സ്വന്തമായി നിർമാണശാല, സ്റ്റോക്കിൽ 12,000 കോടി രൂപയുടെ മയക്കുമരുന്ന്, തെലങ്കാനയില്‍ രാസ വിദഗ്ദ്ധന്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍
text_fieldsമുംബെ: തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയുടെ മറവിൽ മയക്കുമരുന്ന് നിർമിച്ച് വിൽപന നടത്തിയിരുന്ന സംഘം ഒടുവിൽ പൊലീസിന്റെ വലയിൽ. ഇവരിൽ നിന്ന് ഏകദേശം 12,000 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ (എം.ഡി) പിടിച്ചെടുത്തു. മുംബെ പൊലീസ് ആന്റി-നാർക്കോട്ടിക്സ് സെല്ലും ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് സംഘത്തിന് പിടിവീണത്.
ഹൈദരാബാദിനടുത്ത് ചെർലപ്പള്ളി വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘വാഗ്‌ദേവി ലാബ്‌സ്’ ഫാക്ടറിയിലായിരുന്നു ലഹരി നിർമാണം. ലഹരി സംഘത്തിലേക്ക് ദിവസങ്ങൾക്ക് മുമ്പേ നുഴഞ്ഞുകയറിയായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. അത്യാധുനിക രാസ ഉപകരണങ്ങൾ, മയക്കുമരുന്ന് ഉൽപ്പാദന യൂണിറ്റുകൾ, ലഹരി നിർമാണത്തിനുള്ള 32,000 ലിറ്റർ രാസപഥാർഥങ്ങൾ എന്നിവയും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
ഫാക്ടറി ഉടമയും രാസ വിദഗ്ദ്ധനുമായ ശ്രീനിവാസ് വലോട്ടി, സഹായി തനാജി പട്ടേ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഫാക്ടറി അടച്ചുപൂട്ടിയതായും മിരാ-ഭായന്ദർ, വസായ്-വിരാർ പോലീസ് കമ്മീഷണർ നികേത് കൗശിക് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിലും ശൃംഘലക്ക് ബന്ധമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ നിർമിക്കുന്ന ലഹരിമരുന്ന് ഏജന്റുമാർ വഴി മഹാരാഷ്ട്രയിൽ വിൽപ്പനക്കെത്തിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. അടുത്ത കാലത്ത് രാജ്യത്തുണ്ടായതിൽ വലിയ ലഹരിവേട്ടയാണ് ഇത്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്ന് നൂറുകണക്കിന് കിലോ മെഫെഡ്രോൺ വിപണിയിലെത്തിയതായാണ് അധികൃതർ കണക്കാക്കുന്നത്. ‘മ്യാവൂ മ്യാവൂ’, ‘മെഫ്’, ‘എം-ക്യാറ്റ്’, ‘മിയാവ്’ എന്നീ പേരുകളിലും അറിയപ്പെടുന്ന മെഫെഡ്രോൺ, ആംഫെറ്റാമൈൻ വിഭാഗത്തിൽ പെടുന്ന സിന്തറ്റിക് ലഹരിമരുന്നാണ്.
ആഴ്ചകൾക്ക് മുമ്പ്, ഒരു വിദേശ പൗരൻ ഉൾപ്പെടെ 12 പേരെ, 100 ഗ്രാം എം.ഡിയും 25 ലക്ഷം രൂപയുമായി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ ഇവർക്ക് തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയുമായുള്ള ബന്ധം സ്ഥിരീകരിച്ച അധികൃതർ നടത്തിയ അന്വേഷണത്തിലാണ് റാക്കറ്റ് വലയിലാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.