തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനെതിരെ ആക്രമണം: ഒന്നാം പ്രതി പിടിയിൽ, മറ്റൊരു തിയറ്റർ ഉടമക്കെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsതൃശൂർ: രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവർ അനീഷിനെയും വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും നേരിട്ട് ആക്രമണത്തിൽ പങ്കെടുത്തയാളുമായ പത്തനംതിട്ട അടൂർ സ്വദേശി കാർത്തിക് (28) അറസ്റ്റിൽ. ഇതോടെ വധശ്രമക്കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. ഇതിനിടെ, മറ്റൊരു തിയറ്റർ ഉടമയും പ്രവാസി വ്യവസായിയുമായ റാഫേലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സിനിമാ വിതരണത്തിലെ സാമ്പത്തിക തർക്കത്തെ തുടർന്നാണ് സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മലയാള സിനിമകൾ രാജ്യത്തിന് പുറത്ത് വിതരണം ചെയ്യുന്നതിൽ പങ്കാളികളായിരുന്നു റാഫേൽ പൊഴേലിപ്പറമ്പിലും സുനിൽ വേളപ്പായയും. ഈ ബിസിനസിലെ ലാഭത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
റാഫേലിന്റെ കൂട്ടാളിയും ഈ കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ പറവട്ടാനി സ്വദേശി സിജോ നേരത്തേ സുനിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. സുനിലിനെയും ഡ്രൈവറെയും കൊലപ്പെടുത്താൻ മൂന്നു ലക്ഷം രൂപക്കാണ് സിജോ ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
റാഫേലിനെ അന്വേഷിച്ച് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം, സിജോ 15 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് റാഫേൽ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ ഏറ്റെടുത്ത് ആക്രമണം നടത്തിയ ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യൻ (19), ഗുരുദാസ് (21), ഇപ്പോൾ പിടിയിലായ കാർത്തിക് (28), ക്വട്ടേഷൻ നൽകിയ തൃശൂർ സ്വദേശി സിജോ (36), ഇയാളുടെ കൂട്ടാളികളായ ഡിക്സൺ വിൻസൺ, തോംസൻ സണ്ണി, എഡ്വിൻ ബാബു എന്നിവരാണ് പിടിയിലായത്. കാർത്തിക്കിന്റെ അറസ്റ്റോടെ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും പൊലീസിന്റെ പിടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

