Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദുത്വയുടെ കേരള കണക്ഷൻ

text_fields
bookmark_border
ഹിന്ദുത്വയുടെ കേരള കണക്ഷൻ
cancel

‘‘ചുക്കില്ലാത്ത കഷായമില്ല’’ എന്ന മലയാളം ചൊല്ലിനെ അന്വർഥമാക്കും വിധമാണ് ഒട്ടുമിക്ക വിഷയങ്ങളിലെയും മലയാളിസാന്നിധ്യം. രാഷ്ട്രീയമാവട്ടെ, കല-സാംസ്കാരിക-വാണിജ്യ ജീവകാരുണ്യ മേഖലകളാവട്ടെ എന്തിലുമേതിലും കണ്ടെത്താനാവും ഒരു മലയാളി അല്ലെങ്കിൽ കേരള കണക്ഷൻ. ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യ കെട്ടിപ്പടുത്തതിലും മലയാളിയുടെ കൈയൊപ്പ് കാണാം. രാജ്യത്തെ സംസ്ഥാനങ്ങളെ ഒന്നൊന്നായി കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ ചെറുത്തതിന്റെ പേരിൽ കേരളത്തിനെതിരെ വിദ്വേഷപ്രചാരണങ്ങൾ ഉത്തരേന്ത്യയിലെമ്പാടും വ്യാപകമാണ്. ഹിന്ദുത്വവാദത്തിനെതിരെ രാഷ്ട്രീയമായും കലാസാഹിത്യ വഴികളിലൂടെയും കേരളം ശക്തമായി പ്രതിരോധിക്കുന്നു എന്നത് സത്യമാണ്. എന്നാൽ, കേരളത്തെ അവർ ഇത്രകണ്ട് എതിർക്കുമ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിണാമങ്ങൾ പരിശോധിച്ചാൽ ഹിന്ദുത്വത്തിന്റെ നിർണായകമായ വഴിത്തിരിവുകളിലെല്ലാം, തുടക്കത്തിൽ പറഞ്ഞ ചൊല്ലിനെ ഓർമിപ്പിക്കുംവിധം എവിടെയോ ഒരു മലയാളി അഥവാ കേരള കണക്ഷൻ കാണാനാവും.

ഹിന്ദുത്വത്തെ കേവലമൊരു പ്രത്യയശാസ്ത്രധാരയിൽനിന്ന് ഒരു രാഷ്ട്രീയശക്തിയാക്കി മാറ്റിയതിൽ അയോധ്യാ പ്രക്ഷോഭത്തോളം വലിയ പങ്കുവഹിച്ച മറ്റൊന്നുമില്ല. അവിടെയും പശ്ചാത്തലത്തിൽ ഒരു മലയാളി ഉണ്ടായിരുന്നു. 1949 ഡിസംബർ 22–23 രാത്രിയിൽ ബാബ്‌രി മസ്ജിദിനുള്ളിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെടുമ്പോൾ ഫൈസാബാദിലെ ജില്ലാ മജിസ്ട്രേറ്റ് ആലപ്പുഴ കൈനകരി സ്വദേശിയായ കെ.കെ. നായർ (കണ്ടൻകളത്തിൽ കരുണാകരൻ നായർ) എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. വിഗ്രഹം നീക്കം ചെയ്യാനുള്ള സർക്കാരിന്റെ നിർദേശം നടപ്പാക്കാൻ കെ.കെ. നായർ വിസമ്മതിച്ചതായി അയോധ്യാ തർക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിന്യായത്തിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. നായർ പിന്നീട് സർക്കാർ സർവീസിൽനിന്ന് രാജിവെച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഭാരതീയ ജനസംഘത്തിൽ ചേർന്ന അദ്ദേഹവും ഭാര്യ ശകുന്തളാ നായരും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിരലിലെണ്ണാവുന്ന എം.പിമാർ മാത്രമുണ്ടായിരുന്ന ജനസംഘത്തിനും പിൽക്കാല രൂപമായ ബി.ജെ.പിക്കും ഇന്നീക്കാണുന്ന വളർച്ചയുണ്ടാക്കുന്നതിൽ കെ.കെ. നായർ വഹിച്ച പങ്ക് വിവരണാതീതമാണ്.

ഡോ. മൻമോഹൻ സിങ് നേതൃത്വം നൽകിയ യു.പി.എ സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അരങ്ങേറിയ അഴിമതിവിരുദ്ധ മുന്നേറ്റമായിരുന്നു. 2ജി സ്പെക്ട്രം വിതരണത്തിൽ 1.76 ലക്ഷം കോടി രൂപയുടെ ‘അനുമാന നഷ്ടം’ സംഭവിച്ചു എന്ന സി.എ.ജി റിപ്പോർട്ടിലൂന്നിയാണ് അണ്ണാ സമരം കത്തിപ്പടർന്നത്. അന്ന് സി.എ.ജിക്ക് നേതൃത്വം നൽകിയ വിനോദ് റായ് ഒരു മലയാളിയല്ലായിരുന്നെങ്കിലും കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. തൃശൂരിൽ സബ് കളക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ച, പച്ചവെള്ളംപോലെ മലയാളം സംസാരിച്ചിരുന്ന ഓഫീസർ. വിനോദ് റായി അവതരിപ്പിച്ച അനുമാന നഷ്ടക്കണക്കിനെക്കുറിച്ച് ആഗസ്റ്റ് അഞ്ചിലെ സൂക്ഷ്മനിരീക്ഷണം കോളത്തിൽ വിശദമായി എഴുതിയിരുന്നു.

ഇപ്പോൾ ഇതാ മറ്റൊരു കേരള കേഡർ ഉദ്യോഗസ്ഥൻ വാർത്തകളിൽ നിറയുന്നു: മുൻപ് എറണാകുളം ജില്ലാ കലക്ടറും ഡൽഹി കേരള ഹൗസ് റസിഡന്റ് കമീഷനറുമെല്ലാമായിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ.

വോട്ടർ രജിസ്ട്രേഷൻ, പേരുകൾ വെട്ടിമാറ്റൽ, തെരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയറുകൾ എന്നിവയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്തു മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും ഔദ്യോഗികമായി വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്നതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട വെളിപ്പെടുത്തൽ രാജ്യത്തെ നടുക്കിയിരിക്കുകയാണ്. എസ്.ഐ.ആർ പ്രക്രിയയിലൂടെ രാജ്യത്തുടനീളം 13 കോടിയിലധികം ആളുകളുടെ പേരുകൾ കരടു വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. വോട്ടർപട്ടികയിലെ ഈ വെട്ടിമാറ്റലുകൾ എങ്ങനെയാണ് തെരഞ്ഞെടുപ്പുഫലങ്ങളിൽ പ്രതിഫലിച്ചതെന്ന് രാജ്യം കണ്ടതാണല്ലോ.

ഗ്യാനേഷ് കുമാറിനെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുമായി നേരിട്ടു താരതമ്യം ചെയ്യുന്നത് നീതിയായിരിക്കില്ല. എങ്കിലും, കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രം കൗതുകകരമായ ഒരു മുൻകാല മാതൃക മുന്നോട്ടുവെക്കുന്നുണ്ട്. തെരഞ്ഞെടുപ്പു സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു തിരുവിതാംകൂർ. ഇന്നത്തെ മാനദണ്ഡങ്ങൾ വെച്ചുനോക്കുമ്പോൾ അതൊട്ടും ജനാധിപത്യപരമായിരുന്നില്ല. 1922, 1925, 1928, 1931 വർഷങ്ങളിലെ ആദ്യ നാലു തെരഞ്ഞെടുപ്പുകളിൽ ജനറൽ സീറ്റുകളിൽനിന്നുള്ള പ്രാതിനിധ്യം വിവിധ സമുദായങ്ങളുടെ ജനസംഖ്യാനുപാതവുമായി യാതൊരു പൊരുത്തവുമില്ലാത്തതായിരുന്നു. ഏകദേശം 16 ലക്ഷം വരുന്ന ക്രൈസ്തവ സമുദായത്തിൽനിന്ന് 24 എം.എൽ.എമാരും, എട്ടു ലക്ഷത്തോളം വരുന്ന നായർ സമുദായത്തിൽനിന്ന് 54 എം.എൽ.എമാരും ഉണ്ടായിരുന്നു. എന്നാൽ, ജനസംഖ്യയിൽ നായർ സമുദായത്തേക്കാൾ കൂടുതലുണ്ടായിരുന്ന ഈഴവ സമുദായത്തിന് സഭയിൽ പ്രാതിനിധ്യമേ ഇല്ലായിരുന്നു. 3.5 ലക്ഷത്തോളം വരുന്ന മുസ്ലിം സമുദായത്തിൽനിന്ന് ആകെയുണ്ടായിരുന്നത് ഒരൊറ്റ എം.എൽ.എ മാത്രമാണ്.

നിവർത്തന പ്രക്ഷോഭത്തിന്റെ സമ്മർദത്തെത്തുടർന്നാണ് ഒടുവിൽ ഈ വ്യവസ്ഥക്ക് മാറ്റം വന്നത്. മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ ജീവചരിത്രത്തിൽ എം.കെ. കുമാരൻ എഴുതുന്നു: “നിവർത്തന പ്രക്ഷോഭത്തിനിടയ്ക്ക് ദിവാനായി നിയമിക്കപ്പെട്ടിരുന്ന സർ മുഹമ്മദ് ഹബീബുല്ലയാണ് സംയുക്ത സമുദായങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് പര്യാപ്തമായ ഭരണപരിഷ്കാരത്തിന്റെ സാരഥ്യം വഹിച്ചത്.”

ഹബീബുല്ലയ്ക്കു ശേഷം അധികാരമേറ്റ സർ സി.പി. രാമസ്വാമി അയ്യർ തനി സ്വേച്ഛാധിപത്യ ശൈലിയിലാണ് ഭരണം മുന്നോട്ടുകൊണ്ടുപോയത്. തെരഞ്ഞെടുപ്പും തഥൈവ. രാജാവിനെക്കാൾ ശക്തനായി നാടുവാണ ദിവാനെതിരെ കടുത്ത പ്രതിഷേധങ്ങളുയർന്നു. അതിനെയും അടിച്ചമർത്തി മുന്നോട്ടുപോകവെയാണ് കെ.സി.എസ്. മണി എന്ന സോഷ്യലിസ്റ്റ് പ്രവർത്തകന്റെ വെട്ടേറ്റ് അറ്റുതൂങ്ങിയ കവിളുമായി സർ സി.പിക്ക് തിരുവിതാംകൂർ വിട്ടോടേണ്ടി വന്നത്.

ഹിന്ദുത്വയുടെ ഈ കേരള കണക്ഷൻ ഉദ്യോഗസ്ഥരിലൊതുങ്ങുന്നില്ല. അശോകചക്രവർത്തിയെപ്പോലുള്ള ഭരണാധികാരികളുടെ അകമഴിഞ്ഞ പിന്തുണയോടെ രാജ്യത്ത് പ്രമുഖ വിശ്വാസസംഹിതയായി വ്യാപിച്ചിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനം കുറച്ച് സനാതനഹിന്ദു വ്യവസ്ഥ മേൽക്കോയ്മ നേടിയതിനു പിന്നിലും ഒരു മലയാളിയുടെ നാമമാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്; എട്ടാം നൂറ്റാണ്ടിൽ ഇന്നത്തെ എറണാകുളം ജില്ലയിലെ കാലടിയിൽ ജനിച്ച്, തന്റെ ‘ദിഗ്‌വിജയ യാത്ര’യിലൂടെ ഭാരതമൊട്ടാകെ സഞ്ചരിച്ച് മഠങ്ങൾ സ്ഥാപിച്ച ശങ്കരാചാര്യരുടെ. ഇന്ന് കേരളമായി മാറിയ പ്രദേശത്തും ഒരുകാലത്ത് ശക്തമായ ബുദ്ധമത സാന്നിധ്യമുണ്ടായിരുന്നു എന്നതിന് പുരാവസ്തു ചരിത്ര തെളിവുകളുണ്ട്.

അയോധ്യാ പ്രക്ഷോഭത്തിലും ഹിന്ദുത്വയുടെ കടന്നുകയറ്റത്തിലും നിർണായക പങ്കുവഹിച്ച വിശ്വഹിന്ദു പരിഷത്തിനെക്കുറിച്ചാലോചിക്കുമ്പോൾ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ, വിഷ്ണുഹരി ഡാൽമിയ തുടങ്ങിയവരുടെ പേരുകളാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ, ഈ സംഘടനയുടെ സ്ഥാപക അധ്യക്ഷനും ഒരു മലയാളിയായിരുന്നു: എറണാകുളത്ത് ജനിച്ച, പൂർവാശ്രമത്തിൽ പി.ബാലകൃഷ്ണമേനോൻ എന്ന പേരിൽ മാധ്യമപ്രവർത്തകനായിരുന്ന സ്വാമി ചിന്മയാനന്ദൻ. ആർഎസ്എസ് ശാഖകളുടെ എണ്ണത്തിൽ ഉത്തർപ്രദേശിനു തൊട്ടുപിന്നാലെ ഹിന്ദുത്വ ശക്തികേന്ദ്രങ്ങളായ ഗുജറാത്തോ മഹാരാഷ്ട്രയോ മധ്യപ്രദേശോ അല്ല, കേരളമാണ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hindutva's Kerala Connection
Next Story