അമിത മദ്യപാനവും കുടുംബവഴക്കും; ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി യുവതി
text_fieldsധൻബാദ്: അമിത മദ്യപാനത്തിനൊപ്പം കുടുംബവഴക്കും പതിവായതോടെ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചുമുടി യുവതി. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ തുണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിലൈയതൻ ഗ്രാമത്തിലാണ് സംഭവം. ഗോത്ര വിഭാഗക്കാരനായ സുരേഷ് ഹന്‍സ്ദ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരേഷിന്റെ ഭാര്യ സുര്‍ജി മജ്ഹിയാനെ (42) പൊലീസ് അറസ്റ്റുചെയ്തു.
ദിവസവും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന സുരേഷ് ഹന്‍സ്ദ വീട്ടിൽ വഴക്കുണ്ടാക്കുന്നതും തന്നെ മർദിക്കുന്നതും പതിവായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇയാൾക്ക് പരസ്‍ത്രീ ബന്ധമുണ്ടായിരുന്നതായും മൊഴിയിലുണ്ട്.
പത്ത് ദിവസം മുമ്പ് സുരേഷ് ഹൻസ്ദയുടെ അമ്മാവൻ മരിച്ചിരുന്നു. ഇയാളുടെ മരണാനന്തര ചടങ്ങുകളിൽ സുരേഷ് എത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ തെരഞ്ഞിറങ്ങി. ഇതിന് പിന്നാലെ, സുരേഷും ഭാര്യയും താമസിച്ചിരുന്ന ഓലപ്പുരയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ അറിയിക്കുകയായിരുന്നു.
തുടർന്ന്, വെള്ളിയാഴ്ച വൈകീട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഭർത്താവിനെ കൊലപ്പെടുത്തി കിടപ്പുമുറിയിൽ കുഴിച്ചുമൂടിയതായി സുര്‍ജി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് തുണ്ടി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഉമാ ശങ്കര്‍ പറഞ്ഞു.
മരക്കമ്പും അരിവാളും ഉപയോഗിച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടതായി യുവതിയുടെ മൊഴിയിലുണ്ടെങ്കിലും മൃതശരീത്തിൻറെ കാലപ്പഴക്കമടക്കം വിഷയങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാവുന്നതോടെയേ വ്യക്തമാവു എന്ന് പൊലീസ് പറഞ്ഞു. ജില്ല മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം ശനിയാഴ്ച മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.