ഒളിവിലിരുന്ന മോഷ്ടാക്കൾ പിടിയിൽ
text_fieldsഫൈസൽ അലി, നിസാർ
പത്തനംതിട്ട: ഇടയാറന്മുളയിൽ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാക്കളെ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് പിടികൂടി. കോതമംഗലം നെല്ലിക്കുഴി തംഗലാം കാട്ടുകുടിയിൽ ഫൈസൽ അലി (36), തൊടുപുഴ പാമ്പുതൂക്കിമാക്കൽ നിസാർ സിദ്ദീഖ് (പാമ്പുകൊത്തി -42) എന്നിവരെയാണ് ആറന്മുള സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ ടി. തിലകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളത്തുനിന്ന് എത്തിയ റെയിൽവേ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
എറണാകുളം, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ലാപ്ടോപ്, ടാബ്, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, പവർ ബാങ്ക്, റെയിൽവേ ബെഡ് ഷീറ്റ് എന്നിവ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഫൈസൽ അലി. നിസാർ വാടകക്കെടുത്ത വീട്ടിൽ ഇയാൾ കഴിഞ്ഞുവരുകയായിരുന്നു.
വീടുകളുടെ വാതിൽ തകർത്ത് മോഷണം നടത്തിയ കേസുകളിലെ പ്രതിയാണ് നിസാർ. പ്രതികൾ ഇടയാറന്മുളയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് ജില്ല പൊലീസ് മേധാവിയെ വിവരം ധരിപ്പിച്ചു. തുടർന്നാണ് അന്വേഷണസംഘം ആറന്മുളയിലെത്തിയത്.
രഹസ്യനീക്കത്തിൽ മോഷ്ടാക്കളെ വീട്ടിൽ കണ്ടെത്തിയശേഷം വീടിന്റെ ലൊക്കേഷൻ എറണാകുളം സംഘത്തിന് കൈമാറുകയായിരുന്നു. നിസാർ മൂവാറ്റുപുഴ ബസ് സ്റ്റാൻഡിൽനിന്ന് മോഷ്ടിച്ച ഡിയോ സ്കൂട്ടറും വീട്ടിൽനിന്ന് പൊലീസ് സംഘം കണ്ടെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.