ഗുജറാത്തിൽ 15 ദിവസത്തിനിടെ കണ്ടെത്തിയത് 38 വ്യാജ ഡോക്ടർമാരെ; 35 പേർക്കെതിരെ കേസ്
text_fields38 വ്യാജ ഡോക്ടർമാരെ കണ്ടെത്തി, ഇവരിൽ 35 പേർക്കെതിരെ പൊലീസ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു.
അഹമ്മദാബാദ്: ഗുജറാത്തിൽ 15 ദിവസം നീണ്ട സംസ്ഥാനവ്യാപക പരിശോധനയിൽ അനധികൃതമായി ചികിത്സ നടത്തിയ 38 വ്യാജ ഡോക്ടർമാരെ കണ്ടെത്തി. ഇവരിൽ 35 പേർക്കെതിരെ പൊലീസ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു.
ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി രൂപീകരിച്ച 298 പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തിയത്. അംഗീകൃത മെഡിക്കൽ യോഗ്യതകളില്ലാതെ രോഗികൾക്ക് ചികിത്സ നൽകിയവരെ ലക്ഷ്യമിട്ടായിരുന്നു നടപടി.
ഗുജറാത്തിലെ വിവിധ ജില്ലകളിലായാണ് പരിശോധന നടന്നത്. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിൽ പ്രാദേശിക പൊലീസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 298 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് തുടർച്ചയായി 15 ദിവസം വിവിധ മേഖലകളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി പ്രഫുൽ പൻഷേരിയ വെളിപ്പെടുത്തി.
സംശയിക്കപ്പെടുന്ന വ്യാജ ഡോക്ടർമാരിൽ ഏറ്റവും കൂടുതൽ പേരെ കണ്ടെത്തിയത് രാജ്കോട്ടിലാണ്. ഇവിടെ 17 പേരെയാണ് തിരിച്ചറിഞ്ഞത്. സൂറത്തിൽ ഒമ്പത് പേരെയും ഗിർ സോമനാഥിൽ മൂന്ന് പേരെയും സുരേന്ദ്രനഗറിൽ രണ്ടുപേരെയും കണ്ടെത്തി. മറ്റ് ജില്ലകളിൽ ഓരോ വീതമായാണ് കണ്ടത്തിയത്.
അനധികൃതമായി ചികിത്സ നടത്തുന്നവരുടെ പ്രവർത്തനങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ജില്ലാതലത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിച്ചു. താലൂക്ക് ഹെൽത്ത് ഓഫീസർമാർ, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് സൂപ്പർവൈസർമാർ, ഗ്രാമതലത്തിലുള്ള തലാത്തി-കം-മന്ത്രിമാർ എന്നിവർ ഉൾപ്പെടുന്നതാണ്.
പരിശോധനാ സംഘങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ സംശയിക്കപ്പെടുന്ന നിരവധി വ്യാജ ചികിത്സകർ ക്ലിനിക്കുകൾ അടച്ചുപൂട്ടി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും അധികൃതർ കണ്ടെത്തി. ഇവരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പും പൊലീസും നിരീക്ഷണവും തിരച്ചിലും തുടരുകയാണ്. പിടികൂടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വ്യാജ ഡോക്ടർമാർക്കെതിരായ നടപടി ഉത്സവകാലത്തിന് ശേഷവും കൂടുതൽ ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രി പ്രഫുൽ പൻഷേരിയ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഒരിടത്തും വ്യാജ ഡോക്ടർമാർ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകാൻ അനുവദിക്കില്ലെന്നും ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സർക്കാർ ഉറച്ച നിലപാടിലാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യ ചികിത്സ, മരുന്നുകൾ, രോഗനിർണയ പരിശോധനകൾ എന്നിവ ലഭ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അംഗീകൃത യോഗ്യതകളില്ലാത്തവരിൽ നിന്ന് ചികിത്സ തേടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും സ്ഥിരമായ ശാരീരിക വൈകല്യങ്ങൾക്കും ചിലപ്പോൾ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യങ്ങൾക്കും ഇടയാക്കുമെന്ന് പ്രഫുൽ പൻഷേരിയ മുന്നറിയിപ്പ് നൽകി.

