യുവാവിനെ വധിക്കാൻ ശ്രമം; ക്വട്ടേഷൻ സംഘാംഗങ്ങളടക്കം മൂന്ന് പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
തിരൂരങ്ങാടി: യുവാവിെൻറ മുഖത്ത് മുളകുവെള്ളമൊഴിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ താനൂർ എളാരം കടപ്പുറം ചെറിയകത്ത് മുഹമ്മദ് അസ്ലം (20), പന്താരങ്ങാടി പാറപ്പുറം വെള്ളക്കാട്ടിൽ സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി. പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വധശ്രമം, ഗൂഢാലോചന, മർദനം തുടങ്ങിയ വിവിധ വകുപ്പുകളിലാണ് കേസ്. നൗഷാദിന്റെ സഹോദരനായ മുഹമ്മദലിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ആറിന് പ്രഭാതനമസ്കാരത്തിനായി ബൈക്കിൽ പോകവെ, വീടിന് സമീപത്തെ റോഡിൽ വെച്ച് മുഹമ്മദ് അസ്ലമും സുമേഷും മുഹമ്മദലിയെ ആക്രമിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണപ്പോൾ വീണ്ടും ആക്രമിച്ചു. മുഹമ്മദലിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
മുഹമ്മദലിയുടെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇവർ തമ്മിൽ സ്വത്ത് തർക്കമുണ്ട്. ഇതിന്റെ ഭാഗമായി മുഹമ്മദലിയെ അപായപ്പെടുത്താൻ നൗഷാദ് കൂട്ടുപ്രതികൾക്ക് ക്വട്ടേഷൻ നൽകുകയും അഡ്വാൻസായി പതിനയ്യായിരം രൂപ കൈമാറുകയും ചെയ്തിരുന്നു. പ്രദേശത്ത് സി.സി.ടി.വികളില്ലെന്ന് നിരീക്ഷിച്ച ശേഷമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
മുഖംമൂടി ധരിച്ച് നമ്പർ േപ്ലറ്റില്ലാത്ത ബൈക്കിലെത്തിയാണ് കൃത്യം നടത്തിയത്. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. ചെമ്മാട് ടൗണിലെയും പരിസരങ്ങളിലെയും 22 സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും ചെയ്താണ് പ്രതികളെ വലയിലാക്കിയത്. മുഹമ്മദ് അസ്ലമിനെതിരെ താനൂർ പൊലീസിലും സുമേഷിനെതിരെ തിരൂരങ്ങാടി പൊലീസിലും നേരത്തെ കേസുകളുണ്ട്.
ജില്ല പൊലീസ് മേധാവി വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം താനൂർ ഡിവൈ.എസ്.പി പി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.എച്ച്.ഒ ബി. പ്രദീപ് കുമാറിനൊപ്പം എസ്.ഐമാരായ പ്രമോദ്, ബിജു, എ.എസ്.ഐ മഞ്ജുഷ, സി.പി.ഒ അനീഷ്, താനൂർ ഡാൻസാഫ് അംഗങ്ങളായ ബിജോയ്, ഷിജു, അനീഷ്, ഷാബിൻ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.