ടോൾ നൽകാതിരിക്കാൻ ആർമി ഓഫീസറായി ആൾമാറാട്ടം; ഹിമാചലിൽ 31കാരനായ 'വ്യാജ കേണൽ' പിടിയിൽ
text_fieldsസോളൻ: ടോൾ നികുതി ഒഴിവാക്കുന്നതിനായി ഇന്ത്യൻ ആർമി ഓഫീസറായി ആൾമാറാട്ടം നടത്തിയെന്നാരോപിച്ച് ഹിമാചൽ പ്രദേശിൽ 31കാരനെ പൊലീസ് പിടികൂടി. കസൗളി മേഖലയിൽ സൈനിക യൂനിഫോം ധരിച്ച് സഞ്ചരിക്കുകയും വ്യാജ സൈനിക തിരിച്ചറിയൽ രേഖ ഉപയോഗിക്കുകയും ചെയ്ത അർപൻ കട്ടോച്ചിനെയാണ് പൊലീസ് പിടികൂടിയത്. സ്വകാര്യ ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ.
കാംഗ്ര ജില്ലയിലെ ടിക്രി ഗ്രാമവാസിയായ അർപൻ കട്ടോച്ചി കസൗളിക്ക് സമീപം സുനാർഡി മേഖലയിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. സ്വകാര്യ ഹോട്ടലിൽ ഷെഫായി ജോലി ചെയ്തിരുന്ന ഇയാൾ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് പ്രദേശത്ത് സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 23നാണ് കോട്ട് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഒരാൾ ഇന്ത്യൻ സൈനിക യൂനിഫോം ധരിച്ച് സൈനിക ഓഫീസറായി പരിചയപ്പെടുത്തി നടക്കുന്ന ആളെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം പിന്നീട് പ്രാദേശിക പോലീസിന് കൈമാറി. തുടർന്ന് കസൗളി പൊലീസ് സ്റ്റേഷനു കീഴിലെ ഗർഖൽ പൊലീസ് പോസ്റ്റിലെ സംഘം അന്വേഷണം നടത്തി.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലളിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അർപൻ കട്ടോച്ചിയെ വാടകവീട്ടിൽ കണ്ടെത്തി ചോദ്യം ചെയ്തു. പരിശോധനയിൽ ഇയാൾ ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥനല്ലെന്നും സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണെന്നും കണ്ടെത്തി.
ടോൾ ഒഴിവാക്കാനാണ് വ്യാജ കേണൽ വേഷമിട്ടതെന്നാണ് പ്രാഥമിക നിഗമനം. സൈനിക വേഷവും തിരിച്ചറിയൽ രേഖകളും ഇയാൾ സ്വന്തമാക്കിയതായും പൊലീസ് കണ്ടെത്തി. സൈനിക യൂനിഫോമിലുള്ള ഇയാളുടെ പേരും ചിത്രവും ഉൾപ്പെട്ട ആർമി ശൈലിയിലുള്ള മദ്യ കാന്റീൻ കാർഡും പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്.
എന്നിരുന്നാലും, എത്ര തവണ വ്യാജ സൈനിക ഐഡന്റിറ്റി ഉപയോഗിച്ചു, ഏതൊക്കെ ടോൾ പ്ലാസകളിലാണ് ഉൾപ്പെട്ടത്, ആൾമാറാട്ടത്തിലൂടെ എന്തെങ്കിലും സാമ്പത്തിക നേട്ടം ലഭിച്ചോ എന്നത് സംബന്ധിച്ചുളള കാര്യങ്ങൾ പോലീസ് പുറത്ത് വിട്ടില്ല.
ടോൾ പേയ്‌മെന്റുകൾ ഒഴിവാക്കാൻ മാത്രമായിരുന്നോ അതോ മറ്റ് ആവശ്യങ്ങൾക്കും വ്യാജ സൈനിക ഐഡന്റിറ്റി ഉപയോഗിച്ചോ എന്നും അന്വേഷകർ പരിശോധിക്കുന്നു. സൈനിക സ്ഥാപനങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ സൈനിക യൂനിഫോമുകളുടെയും തിരിച്ചറിയൽ രേഖകളുടെയും ദുരുപയോഗം സംബന്ധിച്ച് ഈ സംഭവം ആശങ്ക ഉയർത്തിയിട്ടുണ്ട്.
സൈനിക യൂനിഫോം, സൈനിക ചിഹ്നങ്ങൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ ഇയാൾ എങ്ങനെ സ്വന്തമാക്കിയെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് സാഹചര്യങ്ങളിലും ഇയാൾ വ്യാജ സൈനിക തിരിച്ചറിയൽ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കസൗളി പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 168 പ്രകാരമാണ് കേസെടുത്തത്. പൊതു ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വേഷമോ അടയാളങ്ങളോ വഞ്ചനാപരമായ ഉദ്ദേശത്തോടെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. കൂടുതൽ കുറ്റങ്ങൾ കണ്ടെത്തിയാൽ അധിക വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
സൈനിക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്ന കസൗളിയിൽ സൈനിക ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ സംഭവം സുരക്ഷാ ഏജൻസികളും ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ ഇയാൾക്ക് ചാരപ്രവർത്തനവുമായോ സൈനിക വിവരങ്ങൾ ചോർത്തിയതുമായോ ബന്ധമുണ്ടെന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.

