71കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; 3.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളിയിൽ 71 കാരിയായ വയോധികയെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹേശ്വരി രാമചന്ദ്രൻ പണിക്കർ എന്ന വയോധികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാകാം അക്രമി ഇവരെ ആക്രമിച്ചതെന്നാണ് സൂചന.
സമീപത്ത് താമസിക്കുന്ന സഹോദരന്മാർ ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്. സഹോദരന്മാരിൽ ഒരാൾ വയോധികയുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാതനായ ഒരാൾ കവർച്ച ലക്ഷ്യമിട്ട് ഇവരുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയതാണെന്നാണ് ഖോപോളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. വയോധികയുടെ കൈകാലുകൾ തുണികൊണ്ട് കെട്ടിയിടുകയും, ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും, പിന്നീട് തല തറയിലിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഏകദേശം 20 ഗ്രാം വരുന്ന രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മാലയും, 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സ്വർണ്ണ വളകളും ഉൾപ്പെടെ 3.5 ലക്ഷം രൂപയുടെ ആഭരണങ്ങൾ അക്രമി കവർച്ച ചെയ്യുകയായിരുന്നു.
കൊലപാതകത്തിന്റെ പ്രാഥമിക കാരണം കവർച്ചയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എങ്കിലും മറ്റ് എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. ഭർത്താവ് മരിച്ച് വർഷങ്ങളായതിനെ തുടർന്ന് ഈ ഫ്ലാറ്റിൽ തനിച്ചായിരുന്നു മഹേശ്വരി താമസിച്ചിരുന്നത്. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

