ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 51 വർഷം കഠിനതടവും 1.20 ലക്ഷം പിഴയും
text_fieldsപാലക്കാട്: പിന്നാക്ക വിഭാഗത്തിലുൾപ്പെട്ട ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഷോളയൂർ സ്വദേശി അഗസ്റ്റിനെയാണ് (55) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
പിഴത്തുക ഇരയ്ക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ 14 മാസം അധിക കഠിനതടവനുഭവിക്കണം. ഷോളയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ അഗളി എ.എസ്.പി നവനീത് ശർമ, എസ്.ഐമാരായ സുധീഷ് കുമാർ, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ വി. അശോകൻ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. ഷോളയൂർ സ്റ്റേഷൻ സി.പി.ഒ എസ്. രതീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ: 70കാരന് 22 വർഷം തടവ്
മട്ടന്നൂർ: പോക്സോ കേസിൽ 70കാരന് 22 വർഷത്തെ തടവ്. മട്ടന്നൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് പ്രതി കൊതേരി പാലക്കുന്നത്ത് അബ്ബാസിനെ 22 വർഷത്തെ തടവിനും 65,000 രൂപ പിഴയടക്കാനും മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷിച്ചത്.
പിഴ തുകയിൽനിന്ന് 60,000 രൂപ ഇരക്ക് നൽകണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് വിധി. 2018ൽ മട്ടന്നൂർ പൊലീസ് പരിധിയിൽ നടന്ന സംഭവത്തിൽ അന്നത്തെ സബ് ഇൻസ്പെക്ടർ ശിവൻ ചോടോത്ത് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ജോഷി ജോസ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.വി. ഷീന ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.