ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു, നാലുപേർ കസ്റ്റഡിയിൽ
text_fieldsശ്രീജിത്ത്
ആറ്റിങ്ങൽ: ലഹരിമാഫിയ സംഘം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. നാലുപേർ കസ്റ്റഡിയിൽ. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം ചിരട്ട മണക്കാട് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൻ അപ്പു എന്ന ശ്രീജിത്താണ് (25) മരിച്ചത്. ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. ക്രൂരമായ മർദനം ഏറ്റുമരിച്ച നിലയിൽ ശ്രീജിത്തിന്റെ മൃതദേഹം വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരു ബൈക്കിൽ രണ്ടംഗ സംഘമാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഊരുപൊയ്ക സ്വദേശിയായ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലെ സംഘം വക്കം സ്വദേശിയായ ശ്രീജിത്തിനെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മർദനമേറ്റ് അബോധാവസ്ഥയിലായ ശ്രീജിത്തിനെ മാമം ആറ്റിന്റെ തീരത്ത് ഉപേക്ഷിച്ച് ആക്രമികൾ മടങ്ങി. ശേഷം ആക്രമികൾ തന്നെ ശ്രീജിത്തിന്റെ സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു.
ഇവർ എത്തിയാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയപ്പോൾ ഇവരിലൊരാൾ ബൈക്കുമായി കടന്നു. മറ്റൊരാളെ ആശുപത്രി ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ബൈക്കിൽ കടന്നയാളെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഇതിനിടയിൽ രണ്ടു പേരെക്കൂടി പൊലീസ് കസ്റ്റഡിലെടുത്തു. ഒരാഴ്ച മുമ്പ് നടന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം. എന്നാൽ, ആക്രമണ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിലെ പ്രതികളെ ആരെയും പിടികൂടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.