ഉമർ ഖാലിദ് നീതി അർഹിക്കുന്നു
text_fieldsഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒരാളെ നിരപരാധിയെന്നോ കുറ്റക്കാരനെന്നോ വിധിക്കൽ എന്റെ ജോലിയല്ല. മികച്ചൊരു പുസ്തകം എഴുതിയതിന്റെ പേരിലോ ഗുഹയെപ്പോലൊരു ചരിത്രകാരൻ പ്രശംസിച്ചതിന്റെ പേരിലോ കോടതികൾ ഉമറിന് പ്രത്യേക പരിഗണന നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. വിചാരണ എങ്ങുമെത്താതെ പൂട്ടിയിടുന്ന ഈ നീണ്ട ജയിൽവാസമാണ് എന്നെ അലട്ടുന്നത്
നമുക്ക് പ്രചോദനമേകുന്ന ഒരുപാട് വായനശാലകളുണ്ട്; അതുപോലെതന്നെ മനസ്സിനെ സങ്കടപ്പെടുത്തുന്നവയുമുണ്ട്. കിഴക്കേ ഇന്ത്യയിലെ ഒരു സർവകലാശാലാ ലൈബ്രറി സന്ദർശിച്ചത് ഓർമ വരുന്നു. അവിടുത്തെ അലമാരകളിലായി ആയിരക്കണക്കിന് പി.എച്ച്.ഡി പ്രബന്ധങ്ങൾ അടുക്കിവെച്ചിരിക്കുന്നു. വർഷങ്ങളായി പൊടിപിടിച്ചു കിടക്കുന്ന അവയിൽ എത്രയെണ്ണം ആരെങ്കിലുമൊന്ന് മറിച്ചുനോക്കിയിട്ടെങ്കിലുമുണ്ടാകുമെന്ന് ഞാൻ ആലോചിച്ചു. ഇത്തരം പ്രബന്ധങ്ങളിൽ ഭൂരിഭാഗവും പിന്നീട് പുസ്തകങ്ങളായി പുറത്തുവരാറില്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. പി.എച്ച്.ഡി നേടുക, അതുവഴി അക്കാദമിക് ലോകത്ത് സ്ഥാനക്കയറ്റം ഉറപ്പാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പല പ്രബന്ധങ്ങളും എഴുതപ്പെടുന്നത്. ലക്ഷ്യം നിറവേറുന്നതോടെ പ്രബന്ധം വിസ്മൃതിയിലാകുന്നു. ചിലതാകട്ടെ, കടുകട്ടിയുള്ള സാങ്കേതികപദങ്ങളും സിദ്ധാന്തങ്ങളും കുത്തിനിറച്ച് അങ്ങേയറ്റം വിരസമായി എഴുതപ്പെട്ടവയാകയാൽ വായിക്കണമെന്ന് ആഗ്രഹിക്കുന്നവർ പോലും പാതിവഴിയിൽ പിന്മാറും.
അതുകൊണ്ടാണ്, ആറു വർഷമായി തിഹാർ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന്റെ പി.എച്ച്.ഡി പ്രബന്ധത്തെ ആസ്പദമാക്കിയുള്ള പുസ്തകം അടുത്തിടെ വാങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നിയത്. ‘ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദി പൊളിറ്റിക്സ് ഓഫ് പവർ’ എന്ന ഈ പുസ്തകം സർവകലാശാലാ ക്ലാസ് മുറികൾക്കപ്പുറം വായിക്കപ്പെടേണ്ട മികച്ചൊരു രചനയാണ്.
ഗോത്രവർഗ സമൂഹങ്ങളെയും അവരുടെ ജീവിതത്തെയും സംബന്ധിച്ച് നല്ല അവഗാഹമുള്ള രാമചന്ദ്ര ഗുഹയുടെ ശ്രദ്ധേയമായ അവതാരികയോടെയാണ് പുസ്തകം തുടങ്ങുന്നത്. ഇന്ത്യയെ സ്വന്തം വീടായി സ്വീകരിച്ച ബ്രിട്ടീഷ് വംശജനായ നരവംശശാസ്ത്രജ്ഞൻ വെരിയർ എൽവിനെക്കുറിച്ചുള്ള രചനകളിലൂടെയാണ് ഞാൻ ആദ്യമായി രാമചന്ദ്ര ഗുഹയെ വായിക്കുന്നത്. ഒരു ക്രൈസ്തവ മിഷനറിയായി ഇന്ത്യയിലെത്തിയ എൽവിൻ ക്രമേണ ഗോത്രവർഗ ജീവിതവുമായി ആഴത്തിൽ ഇഴുകിച്ചേർന്നു. അവരുടെ ജീവിതശൈലി സ്വീകരിച്ച അദ്ദേഹം, ആ സമൂഹത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും സാമൂഹിക സാഹചര്യങ്ങളും പഠിക്കാനായി സ്വയം സമർപ്പിച്ചു. എൽവിന്റെ വ്യക്തിജീവിതം, പ്രത്യേകിച്ച് ഒരു ഗോത്രവർഗ സ്ത്രീയെ വിവാഹം കഴിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം എന്നെ ഏറെ ആകർഷിച്ചു. ഭൂരിഭാഗം ഇന്ത്യക്കാർക്കും അപരിചിതമായിരുന്ന ഒരു ലോകത്തേക്കുള്ള വാതിലാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ തുറന്നിട്ടത്. അതിൽ ആകൃഷ്ടനായ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും കാണുന്നതിനായി മേഘാലയയിലേക്ക് പുറപ്പെടുക പോലുമുണ്ടായി. അതുകൊണ്ടുതന്നെ, ഉമർ ഖാലിദിന്റെ പുസ്തകത്തിന് ഗുഹ എഴുതിയ അവതാരിക ഞാൻ ഏറെ ശ്രദ്ധയോടെയാണ് വായിച്ചത്. ഈ യുവപണ്ഡിതന്റെ കൃതിയെ അദ്ദേഹം വാനോളം പുകഴ്ത്തിയിട്ടുണ്ട്. പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ ആ പ്രശംസ തികച്ചും അർഹിച്ചതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഗവേഷണത്തിന്റെ ഗൗരവമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഏതാനും പുസ്തകങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സ്വന്തം വാക്കുകളിൽ പകർത്തിയെഴുതുന്ന ഒരു ‘കട്ട്-ആൻഡ്-പേസ്റ്റ്’ പ്രബന്ധമല്ല ഉമർ ഖാലിദ് തയ്യാറാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട ലഭ്യമായ സാഹിത്യകൃതികളെല്ലാം വിപുലമായി വായിച്ച അദ്ദേഹം, പ്രാഥമിക രേഖകളെയാണ് പ്രധാനമായും ആശ്രയിച്ചത്. ഗോത്രവർഗ സമൂഹങ്ങളെ വരുതിയിലാക്കാൻ ബ്രിട്ടീഷുകാർ എങ്ങനെയാണ് ഭരണപരമായ വിഭജനങ്ങളും നിയമങ്ങളും വനനയങ്ങളും ഉപയോഗിച്ചതെന്നും, ഈ സമൂഹങ്ങൾ അതിനോട് എങ്ങനെ പ്രതികരിച്ചുവെന്നുമാണ് പുസ്തകം അന്വേഷിക്കുന്നത്. ഗോത്രവർഗ ചരിത്രത്തെ കേവലം കൗതുകമുണർത്തുന്ന ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഒരു സമാഹാരമായി മാത്രമല്ല ഗവേഷകൻ നോക്കിക്കാണുന്നത്. ഉമറിന്റെ ഭാഷയാണ് മറ്റൊരു ആകർഷണം. ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യമുള്ള അയാൾ, അനാവശ്യമായ പാണ്ഡിത്യപ്രകടനങ്ങളാൽ വായനക്കാരനെ മടുപ്പിക്കുന്നില്ല. ഗൗരവമേറിയ ചരിത്രഗവേഷണങ്ങളെ സാധാരണക്കാർക്ക് പോലും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
അക്കാദമിക് മികവിനെ മുൻവിധികളില്ലാതെ അംഗീകരിക്കുന്ന ഒരു രാജ്യത്താണ് ഈ ചെറുപ്പക്കാരൻ ജീവിച്ചിരുന്നതെങ്കിൽ എങ്ങനെയാകുമായിരുന്നുവെന്ന് ഞാൻ സങ്കൽപിച്ചുനോക്കി. ഇയാളെ അധ്യാപകനായി ലഭിക്കാൻ സർവകലാശാലകൾ മത്സരിക്കുമായിരുന്നു. ഗവേഷണസ്ഥാപനങ്ങൾ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമായിരുന്നു. ചരിത്രപണ്ഡിതർ കൃതികൾ ഇഴകീറി ചർച്ച ചെയ്യുമായിരുന്നു. അതിലെല്ലാമുപരി മികച്ചൊരു യുവപണ്ഡിതൻ എന്ന നിലയിൽ സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ആഘോഷിക്കപ്പെടുമായിരുന്നു.
നിർഭാഗ്യവശാൽ, 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയകലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ വിചാരണത്തടവുകാരനായി 2020 സെപ്റ്റംബർ മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും കലാപത്തിന് ഗൂഢാലോചന നടത്തിയെന്നുമെല്ലാമാണ് ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.
ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒരാളെ നിരപരാധിയെന്നോ കുറ്റക്കാരനെന്നോ വിധിക്കൽ എന്റെ ജോലിയല്ല. അത് കോടതിയുടെ ഉത്തരവാദിത്തമാണ്. മികച്ചൊരു പുസ്തകം എഴുതിയതിന്റെ പേരിലോ ഗുഹയെപ്പോലൊരു പ്രമുഖ ചരിത്രകാരൻ പ്രശംസിച്ചതിന്റെ പേരിലോ കോടതികൾ ഉമറിന് പ്രത്യേക പരിഗണന നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. അതുപോലെതന്നെ, ആരോപണവിധേയനായി എന്നതിന്റെ പേരിൽ കുറ്റവാളിയായി ചിത്രീകരിക്കാനും സാധിക്കില്ല. എന്നാൽ, വിചാരണ എങ്ങുമെത്താതെ പൂട്ടിയിടുന്ന ഈ നീണ്ട ജയിൽവാസമാണ് എന്നെ അലട്ടുന്നത്. ജാമ്യം എന്നത് നിയമവും ജയിൽ എന്നത് അപവാദവുമാകണം എന്ന തത്വം നമ്മുടെ കോടതികൾ പലപ്പോഴും ആവർത്തിക്കാറുണ്ട്. എന്നാൽ, യു.എ.പി.എ പോലുള്ള നിയമങ്ങൾ ചുമത്തപ്പെടുമ്പോൾ, ജാമ്യം ലഭിക്കുന്നതിനുള്ള കടമ്പകൾ മറികടക്കാൻ കഴിയാത്തവിധം കഠിനമായി മാറുന്നു.
തൊള്ളായിരത്തിലധികം പ്രോസിക്യൂഷൻ സാക്ഷികൾ ഈ കേസിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിചാരണയുടെ ഈ വിപുലമായ വ്യാപ്തി തന്നെ ഗൗരവമേറിയ ഒരു ചോദ്യം ഉയർത്തുന്നുണ്ട്: കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് നീതിന്യായ വ്യവസ്ഥ തീർപ്പുകൽപ്പിക്കുന്നതിന് മുമ്പ് കുറ്റാരോപിതനായ ഒരാൾക്ക് എത്രകാലം ജയിലിൽ കിടക്കേണ്ടിവരും? ന്യായമായ ഒരു കാലയളവിലേക്ക് ജാമ്യം നിഷേധിക്കുന്നതും, വിചാരണത്തടവ് തന്നെ ഒരു ശിക്ഷയായി മാറാൻ അനുവദിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള മറ്റൊരു ചിത്രം ബിൽക്കിസ് ബാനു കേസ് നൽകുന്നുണ്ട്. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ, അവരുടെ പിഞ്ചുകുഞ്ഞുൾപ്പെടെ കുടുംബത്തിലെ 12 പേരെ കൊലപ്പെടുത്തിയ കേസിലെ പതിനൊന്ന് പ്രതികളെ 2022-ൽ ഗുജറാത്ത് സർക്കാർ ശിക്ഷാകാലാവധി പൂർത്തിയാകും മുമ്പേ ‘സംസ്കാരികൾ’ എന്ന ഗുഡ് സർട്ടിഫിക്കറ്റ് നൽകി വിട്ടയച്ചു. 2024 ജനുവരിയിൽ സുപ്രീംകോടതി അവരുടെ ശിക്ഷാ ഇളവ് റദ്ദാക്കുകയും തിരികെ ജയിലിലടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, 2026 ഒക്ടോബർ 28-ന് സുപ്രീംകോടതി തന്നെ ആ പതിനൊന്ന് പ്രതികളിൽ രണ്ട് പേർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു. ഇവിടെയുള്ള വ്യത്യാസം നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്: ഗുജറാത്ത് സർക്കാർ വിട്ടയയ്ക്കുകയും, ഇപ്പോൾ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരിക്കുന്ന പ്രതികൾ കുറ്റക്കാരാണെന്ന് കോടതികൾക്ക് ബോധ്യപ്പെട്ടവരാണ്. എന്നാൽ ഉമർ ഖാലിദിന്റെ കേസ് തികച്ചും വ്യത്യസ്തമാണ്; അദ്ദേഹം ഇതുവരെ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടിട്ടില്ല.
സ്വന്തമായി ശബ്ദമില്ലാതിരുന്ന സമൂഹങ്ങളെ വരുതിയിലാക്കാൻ അധികാരവർഗം എങ്ങനെയാണ് നിയമങ്ങളെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ചതെന്നാണ് ഉമറിന്റെ ഗവേഷണം അന്വേഷിക്കുന്നത്. ഇന്ന്, ആ ചെറുപ്പക്കാരന്റെ ജീവിതം തന്നെ ഭരണകൂടത്തിന്റെ അധികാരത്തെയും പൗരരുടെ അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചയുടെ നേർസാക്ഷ്യമായി മാറിയിരിക്കുന്നു. ഉമർ ഖാലിദ് കുറ്റവിമുക്തനാക്കപ്പെടുമോ അതോ ശിക്ഷിക്കപ്പെടുമോ എന്ന് എനിക്കറിയില്ല. എന്നാൽ, കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും ഉൽപ്പാദനക്ഷമമായ വർഷങ്ങൾ ജയിലഴികൾക്കുള്ളിൽ ഹോമിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയോട് ഒരു പരിഷ്കൃത സമൂഹത്തിനും പൊരുത്തപ്പെടാനാവില്ല.
പത്തോ പതിനഞ്ചോ വർഷം ജയിലിൽ കഴിഞ്ഞ ശേഷം അദ്ദേഹം ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുന്നു എന്ന് കരുതുക. നഷ്ടപ്പെട്ട ആ വർഷങ്ങളും, നഷ്ടമായ അവസരങ്ങളും കൊഴിഞ്ഞുപോയ യുവത്വവും ആര് തിരികെനൽകും? ഒരു നഷ്ടപരിഹാരത്തിനും അത്തരമൊരു നഷ്ടത്തെ നികത്താനാവില്ല. ഇനി അദ്ദേഹം ശിക്ഷിക്കപ്പെടുകയാണെങ്കിൽ പോലും, വിചാരണ നീതിയുക്തമായിരിക്കണം; ശിക്ഷ നിയമം അനുശാസിക്കുന്നതുമായിരിക്കണം. വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം കുറ്റാരോപിതനായ ഏതൊരു പൗരർക്കും ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണമാണത്.
ഒരുപക്ഷേ, വർഷങ്ങൾക്കുശേഷം ‘ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്’ ലോകമെമ്പാടുമുള്ള സർവകലാശാലാ ലൈബ്രറികളിൽ ഇടംപിടിച്ചേക്കാം. വിദ്യാർഥികൾ അത് വായിക്കുകയും, ചരിത്രപണ്ഡിതർ അത് ചർച്ച ചെയ്യുകയും, ഗവേഷകർ അത് ഉദ്ധരിക്കുകയും ചെയ്യും. എന്നാൽ, നീതിയുടെ ചക്രങ്ങൾ വേദനാജനകമാംവിധം ഇഴഞ്ഞപ്പോൾ ഒരു യുവാവിന്റെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടത് എന്തെല്ലാമായിരുന്നെന്ന് ഒരു പുസ്തകത്തിനും ഈ ലോകത്തോട് വിവരിക്കാനാവില്ല.

