മദ്യപാനത്തിനിടെ തർക്കം; പരിഹരിക്കാനെത്തിയയാൾ വെട്ടേറ്റ് മരിച്ചു
text_fieldsകൊല്ലപ്പെട്ട വിൻസെന്റ്, പിടിയിലായ ബിനു ചന്ദ്രൻ
തൊടുപുഴ: കരിമണ്ണൂരിൽ മദ്യപസംഘം തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാനെത്തിയ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെന്റാണ് (42) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസി മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രനെ (38) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടോടെ കരിമണ്ണൂർ കമ്പിപ്പാലത്താണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ എൽദോസ് ജോർജും (42) സുഹൃത്തുക്കളും കമ്പിപ്പാലം ഷാപ്പിനടുത്തുള്ള വാടകക്കെട്ടിടത്തിൽ ഇരിക്കവേ പ്രതിയായ ബിനു, എൽദോസ് ജോർജിനെ ബിയർ കുപ്പിക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇറങ്ങിയോടിയ എൽദോസ് ജോർജ്, വിൻസെന്റിനെ വിളിച്ചുകൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മുറിയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വിൻസെന്റിനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എൽദോസിനെയും കൊല്ലാൻ ശ്രമിച്ചു.
പ്രതി സംഭവസ്ഥലത്തുനിന്ന് മാറിയശേഷമാണ് ഗുരുതര പരിക്കേറ്റ് കിടന്ന വിൻസെന്റിനെ ആശുപത്രിയിൽ എത്തിക്കാനായത്. ആശുപത്രിയിൽ എത്തുംമുമ്പ് ഇയാൾ മരിച്ചിരുന്നു. തലയിലേക്കുള്ള പ്രധാന രക്തക്കുഴലിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പ്രതിയും എൽദോസുമായി പലപ്പോഴും കൈയാങ്കളി ഉണ്ടായിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാർ, എസ്.ഐ ബേബി ജോസഫ്, എസ്.സി.പി.ഒ ഷാനവാസ്, സി.പി.ഒ രാഹുൽ സിബി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.