഇതുപോലെ ഇപ്പോൾ ഭരണകൂടത്തെ തിരിഞ്ഞുകുത്തുകയാണ്. ഒടുവിൽ “നിങ്ങൾ പാറ്റയല്ലെന്നു പറയൂ”, “നഗരനക്സലല്ലെന്നു പറയൂ” എന്ന് വൈസ് ചാൻസലർമാർതന്നെ കെഞ്ചിയാലും വിദ്യാർഥികൾ പുച്ഛിച്ചുതള്ളുന്ന അവസ്ഥയായി.
വിദ്യാഭ്യാസമന്ത്രിയുടെ രാജി,പരീക്ഷാപ്രതിസന്ധിയിൽപെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുക, പൊതുപരീക്ഷകളുടെ ഘടനാപരമായ പരിഷ്കരണം നിർവഹിക്കുക എന്നിവയായിരുന്നു പ്രസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾ. പരീക്ഷാ ഏജൻസികളുടെ നിയമപരമായ ഉത്തരവാദിത്തം, ഉദ്യോഗാർഥികളുടെ അവകാശങ്ങൾ, നഷ്ടപരിഹാരം, ക്ഷേമവ്യവസ്ഥകൾ, പാർലമെന്ററി മേൽനോട്ടം എന്നിവ ഉൾക്കൊള്ളുന്ന അഞ്ചുപോയിന്റ് പരീക്ഷാപരിഷ്കരണ ചാർട്ടർ പ്രസ്ഥാനം രൂപവത്കരിച്ചു. തുടർന്ന്, ഇത്തരം പ്രസ്ഥാനങ്ങൾക്ക് ഒരിക്കലും സാധ്യമല്ലെന്ന് കരുതപ്പെട്ട ഒന്ന് സംഭവിച്ചു: ജൂലൈ 25-ന് ധർമേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞു. സർക്കാരുമായുള്ള ചർച്ചകൾക്കും ശേഷിക്കുന്ന ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചതിനുംശേഷം ജന്തർമന്തറിലെ നീണ്ട സമരം സി.ജെ.പി. അവസാനിപ്പിച്ചു. കുട്ടികളോട് നിരുപാധികം ഭരണകൂടം കീഴടങ്ങി.
എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ തർക്കവിഷയമായി തുടർന്നു. സർക്കാരുകൾ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചാലും എഫ്.ഐ.ആറുകളിലൂടെയും ക്രിമിനൽ നടപടികളിലൂടെയും പ്രതിഷേധക്കാരെ പിന്നീട് പ്രതിസന്ധിയിലാക്കുക എന്നത് പൊതുവായ രീതിയാണ്. അതിനാൽ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സെപ്റ്റംബർ അഞ്ചിന് വീണ്ടും ദില്ലിയിലേക്ക് പ്രതിഷേധവുമായി എത്തുമെന്ന് സി.ജെ.പി. പ്രഖ്യാപിച്ചു.
സുപ്രീംകോടതി ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ച്, വിദ്യാർഥികൾക്കെതിരെ രാജ്യത്തുടനീളം രജിസ്റ്റർചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കി. കോടതിക്കുമുന്നിൽ നേരിട്ടുവരാത്ത സമാനമായ എഫ്.ഐ.ആറുകളും റദ്ദാക്കിയതായി കണക്കാക്കണമെന്നും ഈ സംഭവങ്ങളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും നിർദേശിച്ചു. എങ്കിലും ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വാഗ്ദാനം പൂർണമായി പാലിക്കപ്പെട്ടില്ല. തുടർന്ന് സമരം പുനരാരംഭിക്കുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചതോടെ, ആ കേസുകൾ റദ്ദാക്കുന്നതിനെ പിന്തുണച്ച് സർക്കാർതന്നെ കോടതിയെ സമീപിച്ചു. ഇതിനുശേഷമാണ് സി.ജെ.പി. പ്രഖ്യാപിത മാർച്ച് പിൻവലിച്ചത്. ഇതോടെ സർക്കാരിന്റെ മറ്റൊരു പിടിവാശികൂടി ഇല്ലാതായി; കുട്ടികൾ വീണ്ടും വിജയിച്ചു.
ജന്തർമന്തറിൽനിന്ന് നിയമസർവകലാശാലകളിലേക്ക്
ഇന്ത്യയിലെ മുൻനിര നിയമസർവകലാശാലകളിൽ പിന്നീട് നടന്ന സംഭവങ്ങൾ ഈ പാഠങ്ങൾ എത്രവേഗത്തിലാണ് പടർന്നതെന്ന് വ്യക്തമാക്കുന്നു. ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്സിറ്റിയിൽ, 2026-ലെ ബിരുദദാനച്ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കണമെന്ന നിർദേശത്തെ പഠിച്ചിറങ്ങുന്ന ഏകദേശം 450 വിദ്യാർഥികൾ എതിർത്തു. മുൻകാല വിദ്യാർഥിപ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങളിലെ അതൃപ്തിയുമായി ഈ വിഷയം ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു.
അവരുടെ എതിർപ്പിനെക്കുറിച്ച് എന്ത് അഭിപ്രായമുണ്ടെങ്കിലും, അത് പ്രകടിപ്പിക്കാനുള്ള ജനാധിപത്യപരമായ അവകാശം അംഗീകരിക്കപ്പെടേണ്ടതായിരുന്നു. പകരം, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻകുമാർ മിശ്ര ആഗസ്റ്റ് 13-ന് അസാധാരണമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന് സംസ്ഥാന ബാർ കൗൺസിലുകളോട് ആവശ്യപ്പെട്ടു. ഒരു ചടങ്ങിലെ വിശിഷ്ടാതിഥിയോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ, പഠിച്ച തൊഴിലിൽ പ്രവേശിക്കുന്നതിൽനിന്ന് ഒരു ബാച്ചിലെ മുഴുവൻ വിദ്യാർഥികളെയും തടയാൻ സാധിക്കുമെന്ന അവസ്ഥ.
എന്നാൽ ഇവിടെയും അധികാരികളുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങാൻ തയാറല്ലാത്ത തലമുറയെയാണ് കണ്ടത്. ഈ ഉത്തരവ് വിദ്യാർഥികൾ, അഭിഭാഷകർ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. സി.ജെ.പി. നേതാക്കളും പ്രതിഷേധത്തിന് ആഹ്വാനംചെയ്തു. മണിക്കൂറുകൾക്കകം ബാർ കൗൺസിൽ ഉത്തരവ് പിൻവലിച്ചു. വിഷയം സുപ്രീംകോടതിയിലെത്തുകയും വിദ്യാർഥികൾക്കും അധ്യാപകർക്കും എതിരെയുള്ള നടപടികൾ തടയപ്പെടുകയും ചെയ്തു. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ബി.സി.ഐ.യുടെ ആഗസ്റ്റ് 13-ലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ബി.സി.ഐ.യുടെ നടപടി ‘‘ഒരു വലിയ അബദ്ധമായിരുന്നു’’ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ നടപടിക്രമങ്ങൾക്കിടയിൽ നിരീക്ഷിച്ചു.
പിന്നീട് ബംഗളൂരുവിലെ എൻ.എൽ.എസ്.ഐ.യുവിൽ ചീഫ് ജസ്റ്റിസിന്റെയും ബി.സി.ഐ. ചെയർമാൻ മനൻകുമാർ മിശ്രയുടെയും സാന്നിധ്യത്തെ എതിർത്തുകൊണ്ടും നൽസാറിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും എഴുന്നൂറിലധികം വിദ്യാർഥികളും പൂർവവിദ്യാർഥികളും ഒരു പ്രസ്താവനയിൽ ഒപ്പുവെച്ചു. ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങിൽ തടസ്സങ്ങൾ ഉണ്ടാക്കാതെ പങ്കെടുക്കാൻ ഭൂരിപക്ഷതീരുമാനപ്രകാരം അവർ തയാറായിരുന്നു.
മിശ്ര പങ്കെടുക്കില്ലെന്ന് അധികൃതർ വിദ്യാർഥികളെ അറിയിക്കുകയും ചെയ്തു. എന്നാൽ സർവകലാശാല പിന്നീട് മറ്റൊരു നിബന്ധന മുന്നോട്ടുവെച്ചു: ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കുന്ന പൊതുപ്രസ്താവനയിൽ വിദ്യാർഥികൾതന്നെ ഒപ്പിടണമെന്നും അതിൽ പൂർണസമ്മതം ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥികൾ അത് പൂർണമായി നിരസിച്ചു. ഒടുവിൽ യൂണിവേഴ്സിറ്റി സെപ്റ്റംബർ 12-ലെ ബിരുദദാനച്ചടങ്ങ് റദ്ദാക്കുകയും ബിരുദങ്ങൾ ഓഫീസ് വഴി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എൻ.എൽ.എസ്.ഐ.യു. വിദ്യാർഥികളുടെ രാഷ്ട്രീയ അവബോധത്തിനുമുന്നിൽ അധികാരികൾ പരാജയപ്പെടുന്നതാണ് അവിടെയും കണ്ടത്.
ജൂൺ 23-ലെ ജന്തർമന്തർ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ, നിഷു ആസാദ് എന്ന പ്രക്ഷോഭകയുടെ പിതാവ് സഞ്ജയ്കുമാറിന് പരിക്കേറ്റിരുന്നു. സൂരജ്കുമാർ, സ്വതന്ത്രഭരദ്വാജ് എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. മാത്രമല്ല, പ്രതിഷേധക്കാരിയുടെ പിതാവിനെ താൻ ആക്രമിച്ചെന്നും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അറസ്റ്റിൽനിന്ന് രക്ഷപ്പെട്ടെന്നും ഭരദ്വാജ് അവകാശപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ, സെപ്റ്റംബർ നാലിന് സി.ജെ.പി. പ്രവർത്തകർ നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ, എഫ്.ഐ.ആറിൽ എസ്.സി/എസ്.ടി. ആക്ടിലെ പ്രസക്തമായ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും ഭരദ്വാജിനെ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽനിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അധികാരം കുട്ടികളുടെ നൈതികരാഷ്ട്രീയത്തിനു മുന്നിൽ ഒരിക്കൽകൂടി തോൽവി സമ്മതിച്ചു.
കുട്ടികളുടെ മുന്നിൽ നിരന്തരം തോൽക്കുന്ന ഈ ഭരണകൂടം ഭാവിയോട് തോൽവി സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ് ഇത് മുന്നോട്ടുകൊണ്ടുപോകേണ്ടത്; യുവത സൃഷ്ടിച്ച രാഷ്ട്രീയതരംഗത്തെ അതിന്റെ അന്തിമവിജയത്തിലേക്ക്, ഭരണമാറ്റത്തിലേക്ക് എത്തിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

